മറക്കാനാവാത്ത ഒരു ട്രെയിൻ യാത്ര കഴിഞ്ഞ് ജയ്പൂരിൽനിന്ന് ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ നട്ടപ്പാതിരക്കു വന്നിറങ്ങുമ്പോൾ തണുപ്പിെൻറ പാരമ്യതയിൽ താടി കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. ഏതോ പൊലീസ് റിക്രൂട്ട്െമൻറ് കഴിഞ്ഞു തിരിച്ചുവന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളെക്കൊണ്ട് ആ ട്രെയിൻ നിറഞ്ഞു കവിഞ്ഞിരുന്നു.
റിസർവേഷനില്ലാതെ ഇടിച്ചുകയറിയ ഒരു ജനക്കൂട്ടത്തിനു നടുവിൽനിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ ഞങ്ങൾ മൂവരും കുറെ നേരം അവിടത്തന്നെ ഇരുന്നു. അൽപനേരത്തെ വിശ്രമംകൊണ്ട് വിരസവും ഭീകരവുമായ ആ യാത്രയുടെ ഓർമകൾ മനസ്സിൽനിന്ന് മാഞ്ഞു. പകരം ഹൃദയം നിറയെ ദേവഭൂമി ഉത്തരാഖണ്ഡിനെക്കുറിച്ചുള്ള ആ മനോഹര ഗാനം മാത്രമായി...
''ഡാലി ഡാലി ഫൂലോം കി തുച്കോ ബുലായെ...
മുസാഫിർ
മേരെ ഉത്തരാഖണ്ഡ് മേം''
നാളെ ഞങ്ങളുടെ ഏറെ നാളത്തെ സ്വപ്നമായ കുമയൂൺ യാത്ര തുടങ്ങുകയാണ്. ദേവഭൂമി. ഉത്തരാഖണ്ഡിെൻറ കിഴക്കുഭാഗം കുമയൂണും പടിഞ്ഞാറു ഭാഗം ഗഡ്വാൾ പ്രദേശവുമാണ്. കുമയൂൺ റേഞ്ചിെൻറ താഴ്വാരമാണ് നൈനിത്താൾ. അൽമോറ, ബാഗേശ്വർ, കസൗനി തുടങ്ങിയ ഹിൽസ്റ്റേഷനുകളെല്ലാം കുമയൂൺ കുന്നുകൾക്കു സ്വന്തം.
ഓയോ റൂം വഴി ബുക്ക് ചെയ്ത ഹോട്ടലിനു മുന്നിലേക്ക് ടാക്സി ചെന്നുനിന്നു. ഹോട്ടലിനു മുന്നിലെ വഴിയിൽ അർധരാത്രിയിലും കാളീമാതാവിെൻറ വൻപൂജ നടക്കുന്നു. ശിൽപംപോലെ സുന്ദരികളായ സ്ത്രീകൾ നൃത്തത്തിൽ മുഴുകി സ്വയം മറന്നാടുന്നു. അഭൗമമായ അംഗചലനങ്ങൾ... കുറേ നേരം അതു കണ്ടുനിന്നു. ഹോട്ടലിൽ ചെന്ന് ബെഡിലേക്ക് വീണത് മാത്രമേ ഓർമയുള്ളൂ. അതിരാവിലെ റേവ് റെൻറൽ കാർ ഏജൻസി വഴി വാടകെക്കടുത്ത വാഹനത്തിൽ ഞങ്ങൾ ദേവഭൂമിയിലേക്കു യാത്രയാരംഭിച്ചു.
ഹോട്ടലിനു മുന്നിൽ തലേരാത്രിയിലെ മഹാപൂജ കഴിഞ്ഞ് ദേവി ലോറിയിൽ മടങ്ങിപ്പോയിരുന്നു. നിരത്തു നിറയെ ദേവീപ്രസാദം വിളമ്പിയ പ്ലാസ്റ്റിക് പാത്രങ്ങൾ ചിതറിക്കിടക്കുന്നു. കണ്ണില്ലാത്ത ഭക്തിയോടുള്ള പ്രകൃതിയുടെ പ്രതിഷേധം പോലെ...
മഞ്ഞും പൊടിപടലങ്ങളും മറച്ചുകളഞ്ഞ ഡൽഹിയെ പിന്നിലാക്കി കാർ കുതിച്ചു പാഞ്ഞു. നൈനിത്താൾ എത്താൻ ഇനിയും 322 കിലോമീറ്റർ സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഗാസിയാബാദ് കഴിഞ്ഞതോടെ കടുകുപാടങ്ങൾക്കിടയിലൂടെയായി യാത്ര.
പ്രസരിപ്പുള്ള മഞ്ഞനിറത്തിൽ പച്ച ലയിച്ചുചേരുന്ന മനോഹര കാഴ്ച. ഒരു വഴിയോര ധാബയിൽനിന്ന് പ്രഭാത ഭക്ഷണവും കഴിച്ച് ചെറുതണുപ്പും മഞ്ഞും ചേർന്ന് അനുഗ്രഹിച്ച ആ സുന്ദരയാത്രക്ക് അധികം ആയുസ്സുണ്ടായില്ല. മൊറാദാബാദ് അടുക്കാറായപ്പോൾ വളരെ സ്മൂത്തായി ഓടിക്കൊണ്ടിരുന്ന കാറിനെ ഹബ്ബി സംശയത്തോടെ നോക്കുന്നതു കണ്ട് ഞാൻ അമ്പരന്നു. ഡാഷിൽ എൻജിൻ ഓവർഹീറ്റ് കാണിക്കുന്നുവെന്നു കണ്ട് അടുത്തുതന്നെയുള്ള സർവിസ് സെൻറർ കണ്ടുപിടിച്ച് കാർ അവിടെ എത്തിച്ചു. കുറേ നേരത്തെ പരിശോധനക്കു ശേഷം ഞങ്ങളെ അത്യന്തം നിരാശരാക്കിക്കൊണ്ട് റേഡിയേറ്റർ ലീക്ക് ആകുന്നുണ്ട് എന്നും ഘാട്ട് റോഡ് യാത്രക്ക് ഇൗ വാഹനം ഒട്ടും യോജിക്കില്ല എന്ന നിർദേശവുമായി മെക്കാനിക് മടങ്ങിവന്നു.
സമയം മധ്യാഹ്നം. തണുപ്പ് കൂടുന്നതല്ലാതെ കുറയുന്നതേയില്ല. യാത്രയിലുണ്ടായ അപ്രതീക്ഷിതമായ ട്വിസ്റ്റ് കണ്ട് ഞങ്ങളിരുവരും കുറച്ചുനേരം കിളിപോയിരുന്നു. ഞായറാഴ്ച ആയതിനാൽ ടാക്സികൾ കിട്ടാനുമില്ല. സർവിസ് സെൻററിൽ വിഷണ്ണരായിരിക്കുന്ന ഞങ്ങളെ കണ്ട് പ്രായമുള്ള ഒരു വ്യക്തി അന്വേഷിച്ചുവന്നു. അദ്ദേഹം കുറേ നേരമായി ഞങ്ങളെ ശ്രദ്ധിക്കുകയായിരുന്നു. പിന്നെയെല്ലാം വളരെ പെെട്ടന്നായിരുന്നു. തെൻറ പരിചയത്തിലുള്ള ടാക്സിക്കാരനെ ഏർപ്പാടാക്കി ആ തണുത്ത മധ്യാഹ്നത്തിൽ മകൾക്കു മിഠായികളും സമ്മാനിച്ചു മൊറാദാബാദിൽനിന്ന് ഞങ്ങളെ യാത്രയാക്കിയ വൃദ്ധനായ ഫിർദോഷ് തന്നെയായിരുന്നു ആ യാത്രയിലെ നന്മയുടെ മുഖം.
അങ്ങനെ സെൽഫ് ഡ്രിവൺ കുമയൂൺ എന്ന മോഹം ഉപേക്ഷിച്ച് മൊറാദാബാദിലെ ആ ടാക്സി ഡ്രൈവറുടെ കൂടെ ഞങ്ങൾ തടാകങ്ങളുടെ നഗരത്തിലേക്ക് യാത്രയായി. പഞ്ചസാരമില്ലുകളുടെ നാടായ റാംപുർ എത്തിയതോടെ കരിമ്പിൻചെടികളുമായി നീങ്ങുന്ന കൂറ്റൻ ലോറികൾ യാത്രയെ വീണ്ടും സാവധാനത്തിലാക്കി. തണുപ്പ് അതിെൻറ പാരമ്യതയിലേക്കെത്തി എന്നു തോന്നിച്ചു. അതോടെ എല്ലാവരും തെർമൽവെയറുകൾക്കുള്ളിലായി. ഘട്ട്റോഡുകളിലൂടെ കാർ പായാൻ തുടങ്ങി. രാത്രിയാത്രക്ക് തീരെ അനുയോജ്യമല്ലാത്ത സ്ഥലം.
ഹൽദ്വാനിയും കഴിഞ്ഞു. അങ്ങനെ ദേവതാരു വൃക്ഷങ്ങളും സിൽവർ ഓക്ക് മരങ്ങളും നിറഞ്ഞ ആ തടാക നഗരിയിലേക്ക് തണുതണുത്ത രാത്രിയിൽ ഞങ്ങളെത്തിച്ചേർന്നു. വെളിച്ചം ചിതറുന്ന തടാകക്കരയിലെ റസ്റ്റാറൻറിലിരുന്ന് ചൂടു ചിക്കൻ സൂപ്പ് മൊത്തികുടിച്ച് നൈനിതടാകത്തിെൻറ സൗന്ദര്യം നുകർന്ന് ഞങ്ങളിരുന്നു. ആയിരം കരങ്ങളാൽ ആക്രമിക്കുന്ന (പ്രണയിക്കുന്ന എന്നെ ഞാൻ പറയൂ) തണുപ്പ് അകറ്റാൻ ശ്രമിക്കുന്ന മകളും ഭർത്താവും ഡ്രൈവറും.
ഞങ്ങൾക്ക് താമസിക്കേണ്ട ഹോട്ടൽ ഇനിയും 10 കിലോമീറ്റർ അകലെയാണ്. വളവുകളും കയറ്റങ്ങളും താണ്ടി ഹോട്ടലിൽ എത്തുമ്പോൾ എല്ലാവരും തളർന്നിരുന്നു. അത്യധികം മനോഹരമായ ഒരു പൂന്തോട്ടത്തിലേക്കാണ് കാർ ചെന്നുനിന്നത്. റൂമിൽ കയറി യാത്രസംഘം ബോധം കെട്ടുറങ്ങുന്നതായിരുന്നു അടുത്ത ഷോട്ട്. കാണാനിരിക്കുന്ന വിസ്മയകാഴ്ചകൾ എന്തൊക്കെയെന്നോർത്ത് സുഖകരമായ ഉറക്കം.
തടാകങ്ങളുടെ നഗരിയിലെ ആദ്യത്തെ സൂര്യോദയം. മലനിരകളിലേക്ക് തുറക്കുന്ന അതിസുന്ദരമായ ബാൽക്കണി. കിടക്കയിൽ കിടന്നുതന്നെ, ചുവപ്പും ഓറഞ്ചും വർണങ്ങൾ ചാലിച്ചു തെളിയുന്ന കിഴക്കൻ കാൻവാസിെൻറ ദൃശ്യമാണ് കണ്ണുകളിൽ നിറയെ. എന്നത്തേയും പോലെ, കണ്ണുകൾ നൽകി അനുഗ്രഹിച്ചതിനു ദൈവത്തിനു നന്ദി പറഞ്ഞു... ചൂടുള്ള മസാലച്ചായ തണുപ്പിെൻറ, ആ ഇരുപ്പിെൻറ സൗന്ദര്യമേറ്റി... ഗാർഡൻ ചെയറുകളിലിരുന്ന് വിരിഞ്ഞുവരുന്ന പൂക്കളെ നോക്കി അതീവ രുചികരമായ പ്രഭാതഭക്ഷണം അകത്താക്കി. വിനോദ സഞ്ചാരികൾ ഉണർന്നു വരുന്നതേയുള്ളൂ.
റൂം ഹീറ്ററും വളരെ നല്ല സർവിസുമായി, ഹോട്ടൽ ജീവനക്കാർ അതിനോടകം പ്രിയബന്ധുക്കളെപ്പോലെയായി. രാവിലെ ഉത്തരാഖണ്ഡ് ട്രാൻസ്പോർട്ട് കോർപറേഷെൻറ പുരാതനമായ ബസിൽ പുലരിമഞ്ഞുമേറ്റ് ഞങ്ങൾ ഭീംതാളിലേക്ക് യാത്രയായി. ആ ബസിൽ യാത്ര ചെയ്യണമെന്നത് എന്നത്തേയും ആഗ്രഹമായിരുന്നു. ബസ് നിറയെ ഞങ്ങളെ ഉറ്റുനോക്കുന്ന കുഞ്ഞു പഹാഡി കണ്ണുകൾ. വളഞ്ഞു പുളയുന്ന മലമ്പാതയിൽകൂടി ഞങ്ങൾ ഭീം താളിെൻറ കരയിലെത്തി.
നൈനി തടാകത്തിെൻറ വശ്യമായ സൗന്ദര്യം ഭീംതാളിനില്ല. 118 ഏക്കറിൽ നിറഞ്ഞുനിൽക്കുന്ന മനുഷ്യനിർമിത തടാകം. അതിശാന്തമായ പരിസരം. വനവാസകാലത്ത് ഭീമൻ നിർമിച്ചതെന്നു ഐതിഹ്യമുള്ള ഭീമേശ്വര മഹാദേവക്ഷേത്രം ഇവിടെയാണ്. തെരുവിെൻറ ഒരുവശം നിറയെ ഉണർന്നു തുടങ്ങുന്ന വഴിയോരക്കച്ചവടങ്ങൾ. ഒരു പ്രഭാത നടത്തത്തിനുശേഷം അടുത്ത ബസിൽ തിരികെ ഞങ്ങൾ ഹോട്ടൽ മുറിയിലെത്തി.
ഇന്നു രാത്രിയിലെ താമസം നൈനി തടാകത്തിലേക്ക് തുറക്കുന്ന ജനൽപ്പാളികളുള്ള മുറിയിലാണ്. ഹോട്ടൽ ജീവനക്കാരോട് നന്ദി പറഞ്ഞ് ഞങ്ങൾ ടാക്സിയിൽ കയറി നൈനി തടാകക്കരയിലേക്ക് യാത്രയായി.
ക്ലീഷേയാണെങ്കിലും എഴുതാതെ വയ്യ... മഞ്ഞുമൂടിയ തടാകത്തിലെ നിറങ്ങൾ നിറഞ്ഞ വഞ്ചികളുംമലനിരകളുടെ അപാര സൗന്ദര്യവും ഇലപൊഴിഞ്ഞ ചിനാർ മരങ്ങൾ അതിരിടുന്ന മാൾ റോഡും...
നൈനിത്താളിലേക്കെത്തുന്ന ഒരു ശരാശരി മലയാളി വായനക്കാരെൻറ ഹൃദയം നിറയെ വിമലയും സുധീർകുമാർ മിശ്രയും ഓർമകളെ ഉണർത്തും. കാൽപനികതയുടെ, അർഥശൂന്യമായ കാത്തിരിപ്പുകളുടെ ഒരു കഥ... വെള്ളാരങ്കണ്ണുള്ള പിതാവിനെ കാത്തിരിക്കുന്ന ബുദ്ദു... തന്നെ കൂട്ടിക്കൊണ്ടു പോകാൻ വരുന്ന, തണുതണുത്ത അതിഥിയെ കാത്തിരിക്കുന്ന സർദാർജി... തപാലാപ്പീസിൽനിന്ന് അമർസിങ് വരുമ്പോൾ വിമല കാത്തിരിക്കുന്ന വയലറ്റ് നിറമുള്ള അക്ഷരങ്ങൾ... കാത്തിരിപ്പിെൻറ സമാനതകൾ...
എം.ടിയുടെ 'മഞ്ഞ്' മലയാളിക്കു പ്രണയത്തിെൻറ, പ്രതീക്ഷയുടെ പുസ്തകമാണ്. നൈനിത്താളിെൻറ സൗന്ദര്യം പൂർണമായും ഈ തടാകത്തെ ആധാരമാക്കിത്തന്നെയാണ്. സംശയമില്ല. അരയന്നങ്ങൾ നീന്തുന്ന വിശാലമായ തടാകം, നൈന, ദ്വിപത, അയർപത തുടങ്ങിയ ഏഴു പർവതങ്ങൾ അതിരിടുന്ന, സമുദ്രരനിരപ്പിൽനിന്ന് ഏതാണ്ട് 2481 മീറ്റർ ഉയരെ സ്ഥിതി ചെയ്യുന്ന നൈനിത്താൾ.
പുരാണത്തിലെ കഥകൾ ഉറങ്ങുന്ന പട്ടണം. ആത്മാഹുതി ചെയ്ത സതീദേവിയുടെ മൃതദേഹവുമായി പാഞ്ഞ പരമശിവെൻറ നേർക്ക് മഹാവിഷ്ണു എറിഞ്ഞ സുദർശനചക്രത്താൽ ദേവിയുടെ മൃതശരീരം 64 കഷണങ്ങളായി ചിതറിത്തെറിച്ചു. ദേവീനയനം വീണ സ്ഥലമത്രേ നേത്രാകൃതിയിലുള്ള ഈ തടാകം. ഇന്ത്യയിലെ 51 ശക്തിപീഠങ്ങളിൽ ഒന്ന്. സ്കന്ദ പുരാണത്തിലെ തൃഋഷി സരോവർ എന്നറിയപ്പെടുന്നയിടം.
കഠിനമായി ദാഹിച്ച അത്രി, പുലസ്ത്യ, പുലഹ മഹർഷിമാർ ദാഹം തീർക്കാനായി കുളം കുഴിച്ചുവെന്നും അതിൽ മാനസസരോവർ തടാകത്തിൽനിന്നുള്ള ജലം നിറച്ചുവെന്നും അതാണ് നൈനിതടാകമെന്നും മറ്റൊരു ഐതി
മലനിരകളിൽനിന്നുള്ള ചെറു ജലപാതങ്ങൾ അവസാനിക്കുന്നത് തടാകത്തിലാണ്. ചുറ്റും പൈൻ മരങ്ങൾ. 120 അടിയോളം ആഴത്തിൽ മാലിന്യമുക്തമായ ജലം. ഹംസങ്ങൾ നീന്തുന്ന ജലപ്പരപ്പിൽ വർണങ്ങളുടെ മനോഹര സങ്കലനം തീർത്ത് ഷിക്കാരകൾ.
പതിവുപോലെ, ഒരു ബ്രിട്ടീഷുകാരൻതന്നെയാണിതിെൻറയും ശിൽപി. മഞ്ഞുമൂടിയ ഗിരിശൃംഗങ്ങളും പൈൻ മരക്കാടുകളും അതിരിടുന്ന ഈ തടാകത്തിെൻറ സൗന്ദര്യത്തിൽ മുഗ്ദ്ധനായി ബ്രിട്ടീഷ് വ്യാപാരിയായിരുന്ന പി. ബാരൻ 1839ൽ ഇവിടെയൊരു കോളനി സ്ഥാപിച്ചു. അന്നു ഭരണസിരാകേന്ദ്രമായിരുന്ന ഇതിനെ ചുറ്റിയുള്ള മാൾ റോഡും ഇവരുടെ സംഭാവനയാണ്.
മത്സ്യങ്ങളും അരയന്നങ്ങളും നീന്തിത്തുടിക്കുന്ന കാഴ്ചകൾ കണ്ടുനിന്ന ഞങ്ങളെ ടാക്സി ഡ്രൈവർമാർ വിളിച്ചുകൊണ്ടേയിരുന്നു, അങ്ങനെ 1000 രൂപക്ക് നൈനിത്താൾ ചുറ്റി കാണാനായി ഞങ്ങൾ യാത്രയായി. ഇരുവശങ്ങളിലും ദേവദാരു വൃക്ഷങ്ങൾ നിരന്നുനിൽക്കുന്ന പാതയിൽകൂടി ഒരു അവിസ്മരണീയ യാത്ര. ചെന്നുനിന്നത് ഹിമാലയ ദർശൻ വ്യൂ പോയൻറിലാണ്. നിരത്തിെവച്ചിരിക്കുന്ന ബൈനോക്കുലറുകൾ. ദൂരെ എന്നത്തേയും പ്രിയപ്പെട്ട കാഴ്ചയായ ഹിമവാൻ. കൂടെ ഹിമാലയത്തിെൻറ പുത്രിയെന്നു പറയപ്പെടുന്ന നന്ദാദേവി. ഒപ്പം തൃശ്ശൂൽ, നന്തകോട്ട് കൊടുമുടികൾ.
ഇളംനീല ധവള നിറങ്ങൾ ഇടകലർന്ന ആകാശത്തിെൻറ അതിരുകളിൽ പൈൻ മരക്കാടുകൾ, ഹിമാർദ്രമായ പർവതങ്ങൾ, താഴ്വാരങ്ങളിലേക്കു പതിക്കുന്ന സായാഹ്നസൂര്യരശ്മികൾ...
മലയിറങ്ങി തിരിച്ചുവന്നത് എക്കോ കേവ് ഗാർഡനിലേക്കാണ്. കടുവയും പുലിയും താമസിച്ചിരുന്നുവെന്നു പറയപ്പെടുന്ന ആറു വ്യത്യസ്ത ഭൂഗർഭ ഗുഹകൾ. ഇഴഞ്ഞുംവലിഞ്ഞും അതിനുള്ളിലൂടെ യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾ. ഒരു തട്ടിക്കൂട്ട് സെറ്റപ്പാണിവിടം. കൃത്രിമത്വം മാത്രം ചുറ്റിനും. ലവേഴ്സ് പോയൻറിൽ നിറയെ പ്രണയിനികൾ... പ്രണയത്തിനു സൗന്ദര്യമുണ്ടെങ്കിലും കുതിരച്ചാണകം മണക്കുന്ന ഇടുങ്ങിയ ആ സ്ഥലത്തുനിന്ന് ഞങ്ങൾ ഓടിരക്ഷപ്പെട്ടു. ലക്ഷണമൊത്ത കുതിരകൾ കുന്നിൻചരിവിലുടനീളം നിരന്നുനിൽക്കുന്നു. അവിടം കുതിരകളുടെ പാർക്കിങ് ഗ്രൗണ്ടാണ്.
ലാൻഡ്സ് എൻഡിൽനിന്ന് നോക്കുമ്പോൾ താഴെ നിറങ്ങൾ മാറുന്ന ഖുർ പാതാൾ തടാകം. മഞ്ഞുമൂടിയതിനാൽ ഒരു ചെറു പച്ചനിറം മാത്രമേ വിസിബിളാകുന്നുള്ളൂ. ശരിയാണ് ലോകം അതിമനോഹരമായി അവസാനിക്കുന്നതു ഇവിടെയാണ്.
നേത്രാകൃതിയിലുള്ള നൈനി തടാകത്തിെൻറ ബേർഡ്സ് ഐ വ്യൂവും ഈ സ്ഥലത്തുതന്നെയാണ്. സത്താൽ, നൗകുഞ്ചിയതാൽ തുടങ്ങിയ തടാകങ്ങൾ... കാണാൻ ഇനിയുമേറെ ബാക്കി.
മഞ്ഞുമലകളുടെ സൗന്ദര്യം തെൻറ ചിത്രങ്ങളിലേക്കാവാഹിക്കാൻ കൊതിച്ച് തെൻറ മുന്നിൽ പ്രത്യക്ഷപ്പെട്ട ദേവിയുടെ അഭൗമതേജസ് താങ്ങാനാകാതെ വിറങ്ങലിച്ചു മരിച്ചുപോയ ഡറോത്തി കെല്ലറ്റിെൻറയും കൂടെയാണത്രേ ഈ മലനിരകൾ. അയാർപ്പെട്ട മലനിരകളിൽ പ്രിയതമൻ കെല്ലറ്റ് സായിപ്പിെൻറ ഒപ്പം ചായക്കൂട്ടുകൾ നിറഞ്ഞ ലോകത്ത് ജീവിച്ചിരുന്ന ചിത്രകാരിയായിരുന്ന ഡൊറോത്തി. ഡെറോത്തിയുടെ സ്മാരകവും ഇവിടെയുണ്ട്.
നൈനിത്താളിലെ ഏറ്റവുമുയർന്ന കൊടുമുടിയാണ് നൈന പീക്. ഇവിടെയാണ് ഡൊറോത്തി സീറ്റ്. ഇവിടേക്ക് റോപ് വേ ലഭ്യമാണ്. തടാകത്തിെൻറ വടക്കേയറ്റത്തുള്ള നൈനി ദേവീക്ഷേത്രമാണ് അടുത്ത ലക്ഷ്യം.
തണുത്ത രാത്രിയിൽ ക്ഷേത്രം വിളക്കുകളാൽ ജ്വലിച്ചുനിൽക്കുന്നു. അതിസുന്ദരമായ കാഴ്ച. നീലകണ്ഠ പർവതം മുതൽ പഞ്ചശാല വരെയുള്ള മലനാടിെൻറ ഉടമയാണത്രേ നൈനിദേവി. വലിയ കുടമണികൾ കിലുക്കി ഭക്തർ ദേവി വിഗ്രഹത്തിലേക്കു നിർന്നിമേഷരായി നോക്കിനിൽക്കുന്നു. മരവിച്ച കാലുകളുമായി മണികൾക്ക് താഴെനിന്ന് വിളക്കുതെളിഞ്ഞ മലനിരകളും അടുക്കുവീടുകളും തടാകത്തിലേക്കു വീഴുന്ന പ്രകാശസ്തംഭങ്ങളും ഇരുളും വെളിച്ചവും മാറിമാറി ചുംബിക്കുന്ന ജലപ്പരപ്പുകളും വിശ്രമിക്കുന്ന നൗകകളുമൊക്കെയായി ഒരുഗ്രൻ രാത്രികാല ദൃശ്യം.
രാത്രി ഇരുളുംതോറും ജനനിബിഢമാകുന്ന മാൾ റോഡ്. ടൗണിെൻറ രണ്ടറ്റമായ മല്ലിതാളിനെയും തല്ലിതാലിനെയും ബന്ധിപ്പിച്ചുകൊണ്ട് നൈനിത്താളിെൻറ ഹൃദയമാണ് മാൾ റോഡ്. ഹോട്ടലുകളും ഭക്ഷണശാലകളും ഷോപ്പിങ് പറുദീസകളും നിറഞ്ഞയിടം. നൈനി ക്ഷേത്രത്തിെൻറ അരികിൽത്തന്നെയാണ് ഭൂട്ടിയ മാർക്കറ്റ് എന്നറിയപ്പെടുന്ന തിബത്തൻ മാർക്കറ്റ്. ഒരു വിലപേശലുകൾക്കും മുഖം കൊടുക്കാത്ത അപാരപുലികളായ കച്ചവടക്കാർ. അൽമോറയിലെ സുന്ദരികൾ നെയ്യുന്ന കമ്പിളിയുടുപ്പുകൾ. നിറമുള്ള കരകൗശല വസ്തുക്കൾ. സുഗന്ധം പരത്തുന്ന മെഴുകുതിരികൾ. നൈനിത്താൾ മാർക്കറ്റിലെ അവസാനിക്കാത്ത അത്ഭുതങ്ങൾ...
മരപ്പലകയിൽ പേരെഴുതിത്തരുന്ന ഒരു വിദ്വാനെക്കൊണ്ട് ഞാൻ ബാൽക്കണി ഗാർഡന് ഒരു പേരുണ്ടാക്കിച്ചു. സ്മരണകളുണർത്തി എെൻറ ഗാർഡനിൽ അത് വിശ്രമിക്കുന്നുണ്ട്. തൊട്ടടുത്തുതന്നെയുള്ള പ്രസിദ്ധമായ മോമോസ് ഗലിയിൽനിന്ന് മണം പരത്തി നല്ല ചൂട് മോമോസുകൾ. തണുപ്പും വിശപ്പും ചൂട് മോമോസിെൻറയും ഉഗ്രൻ കോംബോ.
തണുത്ത രാത്രിയിൽ മോമോസും കഴിച്ചു ഞങ്ങൾ മാൾ റോഡിെൻറ സൗന്ദര്യത്തിലേക്കിറങ്ങി. സിസ്ലറുകൾക്കു പ്രശസ്തമായ ഇവിടത്തെ എംബസി ഹോട്ടൽ മാൾ റോഡിലാണ്. തണുപ്പ് അധികരിച്ചുകൊണ്ടേയിരുന്നു. അലഞ്ഞുതിരിഞ്ഞ് അതുമിതും കഴിച്ച് പാതിരാത്രി തിരികെ മുറിയിലെത്തി. വിശാലജാലകങ്ങളിൽകൂടി പ്രലോഭനത്തിെൻറ കടക്കണ്ണുകൾപോലെ നേത്രാകൃതിയിലെ തടാകം...
അതിരാവിലെ ശിക്കാരയിലെ യാത്രക്കായി വീണ്ടും തടാകക്കരയിലേക്ക്. അരയന്നതോണികളും ജീവനുള്ള ഹംസങ്ങളും ഒഴുകിയിറങ്ങുന്ന മഞ്ഞും തങ്ങളിൽ ആർക്കാണ് ഭംഗി എന്ന് മത്സരിക്കുംപോലെ തോന്നി. അതിനും മീതെ ജലം കൊണ്ട് പ്രണയിക്കപ്പെട്ട ഒരു സ്വപ്നംപോലെ തടാകം. പർവതങ്ങളിൽനിന്ന് ഒഴുകുന്ന മഞ്ഞലകൾ.
ഉണരാൻ മടിച്ചുനിൽക്കുന്ന പട്ടണം. ക്ഷേത്രത്തിൽനിന്നുയരുന്ന മണിനാദം... ഇന്ന് തടാകനഗരിയിലെ അവസാനദിനമാണ്. നൈനിത്താലിനോട് വിടചൊല്ലി അൽമോറയിലേക്കു യാത്രയാകുവാൻ ഒരുങ്ങി മൂന്നു യാത്രികർ... എല്ലായ്പ്പോഴത്തെയും പോലെ ഹൃദയമില്ലാത്ത ടാക്സി പ്രിയപ്പെട്ട തടാകനഗരത്തെ അതിവേഗം പിന്നിലാക്കി അൽമോറയിലേക്കു കുതിക്കാൻ ആരംഭിച്ചു. വിളക്കുകാലുകൾക്കുതാഴെ ആരെയോ കാത്തിരിക്കുന്ന, ചലിക്കുന്ന ഒരു നിഴൽ ഞാൻ കണ്ടുവോ...?
Travel info
ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് നൈനിത്താൽ. സമുദ്രോപരിതലത്തിൽനിന്നും ഏകദേശം 6350 അടി ഉയരത്തിലാണ് ഈ പ്രദേശം. ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെഹ്റാഡൂണിൽനിന്ന് 280ഉം ഡൽഹിയിൽനിന്ന് 300 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.