ഫൈഫയോളം പച്ചപുതച്ചുകിടക്കുന്ന മറ്റൊരു മലയും ഈ രാജ്യത്തില്ല

ടിക്ടോക് വിഡിയോ പ്ലാറ്റ്ഫോമിൽ പ്രശസ്തമായ ഒരു ഹാഷ്‌ ടാഗാണ് 'ജീസാൻ ഗ്രാമപഞ്ചായത്ത്' എന്നത്. ബഷീർ പട്ടു എന്ന മലപ്പുറത്തുകാരൻ ജീസാനിലെ തന്‍റെ കൃഷിയിടത്തിൽനിന്ന് പോസ്​റ്റ്​ ചെയ്തിരുന്ന വിഡിയോകളിലൂടെയാണ് ഇതിന്‍റെ തുടക്കം. പിന്നീട് ടിക്ടോക് സമൂഹം ഏറ്റെടുക്കുകയായിരുന്നു. സൗദിയിലെ വ്യത്യസ്തമായ ഒരു ഭൂമികയാണ് ജീസാൻ, കൃഷിയും കുന്നും മലയും മഴയുമൊക്കെയുള്ള യമൻ അതിർത്തിയോടു ചേർന്നുകിടക്കുന്ന പ്രദേശം.

വാദി ലജബിലാണ് ഞങ്ങൾ ആദ്യം എത്തിച്ചേർന്നത്. ജീസാൻ നഗരത്തിൽനിന്ന് ഏകദേശം 100 കി.മീ ദൂരം ദുർഘടമായ മലമ്പാതകൾ താണ്ടി വാദിയുടെ വിശാലമായ പൂമുഖത്തെത്തിയപ്പോൾ മഴകാരണം അകത്തേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞിരിക്കുന്നു. ഇത്രയും ദൂരം വന്നതല്ലേ, ഇവിടത്തെ സ്വസ്ഥമായ കാലാവസ്ഥയും മഴക്കാറും കണ്ടപ്പോൾ ഇവിടെത്തന്നെ കൂടാം എന്നു തീരുമാനിച്ചു. അങ്ങനെ ആ രാത്രി ലജബിലേക്കുള്ള വഴിക്ക് തൊട്ടുമുകളിൽ അവിടെ ആകെയുള്ള നാലു റൂമുകളിൽ അവശേഷിക്കുന്ന ഒന്നെടുത്ത് ആ വിജനതയിൽ കിടന്നുറങ്ങി.


പ്രഭാതക്കുളിരിൽ പ്രകൃതി കീറിമുറിച്ചുവെച്ച രണ്ടു മലകൾക്കിടയിലെ അഗാധഗർത്തം. അതിനിടയിൽ പലയിടത്തുനിന്നും ചെറു ഉറവകൾ പൊട്ടിയൊലിക്കുന്നു. ഉയരത്തിൽനിന്ന് ഒലിച്ചിറങ്ങുന്ന ചാലുകൾ വെള്ളാരം കല്ലുകൾക്കിടയിലൂടെ തണുത്ത ഒരു അരുവിയായി കളകളാരവത്തോടെ ഒഴുകുന്നു. ആ ശബ്​ദം തന്നെ എന്തു രസമാണ്! തൂങ്ങിക്കിടക്കുന്ന വള്ളിപ്പടർപ്പുകൾക്ക് താഴെ പച്ചപ്പരവതാനികൾ, നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന്​ തോന്നിക്കുന്ന ചെറിയ മരങ്ങൾ, വിവിധ വർണങ്ങളിലുള്ള പാറകൾ, ഇടക്ക് അരുവികൾ തീർക്കുന്ന ചെറിയ പൂളുകൾ. അതിലൊക്കെ ഒന്ന് കാലിട്ടാൽ ചെറുമീനുകൾ വന്നു ഫിഷ് മസാജ് ചെയ്തു തരും. അഞ്ചു കി.മീ ദൂരമുള്ള വാദിയുടെ അറ്റം തേടി പോകണമെന്നുണ്ടായിരുന്നു. അതിനിടയിൽ ഒരു വെള്ളച്ചാട്ടവും കുളവും ഒന്നിച്ചു കിട്ടിയപ്പോൾ ലജബിലെ സ്വപ്നക്കുളി അവിടെത്തന്നെയാക്കി, അർമാദിച്ച് ആഘോഷിച്ചൊരു കുളി.

ഫൈഫയോളം പച്ചപുതച്ചുകിടക്കുന്ന മറ്റൊരു മലയും ഈ രാജ്യത്തില്ല. അതിസാഹസികമാണ് ഇവിടേക്കുള്ള വഴി. നിരവധി ഹെയർ പിൻ വളവുകളുള്ള ചുരത്തിലൂടെ ഫോർവീലർ വണ്ടികൾക്ക് മാത്രമേ കടന്നുചെല്ലാൻ പറ്റുകയുള്ളൂ. അതും മൂന്നോ നാലോ പൊലീസ് ചെക്ക്പോയന്‍റുകൾ പിന്നിട്ട്. കാഴ്ചയുടെ മറ്റൊരു ലോകമാണ് ഫൈഫ തുറന്നിടുന്നത്. മലയിൽ തട്ടുകളായി തീർത്ത ടെറസുകളിലാണ് ഇവിടത്തെ കൃഷി.


ആയിരക്കണക്കിന് ടെറസുകളുണ്ട്. കൊക്കോയും കാപ്പിയും മാതളവും പേരക്കയും മറ്റനേകം ഫലങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ടിവിടെ. മധുര കനികളായ തേൻകൂടുകൾ ഒരുവശത്ത്​. അതിലെല്ലാമുപരിയായി 'കൗലാനി കാപ്പി' എന്നറിയപ്പെടുന്ന ഫൈഫയിലും ചുറ്റുമുള്ള അൽ ദയാർ, ഇദാസി, റൈത്ത്, അറിദ തുടങ്ങിയ കുന്നുകളിൽ മാത്രം കൃഷി ചെയ്യപ്പെടുന്ന, യുനെസ്കോയുടെ ഭൗമസൂചിക പൈതൃക ഇനത്തിൽപ്പെട്ട അതി പ്രാചീനമായ കൗലാനി കാപ്പി തന്നെയാണ് ഇവിടത്തെ താരം.

ഫൈഫക്കാരുടെ പരമ്പരാഗത വേഷമായ വിസ്റയും ഖമീസും തലയിൽ പൂവുകൊണ്ട് ഉണ്ടാക്കിയ തലപ്പാവും അരയിൽ വളഞ്ഞ കത്തിയുമൊക്കെയടങ്ങുന്ന പരമ്പരാഗത വേഷം ഈ കാപ്പി വ്യാപാരത്തിനുവേണ്ടി അണിഞ്ഞൊരുങ്ങുന്നതാണ്. അത് പിന്നീട് ഒരു ദേശത്തിന്‍റെ പൈതൃക വേഷമായി മാറി. ജീസാനിലെ ഹരിത സ്വർണം എന്ന വിശേഷണമുള്ള കൗലാനിയെക്കാൾ മികച്ച മറ്റൊന്നില്ല എന്നു തന്നെയാണ് സൗദികൾ കാലങ്ങളായി കരുതിപ്പോരുന്നത്​. 2017ലെ കണക്കുപ്രകാരം 724 കർഷകർ ഇത് കൃഷി ചെയ്യുന്നുണ്ട്. ആകെ 76,390 ചെടികളിൽനിന്നായി വർഷം 2,27,156 കിലോ കൗലാനി ഉൽപാദിപ്പിക്കുന്നു.


തണുത്ത കാറ്റിൽ കത്തുന്ന വിറകിനു മുകളിൽ പോഞ്ചിയിൽ തിളപ്പിച്ച അദനി ചായ രുചിച്ചിരിക്കുമ്പോൾ അടുത്തുണ്ടായിരുന്ന ഫൈഫക്കാരൻ ഇദ്​രീസിനോട് ചോദിച്ചു, മൂർച്ചയുള്ള കത്തി കുട്ടികളടക്കം ധരിച്ചു നടക്കുന്നത് നിങ്ങളെ ഭയപ്പെടുത്തുന്നില്ലേ എന്ന്​. ചോദ്യത്തിന് ഇദ്​രീസ് പറഞ്ഞത്, നൂറ്റാണ്ടുകളായി ഇത് ഇങ്ങനെയാണ് എന്നാണ്.

വളരെയധികം സഹവർത്തിത്വത്തോടുകൂടി തന്നെയാണ് ഈ മലകളിൽ മനുഷ്യർ കഴിയുന്നത്. ചുറ്റുമുള്ള പെട്രോ-ഡോളറിന്‍റെ പളപളപ്പ് എത്തിച്ചേർന്നിട്ടില്ലാത്ത പച്ചമനുഷ്യർ. മേഘങ്ങൾ വന്നു മുത്തമിടുന്ന മരങ്ങളും വീടുകളുമുള്ള ഫൈഫയുടെ തണുപ്പിൽനിന്ന് നഗരത്തിലെത്തി ഒരു ഫെറി പിടിച്ചാൽ ഫർസാൻ ദ്വീപിൽ എത്തിച്ചേരാം. തികച്ചും സൗജന്യമായ യാത്ര.


ചെങ്കടലിലെ ഏറ്റവും വലിയ ദ്വീപ്. ആ മലമുകളിൽ എത്ര തണുപ്പായിരുന്നോ അതിന്‍റെ നേർവിപരീതം. പൗരാണിക കാലം തൊട്ട് മനുഷ്യർ വസിച്ചിരുന്ന, പലപ്പോഴും പല സൈന്യങ്ങളുടെയും തന്ത്രപ്രധാന കേന്ദ്രമായിരുന്ന, മരതകവർണം പൊതിഞ്ഞ സുന്ദര ദ്വീപ്.

മതിവരുവോളം കണ്ട്, ആസ്വദിച്ച്, മഴയിലലിഞ്ഞ്​, കാഴ്ചകൾ അവസാനിപ്പിച്ച് മടങ്ങുമ്പോൾ ജീസാൻ ഗ്രാമപഞ്ചായത്ത് തിരിച്ചുവിളിക്കുന്നുണ്ടായിരുന്നു. ഹരീദ് ഉത്സവകാലത്ത് ഒരിക്കലെങ്കിലും ഫർസാനിൽ എത്തിച്ചേരണം. കൗലാനിയുടെ വിളവെടുപ്പ് കാലത്ത് ഫൈഫയുടെ മുകളിലേക്ക് തിരിച്ചുകയറണം.

Tags:    
News Summary - There is no other mountain in the country as green as FIFA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.