ഇലവീഴാപൂഞ്ചിറയിൽനിന്നുള്ള കാഴ്ച (കടപ്പാട്​: keralatourism.org)

ഇലവീഴാപൂഞ്ചിറയിലെ ഏകാന്തതയിൽ കൂട്ടിനെത്തിയവർ

കൊറോണയും ലോക്​ഡൗണും വന്ന് വീട്ടിൽ തന്നെ ഇരിപ്പായപ്പോൾ എങ്ങോട്ടും യാത്ര പോവാത്തതി​െൻറ വിഷമം എല്ലാവരെയും പോലെ എനിക്കുമുണ്ടായിരിന്നു. എങ്ങോട്ടെങ്കിലുമൊക്കെ ഒന്ന് പോകണമെന്ന ആഗ്രഹം ഏറ്റവും ശക്തിയായി തോന്നിയതും ഈയൊരു കാലഘട്ടത്തിൽ തന്നെയായിരുന്നു. അങ്ങനെ സമയം നീണ്ടുരുണ്ട് പോയി 2020 ഒക്ടോബർ ആയി. എ​െൻറയും പാർട്ണറി​െൻറയും പിറന്നാൾ ഒക്ടോബറിൽ അടുത്തടുത്ത ദിവസങ്ങളിലാണ്. യാസിക്കാ​െൻറ 11നും എ​േൻറത് 12നും. ഈ പിറന്നാളിന് ഞങ്ങൾക്ക് പരസ്​പരം നൽകാനുള്ള ഏറ്റവും വലിയ സമ്മാനം ഒരുപാട് കാലത്തിന്​ ശേഷമുള്ള ഒരുമിച്ചുള്ള യാത്ര ആണെന്നതിൽ തർക്കമില്ലായിരുന്നു.

അങ്ങനെ 12ന്​ പുലർച്ചെ പോവാം എന്ന്​ ഏകദേശ ധാരണയിലെത്തി. എങ്ങോട്ടേക്കാണ് പോവുന്നതെന്ന് അപ്പോഴും തീരുമാനമായിട്ടില്ല. അവസാനം കറങ്ങിത്തിരിഞ്ഞ് ഇലവീഴാപൂഞ്ചിറ പോവാം എന്നുറപ്പിച്ചു. ഞാൻ ആഗ്രഹിച്ച സ്ഥലങ്ങളിലൊന്ന്. പുലർച്ചെ എണീറ്റ് യാത്രക്കൊരുങ്ങി. പിറന്നാൾ ദിവസം ആദ്യമായാണ് ഒരു യാത്ര. അതി​െൻറ എല്ലാ സന്തോഷങ്ങളും എനിക്കുണ്ട്​.

അന്ന് ഞങ്ങളെ കൂടാതെ വീട്ടിൽ രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. അവർ ഉണരുന്നതിന്​ മുമ്പ്, അവരെ അറിയിക്കാതെയുള്ള ഒരു ഒളിച്ചോട്ട യാത്രയായിരുന്നു മനസ്സിൽ കണ്ടിരുന്നത്. അങ്ങനെ അവർ എണീറ്റ് വീട്ടിലാകെ തിരയുന്നതും, ഒടുവിൽ ഞങ്ങളെ അവിടെയൊന്നും കാണുന്നില്ല എന്ന സത്യം തിരിച്ചറിയുമ്പോൾ ആകുലപ്പെട്ട് ഫോണിൽ വിളിച്ചന്വേഷിക്കുന്നതുമെല്ലാം ഞാൻ സ്വപ്​നം കണ്ടു. ഞങ്ങൾ യാത്രയിലാണെന്നത്​ ഫോണിൽ വിളിക്കുമ്പോൾ മാത്രം അവർ അറിഞ്ഞാൽ മതി. അങ്ങനെ പ്ലാൻ ചെയ്ത് ആവുന്നത്ര പതുക്കെ നടന്ന്, പതിയെ വാതിലടച്ച്​ ബൈക്കിൽ യാത്ര തുടങ്ങി.

ചായക്കടയിലെ കൊച്ചുവർത്തമാനങ്ങൾ

മാസ്ക്കും സാനിറ്റൈസറും ഉപയോഗിച്ചുള്ള ആദ്യ യാത്ര. ഞങ്ങൾ താമസിക്കുന്ന പാലാരിവട്ടത്തുനിന്നും 80 കിലോമീറ്ററാണ് ഇലവീഴാപൂഞ്ചിറയിലേക്ക്​. നേരത്തെ ഇറങ്ങിയത്​ വെയിലി​െൻറ ചൂട് കൂടുന്നതിനു മുമ്പ് അവിടെ എത്തണം എന്ന നിശ്ചയത്തോടെയാണ്​. റോഡിലെല്ലാം വെളിച്ചംവെച്ചു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ആ ഇരുട്ടിൽ പ്രഭാത നടത്തത്തിനിറങ്ങിയ ഒത്തിരിപേരെ കണ്ടു. കുറച്ച് ദൂരമെത്തിയപ്പോഴേക്കും വിശക്കാൻ തുടങ്ങി.

മാസ്ക്കും സാനിറ്റൈസറും ഉപയോഗിച്ചുള്ള ആദ്യ യാത്രയാണിത്​

പാതയോരത്ത്​ കണ്ട കുഞ്ഞു ചായക്കടക്ക് മുമ്പിൽ വണ്ടി നിർത്തി. മദ്ധ്യവയസ്സ്​ കഴിഞ്ഞ ചേച്ചിയാണ് കടയിൽ. കുറച്ച്​ കാലമായിട്ട് ചായ കുടിക്കാറില്ലാത്തത് കൊണ്ട് രണ്ടാളും പാലുംവെള്ളം പറഞ്ഞു. അപ്പോഴേക്കും ചേച്ചി ആതിഥേയ മര്യാദയോടെ ഞങ്ങളോട് അകത്തേക്കിരിക്കാൻ പറഞ്ഞു. ആ കുഞ്ഞു കടക്കുള്ളിൽ ഇരിക്കാൻ ബെഞ്ചും സ്​റ്റൂളുകളും ഇട്ടിട്ടുണ്ട്. അകത്തിരുന്ന് രണ്ട് ചേച്ചിമാർ ചായ കുടിക്കുന്നു. രണ്ടാളും ഭയങ്കര സംഭാഷണത്തിലാണ്. കൊറോണ തന്നെയാണ് ചർച്ചാവിഷയം. ഏതോ ഒരുത്തൻ കൊറോണ ആയിട്ടും നാട്ടിൽ തെണ്ടിത്തിരിഞ്ഞ് നടക്കുന്നുണ്ടെന്നും, ക്വാറ​ൈൻറൻ ഇരിക്കുന്നില്ലെന്നും ഒരു ചേച്ചി രോഷാകുലയായി പറയുന്നുണ്ട്. അവർ രണ്ടുപേരും ഏതോ കമ്പനിയിലെ തൊഴിലാളികളാണ്. ' അവൻ, ആ തെണ്ടി ആശ്പത്രീ പോവുന്നില്ലേൽ ഞാൻ തന്നെ ഹെൽത്ത്കാരെ വിളിച്ചു പറയും' എന്നൊക്കെ ചേച്ചി പറയുന്നത് കേട്ടു.

പാലും വെള്ളവും ബന്നും കഴിച്ച് അവിടെനിന്ന്​ ഇറങ്ങുമ്പോൾ കടക്കാരി ചേച്ചി നന്നായൊന്ന് മനസ്സ്​ തുറന്ന് ചിരിച്ചു. തീർത്തും അപരിചിതരായ ആളുകളിൽനിന്നും നമുക്ക് കിട്ടുന്ന ചിരികൾ എന്ത് മനോഹരമാണല്ലേ. യാത്ര വീണ്ടും തുടർന്നു. യാത്രയിലുടനീളം കാണുന്ന കാഴ്ചകൾ, പുതുതായി വന്ന നഴ്സറികൾ, ഓരോ വീട്ടിലും കാണുന്ന വ്യത്യസ്തമായ ചെടികൾ, റോഡി​െൻറ മനോഹാരിത, രാവിലത്തെ ഹോട്ടലിൽനിന്നും വരുന്ന ഗന്ധങ്ങൾ, മരങ്ങളുടെ വലിപ്പചെറുപ്പങ്ങൾ.. അങ്ങനെ ഓരോ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു സംസാരിച്ചു യാത്ര നീങ്ങുകയാണ്. കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും വിശക്കാൻ തുടങ്ങി. അടുത്ത് കണ്ട ഹോട്ടലിൽ കയറി പുട്ടും കടലയും അപ്പവും മുട്ടക്കറിയും വാങ്ങിയപ്പോൾ മൈബോസ് സിനിമയിൽ ധർമജൻ ബോൾഗാട്ടിയുടെ ഡയലോഗാണ്​ ഓർമവന്നത്. ഞാനാദ്യം ഒറ്റക്ക് ഊറിച്ചിരിക്കുകയും, എ​െൻറ ചിരി കണ്ട് എന്താ കാര്യമെന്ന് യാസിക്ക ചോദിച്ചപ്പോൾ ഞാനാ ചിരിക്കാര്യം പറഞ്ഞു കൊടുക്കുകയും ചെയ്തു. ദേ.. അപ്പോ അങ്ങേരും ചിരിക്കുന്നു. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും കറികൾ രണ്ടിനും വേണ്ടത്ര രുചിയൊന്നും ഇല്ലായിരുന്നു.

തെറ്റിയ കണക്കുകൾ

ഈ സമയത്താണ് വീട്ടിലുള്ള സുഹൃത്ത് വിളിക്കുന്നത്. യാസിക്ക ഫോൺ എടുത്തപ്പോൾ ആവേശത്തോടെ ഞാനിരുന്നു, എവിടെ ആണെന്ന് ചോദിക്കാനാവും. നമ്മളിങ്ങു കോട്ടയം എത്തിയെന്നു പറയുമ്പോൾ അത്ഭുതപ്പെടുമായിരിക്കും എന്നെല്ലാം ഞാൻ കണക്കുകൂട്ടി. പക്ഷെ, ഞാൻ കണക്കിന് പണ്ടേ വീക്ക് ആയതുകൊണ്ട് ആ കണക്കുകൂട്ടലും തെറ്റി. ഞങ്ങൾ എവിടെയാണെന്ന് പോലും ചോദിക്കാതെ ഇന്നലെ വാങ്ങിയ അഞ്ചുരൂപയുടെ ബൂസ്റ്റ് പാക്ക് ചോദിച്ചായിരുന്നു ആ കാൾ. (വാങ്ങിയതല്ല, യാസിക്കാ​െൻറ പിറന്നാൾ ദിനം, അതായത് ഇന്നലെ കേക്ക് കൊണ്ടുവന്ന വക്കീൽ സുഹൃത്ത് ശുരൂഖയുടെ സമ്മാനമായിരുന്നു ആ ബൂസ്റ്റ്. വക്കീൽ അങ്ങനെയാണ്, ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത സമ്മാനവുമായാണ് കടന്നുവരിക). പോരാത്തതിന് ഞങ്ങൾ കോട്ടയം എത്തി എന്ന് പറഞ്ഞിട്ടും എതിർഭാഗത്തുനിന്ന് യാതൊരു കുലുക്കവും ഉണ്ടായിരുന്നില്ല. ഹാ..വെറുതേ ഓരോന്ന് പ്രതീക്ഷിച്ചു.

യാസിക്ക വീണ്ടും ബൈക്കി​െൻറ ആക്​സിലറേറ്ററിൽ കൈവെച്ചു. ഏറെനേരമായി ഒാടിക്കാൻ തുടങ്ങിയിട്ട്​. ഞാനും കൂടി ലൈസൻസ് എടുക്കുകയാണെങ്കിൽ സുഖമായിരുന്നു എന്ന് ഇടക്ക് പറയുന്നുണ്ട്​. ഇൻഷാ അല്ലാഹ്.. പഠിക്കണം. പഠിച്ചാലും റോഡിലൂടെ ഓടിക്കാനുള്ള ധൈര്യം ഉണ്ടോ എന്നൊന്നും ചോദിക്കരുത്. പതുക്കെ ഞങ്ങൾക്ക് ചുറ്റുമുള്ള കാഴ്ചകൾ മാറുന്നുണ്ട്. കുറെ കുറെ മരങ്ങൾ, പച്ചപ്പ്, തണുപ്പ്, കോട.. എല്ലാം കൺകുളിർക്കെ കണ്ടാണ് യാത്ര.

ഇലവീഴാപൂഞ്ചിറ എത്തുന്നതിന്​ മുമ്പേ കണ്ട പുഴ

പുഴയോരത്തെ നിശ്ശബ്​ദത

അവസാനം ഒരു പുഴയുടെ അടുത്തെത്തി ഞങ്ങൾ. നല്ല ഭംഗിയുള്ള സ്ഥലം. വണ്ടിയിൽ നിന്നിറങ്ങി കൂടുതൽ അടുത്തേക്ക്​ ചെന്നു. രാവിലെ ആയത് കൊണ്ടാണെന്ന് തോന്നുന്നു, ചുറ്റും കോടമഞ്ഞാണ്. പുഴയും മഞ്ഞും ഒന്നായി കൂടിച്ചേർന്നിരിക്കുന്നു. പുഴവക്കത്തായി ധാരാളം മഞ്ഞ പൂക്കൾ. ആ പ്രദേശത്തൊന്നും ആരെയും കാണാനില്ല. നിശ്ശബ്​ദതയാണ് ആ സ്ഥലത്തെ കൂടുതൽ സുന്ദരമാക്കുന്നതെന്ന് തോന്നി. കുറച്ചു മുകളിലോട്ട്​ മാറിയുള്ള പറമ്പിൽ ഒരു വീട് കണ്ടു. കാട്ടിൽ ഒറ്റപ്പെട്ടു നിൽക്കുന്ന വീടുപോലെ തോന്നി. വീട്ടുവരാന്തയിൽനിന്ന് ഒരു പെൺകുട്ടി പല്ല് തേക്കുന്നത് കണ്ടപ്പോൾ എ​െൻറ തന്നെ കുട്ടിക്കാലവും വൈകി ഉണർന്ന് വരാന്തയിലിരുന്ന് പല്ല് തേക്കുന്നതുമെല്ലാം ഓർത്തു.

പറമ്പിൽ ഒരു ഭാഗത്തായി ഒരു ചേച്ചി അലക്കുന്നുണ്ട്​. ആ പെൺകുട്ടിയുടെ അമ്മയാവണം. അവരോട്​ ഇലവീഴാപൂഞ്ചിറ എന്ന് ചോദിച്ചപ്പോൾ നേരെ പോയാൽ മതി എന്ന് പറഞ്ഞു. അങ്ങനെ യാത്ര തുടർന്നു. കോട കൂടി കൂടി വന്ന് ചുറ്റുമുള്ള കാഴ്ചകളെയെല്ലാം മറക്കുന്നുണ്ട്. ദൂരം കൂടുന്നതിനനുസരിച്ച് റോഡ് പതുക്കെ അപ്രതക്ഷ്യമാവുന്നു. ഞങ്ങൾ പതുക്കെ കയറ്റം കയറിത്തുടങ്ങി. റോഡ് ആകെ പൊട്ടിപ്പൊളിഞ്ഞ്​ കിടക്കുകയാണ്.

മൊത്തം മണ്ണും കല്ലും ചെളിയും മാത്രം. അവിടെത്തേക്ക്​ മൊത്തം ഓഫ് റോഡ് ആണ്. ഈ സഹസിക യാത്രയിൽ വീഴുമോ എന്ന് പേടിച്ചു മുറുകെ പിടിച്ചാണ് ഞാനിരിക്കുന്നത്. അഞ്ചു കിലോമീറ്ററോളം ഇനിയും പോവേണ്ടതുണ്ട്. മുകളിൽ വരെ ബൈക്ക് കയറ്റാൻ പറ്റുമോ എന്നും അറിയില്ല. എങ്കിലും യാസിക്കയുടെ ആത്മവിശ്വാസം കണ്ടപ്പോൾ എനിക്കും ചെറിയൊരു പ്രതീക്ഷ തോന്നി. ഓരോ ചരലിലും കല്ലിലും തട്ടി വണ്ടി കയറാൻ ബുദ്ധിമുട്ടി, ചെളിയിൽ വഴുതി വീഴാൻ പോയി.

ഇലവീഴാപൂഞ്ചിറയുടെ മുകളിലേക്ക്

ഇലവീഴാപൂഞ്ചിറയുടെ നെറുകയിൽ

എന്തായാലും കുറെ നേരത്തെ പരിശ്രമത്തിനും സഹസിക യാത്രക്കും ശേഷം ഞങ്ങൾ ഇലവീഴാപൂഞ്ചിറയുടെ മുകളിലെത്തി. ഇനി കുറച്ചുകൂടെ പോകേണ്ടതുണ്ട്​ ഏറ്റവും മുകളിലെത്താൻ. അങ്ങോട്ട് വാഹന പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ട് ഞങ്ങൾ നടന്നുകയറാൻ തുടങ്ങി. ചുറ്റുപാടും വലിയ പുല്ലുകൾ വളർന്നു നിൽക്കുന്നതി​െൻറ ഇടയിലൂടെ നടപ്പാതയുണ്ട്. അതിലൂടെ നടത്തം ആരംഭിച്ചു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്; അവിടെ ഞങ്ങളെ കൂടാതെ വേറെ സന്ദർശകരെ ഒന്നും തന്നെ കാണാനില്ല. രാവിലെ ആയതു കൊണ്ടാവും എന്ന് കരുതി ഫോൺ എടുത്ത് സമയം നോക്കുമ്പോൾ ഒമ്പതു മണി കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഒരു മനുഷ്യകുഞ്ഞിനെപോലും കാണാനില്ല.

കൊറോണ കാരണമാവും ഇങ്ങനെയൊരു സന്ദർശക ഇടിവ് സംഭവിച്ചത്. പത്ത്​ മണിയായിട്ടും രാവിലെ ആറി​െൻറ പ്രതീതി. സൂര്യൻ മലമുകളിൽ പ്രത്യക്ഷപ്പെടാൻ മടിക്കുന്നു. നല്ല കട്ടിയുള്ള വെളുത്ത മേഘക്കൂട്ടങ്ങളിൽ പെട്ടപോലെ. ചുറ്റുപാടും നല്ല കനത്തിൽ തന്നെ കോടയുണ്ട്. തണുപ്പും കാറ്റും കൂടെയായപ്പോൾ ബഹുരസം. ഇലവീഴാപൂഞ്ചിറ.. എത്ര മനോഹരമായ പേരാണല്ലേ.. പേരുപോലെ കുന്നിൻ മുകളിൽ അത്രക്ക് മരങ്ങളൊന്നും തന്നെ കാണാനില്ല.

കുന്നിൻ മുകളിൽ നിന്നും താഴ്വരയിലേക്ക് നോക്കിയാൽ ധാരാളം ജലസ്രോതസ്സുകൾ കാണാം. മഴക്കാലത്ത് ഇവയെല്ലാം നിറഞ്ഞ്​ ഒരു തടാകം പോലെയാവുന്നു. അങ്ങനെ വന്നതാവും ഈ പേർ. മാത്രവുമല്ല, ഇവിടെനിന്ന്​ നോക്കിയാൽ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളുടെ ഭാഗങ്ങൾ കാണാം. അവിടം മുഴുവൻ കോടയായതു കൊണ്ട് വ്യൂ കാണാൻ വേണ്ടി ഞങ്ങൾക്ക് കുറച്ചു സമയം കാത്തിരിക്കേണ്ടി വന്നു.

ഇലവീഴാപൂഞ്ചിറയിലെ വ്യൂ (ചിത്രം: അഹമ്മദ്​ യാസീൻ)

കാത്തിരിപ്പിനൊടുവിൽ കോടയുടെ തിരശ്ശീല കാറ്റിനാൽ പതുക്കെ നീക്കി അന്തരീക്ഷം തെളിഞ്ഞ് ആ മനോഹര ദൃശ്യം ഞങ്ങൾ കണ്ടു. അതങ്ങനെ ആസ്വദിച്ചു നിൽക്കുമ്പോഴേക്കും, അത്രയൊക്കെ കണ്ടാമതി എന്ന് പറഞ്ഞ് കുശുമ്പിയായ കോടമഞ്ഞ് ആ കാഴ്ച മറക്കുകയും ചെയ്തു. മലമുകളിലെ കാറ്റിനും കോടക്കും ശക്തി കൂടി കൂടി വരികയാണ്​.

മലകളിൽ തട്ടി പ്രതിഫലിച്ചു വരുന്ന കാറ്റ് ഭീമാകാരമായി ചിന്നം വിളിച്ചു തുടങ്ങി. സമയം 11 കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ആ കുന്നിൻ മുകളിലെ ഏകാന്തതയിൽ ഞങ്ങൾ മാത്രം. നെറ്റ്​വർക്ക് ഒന്നും അവിടെ ലഭിക്കാത്തതിനാൽ ഫോണിൽ ആരും വിളിച്ചാലും കിട്ടില്ല. ആ ഒരു ഏകാന്തത പതുക്കെ പേടിപ്പിക്കാൻ തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ കുറെനേരം അവിടെത്തന്നെ നിന്നു. ചുറ്റും കോടമഞ്ഞിൽ അകപ്പെട്ടതുകൊണ്ട് ഒന്നും കാണാനും കഴിയുന്നില്ല . മുകളിലേക്ക് ഇനിയും കയറാനുണ്ട്. ഇവിടം വരെ വന്ന സ്ഥിതിക്ക് അവിടം കൂടെ കണ്ടിട്ട് പോവാമെന്ന് കരുതി അങ്ങോട്ട് നടന്നു.

കല്ലുകൾ നിറഞ്ഞ പാത

പൊലീസ് ക്വാർട്ടേഴ്സ് എന്ന് തോന്നിപ്പിക്കുന്ന എന്തോ ഒരു കെട്ടിടം അവിടെയുണ്ട്. എങ്കിലും അതി​െൻറ പരിസരത്തും ആരെയും കാണുന്നില്ല. ഉപേക്ഷിക്കപ്പെട്ട നിലയിൽ പുല്ലൊക്കെ വരിഞ്ഞു ചുറ്റിയ ഒരു വാനും കുറച്ചു മാറിക്കിടക്കുന്നുണ്ട്. ആരെയും കാണാതെ ആ കുന്നിൻ മുകളിൽ ഞങ്ങളൊറ്റക്കായപ്പോൾ എന്തോ നിഗൂഢമായ ഒന്ന് ആ സ്ഥലത്തെ ചുറ്റിപറ്റി നിൽക്കുന്നതായി തോന്നി. അതുവരെ പെയ്യണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിൽ മടിച്ചു മടിച്ചു നിന്ന മഴ പെയ്യാൻ തുടങ്ങി.

മലമുകളിലെ വെള്ളാട്ടപോക്കർ

കുടയോ കേറി നിൽക്കാൻ സ്ഥലമോ ഇല്ല. അപ്പോ എന്ത് ചെയ്യും? അങ്ങ് നനയുക തന്നെ. മലമുകളിലെ മഴ പെയ്യൽ കാറ്റും മഞ്ഞും കൂടെ ഒന്നുകൂടെ ഉഷാറാക്കി. പേടിപ്പിക്കുന്ന ഏകാന്തതയിൽ ഞങ്ങൾക്ക്​ കൂട്ടായി വന്നവരായിരുന്നു അവരെല്ലാം. പതുക്കെ ഞങ്ങൾ താഴേക്ക് ഇറങ്ങാൻ തുടങ്ങി. ബാഗ് നനയാതിരിക്കാൻ വേണ്ടി കൊണ്ടുപോയ വലിയ കവറിൽ, ബാഗിനോടൊപ്പം തലകൂടെ അതിനകത്തിട്ട് യാസിക്ക നടന്നപ്പോൾ വെളുത്ത പുകപടലത്തിലൂടെ നടന്നുപോകുന്ന വെള്ളാട്ടപോക്കർ ആണോ എന്നെനിക്കു തോന്നി. അതുപോലെ തന്നെയുണ്ടായിരുന്നു ആ നടത്തവും.

 മലമുകളിലെ വെള്ളാട്ടപോക്കർ

മഴ ഇടക്കൊന്ന് നിന്നു. അപ്പോഴാണ് പുല്ലുകൾക്കിടയിൽ ഒരു ഇളക്കം. നോക്കിയപ്പോൾ ഒരു പോത്ത് അവിടെ നിൽക്കുന്നു. പെട്ടന്ന് അതിനെ കണ്ടപ്പോൾ ശരിക്കും പേടിച്ചുപോയി. ആ പ്രദേശത്ത്​ താമസിക്കുന്ന വല്ലവരുടെയും ആവും. മഴ വീണ്ടും പെയ്തു. കൂടുതൽ ശക്തിയിൽ. ബൈക്ക് നിർത്തിയിട്ട സ്ഥലത്ത് ഒരു ചെറിയ തട്ടുകട കണ്ടിരുന്നു. അവിടെ കേറി നിൽക്കാം എന്ന് പറഞ്ഞു ഞങ്ങൾ താ​േഴക്കിറങ്ങി. ഉപേക്ഷിക്കപ്പെട്ട നിലയിൽ, ടാർപ്പായ മേഞ്ഞ തട്ടുകട. അവിടുത്തെ കസേരകൾ എല്ലാം തന്നെ പൊട്ടി കാലൊടിഞ്ഞിരിക്കുന്നു.

കൊറോണയും ലോക്​ഡൗണും വന്ന്​ സഞ്ചാരികളുടെ വരവ് നിലച്ചതോടെ ആ കടയും ആളുകളില്ലാതെ ശൂന്യമായി മാറി. അവിടെ ജോലി ചെയ്തിരുന്ന ആളിപ്പോ എവിടെയാവും? ഇപ്പോഴും വേറെ ആരെയും അവിടെ കാണുന്നില്ല. സമയം ഉച്ചക്ക് ഒന്നിനോടടുക്കാനായി. മഴ മാറി നിന്ന ഒരു ഇടവേള നോക്കി ഞങ്ങളവിടുന്ന് പതുക്കെ ഇറങ്ങി. വെള്ളം നിറഞ്ഞ്​ വഴി ഒന്നുകൂടെ ചെളിയിൽ പുതഞ്ഞിരിക്കുന്നു.

വഴിയോരത്തെ ചായക്കട

വീഴാതെ താഴെ വരെ എത്താൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അപ്പോഴാണ് രണ്ടുപേർ അങ്ങോട്ട് കയറി വരുന്നത്​ കണ്ടത്​. ഒരാൾ ബൈക്കിൽ, മറ്റേ ആൾ തൊട്ടുപിറകെ നടന്നും. കുറെ നേരത്തിനു ശേഷം മനുഷ്യമുഖം കണ്ടപ്പോൾ ആശ്വാസം തോന്നി. ബൈക്ക് ഓടിക്കുന്ന ആൾ പെട്ടെന്ന് കല്ലിൽ തട്ടി വീണു. ദേഹത്ത് ആകെ ചെളിയാണ്. അയാളുടെ പാൻറിലും ചെളി. വേറെ എവിടെയെങ്കിലും വീണിരിക്കണം.

അവരുടെ അടുത്തെത്തിയപ്പോൾ എവിടുന്നാ വരുന്നേ എന്നും മറ്റും വിശേഷങ്ങൾ ചോദിച്ചു. 'മുകളില്ലെങ്ങനാ ആൾക്കാർ കുറെ ഉണ്ടോ' എന്നവർ ചോദിച്ചപ്പോൾ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ' എന്ന് പറഞ്ഞു. പിന്നെ അവരോട് ബൈ പറഞ്ഞ് കുന്നിറങ്ങാൻ തുടങ്ങി. മഴ പെയ്തതിനാൽ തന്നെ കുറെ നീർച്ചാലുകളും ധാരാളം കുഞ്ഞരുവികളും അവിടെ ജന്മമെടുത്തിരിക്കുന്നു. അവയുടെ കളകളം കേൾക്കാൻ തന്നെ രസം. പല തരത്തിൽ, പല വർണ്ണത്തിലുള്ള പൂക്കളും ചെടികളുമായിരുന്നു അവിടുത്തെ മറ്റൊരു സവിശേഷത.

മലമ്പ്രദേശത്തെത്തുമ്പോൾ പൂക്കൾ പ്രത്യേക ഭംഗി അണിയുന്നത് മുമ്പും ശ്രദ്ധിച്ച കാര്യമാണ്. കാഴ്ചകൾ കണ്ട് നമ്മടെ ഓഫ് റോഡ് സ്ഥലത്തെത്തി. ചെളിയും കല്ലിലും പൂണ്ട് വണ്ടി മുന്നോട്ട് നീങ്ങാത്ത ഘട്ടം വന്നപ്പോൾ ഞാൻ ഇറങ്ങി. കുറച്ചു കഴിഞ്ഞപ്പോഴേക്കും അത് ശരിയാവുകയും ചെയ്തു. അങ്ങനെ പോവുമ്പോൾ കണ്ടു നല്ല ടാർ ചെയ്ത റോഡ്. അപ്പോൾ ഞങ്ങൾ കയറിയത് മറ്റൊരു വഴിയിലൂടെ ആണെന്ന് മനസ്സിലായി. ഈ വഴി ആണെങ്കിൽ മുകളിലെത്താൻ അധികം ബുദ്ധിമുട്ടേണ്ട കാര്യമില്ല. എങ്കിലും രണ്ടു പാതകളും കണ്ടെത്തിയ സന്തോഷത്തിലായിരുന്നു ഞങ്ങൾ.

മലങ്കര ഡാമും കുടയത്തൂർ പാലവും

നല്ല ഊണ് കഴിക്കലായിരുന്നു പിന്നത്തെ ലക്ഷ്യം. മുട്ടത്തെ സീനത്ത് ഹോട്ടലിൽനിന്ന് കഴിച്ച ഊണും സാമ്പാറും പിന്നെ ബീഫ് ഫ്രൈയും എല്ലാം ഒന്നിനൊന്ന്​ മികച്ചതായിരുന്നു. രാവിലത്തെ മോശം ബ്രേക്ഫാസ്റ്റി​െൻറ സങ്കടം അതോടെ തീർന്നു. ഇനി എവിടെ പോവും എന്നത് ഒരു ചോദ്യചിഹ്നമായപ്പോൾ തൊടുപുഴയിലുള്ള കൂട്ടുകാരി സഫയെ വിളിച്ചു. മലങ്കര ഡാം, കുടയത്തൂർ പാലം തുടങ്ങി കുറച്ച് സ്ഥലങ്ങൾ അവൾ പറഞ്ഞുതന്നു. ഞങ്ങൾക്ക് അന്ന് തന്നെ കൊച്ചിയിൽ തിരിച്ചെത്തേണ്ടതിനാൽ തിരക്ക് പിടിക്കാതെ കുറച്ച് സ്ഥലത്തു കൂടുതൽ സമയം ചെലവഴിക്കാമെന്ന്​ വിചാരിച്ചു.

തിരിച്ചുപോരുന്ന വഴി കണ്ട ജലാശയം

ഡാമിലേക്ക് പോവുന്ന വഴിയിൽ റോഡിൽനിന്നും അൽപ്പം മാറി പുഴ കണ്ടു. കുറച്ചു നേരം അതി​െൻറ കരയിലിരുന്ന് കാറ്റൊക്കെ കൊണ്ട്, ഒന്ന് വിശ്രമിച്ച ശേഷമാണ് ഡാം കാണാൻ പോയത്. അവിടെ എത്തി നോക്കുമ്പോൾ കോവിഡ് പശ്ചാത്തലത്തിൽ സന്ദർശകർക്ക് പ്രവേശനമില്ല. ഡാമും പരിസരവും കണ്ട് തിരിച്ചുപോരേണ്ടി വന്നു. ഇതിനിടക്ക് മഴ പെയ്തപ്പോൾ അടുത്ത് കണ്ട കടയിൽ കയറി നിന്നു. മഴ തോരാൻ കുറച്ചധികം സമയമെടുത്തു. അടുത്തതായി കുടയത്തൂർ ബ്രിഡ്ജിലേക്ക് പോവാമെന്ന് കരുതി.

'കഥ പറയുമ്പോൾ' സിനിമയിലൊക്കെ ഇത് പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന് പറഞ്ഞതും സഫയായിരുന്നു. ബ്രിഡ്ജി​െൻറ അടുത്തെത്തിയപ്പോൾ വീണ്ടും മഴ വന്നു. കയറി നിൽക്കാനവിടെ വേറെ സ്ഥലങ്ങളൊന്നും ഇല്ലാത്തതിനാൽ അടുത്തുള്ള വീട് ലക്ഷ്യം വെച്ച് ഞങ്ങളോടി. വീട്ടുകാരോട് സമ്മതം ചോദിച്ച ശേഷം അവിടെ നിന്നു. ഞങ്ങളെ കുളിപ്പിച്ചേ അടങ്ങു എന്ന് ശപഥം എടുത്തിരിക്കുകയാണ് മഴ എന്ന് തോന്നുന്നു. ഞങ്ങൾ പോവുന്നിടത്തെല്ലാം വന്ന് ഞങ്ങളെ വിടാതെ പിന്തുടരുന്നുണ്ട്.

കുടയത്തൂർ പാലം

കാലപ്പഴക്കം ആ പാലത്തിനെ മനോഹരിയാക്കുന്നതായി തോന്നി. പാലമങ്ങനെ പന്നൽ ചെടികളാൽ മൂടി പച്ചിച്ചു നിൽക്കുന്നു. പാലത്തിനടിയിലൂടെ പുഴ ഒഴുകുന്നു. തിരക്കുകൾ ഒന്നുമില്ലാതെ സാവധാനത്തിൽ ശാന്തമായൊഴുകുന്ന പുഴ നോക്കി നിൽക്കുമ്പോൾ എന്തോ സമാധാനം തോന്നി. കുറെനേരം അവിടെയും പരിസരങ്ങളിലുമായി നടന്ന് കണ്ടു. അടുത്ത മഴക്ക് മുമ്പ് മടക്ക യാത്ര ആരംഭിക്കണം. എന്നാലേ രാത്രി ഏറെ വൈകുന്നതിനു മുമ്പ് വീടെത്താൻ പറ്റുകയുള്ളൂ.

തിരികെ വരുന്നത്​ കാഴ്ചകളെക്കുറിച്ചും ആളുകളെക്കുറിച്ചും യാത്രകളെക്കുറിച്ചുമെല്ലാം സംസാരിച്ച്​ കൊണ്ടായിരുന്നു. കുറെ കാലത്തിനു ശേഷമായതിനാൽ ഈ ചെറിയ യാത്ര തന്ന സന്തോഷവും ഉന്മേഷവും വലുതായിരുന്നു. അല്ലെങ്കിലും സന്തോഷങ്ങൾക്ക് കുഞ്ഞു കുഞ്ഞു കാര്യങ്ങൾ മതിയല്ലോ. അടുത്ത യാത്ര വരെ താലോലിക്കാൻ വേണ്ട കാഴ്ചകൾ ഇതിനകം തന്നെ ഞാൻ സ്വന്തമാക്കിയിരുന്നു. കൂടെ മറ്റുള്ളവരോട് പങ്കുവെക്കാൻ ധാരാളം കഥകളും...


കുടയത്തൂർ പാലത്തിൽ നിന്നുള്ള ദൃശ്യം

Travel Info

കോട്ടയം ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ് ഈ മനോഹര പ്രദേശം. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം.

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽനിന്നും മൂലമറ്റം ഭാഗത്തേക്ക്​ സഞ്ചരിച്ച് കാ‍‍ഞ്ഞാർ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് ഏഴ്​ കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. പാലായിൽനിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിച്ചേരാം. കോട്ടയത്തുനിന്നും 55 കിലോമീറ്റർ ദൂരെയുണ്ട്​ ഇവിടേക്ക്​. തൊടുപുഴയിൽനിന്ന് 20 കിലോമീറ്ററാണ്​ ദൂരം.

Tags:    
News Summary - Those who came together in the loneliness of Ilaveezhapoonchira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.