പോർച്ചുഗലിന് നാമുമായി അഭേദ്യമായ ബന്ധമാണല്ലോ. വാസ്കോ ഡ ഗാമ 1498ൽ കേരളത്തിൽ കാലുകുത്തിയത് നമ്മുടെ ചരിത്രത്തിലെ അതിസുപ്രധാന സംഭവമാണല്ലോ. അതിനാൽ തന്നെ ഗാമയുടെ നാട് കാണുകയെന്നത് ഒരാഗ്രഹമായിരുന്നു. വെറുതെ ടിക്കറ്റുകൾ എല്ലാമൊന്നു തപ്പിനോക്കി. അബുദബിയിൽ നിന്ന് നേരിട്ട് ലിസ്ബണിലേക്കു കുറഞ്ഞത് ഏതാണ്ട് 2400ദിർഹം, അതും ഏതാണ്ടു 12 മണിക്കൂർ യാത്ര!. സാമ്പത്തികം അത്രേം താങ്ങാനുള്ള വകുപ്പില്ലാത്തതുകൊണ്ട് അത് ഉപേക്ഷിക്കാം എന്ന് വിചാരിച്ചു. എന്നാലും പതിവ് പോലെ യാത്രയെ ഒന്ന് കഷണങ്ങൾ ആക്കി തപ്പി നോക്കി. പ്രതീക്ഷിച്ച പോലെ ഒരു കിടു റൂട്ട് കിട്ടി. ഒരൽപം കറക്കമാണ്, എന്നാലും സാമ്പത്തികമായി നോക്കിയാൽ താങ്ങാം.
ദുബൈയിൽ നിന്ന് രാത്രി ഏഴരക്ക് പുറപ്പെട്ട ചെക്ക്എയർലൈൻസിന്റെ വിമാനം ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ ഏതാണ്ട് രാത്രി പന്ത്രണ്ടരയോടെ എത്തി. ടിക്കറ്റ് ചാർജ് 315ദിർഹം. വിമാനത്തിൽ നിന്നുമിറങ്ങി എമിഗ്രേഷൻ കഴിഞ്ഞ് വിസയെല്ലാം സ്റ്റാമ്പ് ചെയ്തു. ആ വിമാനത്താവളത്തിൽ തന്നെയുള്ള (Václav Havel Airport) ടെർമിനൽ രണ്ടിലേക്ക് നടന്നു. ഇനി അടുത്ത വിമാനം രാവിലെ ആറു മണിക്കു അവിടുന്നാണ് പുറപ്പെടുന്നത്. വെറുതെ ടെർമിനൽ കെട്ടിടത്തിന്റെ പുറത്തൊന്നിറങ്ങി. മൂന്നു വർഷം മുൻപ് ചെക്ക് റിപ്പബ്ലിക്ക് കാണാൻ കുടുംബത്തോടൊപ്പം വന്നിരുന്നു. അതിനാൽ ഈ രാജ്യത്തെ കാഴ്ചകളിലേക്ക് ഇത്തവണ പോകേണ്ടന്നു തീരുമാനിച്ചിരുന്നു. പക്ഷേ മുമ്പ് വന്നതിലും ഒരുപാടു മാറ്റങ്ങൾ എയർപോർട്ടിനു പുറത്തു പോലും കാണാം. പുതിയ കുറേയേറെ പാർക്കിങ് ബിൽഡിങ്ങുകൾ, ചില ഫ്ലൈയോവറുകൾ, പുതിയ റോഡുകൾ. ഒക്ടോബറിന്റെ അവസാന ആഴ്ചയായിരുന്നു. ശരത്കാലത്തിന്റെ ആരംഭമായിട്ടും തണുപ്പ് അരിച്ചിറങ്ങുന്നു. കുറച്ചുനേരം അവിടെ ചുറ്റിനടന്നു ഒരു ചൂട് കാപ്പി കഴിച്ച് തിരിച്ചു ടെർമിനൽ കെട്ടിടത്തിലേക്ക് കയറി. രാത്രിയായതിനാൽ തിരക്ക് തീരെകുറവായിരുന്നു. അവിടിവിടെയായി കുറച്ചു പേർ മാത്രം. ഏതാണ്ടൊരു രണ്ടു മണിക്കൂർ അവിടെ ഒരു സീറ്റിൽ, ബാഗ് തലയണ ആക്കി വെച്ചു കിടന്നുറങ്ങി.
രാവിലെ നാലരയോടെ എഴുന്നേറ്റ് സെക്യൂരിറ്റി ചെക്ക് ഇൻ എല്ലാം പൂർത്തിയാക്കി വെയ്റ്റിങ് ഏരിയയിലെത്തി. രാവിലെ ആറു മണിക്ക് പ്രാഗിൽ നിന്നും റയാൻ എയറിന്റെ വിമാനം പുറപ്പെട്ടു. ജർമനിയുടെ മുകളിലൂടെ പറന്നു ബെൽജിയം തലസ്ഥാനമായ ബ്രസ്സൽസിലെ സൗത്ത് ഷാൾറോയ് എയർപോർട്ടിലേക്കു പറന്നിറങ്ങി. ടിക്കറ്റ് ചാർജ് 80 ദിർഹം!. ബെൽജിയവും മുമ്പൊരിക്കൽ കണ്ടിരുന്നതുകൊണ്ട് അവിടെയും പുതിയ കാഴ്ചകളിലേക്കു ഇത്തവണ പോകേണ്ടെന്നുവെച്ചു, അതിനൊട്ടു സമയവും ഇല്ല. പുറത്തിറങ്ങി, നല്ല വിശപ്പുണ്ട്. നാലു യൂറോയുടേ ചെറിയൊരു സാൻഡ്വിച് ബ്രേക്ക്ഫാസ്റ്റ് പാസാക്കി, അടുത്ത ടെർമിനൽ ബിൽഡിങ്ങിലേക്ക് നടന്നു. ലിസ്ബണിലേക്കുള്ള വിമാനം രണ്ടു മണിക്കൂർ ലേറ്റ് ആണ്. നല്ല കാര്യം, രാത്രിയിലെ മിസ്സായ ബാലൻസ് ഉറക്കം അവിടുത്തെ സീറ്റിൽ ഇരുന്ന് കുറച്ചു പരിഹരിച്ചു.
ബ്രസൽസിൽ നിന്ന് ലിസ്ബണിലേക്കുള്ള വിമാനം ഏതാണ്ട് ഉച്ചക്ക് 12 മണിയോടെ തയ്യാറായി. വീണ്ടും സെക്യൂരിറ്റി ചെക്ക് ഇൻ ചെയ്തു അകത്തു കയറി. റയാൻ എയറിന്റെ തന്നെ വിമാനം. ടിക്കറ്റ് ചാർജ് 62ദിർഹം, സീറ്റ് കൂടി സെലക്ട് ചെയ്തത് കൊണ്ട് 78 ദിർഹം. ഫ്രാൻസിന് മുകളിലൂടെ, ഉത്തര അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഭാഗമായ ബിസ്കെയ് കടലിടുക്കിനും സ്പെയിനിനും മുകളിലൂടെ ഏതാണ്ട് മൂന്നു മണിക്കൂർ പറന്ന് പോർചുഗലിലെ ലിസ്ബണിലെക്ക് എത്തിച്ചേർന്നു. അങ്ങനെ 2,400 ദിർഹം റേറ്റ് കണ്ട റൂട്ട്, നമ്മൾ കുറച്ചൊന്നു ഹോംവർക് ചെയ്താൽ, ഒരിത്തിരി കറങ്ങിയാൽ, ഒരിത്തിരി ബുദ്ധിമുട്ടിയാൽ 473 ദിർഹത്തിനും കിട്ടും. ബഡ്ജറ്റിൽ യാത്രകൾ ചെയ്യാം...പുതിയ കാഴ്ചകളിലേക്ക് പോകാം. (ഈ ടിക്കറ്റുകൾ എടുത്ത് കഴിഞ്ഞാണ് ഇതിലും ബഡ്ജറ്റിൽ മറ്റൊരു റൂട്ട് ഉണ്ടായിരുന്നു എന്ന് കണ്ടത്.) എന്റെ മിക്ക യാത്രകളും വളരെ ബഡ്ജറ്റ് ചുരുക്കി ചെയ്യുന്നവയാണ്. അതിന്റെ പ്ലാനിങ് ആണ് ഞാൻ യാത്രകളേക്കാൾ ആസ്വദിക്കാറ്.
ലിസ്ബൺ നഗരത്തിൽ
ലിസ്ബൺ എയർപോർട്ടിൽ നിന്നും നഗരത്തിലേക്ക് പകൽ ഇപ്പോഴും ബസ്സുണ്ട്. നഗര ഹൃദയത്തിലെ പാർസ ഡോം പെഡ്രോ ചത്വരത്തിനു സമീപത്തെ ഒരു ഹോസ്റ്റലിൽ ഒരു ബെഡ് ബുക്ക് ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തെക്കും കൂടി ഹോസ്റ്റൽ റേറ്റ് 81 ദിർഹം, 16ദിർഹം ടാക്സ്. അവിടെയെത്തി ബാഗെല്ലാം വച്ച് പുത്തേക്കിറങ്ങി. ലിസ്ബൺ അതി പുരാതന നഗരമായതു കൊണ്ട് തന്നെ പുതുമയുടെ വെട്ടിത്തിളങ്ങുന്ന പളപളപ്പു എവിടെയും കാണാനില്ല. പഴക്കം വിളിച്ചോതുന്ന പ്രൗഢമായ കെട്ടിടങ്ങൾ. ഒട്ടനവധി ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലങ്ങൾ. രാത്രി വൈകുംവരെ ഒരുപാട് കാഴ്ചകളിലേക്ക് പോയി.
പെഡ്രോ IV സ്റ്റാറ്റ്യു, നാഷണൽ തിയേറ്റർ, ദ റസ്റ്റാറഡോസ് മോണ്യുമെന്റ്, കടൽ തീരത്തോട് ഒട്ടിനിൽക്കുന്ന പാർസ ഡോ കോമേഴ്സഷ്യോ എന്ന മനോഹര ചത്വരം. പാർസ ഡോം പെഡ്രോ മുതൽ പാർസ ഡോ കെമേർഷ്യോ വരെ കോബിൾസ്റ്റോണുകൾ പാകി ഒരുക്കിയ നടപ്പാതകൾ നിറഞ്ഞ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ വാക്കിങ് സ്ട്രീറ്റുകളും, പോർച്ചുഗലിന്റെ തനതു വിഭവങ്ങൾ ലഭ്യമാകുന്ന ഭക്ഷണ ശാലകളും, നടപ്പാതകൾ സംഗീത സാന്ദ്രമാക്കി ഉപജീവനം തേടുന്ന കലാകാരന്മാരും. 1899 മുതൽ പ്രവർത്തിക്കുന്ന സാന്ത ജെസ്റ്റാ ലിഫ്റ്റ്, നഗരത്തിന്റെ മുകളിൽ നിന്നുള്ള ഒരു വ്യൂ തരുന്നു. നടക്കുന്ന വഴിയിൽ ഇടക്കെപ്പോഴോ ഒരു റെസ്റ്റ്ലാന്റിൽ നിന്ന് പൊരിച്ച ഇറച്ചിയുടെ മണം എന്നെ പിടിച്ചാകടയിലേക്കു കയറ്റി. ഒരൽപം ഘനത്തിൽ തന്നെ തട്ടി. ഇറച്ചി സ്റ്റെയ്ക്കും, പൊട്ടറ്റോ പുഴുങ്ങിയതും, മഷ്റൂം സോസും പിന്നെ ഒരൽപം ചോറും ..ഏതാണ്ട് 12 യൂറോ. കാഴ്ചകൾ കണ്ടു മതിയാകുന്നില്ലെങ്കിലും തലേ രാത്രിയിലെ ഉറക്കക്ഷീണം എന്നെ തിരിച്ചു ഹോസ്റ്റലിൽ എത്തിച്ചു.
പിറ്റേന്ന് രാവിലെ ഒരു ഫ്രീ വാക്കിങ് ടൂറിനു പുറപ്പെട്ടു. അൽ ഫാമാ ഏരിയ മുഴുവനും ചരിത്രക്കാഴ്ചകൾ ആണ്. രാവിലെ അങ്ങോട്ടാണ് യാത്ര. ഏതൊരു നഗരത്തിൽ ചെല്ലുമ്പോഴും ഇത്തരം ഒരു കലാപരിപാടിക്ക് പോകാറുണ്ട്. സ്ഥലങ്ങൾ മുഴുവനും ചുറ്റിനടന്നു കാണാം, എല്ലാ കാഴ്ചകളും, അതിന്റെ ചരിത്രവും എല്ലാം പരിചയ സമ്പന്നനായ ഒരു ഗൈഡ് പറഞ്ഞു തരും. ഫ്രീ ടൂർ എന്നാണ് പേരെങ്കിലും ടൂറിനു അവസാനം നമുക്ക് തോന്നുന്ന ഒരു ടിപ്പ് കൊടുത്താൽ അങ്ങേരുടെ ജീവിതവും നടക്കും(അപൂർവം ചില സ്ഥലങ്ങളെങ്കിലും അതൊരു ഉടയ്പ്പായിട്ടു ഫീൽ ചെയ്തിട്ടുണ്ട്). മൂന്നു മണിക്കൂർ നീണ്ട യാത്ര പറങ്കിനാടിന്റെ പൗരാണികതയോടൊപ്പം വർത്തമാന കാലഘട്ടത്തിന്റെ ചില നേർചിത്രങ്ങളും കാണാനായി. ഒരുപാട് ചരിത്ര സ്ഥലങ്ങൾ കണ്ടു. ടൂറിനു ഒടുവിൽ ഗൈഡിന് 10 യൂറോ കൊടുത്തുപിരിഞ്ഞു.
ഉച്ച തിരിഞ്ഞു ടാഗസ് നദിയിലൂടെ ഒരു ബോട്ട് യാത്ര. നദിക്കു കുറുകെ ഏതാണ്ട് രണ്ടര കിലോമീറ്റർ നീളത്തിൽ 1966ൽ പണിപൂർത്തിയായ അബ്റിൽ സസ്പെൻഷൻ പാലം സാൻഫ്രാൻസിക്കോയിലെ ഗോൾഡൻ ബ്രിഡ്ജിനെ അനുസ്മരിപ്പിക്കും. പാലത്തിലൂടെ രണ്ടു നിലകളിലായി ആറുവരി മോട്ടോർ പാതകൾക്കു പുറമെ രണ്ടു വരി റെയിൽവേ പാതകൾ. പിന്നീട് മാർക്വസ് ഡി പൊംബൽ വഴി ഒരു കറക്കം, അവിടുന്ന് ജാർദിം സൂവിലേക്കു പോയെങ്കിലും അകത്തേക്ക് കയറിയില്ല. ലിസ്ബണിലെ പല ഫനിക്യുലാർ ലൈനിലും, ട്രാമിലും കയറി നഗരത്തിന്റെ പല കാഴ്ചകളിലേക്കും പോയി.
നിരവധി അനവധി ചരിത്ര മന്ദിരങ്ങളിലും മ്യൂസിയങ്ങളിലും പോയെങ്കിലും എടുത്തു പറയേണ്ട ഒന്നായിരുന്നു വാസ്കോ ഡി ഗാമയുടെ ശവകുടീരം. ഗാമ തന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദർശന വേളയിൽ 1524ൽ കൊച്ചിയിൽ വെച്ച് മരിച്ചെങ്കിലും 1539ഓടെ ഭൗതികാവശിഷ്ടങ്ങൾ പോർച്ചുഗീസിലേക്ക് തിരികെ കൊണ്ട് പോയി. അവിടുത്തെ ജെറോണിമോസ് മൊണാസ്ട്രിയിലെ പള്ളിയിലാണ് ശവകുടീരം. ഇതെല്ലം അവിടെ വ്യക്തമായി രേഖപ്പെടുത്തി വെച്ചിരിക്കുന്നു. മൂന്നു ദിവസങ്ങൾ മറക്കാനാവാത്ത നിരവധി കാഴ്ചകളിലൂടെ അനുഭവങ്ങളിലൂടെ കടന്നുപോയി. നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ രാജ്യത്തു നിന്നും പുറപ്പെട്ടു കടലിലൂടെ കേരളത്തിൽ എത്തിയ ചരിത്രപുരുഷന്റെ നിശ്ച്ചയ ദാർഡ്യത്തെ ഓർത്തുകൊണ്ട് പറങ്കിനാടിനോട് വിട പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.