കുളിരും കോടയും നിറയും കുടജാദ്രിയിലേക്ക്

ഡിസംബർ മാസത്തെ മഞ്ഞിൻ തണുപ്പിലാണ് കൊല്ലൂരിൽ ബസ്സിറങ്ങിയത്. പുലർച്ചെ അഞ്ചരയായിട്ടേ ഉള്ളൂവെങ്കിലും ക്ഷേത്രനഗരി ഉണർന്നുകഴിഞ്ഞിരിക്കുന്നു. മൂകാംബിക ദേവിയെ കാണാൻ അമ്പലത്തിലേക്ക് പോകുന്ന ഭക്തരുടെ ചെറുതല്ലാത്ത തിരക്കുണ്ട്. ഹോട്ടലുകളും ലോഡ്ജുകളും പുലർച്ചെയുടെ ആലസ്യം വിട്ടൊഴിഞ്ഞ് ഏറെ നേരമായിരിക്കുന്നു. കോവിഡ് കഴിഞ്ഞ് നല്ല ബിസിനസ് കിട്ടിത്തുടങ്ങിയതിന്‍റെ സന്തോഷത്തിലാണ് കച്ചവടക്കാർ. ഹോട്ടലുകളും പൂക്കച്ചവടവും എല്ലാം തകൃതിയായി നടക്കുന്നു.

ബസ്സിറങ്ങി നേരെ കാണുന്ന തട്ടുകടയിലേക്ക് കയറി. 35 വയസ്സിനോടടുത്ത ചേച്ചിയാണ് വിൽപനക്കാരി. ചായയും കാപ്പിയും മാത്രം. മെലിഞ്ഞ് സ്വെറ്റർ ധരിച്ച ചേച്ചി ഓരോ ചായയും കാപ്പിയും വീട്ടിലുണ്ടാക്കുന്നതുപോലെ പാത്രത്തിൽ ഉണ്ടാക്കിയെടുക്കുന്നു. ബ്രൂകാപ്പിക്കുപോലും പത്ത് രൂപ മാത്രം. ചൂടുചായ കുടിച്ച ഉന്മേഷത്തോടെ ബുക് ചെയ്ത ഹോട്ടലിലേക്ക് നടന്നു. ഓൺലൈനിൽ ബുക് ചെയ്ത ധൈര്യത്തിലാണ് ഹോട്ടലിലെത്തിയത്. എന്നാൽ, റൂമില്ലെന്ന് ഒരു ദയവുമില്ലാതെ റിസപ്ഷനിസ്റ്റ്. പത്ത് മണിയാണ് ചെക് ഇൻ ടൈം. നേരത്തേ വന്നാൽ എങ്ങനെ റൂം തരുമെന്നാണ് ചോദ്യം.

ബൈ റിക്വസ്റ്റ് ചെക് ഇൻ ടൈം 5.30 എന്നെഴുതിയത് കാണിച്ചുകൊടുത്തിട്ടും രക്ഷയൊന്നുമുണ്ടായില്ല. മുൻകൂറായി അടച്ച പണം തിരികെ നൽകി യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇറക്കിവിട്ടു. സാരമില്ല, മുറി വേണോ എന്നന്വേഷിച്ച് ആ പുലർച്ചെയിലും പയ്യന്മാരുടെ തിരക്കുണ്ട്. മറ്റൊരു ഗസ്റ്റ് ഹൗസിൽ തൽക്കാലം താമസം ഒപ്പിച്ചു.

ബ്രഹ്മഗിരി മലകൾക്ക് നടുവിൽ കല്ലിൽ പണിത ആയിരത്തി ഇരുനൂറിലധികം പഴക്കമുണ്ടെന്ന് കണക്കാക്കുന്ന മൂകാംബിക ക്ഷേത്രസങ്കേതം ഒരിക്കലും വിശ്വാസത്തിന്‍റെയും ആരാധനയുടേയും കേന്ദ്രം മാത്രമായല്ല കരുതപ്പെടുന്നത്. വിദ്യാദേവതയായ സരസ്വതിയുടെ ഇരിപ്പടമാണിത്. ഇവിടുത്തെ സരസ്വതീ മണ്ഡപത്തിൽ ഇരുന്ന് ആദ്യക്ഷരം കുറിക്കാനും കലാപരിപാടികൾക്ക് അരങ്ങേറ്റം നടത്താനും എത്തുന്നവർ നിരവധിയാണ്. അക്ഷര പ്രേമികളുടേയും കലാകാരന്മാരുടേയും ഇഷ്ടസ്ഥലമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം.

കുളി കഴിഞ്ഞ് ക്ഷേത്രത്തിലെത്തിയപ്പോൾ നീണ്ട ക്യൂ. സുരക്ഷാ ഉദ്യോഗസ്ഥൻ നീട്ടിയ സാനിറ്റൈസർ കൈകളിൽ പുരട്ടി ക്യൂവിൽ ചെന്നുനിന്നു. കേരളത്തിൽനിന്ന് തന്നെയാണ് അധികം പേരും. ക്രിസ്​മസ് അവധിയായതിനാലാകാം ഇത്രയും നീ‍ണ്ട ക്യൂ. അതിനിടെ ശീവേലി. ആദ്യ പ്രദക്ഷിണത്തിൽ പ്രധാന പൂജാരിയായ അഡിഗയുടെ കൈകളിൽ എഴുന്നള്ളുന്ന ദേവി പിന്നീടുള്ള പ്രദക്ഷിണങ്ങളിൽ പല്ലക്കിലും രഥത്തിലും കയറിവന്നു. ഡ്രം പോലുള്ള വാദ്യം, ചേങ്ങില പോലെ മറ്റൊരു വാദ്യം, കൂടെ പ്രത്യേകതയുള്ള കുഴൽ വിളിയും. കേട്ടുപരിചയമില്ലാത്തതെങ്കിലും ആ താളവും ഈണവും കാതിന് ഇമ്പമുള്ളതായിരുന്നു. ക്ഷേത്രത്തിന് അകത്ത് കിഴക്ക് വശത്താണ് കലാകാരന്മാരുടെ പുണ്യവേദി എന്നറിയപ്പെടുന്ന സരസ്വതിമണ്ഡപം. ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് തന്‍റെ പിറന്നാൾ ദിനത്തിൽ എല്ലാ വർഷവും മുടങ്ങാതെ സരസ്വതി മണ്ഡപത്തിലെത്തി ഗാനാർച്ചന നടത്താറുണ്ട്. വിദ്യാരംഭ ദിനത്തിൽ കുട്ടികൾക്ക് ആദ്യക്ഷരം പകർന്നുകൊടുക്കുന്നതും ഇവിടെ വെച്ചാണ്.

മൂകാംബിംക ക്ഷേത്രത്തെക്കുറിച്ച് ഒരുപാട് ഐതീഹ്യങ്ങൾ നിലവിലുണ്ടെങ്കിലും എന്നെ ആകർഷിച്ച കഥ ശങ്കരാചാര്യനെ പറ്റിച്ച ദേവിയെക്കുറിച്ചുള്ളതാണ്. കുടജാദ്രിയിൽ തപസ്സു ചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തിയ ശങ്കരാചാര്യർ ദേവിയോട് കേരളത്തിലേക്ക് ആഗതകനാകണമെന്ന് ആവശ്യപ്പെട്ടു. സമ്മതമറിയിച്ച ദേവി പക്ഷെ ഒരു നിബന്ധന വെച്ചു. തന്‍റെ മുന്നിൽ നടക്കുന്ന ശങ്കരൻ തിരിഞ്ഞുനോക്കിയാൽ പിന്നെ ഒരടി പോലും മുന്നോട്ടുവെക്കില്ല എന്ന്. ദേവിയുടെ പാദസ്വരത്തിന്‍റെ ശബ്ദം ശ്രവിച്ച് ദേവി പുറകെയുണ്ടെന്ന വിശ്വാസത്തിൽ ശങ്കരൻ മുന്നിൽ നടന്നു. പെട്ടെന്ന് പാദസ്വരത്തിന്‍റെ ശബ്ദം കേൾക്കാതായപ്പോൾ വ്യവസ്ഥകളെല്ലാം മറന്ന ശങ്കരൻ ആശങ്കയോടെ തിരിഞ്ഞുനോക്കി. ഇതോടെ പിന്നിലുള്ള ദേവി അവിടെത്തന്നെ നിലയുറപ്പിച്ചെന്നും അവിടം പിന്നീട് ദേവിയെ പ്രതിഷ്ഠിച്ചെന്നുമാണ് കഥ.

ഐതീഹ്യമോ യാഥാർഥ്യമോ കഥ എന്തായാലും ക്ഷേത്രത്തിനകത്ത് തന്നെ ആദിശങ്കരന്‍റെ പ്രതിഷ്ഠയുണ്ട്. കേരളത്തിൽ നിന്നും ദേവിയെ കാണാനായി ആരും വരാതിരിക്കുന്ന സമയത്ത് കേരളത്തിലേക്ക് വരാമെന്ന് ശങ്കരന് ദേവി ഉറപ്പുകൊടുത്തെന്നും കഥയുണ്ട്. അങ്ങനെ ഒരു കാലം ഉണ്ടാകാൻ പോകില്ലെന്ന് നീണ്ട ക്യൂവിൽ നിൽക്കുമ്പോൾ ആലോചിച്ചു. സൗപർണികയിൽ സ്നാനം ചെയ്തുവേണം മൂകാംബിക ദേവിയെ തൊഴാൻ എന്നാണ് വിശ്വാസം. കാടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കൊല്ലൂരിൽ, ക്ഷേത്രത്തിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ മാറിയൊഴുകുന്ന നദിയാണ് സൗപർണിക. മലമുകളിലെ കുടജാദ്രിയിൽ നിന്നുമാണ് ഉത്ഭവം. കുടജാദ്രിയിൽ നിന്നും അംബാവനത്തിലൂടെ ഒഴുകിയാണ് സൗപർണിക കൊല്ലൂരിലെത്തുന്നത്. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടുതന്നെ സൗപര്‍ണിക നദിയിലെ കുളി സര്‍വരോഗനിവാരണത്തിനും ഉത്തമമാണെന്ന് കരുതുന്നു. 

ക്ഷേത്രത്തിന്‍റെ ചുറ്റും യഥേഷ്ടം കേരള ഹോട്ടലുകളുണ്ട്​. ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് കുടജാദ്രിയിലേക്ക് തിരിച്ചു. കൊല്ലൂരിൽ നിന്നും രണ്ട് മണിക്കൂർ യാത്രയുണ്ട്. ക്ഷേത്രത്തിനടുത്ത് തന്നെ കുടജാദ്രിയെന്ന് കന്നഡ ശൈലിയിൽ വിളിച്ചുപറയുന്നതു കേൾക്കാം. എട്ടുപേർ ആകുമ്പോൾ ഒരു ജീപ്പ് പുറപ്പെടും. ഒരാൾക്ക് 350 രൂപ.

രണ്ട് മണിക്കൂറോളം യാത്രയും രണ്ടുമണിക്കൂർ കാത്തുനിൽപപും രണ്ടു മണിക്കൂർ തിരിച്ചുള്ള യാത്രക്കും കൂടി 350 രൂപ മാത്രമാണ് അവർ ചാർജ് ചെയ്യുന്നതെന്ന് കേട്ടപ്പോൾ അദ്ഭുതം തോന്നി. റോഡ്മാർഗം പോകുമ്പോൾ 38 കിലോമീറ്ററോളമുണ്ട് കൊല്ലൂരിൽനിന്ന് കുടജാദ്രിയിലേക്ക്. എന്നാൽ, സാഹസികരായ സഞ്ചാരികൾ ഇവിടേക്ക് ട്രെക്കിങ് നടത്താറുമുണ്ട്. അരമണിക്കൂർ ദൂരം ഷിമോഗ റോഡിലൂടെയാണ് ‍യാത്ര. പിന്നീട് ഓഫ് റോഡിലേക്ക് ക‍യറുകയായി. നീട്ടൂർ എന്ന സ്ഥലത്ത് ബസ്സിറങ്ങി കുടജാദ്രിയിലേക്ക് നടന്നുപോകുന്ന സാഹസികരെയും കാണാം.

കുടജാദ്രിയുടെ താഴ്വാരത്തിലാണ് മൂകാംബിക ദേവിയുടെ ഇരിപ്പിടമായ കൊല്ലൂർ. സഹ്യപർവ്വത മലനിരകളിൽ സമുദ്ര നിരപ്പിൽനിന്നും 1343 മീറ്റർ ഉയരത്തിലാണ് കുടജാദ്രിയുടെ സ്ഥാനം. കോടമഞ്ഞും മഴക്കാടുകളും, മൊട്ടക്കുന്നുകളും ചെറിയ അരുവികളും എല്ലാം കൂടി പ്രകൃതി കാഴ്ച കൊണ്ട് വിരുന്നൊരുക്കുന്ന ഇടമാണിത്. യാത്ര നട്ടുച്ചക്കല്ലെങ്കിൽ തീർച്ചയായും കോടമഞ്ഞിലൂടെ നടന്നുകൊണ്ട് സർവജ്ഞപീഠത്തിലെത്താം.

ഏകദേശം ഒന്നര മണിക്കൂറോളമുള്ള ജീപ്പ് യാത്ര കഠിനമായ അനുഭവമാണ്. കല്ലും പാറക്കെട്ടുകളും നിറഞ്ഞ റോഡിലൂടെ വണ്ടിയോടിക്കുന്ന ഡ്രൈവർമാരോട് ബഹുമാനവും ആരാധനയും തോന്നും. അവർ നിഷ്പ്രയാസമാണ് വണ്ടി ഓടിക്കുന്നത്. കുടജാദ്രിയുടെ താഴ്വാരത്തിൽ വണ്ടിനിന്നു. രണ്ടുമണിക്കൂറിനകം തിരിച്ചെത്തണമെന്ന നിബന്ധനയോടെ അവർ കാത്തിരുന്നു.

ഏകദേശം 100 ജീപ്പുകൾ അവിടെ കിടക്കുന്നുണ്ട്. മലയിൽനിന്ന് അരിച്ചിറങ്ങുന്ന ശുദ്ധമായ വെള്ളം കുടിച്ച് ആശങ്കയോടെ മല കയറാൻ ആരംഭിച്ചു. ഏകദേശം രണ്ട് കിലോമീറ്ററാണ് ദൂരമെങ്കിലും ഉരുണ്ട കല്ലുകളും വീതി കുറഞ്ഞ വഴിയും തെല്ല് ദുഷ്ക്കരം തന്നെയാണ്.

എന്നാൽ, താഴെ കാണുന്ന ബ്രഹ്മഗിരി മലകളും കോടയും സാഹസികതയും എല്ലാം ചേരുമ്പോൾ ഈ യാത്ര ഒരു പ്രത്യേക അനുഭൂതിയായി മാറുന്നു.  ചെറിയ കൽമണ്ഡപത്തിൽ ശ്രീശങ്കാരാചാര്യന്‍റെ പ്രതിമ. ചിത്രമൂലയും സർവജ്ഞ പീഠവും ചേർന്ന് വന്യമായ ആത്മീയത സമ്മേളിക്കുന്ന ഇടമാണ് കുടജാദ്രി. 

ചിത്രമൂലയിലേക്ക് പോകാൻ കഴിഞ്ഞില്ല. ശങ്കരാചാര്യര്‍ തപസ്സിരുന്ന സ്ഥലമാണിത്. ആചാര്യന്​ മുന്നില്‍ ദേവി മൂകാംബിക പ്രത്യക്ഷപ്പെട്ടതും ഇവിടെയാണെന്നാണ് വിശ്വാസം. ഇവിടെനിന്നും ഇപ്പോള്‍ മൂകാംബിക ക്ഷേത്രമിരിക്കുന്ന സ്ഥലംവരെ ദേവി ആചാര്യനെ പിന്തുടര്‍ന്നുവെന്നാണ് കഥ. സര്‍വ്വജ്ഞപീഠത്തില്‍ നിന്നും ഇവിടേക്ക്​ ഇറങ്ങുകയെന്നത് ഏറെ ദുഷ്‌കരമാണ്. അപകടങ്ങൾ കാരണമാകാം ഇവിടേക്കുള്ള യാത്ര ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്.

തിരിച്ച് കുന്നിറങ്ങുകയെന്നത് കുറേക്കൂടി എളുപ്പമായിരുന്നു. വീണ്ടും ഓഫ്റോഡിലൂടെയുള്ള ഒന്നര മണിക്കൂർ യാത്ര. പരസ്പരം സഹകരിച്ച് ജീപ്പ് ഓടിക്കുന്ന ഡ്രൈവർമാർ. അരമണിക്കൂർ കഴിഞ്ഞതേയുള്ളൂ.

ഞങ്ങളുടെ ജീപ്പിന് മു​േമ്പ പോയ മറ്റൊരു ജീപ്പ് വഴിമുടക്കികിടക്കുന്നു. ടയർ പഞ്ചറായതാണെന്ന് തോന്നുന്നു. ഇറങ്ങി അന്വേഷിക്കാൻ പറ്റുന്ന സ്ഥിതിയിലായിരുന്നില്ല ശരീരം.

കുടുങ്ങിയതു തന്നെ എന്ന് മനസ്സ് പറഞ്ഞു. അപ്പോഴേക്കും രണ്ടുമൂന്ന് വണ്ടികൾ അവിടെയെത്തി. ഡ്രൈവർമാരെല്ലാം ചേർന്ന് പത്ത് മിനിറ്റ് കൊണ്ടാണ് വണ്ടി ശരിയാക്കിയത്. അദ്ഭുതം തോന്നി. അത്തരം സഹകരണമില്ലെങ്കിൽ ആ വഴിയിലൂടെ വണ്ടി ഓടിക്കാൻ കഴിയില്ല.

വൈകീട്ട് അഞ്ച് മണിയായി കൊല്ലൂരിൽ തിരിച്ചെത്തിയപ്പോൾ. ഹോട്ടലിൽ ഊണുണ്ടായിരുന്നു. കർണാടക സ്പെഷ്യൽ ഊണുകഴിച്ചു. സമാധാനത്തോടെ പിറ്റേന്ന് ഉഡുപ്പിയിലേക്ക് പോകാനുള്ള മാർഗം അന്വേഷിച്ച് ബസ് സ്റ്റാൻഡിലേക്ക് നടന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.