അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ പി.ജിക്ക് പഠിക്കുമ്പോഴാണ് സെമിനാർ പേപ്പർ അവതരണത്തിനായി കൊൽക്കത്തക്ക് സമീപത്തെ സന്തിപുരിലേക്ക് പോവാനുള്ള അവസരം ലഭിക്കുന്നത്. കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ടുനടക്കുന്ന ഹൗറാ ബ്രിഡ്ജും മഞ്ഞ ടാക്സിയും മനസ്സിൽ ധ്യാനിച്ച്, സെമിനാറെന്നും പറഞ്ഞു ക്ലാസിൽനിന്ന് ലീവെടുത്ത് ഡൽഹിയിൽനിന്നും ഞങ്ങൾ നൽവർ സംഘം ഹൗറാ ജംഗ്ഷനിലേക്ക് ട്രെയിൻ കയറി. പതിവുപോലെ ജനറൽ യാത്രയായിരുന്നില്ല ഇപ്രാവശ്യം. വളരെ കഷ്ടപ്പെട്ട് താത്ക്കാൽ ടിക്കറ്റ് ഒപ്പിക്കാനുള്ള കാരണം തന്നെ തിരക്കുപിടിച്ചുള്ള ട്രെയിനുകളാണ് അങ്ങോട്ടുള്ളത് എന്നതിനാലാണ്.
രാവിലെ ഇന്ദ്രപ്രസ്ഥത്തിൽനിന്നും പുറപ്പെട്ട ട്രെയിൻ പിറ്റേദിവസം ഉച്ചയോടെ കൊൽക്കത്തയുടെ മണ്ണിലെത്തി. ട്രെയിനിൽ നിന്നുതന്നെ ഹൗറാ ബ്രിഡ്ജ് കണ്ടപ്പോൾ എല്ലാവരുടെ കണ്ണിലും സന്തോഷം. സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഈ കണ്ട ലോകത്തുള്ളോരൊക്കെ ഇങ്ങോട്ടാണ് ട്രെയിൻ കയറിവരുന്നതെന്ന് ഒരു നിമിഷം തോന്നിപോയി, അത്രക്ക് തിരക്ക്.
ഞങ്ങളുടെ സെമിനാർ നടക്കുന്നത് സന്തിപുർ കോളജിലാണ്. ഹൗറ ജംഗ്ഷനിൽനിന്നും അങ്ങോേട്ടക്ക് 98 കിലോമീറ്റർ ദൂരമുണ്ട്. അടുത്ത ട്രെയിൻ കയറി ഒന്നര മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനമെത്തി. കോളജിന് സമീപത്തെ വീട്ടിലാണ് താമസം ശരിയാക്കിയിട്ടുള്ളത്. സുഹൃത്ത് അസ്നയുടെ സംഘടന ബന്ധം വഴിയാണ് ഞങ്ങൾക്കവിടെ സൗജന്യ താമസം ശരിയായത്.
വെസ്റ്റ് ബംഗാളിെൻറ ഗ്രാമീണ അന്തരീക്ഷം വരച്ചുകാട്ടുന്നതായിരുന്നു സന്തിപുർ. ഗുൽശാന്ത് ഭായിയാണ് ഞങ്ങളുടെ ആതിഥേയൻ. ബംഗാളി ഭാഷയാണ് അവിടെ എല്ലാവരും ഉപയോഗിക്കുന്നത്. ഞങ്ങൾക്ക് അതറിയില്ലതാനും. എങ്ങനെ ഇവരോട് സംസാരിക്കുമെന്ന ആശങ്ക ഞങ്ങൾ പരസ്പരം പങ്കുവെച്ചു. ഇതുകേട്ട് ഗുൽശാന്ത് ഭായി നല്ല മലയാളത്തിൽ ചോദിച്ചു, 'നിങ്ങൾ കേരളത്തിൽ നിന്നാണോ'. ഞങ്ങളുടെ നാലുപേരുടെയും മനസ്സിൽ ഒന്നിച്ചു ലഡ്ഡുപൊട്ടി.
അസ്നയാണ് അത് ചോദിച്ചത്, 'നിങ്ങൾക്ക് മലയാളം എങ്ങനെ അറിയാം'. അപ്പോൾ പത്തു വർഷത്തോളം കേരളത്തിൽ പണിയെടുത്ത കഥകളും മറ്റും അയാൾ വിവരിച്ചു. കുടെ മലയാളികളോടുള്ള മതിപ്പും. അദ്ദേഹത്തിെൻറ മക്കൾ ജന്നത്തും മദീനയും പതുക്കെ ഞങ്ങളോട് അടുത്തു തുടങ്ങി.
വൈകുന്നേരമായപ്പോൾ മദീനയുടെ കുടെ ഗ്രാമം കാണാനിറങ്ങി. പരസ്പരം അറിയാൻ ഭാഷ ഞങ്ങൾക്കിടയിൽ ഒരു തടസ്സമായില്ല. പഠിച്ചൊരു ഡോക്ടർ ആവാനാണ് അവളുടെ ആഗ്രഹം. പ്രധാനമായും സാരി നെയ്ത്തുകാരാണ് ആ ഗ്രാമത്തിലുള്ളത്. പല വർണത്തിലും രൂപത്തിലും സാരി തയാറാക്കുന്നു. ഇതെല്ലാം അടുത്തുള്ള മില്ലുകളിലാണ് അവർ ഏൽപ്പിക്കുക. കഷ്ടപ്പാടിന് വളരെ കുറച്ചു പണമേ തൊഴിലാളികൾക്ക് ലഭിക്കുകയുള്ളൂ.
ഗ്രാമക്കാഴ്ചകൾ കണ്ട് തിരിച്ചു വീട്ടിലെത്തിയപ്പോൾ അയൽക്കാരെല്ലാം ഞങ്ങളെ കാണാനായി വന്നെത്തിയിട്ടുണ്ട്. എല്ലാവരുടെ മുഖത്തും സന്തോഷം. മീനമ്മ ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. മുരിങ്ങയുടെ പൂവുകൊണ്ട് എന്തോ ഒരു വിഭവം ഉണ്ടാക്കിത്തെരാമെന്നു അവർ ആംഗ്യം കാണിച്ചു. അവരുടെയെല്ലാം സംസാരം കേട്ടുകേട്ടിപ്പോൾ ബംഗാളിയും മനസ്സിലായി തുടങ്ങിയിരിക്കുന്നു. ഒരാളുമായി നല്ല ബന്ധമുണ്ടാക്കിയെടുക്കാൻ ഭാഷയുടെ ആവശ്യമില്ലെന്ന് അവർ ഞങ്ങളെ പഠിപ്പിച്ചു.
രാത്രി ഭക്ഷണം പുറത്തുപോയി കഴിക്കാമെന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. പക്ഷെ, അവർ അതനുവദിച്ചില്ല. ഞങ്ങൾ അവരുടെ അതിഥികൾ ആണെന്നും അതുകൊണ്ട് ഇവിടെയാണ് ഭക്ഷണമെന്നും പറഞ്ഞു. ചോറും കോഴിക്കറിയും മറ്റു പല വിഭവങ്ങളും ഉണ്ടായിരുന്നു കൂട്ടിന്.
അതിനുശേഷം മീനമ്മയുടെ വീട്ടിൽ പോയി. ഞങ്ങൾക്കായി അവരും കാത്തിരിപ്പാണ്. കുഞ്ഞു വീടാണ്, സൗകര്യങ്ങൾ കുറവാണ് എന്ന പരിഭവം മീനമ്മ പറയുന്നുണ്ട്. അവരുണ്ടാക്കിയ മുരിങ്ങപ്പൂവ് കൊണ്ടുള്ള തോരെൻറ സ്വാദ് ഇപ്പോഴും നാവിലുണ്ട്.
വീട്ടിൽ വിരുന്നുകാർ വരുമ്പോൾ കുട്ടികൾക്കുണ്ടാവുന്ന സന്തോഷം ജന്നത്തിെൻറയും മദീനയുടെയും മുഖത്തുണ്ടായിരുന്നു. അവർ അവരുടെ പുസ്തകങ്ങളും കളിക്കോപ്പുകളുമെല്ലാം ഞങ്ങൾക്ക് കാണിച്ചുതന്നു. പിറ്റേ ദിവസം സെമിനാറിന് പോകുന്നതിന് മുമ്പ് മറ്റൊരു ഭായിയുടെ വീട്ടിൽ നിന്നായിരുന്നു പ്രഭാതഭക്ഷണം. നേർത്ത ദോശ പോലെയുള്ള വിഭവവും ഗുലാബ് ജാമുനും കൊൽക്കത്ത സ്പെഷൽ മധുവരുമെല്ലാം കഴിച്ചു നേരെ സെമിനാർ പേപ്പർ അവതരിപ്പിക്കാൻ കോളജിലേക്ക്.
അലീഗഢിൽ നിന്നാണ് വരുന്നതെന്നറിഞ്ഞപ്പോൾ അവിടെയും വൻ സ്വീകരണം. ഗ്രാമപ്രദേശത്തെ കോളജ് ആണെങ്കിലും സൗകര്യങ്ങൾ എല്ലാമുണ്ടവിടെ. ഉച്ചക്ക് ഞങ്ങൾക്കുള്ള ഭക്ഷണം, അതും ബിരിയാണി സംഘാടകരുടെ വകയായിരുന്നു. വൈകീട്ട് വീട്ടിൽ തിരിച്ചെത്തി. സന്തിപുർ ഗ്രാമത്തോട് വിടപറഞ്ഞു കൊൽക്കത്തയിലേക്ക് പോവാനൊരുങ്ങുകയാണ്.
ഞങ്ങളെ യാത്രയാക്കാൻ ഗുൽശാന്ത് ഭായിയും കുടുംബവും മീനമ്മയും മക്കളുമെല്ലാം റോഡ് വരെ വന്നു. തികച്ചും അപരിചിതരായ ഞങ്ങളെ സ്വന്തം കുടുംബത്തിെൻറ ഭാഗമായി കണ്ട ഗുൽശാന്ത് ഭായിയോടും കുടുംബത്തോടും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലായിരുന്നു. യാത്ര പറഞ്ഞപ്പോൾ ജന്നത്തിെൻറയും മദീനയുടെയും കണ്ണുകളിൽ ഇൗറനണിഞ്ഞു. കുടെ ഞങ്ങളുടെയും. ഇനിയും വരില്ലേ എന്നവർ ചോദിക്കുന്നുണ്ട്. ജന്നത്തിനെയും മദീനയെയും കെട്ടിപിടിച്ചു കൊണ്ട് കഴിയുമെങ്കിൽ തീർച്ചയായും ഞങ്ങൾ വരുമെന്ന് പറഞ്ഞു. ഈയൊരു സ്നേഹം കൊൽക്കത്തയിൽ കിട്ടില്ലെന്നറിയാമെങ്കിലും പുതിയ കാഴ്ചകൾ തേടി ഞങ്ങൾ അവിടേക്ക് ട്രെയിൻ കയറി.
വെസ്റ്റ് ബംഗാളിെൻറ തലസ്ഥാന നഗരിയിലെത്തുമ്പോഴേക്കും രാത്രിയായിട്ടുണ്ട്. അടിപൊളി കൊൽക്കത്ത സ്പെഷൽ ബിരിയാണിയുമായാണ് നഗരം ഞങ്ങളെ സ്വാഗതം ചെയ്തത്. കോഴി ബിരിയാണിയുടെ കൂടെ പുഴുങ്ങിയ മുട്ടയും വലിയൊരു കഷ്ണം ഉരുളക്കിഴങ്ങും എല്ലാമായിട്ട് സംഗതി നല്ല സ്വാദ് തന്നെ. ഇവിടെയും ഞങ്ങൾക്കൊരു മലയാളിയെ കിട്ടി. കൊൽക്കത്തയിൽ ആർക്കിടെക്ചറിൽ മാസ്റ്റേഴ്സ് ചെയ്യുന്ന മലപ്പുറംകാരി സവിനത്ത. പിറ്റേദിവസം മുതൽ യാത്രയിൽ അവരും കൂടെയുണ്ടായിരുന്നു.
പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ നഗരം, പല കഥകളിലൂടെ കേട്ടറിഞ്ഞ നഗരത്തെ കൺമുമ്പിൽ കണ്ടറിയുകയാണ്. കെ.ആർ. മീരയുടെ ആരാച്ചാറിൽ പറയുന്ന സോനാഗച്ചി തെരുവ്, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചുവന്ന തെരുവുകളിൽ ഒന്ന്. നോവലിൽ പരാമർശിച്ച ഈ തെരുവിലേക്ക് പോവാൻ ഞങ്ങൾക്കെല്ലാവർക്കും ജിജ്ഞാസ കൂടുതലായിരുന്നു.
ഉള്ളിൽ ഭയമുണ്ടെങ്കിലും കഥകളിലും സിനിമയിലും മാത്രം കണ്ടറിഞ്ഞ ചുവന്ന തെരുവുകളിലേക്ക് കൊൽക്കത്തയിലെ ആദ്യ യാത്ര പോകാൻ തന്നെ തീരുമാനിച്ചു. 'കൽക്കട്ട ന്യൂസ്'ലെ തെരുവിലൂടെ നടക്കുമ്പോൾ ഉള്ളിലൽപ്പം പേടി തോന്നിയെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ വളരെ കൂളായാണ് എെൻറ നടത്തം. രാവിലെയായിരുന്നു അവിടെയെത്തിയത്. തെരുവിൽ നിന്നുതന്നെ കുളിക്കുന്നവർ, റിക്ഷക്കാർ... അങ്ങനെ ഏതാനും ജീവിതങ്ങൾ.
'ഇതാണോ സോനാഗച്ചി.. ഇവിടെ ആളും മനുഷ്യരും ഒന്നുമില്ലല്ലോ? ഈ സിനിമേൽ ഒക്കെ വെറുതെ കാണിക്കുന്നതാലേ. വെറുതെ കുറെ പേടിച്ച്' -കൂട്ടത്തിലെ സജാദ് പരിഭവം പറഞ്ഞു. നടന്നുനടന്ന് കുറെ ഉള്ളിലേക്കെത്തിയപ്പോൾ എല്ലാവരുടെയും നോട്ടം ഞങ്ങളുടെ നേരെതന്നെ.
ആരെയും ശ്രദ്ധിക്കാതെ കുറച്ച് ഫോട്ടോസ് എടുത്ത് ഞങ്ങൾ നടന്നു. അപ്പോഴാണ് കുറച്ചു സ്ത്രീകൾ വന്നു വളയുന്നത്. ഇവിടുന്ന് ഫോട്ടോകൾ എടുക്കാൻ പാടില്ലെന്നും, അങ്ങനെ എടുക്കണമെങ്കിൽ അനുമതി വേണമെന്നും അവർ പറഞ്ഞു. അവർ ഞങ്ങളോട് ഫോട്ടോകൾ എല്ലാം ഡിലീറ്റ് ചെയ്യാൻ പറഞ്ഞു. എന്തിനാണ് ഇങ്ങോട്ട് വന്നെതെന്ന നൂറു ചോദ്യങ്ങളും അവരെറിഞ്ഞു.
അവസാനം അവരുടെ ഓഫിസ് വരെ പോകേണ്ടിവന്നു. പലരും ഞങ്ങളെന്തോ തെറ്റു ചെയ്തതുപോലെ തുറിച്ചു നോക്കുന്നുണ്ട്. ഉള്ള ധൈര്യമൊക്കെ തണുത്തുപോകുന്നു. ലൈംഗിക തൊഴിലാളിൾക്ക് വേണ്ടിയുള്ള സംഘടനയായിരുന്നു അത്. മലയാളം നോവലിലെ സോനാഗച്ചി പരാമർശത്തിെൻറ സ്വാധീനവും സാവിനത്തയുടെ പ്രൊജക്റ്റ് ആവശ്യാർത്ഥവുമായാണ് ഇവിടെ വന്നതെന്ന് അവരെ ബോധിപ്പിച്ചു.
കാര്യങ്ങളെല്ലാം മനസ്സിലായ ശേഷം വേണമെങ്കിൽ ഒരു അപേക്ഷ എഴുതി തന്നാൽ ഫോട്ടോ എടുക്കാൻ അനുവദിക്കാം എന്നവർ പറഞ്ഞെങ്കിലും ഞങ്ങളത് സ്നേഹപൂർവം നിരസിച്ചു. അവിടെനിന്ന് ഇറങ്ങിയ ശേഷമാണ് പിടിച്ചുപറിയും മോഷണവും ഒക്കെ നടക്കുന്ന അപകടം പിടിച്ച സ്ഥലമാണതെന്ന് ഞങ്ങളറിയുന്നത്.
സോനാഗച്ചിയിൽനിന്ന് ചെന്നെത്തിയത് ട്രാമിന് അടുത്താണ്. ഏഷ്യയിൽ തന്നെ ട്രാം ശൃംഘല ഇപ്പോഴും നിലനിൽക്കുന്ന സ്ഥലമാണ് കൊൽക്കത്ത. റോഡിന് നടുവിലൂടെ മണിയടിച്ചു ശബ്ദമുണ്ടാക്കി പതുക്കെ സഞ്ചരിക്കുന്ന കുഞ്ഞു ട്രെയിനാണ് ഇവ. ട്രാം വന്നപ്പോൾ റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വൈകാതെ ട്രാം സംവിധാനം നിർത്തലാക്കുമെന്നും ഇപ്പോൾ വളരെ കുറച്ചു സ്ഥലത്തേക്ക് മാത്രമേ സർവിസ് നടത്തുന്നുള്ളു എന്നും അറിയാൻ കഴിഞ്ഞു. എന്തായാലും അതിന് മുമ്പ് കാണാൻ സാധിച്ചത് ഭാഗ്യം തന്നെ.
ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ തലസ്ഥാന നഗരിയായിരുന്നു കൽക്കട്ട. പിന്നീടത് ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. കൽക്കട്ട 2001ലാണ് കൊൽക്കത്ത എന്ന് പുനർനാമം ചെയ്യുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിെൻറ ഒരുപാട് കഥകളും കൊൽക്കത്തക്ക് പറയാനുണ്ട്. മാധവിക്കുട്ടിയും കെ.ആർ. മീരയും മാത്രമല്ല, സത്യജിത് റേയും മദർ തെരേസയും ടാഗോറുമെല്ലാം ബംഗാളിനൊപ്പം മനസ്സിലേക്ക് ഓടിയെത്തുന്ന മുഖങ്ങളാണ്.
മാർബിൾ പാലസിലാണ് അടുത്തതായി നടന്നെത്തിയത്. പേരുപോലത്തന്നെ മാർബിളിൽ തീർത്ത മനോഹര കൊട്ടാരം. ഫോട്ടോഗ്രഫി നിരോധിച്ചതിനാൽ കാഴ്ചകളെ നല്ലോണം നോക്കികണ്ട് ഓർമകളാക്കി മാറ്റാൻ ശ്രമിച്ചു. മാർബിളിൽ പണിത കൊത്തുപണികളുള്ള ചുവരും പ്രതിമകളും രാജാക്കന്മാരുടെ ചുവർ ചിത്രങ്ങളും എല്ലാം കണ്ടു. കൊട്ടാരത്തോട് ചേർന്ന് മനോഹരമായ ഉദ്യാനവും അതിൽ പ്രാവുകളുടെ ചിറകടികളുമുണ്ട്. അതിന് പുറകിലായി പുള്ളിമാൻ, കുരങ്ങൻ തുടങ്ങിയ മൃഗങ്ങളെയും പലതരത്തിലെ പക്ഷികളെയും വളർത്തുന്നു.
മത്സ്യവിഭവങ്ങൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് കൊൽക്കത്തക്കാർ. അതുകൊണ്ട് അവിടത്തെ സ്പെഷൽ മീൻകറിയും കൂട്ടി ചോറുണ്ടു. അടുത്തതായി പോയത് ഹൗറാ ബ്രിഡ്ജിലേക്കായിരുന്നു. കൊൽക്കത്ത നഗരത്തെയും ഹൗറയെയും ബന്ധിപ്പിച്ച് ഹൂഗ്ലി നദിക്ക് കുറുകെയാണ് ഈ ഉരുക്കു പാലം പണിതിരിക്കുന്നത്. രബീന്ദ്ര സേതു എന്നും ഇതിന് പേരുണ്ട്. ഗംഗ നദിയുടെ കൈവഴിയാണ് ഹൂഗ്ലി.
നദിയിലെ വെള്ളം ആകെ മലിനമായി കറുത്തുപോയിട്ടുണ്ട്. എങ്കിലും പലരും ആ വെള്ളത്തിൽ കുളിക്കുന്നത് കാണാം. ഒരു ബോട്ടിൽ കയറി ഹൂഗ്ലി നദിയിലൂടെ ഞങ്ങൾ സഞ്ചരിച്ചു. ഇതിന് സമീപത്തെ പ്രശസ്തമായ പൂ മാർക്കറ്റും കണ്ടാണ് താമസ സ്ഥലത്തേക്ക് തിരിച്ചത്. രാത്രി പുറത്തുപോയി ഭക്ഷണം കഴിച്ച്, കാഴ്ചകളും കണ്ടങ്ങനെ നടന്നു.
കൊൽക്കത്തയിലെ രണ്ടാംദിനത്തെ ആദ്യ ലക്ഷ്യം വിക്ടോറിയ മെമ്മോറിയലായിരുന്നു. വിക്ടോറിയ രാജ്ഞിയുടെ സ്മാരക മന്ദിരമായി, അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി കാഴ്സൺ പ്രഭുവിെൻറ നിർദേശപ്രകാരം 1906ലാണ് ഇതിെൻറ നിർമാണം ആരംഭിക്കുന്നത്. പിന്നീടത് പൊതുജനങ്ങൾക്കുവേണ്ടി തുറന്നുകൊടുത്തു. അകത്തും പുറത്തുമായി വിക്ടോറിയ രാജ്ഞിയുടെ പ്രതിമകൾ കാണാം.
മ്യൂസിയത്തിനുള്ളിൽ രാജ്ഞിയുടെ പൂർണകായ പ്രതിമയുണ്ട്. ചുവരെല്ലാം ധാരാളം ചിത്രങ്ങൾ കൊണ്ടലങ്കരിച്ച് മന്ദിരത്തിന് വേണ്ട എല്ലാ പ്രൗഢിയും നൽകുന്നു. ഇതിനോട് ചേർന്ന് വിശാലമായ മൈതാനവുമുണ്ട്. അടുത്തുതന്നെ സെൻറ് പോൾ കത്തിഡ്രലും കാണാം.
അങ്ങോട്ടുപോകുന്ന വഴിയിൽ കണ്ട മഞ്ഞ ടാക്സിയുടെ അടുത്തുപോയി ചിത്രമെടുക്കാൻ ഞാൻ മറന്നില്ല. ഗതകാല സ്മരണകളുണർത്തി റോഡിലൂടെ നീങ്ങുന്ന ഇൗ അംബാസഡർ കാറുകൾ കൊൽക്കത്തയുടെ മുഖമുദ്രയാണെന്നതിൽ സംശയമില്ല.
കത്തിഡ്രലിെൻറ ഉള്ളിലെ ചിത്രപണികൾ യൂറോപ്യൻ നിർമാണ രീതിയോട് സാദൃശ്യമുള്ളതായിരുന്നു. ദേവാലയത്തിനുള്ളിൽ കനത്ത നിശ്ശബ്ദതയാണ്. ഏറെനേരം അതിൽ ലയിച്ചിരുന്നു. പിറ്റേദിവസം ഞായറാഴ്ച ആയതിനാൽ കുർബാനക്ക് ശേഷം പ്രത്യേക പ്രാർത്ഥനയുണ്ട്.
എന്തെങ്കിലും ആഗ്രഹങ്ങളോ പ്രാർത്ഥനയോ ഉണ്ടെങ്കിൽ അതെഴുതി നിക്ഷേപിക്കാൻ ഒരു പെട്ടിയും അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇതുകണ്ട കൂട്ടുകാരി അവളെ കുറച്ചു കാലമായി വിടാതെ പിടികൂടിയ ഒരാഗ്രഹം എഴുതി ഇടുന്നതു കണ്ടു. ശേഷം ഒരു കള്ളച്ചിരിയും.
കൊൽക്കത്തയിലെ മൂന്നാം ദിവസം ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ഇന്ത്യൻ മ്യൂസിയത്തിലേക്കാണ് പോയത്. അപൂർവമായ ഒരുപാട് മുഗൾ പെയിൻറിങ്ങുകൾ, ഈജിപ്ഷ്യൻ മമ്മി, നീല തിമിംഗലത്തിെൻറയും മാമ്മത്തിെൻറയും ഭീമാകാരമായ അസ്ഥികൂടങ്ങൾ, പലതരം ഫോസിലുകൾ, പുരാതനമായ ആഭരണങ്ങൾ, കവചങ്ങൾ എന്നിവയുടെയൊക്കെ അത്യപൂർവ ശേഖരമാണ് ഇന്ത്യൻ മ്യൂസിയം. ആറ് വിഭാഗങ്ങളിലായി കല, പുരാവസ്തു, നരവംശ ശാസ്ത്രം, ജീവശാസ്ത്രം, സസ്യശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവയെ കുറിച്ച് വിവരങ്ങൾ നൽകുന്നു ഇവിടെ.
പിന്നീടെത്തിയത് ഇന്ത്യൻ നാഷണൽ ലൈബ്രറിയിലേക്കാണ്. ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ വരെ പുസ്തകങ്ങൾ അവിടെയുണ്ട്. ലക്ഷക്കണക്കിന് പുസ്തങ്ങളുടെ കൂട്ടത്തിൽ നമ്മുടെ മലയാളവും വള്ളത്തോളും തകഴിയേയുമെല്ലാം കണ്ടപ്പോൾ ആത്മാഭിമാനത്തിെൻറ നെറുകിലായിരുന്നു ഞങ്ങൾ. അറിവുകളുടെ ബൃഹത് ശേഖരമായ ലൈബ്രറിയിൽ നിൽക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു അനുഭൂതി നിറഞ്ഞു.
പുസ്തകങ്ങളുടെ ലോകത്തോട് വിടപറഞ്ഞ് ഞങ്ങൾ കാളിഘട്ടിലെത്തി. മാധവിക്കുട്ടിയുടെ കഥകളിലെ മറ്റൊരു സ്ഥലം. കാളിഘട്ടിലെ പ്രശസ്തമായ കാളി ക്ഷേത്രം കാണലായിരുന്നു ലക്ഷ്യം. കൊൽക്കത്തയിലെ ഏറ്റവും സ്വദിഷ്ഠമായ ബിരിയാണി കഴിച്ചത് ഇവിടെ വെച്ചായിരുന്നു. ഭക്ഷണശേഷം ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. ക്ഷേത്രത്തിനനുബന്ധിച്ച വസ്തുക്കൾ വിൽക്കുന്ന കടകളാണ് എവിടെയും. മൃദംഗവും മറ്റു സംഗീതോപകരണങ്ങളും വിൽപ്പനക്ക് വെച്ചിരിക്കുന്നു. അപ്പോഴാണ് അത് ശ്രദ്ധിച്ചത്, അവിടെ നിൽക്കുന്ന എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിൽ തന്നെ.
എല്ലാവരും ഞങ്ങളെ തന്നെ ഉറ്റുനോക്കുന്നു. അമ്പലത്തിനടുത്തെത്തിയപ്പോൾ സാധാരണ വഴികളിൽ നിന്നു മാറി മറ്റൊരു വഴി കാണിച്ചു തന്നിട്ട് അതിലുടെ അകത്തേക്ക് കടക്കാൻ അവിടെ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞു. കുറച്ചുപേർ ഞങ്ങളുടെ പിന്നാലെ വരുന്നുണ്ട്. പുറത്തുനിന്ന് വന്നവരായി ഞങ്ങൾ മാത്രമേയുള്ളൂ.
ഞങ്ങളെ അവർ സ്വീകരിക്കുകയല്ല, മറിച്ച് എന്തോ അപകടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് പോലെയാണ് തോന്നിയത്. അത് ചിലപ്പോൾ അവിടത്തെ രീതികൾ ഒന്നും അറിയാത്തത് കൊണ്ട് ഞങ്ങൾക്ക് തോന്നിയതുമാവാം. ആകെ മൊത്തം പിശക് തോന്നിയതോടെ യാത്ര അവസാനിപ്പിച്ച് തിരിച്ചുപോന്നു.
കൊൽക്കത്തയിലെ ഞങ്ങളുടെ അവസാന രാത്രി പലതരത്തിലുള്ള മധുരങ്ങൾ കഴിച്ചും കഥകൾ പറഞ്ഞും ഒരുപാട് ദൂരം മാർക്കറ്റിലൂടെ നടന്നും നന്നായി ആസ്വദിച്ചു. കഴിച്ചതിൽ 'ഗീർഘതം' എന്ന മധുര പലഹാരത്തിെൻറ സ്വാദ് ഇപ്പോഴും ഓർക്കുന്നു. തെരുവോരങ്ങളിൽ മൺപാത്രത്തിൽ നുകർന്ന ചായക്ക് മണ്ണിെൻറ മണമുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ ഞങ്ങൾ മഞ്ഞ ടാക്സിയുടെയും ട്രാമിെൻറയും നാഗരത്തോട് യാത്ര പറഞ്ഞു. വീണ്ടുമൊരിക്കൽ കണ്ടുമുട്ടാമെന്ന പ്രതീക്ഷയിൽ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.