കാൽപനികമായ ഭൂപ്രകൃതിയും പ്രശാന്തമായ അന്തരീക്ഷവും ഗോത്ര ജീവിതങ്ങളുടെ വൈവിധ്യങ്ങളും നിറഞ്ഞ ഗ്രാമങ്ങളാണ് നീലഗിരിയിലെ കോത്തഗിരിയെ ഏറെ ഹൃദ്യവും മനോഹരവുമാക്കുന്നത്. തോടർ, ബഡഗർ, കോത്തർ, ഇരുളർ എന്നീ ഗോത്ര വിഭാഗങ്ങളുടെ ഗ്രാമങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഡോ. മിത്ര സതീഷിന്‍റെ എഫ്.ബി പോസ്റ്റിലാണ് എത്തിനിന്നത്. കോത്തഗിരിയിലെ ഗോത്രജനങ്ങളുമായി ആത്മബന്ധം പുലർത്തുന്ന വിജുവിനെ പരിചയപ്പെടാനും പ്രസ്തുത പോസ്റ്റ് നിമിത്തമായി. അത് ഗോത്ര ഗ്രാമങ്ങളിലെത്താനുള്ള വാതിലുകളാണ് തുറന്നുതന്നത്.
സെവൻ ലീവ്സ് കോട്ടേജിലെത്തി ഫ്രഷായ ശേഷം വിജുവിനെ അധികം കാത്തിരിക്കേണ്ടി വന്നില്ല. പത്ത് മണിക്ക് തന്‍റെ കാറുമായി വിജുവെത്തിയതോടെ ഗ്രാമീണ യാത്രകൾക്ക് തുടക്കമായി. ഇടക്ക് കുഞ്ഞു ഹോട്ടലിൽ കയറി ദോശയും ചട്ണിയുമൊക്കെ നന്നായി തട്ടി. ആർക്കും പേഴ്സൊന്നും പുറത്തെടുക്കേണ്ടി തന്നെ വന്നില്ല. വിജുവിന്‍റെ സ്നേഹാതിഥ്യമായിരുന്നു ആ നാസ്ത. കൊടും വനത്തിലൂടെയുള്ള രണ്ട് മണിക്കൂർ യാത്രക്കൊടുവിൽ ബിക്കാപതി ഗ്രാമത്തിലെത്തി.
നീലഗിരിയിലെ പ്രാചീന ഗോത്ര വിഭാഗമായ തോടരുടെ സ്വന്തം ഗ്രാമമാണ് ബിക്കാപതി. തോടരുടെ പരമ്പരാഗത രീതിയിലുള്ള ഒരൊറ്റ വീട് മാത്രമേ ഇവിടെ ഇന്നവശേഷിക്കുന്നുള്ളു. മിക്ക വീടുകളും കോൺഗ്രീറ്റ് കെട്ടിടങ്ങളായി മാറിക്കഴിഞ്ഞു. തോടരുടെ ഒരു വീട്ടിലേക്കാണ് തുടക്കത്തിൽ വിജു ഞങ്ങളെ കൂട്ടിക്കൊണ്ടു ചെന്നത്. പൊതുവേ ഉയരം കൂടിയവരും വെളുത്തവരുമാണ് വീട്ടുകാർ. സുഗന്ധി പൂവ് അമ്മയും മരുമകളും മുടി പിന്നിയിട്ടിട്ടുണ്ട്. കിഴക്കൻ യൂറോപ്പിലെ പ്രാചീന ഗോത്ര വിഭാഗങ്ങളുമായുള്ള സാമ്യം ചിലരിലെങ്കിലും പ്രകടമാണ്. അലക്സാണ്ടറുടെ സൈനികരുടെ അവശേഷിപ്പുകളിലേക്ക് ചിലർ ഇവരെ ബന്ധിപ്പിക്കുമ്പോൾ കൊക്കേഷ്യൻ താവഴിയിലെ ഇൻഡീസ് വിഭാഗത്തിൽപ്പെട്ട നോർത്ത് ഇൻഡീസ് വംശജരിലാണ് ജർമൻ ആന്ത്രപോളജിസ്റ്റായ ഇഗോൺ ഫ്രെയ്ഹർ വോൺ ഇവരെ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇടക്ക് തോടരുടെ പരമ്പരാഗത വസ്ത്രങ്ങളുമായി വിജു വീട്ടിനകത്ത് നിന്നെത്തി. വെളുപ്പിൽ ചുവന്ന നൂലുകൾ തുന്നിയുണ്ടാക്കുന്ന ആണ്ണും പെണ്ണും ധരിക്കുന്ന ഈ മേൽ വസ്ത്രമാണ് പുത്തുക്കുളി. പ്രധാന നെയ്ത്ത് കേന്ദ്രം മേട്ടുപാളയമാണ്. തോളിന് ചുറ്റും പൊതിഞ്ഞ് മൂടുന്ന രീതിയിലാണ് വസ്ത്രധാരണം. ഇതുപോലെ കീഴ് വസ്ത്രവുമുണ്ടാകും. നിലവിൽ ഈ വസ്ത്രങ്ങൾ ആഘോഷങ്ങളിൽ മാത്രം പരിമിതമാക്കപ്പെട്ടിരിക്കുന്നു. മരുമകളാകട്ടെ ചുവന്ന സാരിയാണ് ധരിച്ചിരിക്കുന്നത്.
സുഗന്ധിപൂ അമ്മയുടെ വീടാണ് തോടരുടെ പരമ്പരാഗത ഭവനമായി ഇവിടെ ആകെ അവശേഷിക്കുന്നത്. അവരോടൊപ്പം ആ വീട്ടിലേക്കെത്തി. വലിയൊരു പാത്രം കമിഴ്ത്തി വെച്ചപ്പോലെയാണ് മുൻവശം. മുളകമ്പുകളാലാണ് അധിക നിർമിതിയും. നീലഗിരി മേഖലയിൽ കാണപ്പെടുന്ന പ്രത്യേകതരം പുല്ലായ ആവോളിലാണ് മേൽക്കൂര തീർത്തിരിക്കുന്നത്. ചാണകം തേച്ച ഭിത്തികളും കളിമൺ മെഴുകിയ തറയും. കാറ്റിനെയും തണുപ്പിനെയും ചൂടിനെയും ഒരേ സമയം പ്രതിരോധിക്കുന്ന ശാസ്ത്രീയത. മാത്രമല്ല മുൻവശത്തെ അധികം ഉയരമില്ലാത്ത കുഞ്ഞുവാതിലാണ് വന്യ മൃഗങ്ങളുടെ പ്രവേശനം തടയുന്നത്. ഒരു വശത്ത് ഉയർത്തി കെട്ടിയ മൺതറയും മറുവശത്ത് കിടക്കാനുള്ള ഇടവുമായാണ് അകം സജ്ജീകരിച്ചിരിക്കുന്നത്. ഒരടുപ്പും എരിഞ്ഞുകൊണ്ടിരിക്കുന്നു. അകത്തെ ഇളം ചൂട് നിലനിർത്താനുള്ള സംവിധാനമാണിത്. എന്നാൽ പ്രാഥമികാവശ്യങ്ങൾക്ക് ഇന്നും കാട് തന്നെയാണ് ശരണം.
വീടിന് പുറത്താക്കി കുറച്ചകലെ ഒരു തോട ക്ഷേത്രവുമുണ്ട്. സത്രീകൾക്ക് ഇതിന്‍റെ പരിസരം പോലും നിഷിദ്ദമത്രേ. വിഗ്രഹങ്ങളില്ലാത്ത ക്ഷേത്രത്തിൽ ഗ്രാമീണർ തന്നെയാണ് ഊഴമനുസരിച്ച് പുരോഹിതരാകുന്നത്. ഈ പുരോഹിതനാണ് പാലോൾ. സ്ത്രീ സംസർഗവും ചന്തയിൽ പോകലുമൊക്കെ നിഷിദ്ധമാണ് പാലോളിന്. ചോറുണ്ടാക്കി എരുമയെ കറന്ന പാലും കുടിച്ച് അതിൽ നിന്നുള്ള നെയ്യും കഴിച്ച് ക്ഷേത്രത്തിനുള്ളിൽ തന്നെ കഴിഞ്ഞുകൂടണമെന്നാണ് നിയമം. ഒരു പാലോളിനെയും അന്നേരം കണ്ടില്ല. തിങ്കൾ, വ്യാഴം ദിവാസങ്ങളിൽ മാത്രമേ മറ്റുള്ളവർക്ക് ദർശനം ലഭിക്കു എന്നാണ് അറിയാൻ കഴിഞ്ഞത്.
പെട്ടെന്ന് എരുമകളുടെ ഒരു വൻപട അച്ചടക്കത്തോടെ വന്നു കൊണ്ടിരുന്നു. തോട ജീവിതത്തിൽ ആഴത്തിൽ പതിഞ്ഞ ജീവി കൂടിയാണിത്. താർത്താർ, തേയ് വാളി എന്നി വിഭാഗങ്ങളുടെ പ്രധാന ഉപജീവന മാർഗവും ഇവ തന്നെ. നൂറ്റാണ്ടുകൾക്ക് മുമ്പ് പിതി എന്ന ദൈവമാണ് ഭൂഗോളത്തെ ഭരിച്ചിരുന്നതെന്നും പിതിയുടെ മകനായ ഓനാണ് സ്വന്തം വാരിയെല്ലിൽ നിന്ന് ആദ്യ തോട സത്രീയെ സൃഷ്ടിച്ചതെന്നും പിതിയുടെ ഭാര്യ സൃഷ്ടിച്ച 1600 എരുമകളെ മലഞ്ചെരുവിലെ ഗുഹയിൽ നിന്ന് പിതിയാണ് ഭൂമിയിൽ കൊണ്ടു വന്നതെന്നും അവയിലെ അവസാന എരുമയുടെ വാലിൽ തൂങ്ങിയാണ് തോടരിലെ ആദ്യ മനുഷ്യൻ ഭൂമിയിലെത്തിയതെന്നുമാണ് തോടരുടെ വിശ്വാസം.
നാലോ അഞ്ചോ കുടിലുകൾ ചേർന്ന മഠത്തിലെ വലിയ മഠത്തിലാണ് പ്രത്യേക എരുമയെ കെട്ടുന്നതും പാൽ സംഭരിക്കുന്നതും. തോടർ മരിച്ചാൽ ആത്മശാന്തിക്കായി എരുമകളെ ബലി കൊടുക്കുന്ന ചടങ്ങും മുമ്പ് ഇവർക്കിടയിലുണ്ടായിരുന്നു. നീലഗിരി മലനിരകളിലെ മുകേർത്തിക്കപ്പുറമുള്ള സ്വർഗത്തിൽ തങ്ങൾക്കൊപ്പം എരുമകളും എത്തുമെന്നായിരുന്നു വിശ്വാസം .
ഇടക്ക് നൂറോളം കിലോ ഭാരമുള്ള കല്ലുകൾ രണ്ടെണ്ണം മാറി കിടക്കുന്നുണ്ട്. ഇത് ഉയർത്തുന്നവനെയാണത്രെ തൊട പെൺകുട്ടികൾ വിവാഹം ചെയ്തിരുന്നത്. ഡോ. മിത്രയുടെ തോടരുടെ കല്യാണത്തിൽ സംബസിച്ചതിനെക്കുറിച്ച് രസകരമായൊരു കുറിപ്പാണ് അപ്പോൾ ഓർമയിലെത്തിയത്. അന്ന് പങ്കെടുത്ത കല്യാണ പെണ്ണ് ഏഴ് മാസം ഗർഭിണിയായിരുന്നത്രേ. കല്യാണം ഉറപ്പിച്ച ശേഷം മാരന്‍റെ വീട്ടിൽ ചെന്ന് വിളക്ക് കത്തിച്ച് താമസം തുടങ്ങുന്ന പെൺകുട്ടി ഏഴാം മാസത്തിലാണത്രേ ബന്ധുക്കളെ വിളിച്ച് കല്യാണം നടത്തിയത്.
തോട പെണ്ണ് ഗർഭിണിയായാൽ അഞ്ചാം മാസം മുതൽ അവളെ വിദൂരതയിലുള്ള കുടിലിൽ ഒരു മാസം താമസിപ്പിക്കുന്ന ആചാരം ഇന്നും അവിടവിടെയായി നില നിൽക്കുന്നുണ്ട്. പാലിൽ കുളിച്ച് ശുദ്ധയായി വേണം പിന്നീട് തിരിച്ചെത്താൻ. അതോടൊപ്പം കത്തിച്ച തിരികൊണ്ട് അവൾ രണ്ടു കൈയും പൊള്ളിക്കുകയും വേണം. ഏഴാം മാസത്തിൽ അമ്പും വില്ലും കൊണ്ടുള്ള മറ്റൊരു ചടങ്ങുമുണ്ട്. അന്നാണവൾ കുഞ്ഞിന്‍റെ അച്ഛനെ ശരിക്കും പരസ്യപ്പെടുത്തുന്നത്. ബ്രിട്ടീഷുകാരുടെ കോത്തഗിരിയിലെ ആദ്യ സെറ്റിൽമെന്‍റ് തോടരിൽ നിന്ന് വിലക്ക് വാങ്ങിയ ഭൂമിയിലായിരുന്നു. ബിക്കാപത്തിയോട് ഉച്ചയോടെ വിടചൊല്ലി
പ്രേമത്തിലെ മലരിനെ അത്ര പെട്ടെന്നൊന്നും മലയാളിക്ക് മറക്കാനാകില്ലല്ലോ. വശ്യമായ പുഞ്ചിരിയും ചടുലമായ നൃത്തചലനങ്ങളും കൊണ്ട് മലയാളിയുടെ മനം കവർന്ന സായ് പല്ലവി പ്രഫഷനലി ഡോക്ടർ കൂടിയാണ്. തമിഴും തെലുങ്കും മലയാളവും ഹിന്ദിയും ഇംഗ്ലീഷും ജോർജിയനും അനായാസം വഴങ്ങുന്ന സായ് പല്ലവി പലപ്പോഴും ധീരമായ നിലപാടുകളാൽ ഫാഷിസ്റ്റ് ആക്രമണങ്ങൾക്കും വിധേയയായിട്ടുണ്ട്. സായ് പല്ലവിയുടെ തായ് വേരുകൾ കണ്ണേരി മുക്കിലെ ബന്ധഗരിലാണെത്തി നിൽക്കുന്നത്. അതോടൊപ്പം ജോൺ സള്ളി വന് വഴി കാട്ടിയ ബഡഗ മുത്തശ്ശിയുടെ പിൻതലമുറയും കണ്ണേരിമുക്കിലുണ്ട്.
ബഡഗരെക്കുറിച്ച് കർണാടകയിലെ ടിപ്പുവിന്‍റെ ഭരണകാലത്ത് ഇവിടെ അഭയം തേടിയെത്തിയവരെന്ന ചില പ്രചാരണങ്ങളുണ്ടെങ്കിലും അമേരിക്കൻ നരവംശശാസ്ത്രജ്ഞനായ പോൾ ഹോക്കിങ് സിന്‍റെ അഭിപ്രായത്തിൽ ഇംഗ്ലീഷുകാർക്ക് ബ്രിട്ടൻ എന്ന പോലെ കഴിഞ്ഞ ആറ് പതിറ്റാണ്ടായി ബഡകർ നീലഗിരിയിലുണ്ടത്രേ. 1602ൽ നീലഗിരിയിലെത്തിയ പോർച്ചുഗീസ് മിഷനറിയായിരുന്ന റവറെന്‍റ് ജോക്കെം ഫെയ്രിയർ ബഡഗരെയും തോടരെയും കുറിച്ച് സൂചിപ്പിക്കുന്നുമുണ്ട്. ബഡഗ ഗ്രാമങ്ങളിൽനിന്ന് കണ്ടെത്തിയ പുരാവസ്തുക്കളുടെ പഠനത്തിൽനിന്ന് ആയിരക്കണക്കിന് വർഷങ്ങളായി അവരിവിടെ ഉണ്ടെന്നാണ് എച്ച്.ബി. ഗ്രിഗ്, ഡബ്ലു ഫ്രാൻസിസ് എന്നിവർ അഭിപ്രായപ്പെടുന്നത്. എ.ഡി 116ൽ ഹൊയ്സാലരോട് ഏറ്റുമുട്ടി മരിച്ചൊരു ബഡഗരാജാവ് തന്നെയുണ്ട്. കാളരാജ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
കണ്ണേരിമുക്ക് ഉൾപ്പടെ 303 ഗ്രാമങ്ങളിലാണ് നീലഗിരിയിൽ ഇവർ അധിവസിച്ചു വരുന്നത്. നീലഗിരിയിലെ ഏറ്റവും വലിയ ഗോത്ര വിഭാഗം കൂടിയായ ബഡകർ കനുവർ, ഹരുവർ, അധികാരി, ബഡഗർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ഇവിടെ കാണപ്പെടുന്നത്.
വെൺമയാണ് കണ്ണേരി മുക്കിന്‍റെ വർണ്ണം. അടുക്കടുക്കായാണ് വീടുകൾ സ്ഥിതി ചെയ്യുന്നത്. അധികവും പരമ്പരാഗത രീതിയിലെ വീടുകൾ. ഒരു വീട്ടിൽ ചെന്ന് പരിചയപ്പെട്ടു. ഞങ്ങൾക്കായി ബഡഗ മുത്തശ്ശി തൂവെള്ളയിലെ അവരുടെ പരമ്പരാഗത വസ്ത്രവും ധരിച്ചെത്തി. മൂക്കുത്തിയും വളകളും. ശരീരം മൂടുന്ന വെള്ള മുണ്ടും അകത്തുള്ള വെള്ള വസ്ത്രമായ തുണ്ടും തലയിലെ ടർബണും ധരിച്ചാണ് അവരെത്തിയത്. ലിപിയില്ലാത്ത ഭാഷയിൽ അവർ ഇടക്കിടെ സംസാരിക്കുന്നുമുണ്ട്. കോത്തഗിരി എന്ന നാമം തന്നെ ബഡഗ ഭാഷയാണെന്ന പക്ഷക്കാരുമുണ്ട്. ബഡഗ വാക്കായ ഓത്തഗെയാണ് ഉദക മണ്ഡലവും ഊട്ടിയുമായി മാറിയത് .ഫ്രഞ്ച് ഭാഷാശാസ്ത്രജ്ഞനായ പൈലറ്റ് റെയ്ച്ചൂർ രണ്ട് ദശകങ്ങളായുള്ള അന്വേഷണങ്ങൾക്കൊടുവിൽ ബന്ധഗരുടെ നാടോടി കഥകളും ഗാനങ്ങളും കണ്ടെത്തിയതും ബഡഗ ഭാഷയെ സമ്പുഷ്ടമാക്കി
കണ്ണേരിമുക്കിലാകെ ജക്കാർന്ത പൂക്കളുടെ വസന്തമാണ്. ബഡഗരുടെ കൃഷിയിടങ്ങളും ധാരാളമായി കാണാം. മരങ്ങളാണ് ബന്ധഗകർക്ക് ദൈവത്തിന്‍റെ വാസസ്ഥാനം. അഗ്നിയും ജലവും സൂര്യനും നാഗവുമൊക്കെ ആരാധിക്കാറുണ്ടെങ്കിലും വൃക്ഷങ്ങളോടാണ് വൈകാരികമായി ബഡഗർ ചേർന്ന് നിൽക്കുന്നത്.
ആദ്യ ദിനം മുഴുവൻ ഒപ്പമുണ്ടായിരുന്ന വിജു അന്ന് വൈകീട്ടോടെ മടങ്ങി. ഏറെ നിർബന്ധിച്ചിട്ടും പെട്രോളിനുള്ള കാശ് പോലും വാങ്ങിയില്ല. അടുത്ത ദിവസം മറ്റൊരു മീറ്റിങ് ഉണ്ടായിരുന്നതിനാൽ വിജുവിന് വന്നെത്താനുമായില്ല. അതിനാൽ ടാക്സിയെടുത്താണ് ത്രിച്ചഗഡി ഗ്രാമത്തിലേക്ക് തിരിച്ചത്. ഒന്നര മണിക്കൂർ വേണ്ടി വന്നു ത്രിച്ചഗഡിയിലെത്താൻ. കോത്തർ എന്ന ഗോത്ര വിഭാഗത്തിന്‍റെ ഗ്രാമമാണ് ത്രിച്ചഗഡി. കോത്തരിൽ നിന്നാണ് കോത്തഗിരിക്ക് ആ പേര് ലഭിച്ചതെന്നും ഒരു പക്ഷമുണ്ട്.
തോരാ മഴ പെയ്യുന്ന സായാഹ്നം. പൊയ്തൊഴിയുന്ന യാതൊരു ലക്ഷണവുമില്ല. കുറേ കാത്ത് ഗ്രാമത്തിനുള്ളിലേക്ക് കയറിപ്പോഴേക്കും മഴയും നിന്നു. ഏറെ സൗഹൃദത്തോടെയായിരുന്നു കോത്തർ ഞങ്ങളെ വരവേറ്റത്. ഒരു വീട്ടിലേക്ക് കയറി ചെന്നപ്പോൾ തന്നെ ചായ നൽകിയാണ് സ്വീകരിച്ചത്. കുശലാന്വേഷണശേഷം ഓരോരുത്തർക്കൊപ്പം നിന്നുള്ള ചിത്രങ്ങൾ പകർത്തി തിരിച്ചിറങ്ങി.
ആറ് ഗ്രാമങ്ങളിലായി കഴിഞ്ഞ ഒരു നൂറ്റാണ്ടായി കോത്തർ ഇവിടെ അധിവസിച്ചു വരുന്നു. ചുറ്റും ധാരാളം കൃഷിയിടങ്ങളും കാണാം. തുകൽ പണിക്കാരും ആശാരികളും കൊല്ല പണിക്കാരുമൊക്കെ കോത്തർക്കിടയിലുണ്ട്. കോത്തർക്കുമുണ്ട് അവരുടേതായ ഭാഷയും പാരമ്പര്യവും. കാലിഫോർണിയ യൂനിവേഴ്സിറ്റിയിലെ ഭാഷാശാസ്ത്രം സ്ഥാപകനായ മുറെ ബാർസൺ എമെ ന്യൂ കോത്ത ഭാഷയിൽ ഏറെ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. കോത്ത ഭാഷയെ ദ്രാവിഡ ഭാഷ ഗണത്തിലാണ് റോബർട്ട് കാർഡ് വെൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കോത്തഗിരി യാത്രയിൽ ഇരുളരെയും തേൻ കുറുമ്പരെയും ഇടക്ക് കണ്ടെങ്കിലും അവരുടെ ഗ്രാമങ്ങളിൽ ഏറെ നേരം നിൽക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.