കൊഹിമയിലെ കിസാമ എന്ന പൈതൃക ഗ്രാമത്തിലേക്കാണ് ഇനിയുള്ള യാത്ര. കൊഹിമയിൽനിന്നും 12 കി.മീ ദൂരത്താണ് കിസാമ. ഇവിടത്തെ ഷുർഹോ വ്യൂ പോയിന്റും ഹോൺബിൽ ഉത്സവവേദിയുമാണ് ലക്ഷ്യം. സമയം ഉച്ചകഴിഞ്ഞു രണ്ടര മണിയായി. അന്തരീക്ഷത്തിന് നല്ല തണുപ്പുതന്നെ. എങ്കിലും സഹനീയം. ജാക്കറ്റും തൊപ്പിയും സോക്സുമിട്ട് ഞങ്ങൾ പുറത്തിറങ്ങി. ചെറിയ ഒരു ട്രെക്കിങ്ങും കാഴ്ചകളും കണ്ട് ഇരുട്ടും മുമ്പ് തിരിച്ചെത്തണം. നാഗാലാൻഡ് നേരത്തേ ഇരുളും. നാലുനാലരയോടെ രാത്രിയാകും.
കിഗ്വാമയിലെ ഹോംസ്റ്റേയിൽ നിന്നിറങ്ങി മെയിൻ റോഡിന്റെ ഇടതുവശം ചേർന്ന വഴിയിലൂടെ മുകളിലേക്ക് നടന്നു. അരമുക്കാൽ കി.മീ കുത്തനെയുള്ള കയറ്റമാണ്. ഇരുവശവും വീടുകൾ. അവക്ക് മുന്നിലെല്ലാം ഭംഗിയുള്ള പൂച്ചെടികളും ഇലച്ചെടികളും. ഇവിടത്തുകാർ പൂക്കളെ പ്രണയിക്കുന്നവരാണെന്നുതോന്നും വീട്ടുമുറ്റങ്ങളും വഴിയോരങ്ങളും കണ്ടാൽ. ഏതു ചെറിയ കുടിലിന് മുന്നിലും പൂക്കളുടെ സാന്നിധ്യമുണ്ടാകും. അതും കടുംവർണപ്പൂക്കൾ.
ആറടി റോഡിലൂടെ കുറച്ച് നടന്ന് മുകളിലെത്തുമ്പോൾ വീതികുറഞ്ഞ ഒരു ഇടുക്കുവഴി. ഇരുപുറവും തൊടികളും കൃഷിയിടങ്ങളുമാണ്. പന്തൽവർഗ വിളകളും ബീൻസുമെല്ലാം കായ്ച്ചുകിടക്കുന്നു. മുളകു വർഗ്ഗങ്ങളും വലിയ ഇലകളുള്ള ചീരയും കാണാം. ഇടക്ക് കുറിയ ഇനം മുളകളുമുണ്ട്. വഴിയുടെ ഇടതുവശത്തായി താഴെ ഒരു വിദ്യാലയവും അതിന്റെ മുറ്റത്ത് രണ്ട് ബസുകളും പാർക്ക് ചെയ്തിട്ടുണ്ട്.
വീണ്ടും മുകളിലേക്ക് ചെല്ലുമ്പോൾ സാമാന്യം വലിപ്പമുള്ള ഒന്ന് രണ്ട് വീടുകൾ. പുതുതായി നിർമിച്ചവയാണത്. മുന്തിയതരം ഇരുനില വീടുകൾ. സമീപത്തുതന്നെ കൊച്ചുകൊച്ചു വീടുകളുമുണ്ട്. വഴിയോട് ചേർന്ന പൂമുറ്റമുള്ള ഒരുവീട് കണ്ട് അവിടേക്ക് കയറി. ഒരു പരമ്പരാഗത ഗ്രാമഗൃഹത്തിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. പക്ഷെ, ആളുകളെ മാത്രം കണ്ടില്ല. കൃഷിക്കോ മറ്റ് കാര്യങ്ങൾക്കോ പുറത്തുപോയിട്ടുണ്ടാവാം. വീടിനു ചുറ്റും നിറയെ പൂച്ചെടികൾ. അതിലെല്ലാം പൂവിരിഞ്ഞു നിൽപ്പുണ്ട്.
ചെറിയ ചട്ടികളിലും പ്ലാസ്റ്റിക് കപ്പുകളിലും ധാരാളമായി കുഞ്ഞൻ ചെടികൾ. തഴച്ചുനിൽക്കുന്ന അവയുടെ പൂച്ചന്തം കണ്ടു ഞങ്ങൾ അമ്പരന്നു. അത്രക്കുണ്ട് അവയുടെ ഭംഗിയും മിനുപ്പും. വെള്ളയും റോസും പർപ്പിളും ഇടകലർന്ന നിറങ്ങളുമുള്ള മനോഹര പുഷ്പങ്ങൾ. ചട്ടികൾ അടുക്കിനിരത്തി മുറ്റത്തിനരികിലും വീടിനോട് ചേർന്നും എത്ര മനോഹരമായാണ് അവ സംരക്ഷിച്ചിരിക്കുന്നത് എന്ന് കണ്ടപ്പോൾ സന്തോഷത്തിനൊപ്പം പൂച്ചെടികളുടെ പരിപാലകരോട് ആദരവും തോന്നി, നേരിൽ കണ്ടില്ലെങ്കിലും. ഇവിടെനിന്ന് ഒരു പടമെടുക്കാതെ എങ്ങനെ പോകുമെന്ന് പറഞ്ഞ് അവക്കിടയിൽ ചാഞ്ഞും ചെരിഞ്ഞുമൊക്കെനിന്ന് ഞങ്ങൾ പോസ് ചെയ്തു. പിന്നെ നടത്തം തുടങ്ങി.
മുകളിലേക്ക് പോകുമ്പോൾ വീണ്ടും കാണാം ടിൻഷീറ്റുകൊണ്ടുള്ള വീടുകൾ. ഒരു വീട്ടുമുറ്റത്ത് ഒരു മധ്യവയസ്ക വിറകുവെട്ടി ചെറിയ കഷണങ്ങളാക്കുന്നു. അവരുടെ ഭർത്താവും മകളും സമീപത്തുണ്ട്. അവരോട് വർത്തമാനം പറഞ്ഞു. പോകേണ്ട വഴികളെക്കുറിച്ച് ചോദിച്ചു. വിശദമായി പറഞ്ഞു തരികയും ചെയ്തു. ആ വീട്ടമ്മയുടെ കയ്യിൽനിന്ന് ഒന്ന് രണ്ട് കമ്പുകളും വെട്ടിവാങ്ങി. കുത്തനെയുള്ള കയറ്റത്തിൽ ഉപകരിക്കുമല്ലോ എന്ന് കരുതി. അതുമായി മുന്നോട്ടുനീങ്ങി.
കയറ്റം കയറിച്ചെല്ലുമ്പോൾ ഒരു മണ്ണ് റോഡു കണ്ടു. സാമാന്യം നിരപ്പുള്ള ഒരു വഴി. അതിലൂടെ വലത്തോട്ടാണ് പോകേണ്ടത്. തൊട്ടപ്പുറത്തെ പറമ്പിൽ ആളുകൾ തടി വെട്ടിയറുത്ത് ലോറിയിൽ കയറ്റുന്നു. മൂന്നുനാല് പേരുള്ള സംഘമാണത്. വഴിക്കിരുവശവും കാട്ടുചെടികളും മരങ്ങളും. ഈ വഴി ഒന്ന് രണ്ട് കി.മീ പിന്നിട്ടാലേ ഷുർഹോ വ്യൂ പോയിന്റിൽ എത്തൂ. നടപ്പിന് അല്പം വേഗതകൂട്ടി. ചുറ്റും കാടും ഇടയ്ക്കു വീടുകളുമുള്ള പരിസരം. മരങ്ങൾ കുറഞ്ഞയിടത്തെത്തുമ്പോൾ ദൂരക്കാഴ്ചയിൽ കൊഹിമയുടെ പൊങ്ങിയ പ്രദേശങ്ങൾ കാണാം.
വഴിയോരത്തെ ആഘോഷം
വളവുകൾനിറഞ്ഞ കാനനപാതയിലൂടെ വീണ്ടും നടന്നുപോകുമ്പോൾ വഴിയുടെ വലതുവശത്തായി ഒരു ഗേറ്റുകണ്ടു. അടച്ചുപൂട്ടിയ ഒരു ഗേറ്റ്. അതിന്റെ ഗ്രില്ലുകൾക്കിടയിലൂടെ താഴോട്ട് നോക്കി. രണ്ടുമൂന്നു നിലകളുള്ള ഒരു വലിയ വീട്. നന്നായി പെയിന്റ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. വീടിന്റെ അടുത്തായി മറ്റൊരു ഗേറ്റ് തുറന്നിട്ടുണ്ട്. അതിന്റെ മുറ്റം നിറയെ ബലൂണുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നീലയും വെള്ളയും നിറത്തിലുള്ള ബലൂണുകൾ. കുറെയാളുകളും കൂടിനിൽപ്പുണ്ട്. എന്താണാവോ കാര്യം. ഒരെത്തിനോട്ടം കൊണ്ട് പിടികിട്ടുന്നില്ല.
ഒന്നുകൂടി സൂക്ഷ്മനിരീക്ഷണം നടത്തി. വിവാഹവസ്ത്രം പോലെ തോന്നുന്ന കോട്ടും ജാക്കറ്റുമിട്ട ഒരു സ്ത്രീയും പുരുഷനും. പക്ഷേ അവർ ചെറുപ്പക്കാരല്ല. മധ്യവയസ്കരാണ്. വിവാഹമാകാൻ സാധ്യതയില്ല. അല്ലെന്നും പറഞ്ഞുകൂടാ. ഏതായാലും ഒരു പുരോഹിതനെപ്പോലെ ഒരാൾ ഉച്ചത്തിൽ ക്രിസ്ത്യൻ രീതിയിൽ പ്രാർഥിക്കുന്നുണ്ട്. തട്ടുതട്ടായി അലങ്കരിച്ച ഒരു കേക്കും മുന്നിൽ കാണാം. ഏതായാലും സംഭവം കൊള്ളാം. ആഘോഷം തന്നെ. എന്തെങ്കിലുമാകട്ടെ, സമയം കളയണ്ട എന്ന് വിചാരിച്ച് എത്തിനോട്ടങ്ങളവസാനിപ്പിച്ച് മുന്നോട്ടുനടന്നു.
ആ വീടിന്റെ മുറ്റവും പറമ്പും നിറയെ ഫലവൃക്ഷങ്ങളാണ്. ഓറഞ്ചും പേരയും മാതളവും പപ്പായയും എല്ലാമുണ്ട്. പറമ്പിനെ അതിരിടുന്ന വേലികളിൽ നിറയെ വള്ളിച്ചെടികളും പൂത്തുനിൽക്കുന്നു. കൃഷിയെയും മണ്ണിനേയും സ്നേഹിക്കുന്ന ഒരു കുടുംബമാവും അത് എന്ന് മനസ്സിൽ ഉറപ്പിച്ചുപറഞ്ഞു. എല്ലാവരും മുന്നോട്ടു നടക്കുമ്പോൾ പിറകെ കാമറയുമായി എത്തിയ സഹയാത്രികൻ അജയൻ പറഞ്ഞു അതൊരു വെഡ്ഡിംഗ് ആനിവേഴ്സറിയാണ് എന്ന്. കക്ഷി കാമറയും കൊണ്ട് എങ്ങനെയോ അകത്തുകടന്നു അവരോട് സംസാരിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു.
നടന്നുനടന്നു പോകുമ്പോൾ വഴിയരികിൽ ഒരു മുന്തിരിത്തോട്ടം കാണാം. വിളവെടുപ്പിന് ശേഷം പ്രൂണിങ്ങിനു മുമ്പുള്ള ചെടികളാണ്. വീണ്ടും നടന്ന് ഒരു വളവിലെത്തി. വലതുവശത്തായി റോഡിനു താഴെ കല്ലും തടിയും ചേർത്ത് നീളത്തിൽ പണിത ഒരു കെട്ടിടം. മനോഹരമായി തോന്നി. അതിന്റെ താഴ്ഭാഗം പൂർണമായും കരിങ്കല്ലു കൊണ്ട് തീർത്ത മുറികളാണ്. മുകളിൽ ഇഷ്ടികയും തടിയും ഉപയോഗിച്ച് നിർമിച്ച മുറികളും ബാൽക്കണിയും. പച്ച പെയിന്റടിച്ച ടിൻഷീറ്റുകൊണ്ടുള്ള മേൽക്കൂരയും. ടൂറിസം ആശയത്തെ മുൻനിർത്തി പണിത ഭാവി വസതികളാകാം ഇത്.
ഷുർഹോയിലെ കാഴ്ചവട്ടങ്ങൾ
ഇത്തിരികൂടി മുന്നോട്ട് ചെന്ന് ഷുർഹോ വ്യൂ പോയിന്റിലെത്തി. അവിടെ ഞങ്ങളെത്തുമ്പോൾ ഹോംസ്റ്റേയിലെ ആതിഥേയ ഞങ്ങളെ കാത്തുനിൽപ്പുണ്ട്. ഞങ്ങൾ പുറപ്പെടുമ്പോൾ അവർ വീട്ടുജോലികളുടെ തിരക്കിലായിരുന്നു. ഏതോ എളുപ്പവഴിയിലൂടെ പെട്ടെന്ന് എത്തിയതാണ്. അതിഥികളോടുള്ള കരുതലും മര്യാദയും ഇവരുടെ ഓരോ പ്രവർത്തിയിലും ഞങ്ങൾ കണ്ടു. വ്യൂപോയിന്റിന്റെ പ്രത്യേകതകളും അവിടുത്തെ കാഴ്ചകളും ഓരോന്നായി പരിചയപ്പെടുത്തി.
വ്യൂ പോയിന്റിലെ കെട്ടിപ്പൊക്കിയ തറയിൽ ഒരു സ്മാരകമുണ്ട്. നീണ്ടുയർന്ന ഒരു കൂറ്റൻ ഒറ്റക്കാൽ സ്മാരകം. വ്യൂ പോയിന്റ് ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഇരുന്നു വിശ്രമിക്കാനുള്ള സ്റ്റെപ്പുകളുമുണ്ട്. മതിലിന് മുകളിൽ കയറി ചുറ്റും നോക്കി. കിടിലൻ കാഴ്ചവട്ടങ്ങൾ. കൊഹിമയും നാഗാലാൻഡിന്റെ മറ്റുപ്രദേശങ്ങളും പ്രകൃതിയുടെ കാൻവാസിൽ നിറഞ്ഞുനിൽക്കുന്നു. വെള്ളമേഘങ്ങൾ ചിതറിയ ആകാശക്കീഴിൽ നീലമലകളും താഴ്‌വരകളും. അതിനിടയിൽ ജലാശയങ്ങൾ. നെല്ലും തിനയും ചാമയും ചോളവും കൃഷി ചെയ്യുന്ന വിശാലമായ വയലുകൾ. ചരിഞ്ഞ പ്രദേശങ്ങളിൽ തട്ടുതട്ടുകളായി അതിർവരമ്പിട്ട കൃഷിയിടങ്ങളാണവ. നാഗന്മാരുടെ വിളഭൂമികൾ. വ്യൂ പോയിന്റിൽ നിന്നുള്ള മറ്റൊരു കാഴ്ച്ച വീതിയേറിയ റോഡുകൾ ആണ്. പച്ചതുരുത്തുകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡുകൾ. വലിയ പുഴപോലെ തോന്നും. വാഹനങ്ങൾ നന്നേ കുറവ്. ഇടക്ക് മാത്രം കരിവണ്ടുപോലെയോ ചെറുപ്രാണികൾ നീങ്ങുമ്പോലെയോ ചലിക്കുന്ന വണ്ടികൾ. ചെറിയ റോഡുകളും കാണാം.
വ്യൂ പോയിന്റിന്റെ മതിലിനു താഴെ ഒന്ന് രണ്ട് വീടുകളുണ്ട്. അതിലൊന്നിൽ ഗ്രീൻ നെറ്റിട്ട് പരിപാലിക്കുന്ന നഴ്‌സറിയുണ്ട്. അതിന്റെ മുറ്റത്ത് കാപ്പിപ്പൂവിന്റെ കുലകൾ പോലെ പൂത്തുനിറഞ്ഞ കുറ്റിച്ചെടികൾ. ആരെയും കൊതിപ്പിക്കുന്ന ചന്തമുണ്ട് ആ പൂങ്കുലകൾക്ക്. വ്യൂ പോയിന്റിനോട് ചേർന്ന് ചെഞ്ചോര ചുവപ്പിൽ ക്രിസ്മസ് ചെടികൾ. അവയുടെ ഇതളുകൾക്ക് ചെമ്പട്ടിന്റെ ചേലാണ്. തൊട്ടടുത്തായി ഒരു കോഫിഷോപ്പും കാണാം. ചെറിയമുളന്തണ്ടുകൾ കൊണ്ട് പണിത മനോഹരമായ ഒരു കട. അത് പക്ഷേ അടഞ്ഞുകിടക്കുന്നത് കണ്ടപ്പോൾ ഒരു കാപ്പിക്കുള്ള സാധ്യത ഇല്ലല്ലോ എന്നോർത്ത് അല്പം നിരാശതോന്നി.
ഞങ്ങൾ കുറേനേരം വ്യൂ പോയിന്റിൽ ചുറ്റിപ്പറ്റി നിന്നു. പ്രകൃതിഭംഗി ആസ്വദിച്ചും ഫോട്ടോയെടുത്തും കൈയിലുള്ള കപ്പലണ്ടി മിഠായിയും ബിസ്ക്കറ്റുമൊക്കെ കഴിച്ച് വെള്ളം കുടിച്ചും ഏതാണ്ട് അരമുക്കാൽ മണിക്കൂർ അങ്ങനെ നിന്നു. തികച്ചും ശാന്തസുന്ദരമായ, ദൃശ്യസമൃദ്ധമായ ഒരു വീക്ഷണകോണം ആണ് ഷുർഹോ. കിസാമ എന്ന പൈതൃക ഗ്രാമത്തിന്റെ നടുവിലാണിത്.
കിസാമയിലെ ഉത്സവവേദി
ഷുർഹോയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞു നോക്കിയാൽ വലിയ മലകളാണ്. അവയുടെ ചരിവിൽ Hornbill Festival എന്ന് എഴുതിയ വലിയ ഒരു പോസ്റ്റർ കാണാം. ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന ഭാഗമാണിത്. അതിന്റെ താഴ്‌വാരത്താണ് ഹോൺബിൽ ഉത്സവം അരങ്ങേറുന്നത്. ഞങ്ങളുടെ അടുത്ത ലക്ഷ്യം ഹോൺബിൽ ഉത്സവവേദിയാണ്. വ്യൂപോയിന്റിൽനിന്ന് ഒന്ന് രണ്ട് കി.മീ നടന്നാൽ അവിടെയെത്താം.
നടന്നു, ചരൽപാകിയ വഴിയിലൂടെ. ഇടതുവശം കുന്നും വലതുവശം ചെരിവുകളുമുള്ള ഈ വഴിയോരം നിറയെ കുലകുലകളായി പൂത്തുനിൽക്കുന്ന പുല്ലിനങ്ങളാണ്. നേർത്തുനീണ്ട തണ്ടും അവയുടെ അറ്റത്ത് വലിപ്പമുള്ള പൂങ്കുലകളും. മറ്റൊരു രസക്കാഴ്ച്ച. പുല്ലുപൂത്ത വഴിയിലൂടെ നടന്നുചെല്ലുമ്പോൾ വഴി രണ്ടായി പിരിയുന്നു.
വലത്തോട്ടുള്ള വഴി താഴെ പ്രധാന റോഡിലേക്കുള്ളതാകാം. ഞങ്ങൾ മുന്നോട്ടുതന്നെ നടന്നു. ഹോൺബിൽ ഉത്സവവേദിയുടെ പോസ്റ്റർ കണ്ട ദിക്കിലേക്ക്. അരമുക്കാൽ കി.മീ മുന്നോട്ടുചെന്നപ്പോൾ ഹോൺബിൽ ഉത്സവം നടക്കാറുള്ളയിടത്തെത്തി. ഉത്സവം കഴിഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞതേയുള്ളൂ. റോഡിനടുത്തും പരിസരമാകെയും മുളകൊണ്ട് കെട്ടിയുയർത്തിയ വീടുകളും താൽക്കാലിക വസതികളുമാണ്. ഉത്സവകാലത്തെ നിർമിതികളുടെ അവശിഷ്ടങ്ങൾ ഇങ്ങനെ അനേകമുണ്ടിവിടെ.
മുളന്തണ്ടുകൊണ്ടുള്ള താങ്ങുകാലുകളും പനമ്പുകൊണ്ടു മറച്ച മുറികളുമുള്ള പുല്ലുമേഞ്ഞ വീടുകൾ. ഒറ്റമുറി വീടുകളും ഇരുനില വീടുകളും കാണാം. പ്രദേശവാസികളുടെ ഉത്സവകാലത്തെ വരുമാനമാർഗം കൂടിയാണിത്. ചിലതൊക്കെ പൊളിച്ചുനീക്കിത്തുടങ്ങിയിട്ടുണ്ട്. അടുത്തുതന്നെ വീടിനോട് ചേർന്ന് ഒരു ചായക്കട കണ്ടു. രണ്ടുമൂന്നു ടൂറിസ്റ്റുകളും അവിടെയുണ്ട്. ചായ കിട്ടുമോയെന്നന്വേഷിച്ചു. ഞങ്ങൾക്കുകൂടി ചായ തികയില്ലെന്നു പറഞ്ഞു. അതിന്റെ മുറ്റത്ത് ഒരു മരത്തക്കാളി കായ്ച്ചുനിൽക്കുന്നുണ്ട്. കൊതിയോടെ അടുത്തുചെന്ന് നോക്കി. മൂത്തുവരുന്നതേയുയുള്ളു. പഴുത്തിട്ടില്ല. ഈ പ്രദേശത്തെല്ലാം ധാരാളം മരത്തക്കാളിയുണ്ട്. യാത്രയിൽ പലയിടത്തും അത് കണ്ടു.
വഴിയുടെ താഴെ വിശാലമായ ചെരിവിലാണ് ഹോൺബിൽ ഉത്സവവേദി. ഏറെ മനോഹരം. മികച്ച ആർക്കിടെക്ചർ രീതിയിൽ രൂപകല്പന ചെയ്ത വേദിയാണിത്. കിസാമയുടെ ഗ്രാമഹൃദയത്തിലാണിത്. പ്രകൃതിയോട് ചേർത്തുനിർമിച്ച അർദ്ധവൃത്താകൃതിയിലുള്ള ഗാലറിയും സ്റ്റേജും. തട്ടുതട്ടുകളായി തിരിച്ച ഇരിപ്പിടങ്ങൾ. മികച്ച ഒരു ഓപ്പൺ തിയറ്റർ സംവിധാനമാണിത്. ഗാലറിയുടെ പടികളിലിരുന്നു യാതൊരു തടസ്സവും കൂടാതെ കലാപരിപാടികൾ കാണാം.
ഹോൺബിൽ ഫെസ്റ്റിവൽ ഉത്സവങ്ങളുടെ ഉത്സവം എന്നാണ് അറിയപ്പെടുന്നത്. നാഗന്മാരുടെ മഹോത്സവം. സെവൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന വടക്കുകിഴക്കിന്റെ ആഘോഷനാളുകൾ. ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഉത്സവങ്ങളിലൊന്നാണിത്. നാഗാലാൻഡ് ടൂറിസം വകുപ്പും കലാസാംസ്‌കാരിക വകുപ്പും ചേർന്നാണ് ഹോൺബിൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 2000 മുതലാണ് ഈ പൈതൃകോത്സവം ഔദ്യോഗികമായി തുടങ്ങിയത്.
എല്ലാ വർഷവും ഡിസംബർ മാസം ഒന്ന് മുതൽ പത്തുവരെയാണ് ഹോൺബിൽ ഉത്സവം. വിവിധ നാഗവിഭാഗങ്ങളും മറ്റ് ഗോത്ര സമൂഹവും ഈ നാളുകളിൽ ഇവിടെ തമ്പടിക്കും. ഗോത്രവിഭാഗങ്ങളുടെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കാനും അവരുടെ സംസ്കാരവും കലകളും തനിമയോടെ നിലനിർത്താനും ലക്ഷ്യമിട്ടുള്ള ഒരു ആഘോഷമാണിത്. തങ്ങളുടെ സ്വത്വവും കരുത്തും കരവിരുതും വീര്യവുമെല്ലാം തെളിയിക്കാനും ഊട്ടിയുറപ്പിക്കാനുമുള്ള സന്ദർഭം കൂടിയായി അവരിതിനെ കാണുന്നു.
ഫെസ്റ്റിവലിൽ വിവിധ നാടൻകലകളും ഗോത്രവിഭാഗങ്ങളുടെപാരമ്പരാഗത നൃത്തനൃത്യങ്ങളുമുണ്ടാകും. ഫോക് മ്യൂസിക്കും റോക്ക് മ്യൂസിക്കും ഹോൺബിൽ ഉത്സവത്തിന്റെ ഭാഗമാണ്. ചടുല നൃത്തങ്ങളും സംഗീതരാവുകളും കൊണ്ട് മുഖരിതമാകുന്ന അന്തരീക്ഷം. അതിനു സാക്ഷ്യം വഹിക്കാൻ ലോകത്തിന്റെ പലയിടങ്ങളിൽനിന്നും ആളുകളെത്തുന്നു. കലാ പ്രകടനങ്ങൾക്കൊപ്പം സൗന്ദര്യമത്സരം, ഭക്ഷ്യമേള, കായികാഭ്യാസങ്ങൾ, ആയോധനകലകൾ, പന്നിയിറച്ചി, കിങ്ങ് ചില്ലി തുടങ്ങിയവയുടെ തീറ്റ മത്സരങ്ങളുമുണ്ടാകും. കാണികൾക്ക് പകലും ഇരവും ഇടവിടാതെ ഇവയെല്ലാം ആസ്വദിക്കാം.
കിസാമയിലും കൊഹിമ സിറ്റിയിലുമായാണ് ഉത്സവം അരങ്ങേറുന്നത്. ബ്യൂട്ടി കോണ്ടെസ്റ്റും കാർണിവലും നഗരത്തിലാണ് നടക്കുന്നത്. കൊഹിമയുടെ ഗ്രാമവും ഒരുമിക്കുന്ന നിറങ്ങളുടെ ആഘോഷം കൂടിയാണിത്. ഗോത്രഭക്ഷണം കഴിക്കാം. അവരുടെ ജീവിതരീതി കണ്ടറിയാം. മുളയരിയും നവധാന്യങ്ങളും ചേർന്ന പാരമ്പരാഗത വിഭവങ്ങൾ രുചിക്കാം. മുളകൊണ്ടുണ്ടാക്കിയ സംഗീതോപകരണങ്ങളും ഗൃഹോപകരണങ്ങളും പരിചയപ്പെടാം. പ്രകൃതിയുടെ മുളമ്പാട്ടുകൾക്കൊപ്പം പ്രകൃതിസ്നേഹികളുടെ കണ്ഠനാദങ്ങളും ഒരുമിച്ച് അലയടിക്കുന്ന അപൂർവവേള. അവക്കിടയിലിരുന്ന് ശുദ്ധവായുശ്വസിക്കാം. ഒപ്പം കൊഹിമയുടെയും നാഗാലാൻഡിന്റെയും ഹരിതഭംഗി ആസ്വദിക്കാം. ഗ്രാമീണരുടെ വിളയുൽപ്പന്നങ്ങളും ഗോത്രമക്കളുടെ വനവിഭവങ്ങളും പരമ്പരാഗത വ്യവഹാരങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വേളയാണിത്.
ഗോത്രവർഗങ്ങളും ഗ്രാമജീവിതങ്ങളും സ്വദേശവിദേശ സഞ്ചാരികളും പ്രകൃതിയോടലിഞ്ഞുചേർന്ന് ഒരുമിച്ച് ആനന്ദിക്കുന്ന അപൂർവാവസരം കൂടിയാണ് ഹോൺബിൽ ഫെസ്റ്റിവൽ. ഞങ്ങൾ ഫെസ്റ്റിവൽ വേദിയിലൂടെ നടന്നു. തൊട്ടടുത്തായി ടോയ്ലറ്റുകളും പണിതിട്ടുണ്ട്. അത് പൂട്ടിയിട്ടിരിക്കുന്നു.
ഹോൺബിൽ ഫെസ്റ്റ് കഴിഞ്ഞിട്ട് ദിവസങ്ങളായിട്ടേയുള്ളു. നാഗാലാൻഡിലെയും മണിപ്പൂരിലെയും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും സ്റ്റാളുകൾ ഹാൻഡ്‍ലൂം എമ്പോറിയങ്ങൾ തൊട്ട് തൊട്ട് നീളത്തിൽ കാണാം. പുല്ലും മുളയും മാത്രമുപയോഗിച്ച് പണിതെടുത്തതാണ് അവയെല്ലാം. കണ്ണിന് കൗതുകം പകർന്ന മറ്റൊരു കാഴ്ച്ച. വസ്ത്രങ്ങളും മുളകൊണ്ടുള്ള കരകൗശല ഉൽപ്പന്നങ്ങളും വീട്ടുപകരണങ്ങളും ആഭരണങ്ങളും ഭക്ഷ്യോൽപ്പന്നങ്ങളുമെല്ലാം നിരത്തുന്ന സ്റ്റാളുകൾ.
കാഴ്ചകൾ കണ്ടുനടന്ന് വൈകുന്നേരമാകുന്നു. തണുപ്പും ഏറിവരുന്നു. ഇനി ഹോംസ്റ്റേയിലേക്ക് തിരികെപോകണം. നേരത്തേ ഭക്ഷണം കഴിച്ചുറങ്ങണം. നാളെ സൂക്കോവ് വാലിയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തണം. അതിനാൽ നടപ്പിന് വേഗതകൂട്ടി. വഴിയിലൊരു കെട്ടിടം കണ്ടു. ഒരു റിസോർട്ട് പോലെ തോന്നി. ഞങ്ങൾ അവിടെയെത്തി ചായ കിട്ടുമോയെന്ന് ചോദിച്ചു.
ഇരിക്കാൻ പറഞ്ഞ് അവർ കസേരകൾ നിരത്തി. നല്ല ക്ഷീണമുണ്ടായിരുന്നു. അവിടെക്കണ്ട കറുമുറാ പാക്കറ്റുകളിൽ ചിലത് വാങ്ങി ചായക്കൊപ്പം കഴിച്ചു. പുറത്തെ ഔട്ട്ഹൗസിൽ വേറെ ചില ടൂറിസ്റ്റുകളുമുണ്ട്. അവർ ലഹരിയുടെ ഉന്മാദത്തിലാണ്. അതിന്റെ ആരവങ്ങൾ കേൾക്കാം. സത്യത്തിൽ ഇവിടെ ചായക്ക് വലിയ ചെലവില്ല. ഞങ്ങൾ ചോദിച്ചപ്പോൾ തയറാക്കി തന്നു എന്ന് മാത്രം. പലഘട്ടങ്ങളിലായിട്ടായിരുന്നു ചായ കിട്ടിയത്. നല്ല ഒന്നാന്തരം ചായയുമായിരുന്നു.
പുറത്തിറങ്ങുമ്പോൾ കൂരിരുട്ട്. കൈയിൽ ടോർച്ചെടുത്തിട്ടില്ല. മൊബൈൽ വെളിച്ചം മാത്രം. നടന്നു. കുറേ ചെന്നപ്പോൾ വഴിതെറ്റി. കൂരിരുട്ടിൽ ഇനിയെങ്ങോട്ടുപോകണം എന്നറിയില്ല. ഒന്ന് രണ്ട് ദിക്കിലേക്ക് ഞങ്ങൾ ചിതറി. അപ്പോൾ പുറകെ വരുന്നവരുടെ കൂവൽ. എന്തായാലും കല്ലും മുള്ളും നിറഞ്ഞ ഒരു കാട്ടുവഴിയിലെത്തി. അതവസാനിക്കും വരെ നടക്കുകതന്നെ. വേറെ രക്ഷയില്ല. മൊബൈൽ വെളിച്ചത്തിൽ മിണ്ടിയും പറഞ്ഞും നടക്കുമ്പോൾ ഉള്ളിൽ പേടിയുമുണ്ട്. പക്ഷേ പുറത്തുകാട്ടിയില്ല.
കുറേ നടന്നപ്പോൾ മെയിൻ റോഡിലെത്തി. അല്പം ആശ്വാസം. തുരുതുരാവണ്ടികൾ. പൊടിപറത്തി പറക്കുന്നു. കൂടുതലും ചരക്കുവാഹനങ്ങളാണ്. ഞങ്ങൾ പുറപ്പെട്ടവഴിയിൽനിന്നും രണ്ടുമൂന്നു കി.മീ താഴെയാണ് എത്തിയതെന്നുബോധ്യമായി. ഓടുന്ന വണ്ടിയുടെ വെളിച്ചത്തിൽ ഓരം ചേർന്ന് നടന്നു. അകലെ രാവെളിച്ചത്തിൽ കുളിച്ചുനിൽക്കുകയാണ് കൊഹിമയും പരിസരങ്ങളും. ഉയർന്നുകാണുന്ന കെട്ടിടങ്ങളും മിനാരങ്ങളും പലവർണങ്ങളിൽ തിളങ്ങുന്ന ഗംഭീരക്കാഴ്ച.
തണുപ്പുകൂടി കിടുകിടുക്കാൻ തുടങ്ങി. വിശന്നിട്ടും വയ്യ. ഉത്സാഹിച്ചു നടന്നു. പത്തിരുപതു മിനിട്ടുകൾക്കകം ഹോംസ്റ്റേയിലെത്തി. അപ്പോൾ വിടർന്ന ചിരിയോടെ ഞങ്ങളുടെ ആതിഥേയ ചൂടുകാപ്പിയും ബിസ്‌ക്കറ്റുമായി ഉമ്മറത്ത് നിൽക്കുന്നു. എന്തൊരു കരുതൽ. കാപ്പികുടിച്ചു റൂമിൽപോയി ഫ്രഷായി അത്താഴം കഴിക്കാൻ തിരികെ വന്നു. വിഭവസമൃദ്ധമായ ഡിന്നർ. ചോറും ചപ്പാത്തിയും കോഴിക്കറിയും അച്ചാറും പപ്പടവും ഒക്കെയുണ്ട്. കറികളിലെല്ലാം ബാംബൂ ഷൂട്ടും. മസാല കുറച്ച് പച്ചമുളകു ചേർത്ത കറികൾ. ഉരുളക്കിഴങ്ങും ബീൻസും കോളിഫ്ലവറും ചിക്കനുമൊക്കെ വയറുനിറച്ചു കഴിച്ചു. ചൂടുവെള്ളവും കഴിച്ചു. കുറച്ചുനേരം എല്ലാവരും വർത്തമാനം പറഞ്ഞു. പിന്നെ റൂമിലെത്തി ബ്ലാങ്കറ്റിനുള്ളിൽ കയറി. തണുപ്പും ക്ഷീണവും കൊണ്ട് വേഗം നിദ്രയിലേക്കാണ്ടുപോയി.
(തുടരും)
also read: നാഗന്മാരുടെ മണ്ണിലൂടെ - വടക്കുകിഴക്കിന്‍റെ വിസ്മയക്കാഴ്ചകൾ - 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.