ചെന്നൈ: ഊട്ടി, കൊടൈക്കനാൽ എന്നീ വിനോദസഞ്ചാര മേഖലകൾ സന്ദർശിക്കണമെങ്കിൽ ഇന്ന് മുതൽ ഇ-പാസ് നിർബന്ധം. വിനോദസഞ്ചാരികളുടെ വരവ് നിയന്ത്രിക്കുന്നതിനും നീലഗിരിയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമായി മദ്രാസ് ഹൈകോടതിയാണ് ഇ-പാസ് നിർബന്ധമാക്കിയത്. മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെയാണ് കാലയളവ്. ജസ്റ്റിസുമാരായ ഡി ഭരത ചക്രവർത്തി, എൻ.സതീഷ് കുമാർ എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് ഇ-പാസ് അവതരിപ്പിച്ചത്.
epass.tnega.org എന്ന വെബ്‌സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ-പാസ് വേണം. വെബ്‌സൈറ്റില്‍ രജിസ്റ്റർ ചെയ്യുന്ന ടൂറിസ്റ്റ് വാഹനങ്ങളിലെയും വാണിജ്യ വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് ക്യു.ആര്‍. കോഡ് അവരുടെ മൊബൈൽ ഫോണിൽ ലഭിക്കും. ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്തശേഷം മാത്രമേ കടത്തിവിടുകയുള്ളു. അപേക്ഷിക്കുന്നവര്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും നല്‍കണം. എത്രദിവസം താമസിക്കുന്നു, ഏത് വാഹനമാണ് ഉപയോഗിക്കുന്നത് എന്ന് കൃത്യമായി രേഖപ്പെടുത്തണം. വിദേശ ടൂറിസ്റ്റുകള്‍ക്ക് അവരുടെ ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ച് രജിസ്റ്റര്‍ചെയ്യാം. വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഇ-പാസ് ലഭിക്കുമെന്ന് നീലഗിരി കളക്ടര്‍ എ. അരുണ പറഞ്ഞു.
വിനോദസഞ്ചാരികളുടെ ആധിക്യം മേഖലയിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന ഹരജിയിലാണ് കോടതി നടപടി. ഇവിടെ എത്തുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങൾ ശേഖരിക്കാൻ ഇ-പാസ് സംവിധാനം ജില്ലാ ഭരണകൂടങ്ങളെ സഹായിക്കുമെന്നും ഇത് അവലോകനം ചെയ്ത് ഭാവിയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും ഹൈകോടതി ഉത്തരവിൽ പറഞ്ഞു. ചെക്ക്‌പോസ്റ്റുകൾക്ക് സമീപം മണിക്കൂറുകളോളം വാഹനങ്ങൾ നിൽക്കുന്നത് ഒഴിവാക്കാനും ഇന്ധനം ലാഭിക്കാനും കാർബൺ ബഹിർഗമനം തടയാനും ഇത് സഹായിക്കും.
ഒരു വാഹനത്തിന് ഒരു ഇ-പാസ് മതിയാകും. ഒരുതവണ ഇ-പാസിന് രജിസ്റ്റര്‍ചെയ്ത് യാത്ര പൂര്‍ത്തിയാക്കിയ വാഹനത്തിന് വീണ്ടും ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് പോകണമെങ്കില്‍ വീണ്ടും ഇ-പാസെടുക്കണം. എട്ട് ചെക്ക് പോസ്റ്റുകളിലൂടെ പ്രതിദിനം 20,000 വാഹനങ്ങൾ (11,500 കാറുകൾ, 1,300 വാനുകൾ, 600 ബസുകൾ, 6,500 ഇരുചക്രവാഹനങ്ങൾ) നീലഗിരിയിലേക്ക് പ്രവേശിക്കുന്നുവെന്ന് സംസ്ഥാന സർക്കാറിന്‍റെ റിപ്പോർട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മദ്രാസ് ഹൈകോടതി ഇ-പാസ് നിർബന്ധമാക്കിയത്. സര്‍ക്കാർ ബസുകളിൽ പോകുന്നവര്‍ക്ക് ഇ-പാസിന്റെ ആവശ്യമില്ല. പ്രദേശവാസികളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.