തിരുവനന്തപുരം: ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ നിർമിത ബുദ്ധിയുടെ സഹായത്തോടെ ടൂറിസം വകുപ്പ് തയാറാക്കിയ ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിമിന് അംഗീകാരം. നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2024 ലെ ഗോള്‍ഡ് അവാര്‍ഡാണ് ലഭിച്ചത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കാമ്പയിന് വിഭാഗത്തിലെ പുരസ്കാരമാണ് ലഭിച്ചത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം ഔദ്യോഗിക വാട്സ്ആപ് ചാറ്റിലൂടെ ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിമിലൂടെ പ്രചാരണം നടത്തിയിരുന്നു.
വിജയികൾക്ക് കുറഞ്ഞ നിരക്കില്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധിദിനങ്ങള്‍ ചെലവിടാന്‍ അവസരമൊരുക്കുന്നതായിരുന്നു ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കാനൊരുങ്ങുന്ന ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഗെയിം. ജൂലൈയില്‍ സംഘടിപ്പിച്ച ബിഡിങ് ഗെയിമില്‍ 80,000ത്തിലധികം ബിഡ്സുകളാണ് നടന്നത്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക വാട്സ്ആപ് ചാറ്റായ ‘മായ’ (7510512345) ആണ് കാമ്പയിനിന് നേതൃത്വം നല്‍കിയത്. 2022 മാര്‍ച്ചില്‍ ആരംഭിച്ച മായ 1.5 ലക്ഷത്തോളം കോണ്ടാക്റ്റുകളുള്ള ജനപ്രിയ പ്ലാറ്റ് ഫോമാണ്.
ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വർധനയുണ്ടാക്കാന്‍ കാമ്പയിന് പ്രധാന പങ്കുവഹിച്ചതായി ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. പാറ്റ ട്രാവല്‍ മാര്‍ട്ട് 2024 ന്റെ ഭാഗമായി ആഗസ്റ്റ് 28ന് തായ്ലൻഡിലെ ബാങ്കോക് ക്വീന്‍ സിരികിറ്റ് നാഷനല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. ഏഷ്യ-പസഫിക് മേഖലയിലെ ട്രാവല്‍ വ്യവസായത്തില്‍നിന്നുള്ള മികച്ച സംഭാവനകള്‍ക്ക് പുരസ്കാരങ്ങള്‍ നല്കുന്ന പാറ്റ 1984 ലാണ് സ്ഥാപിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.