മൂന്നാർ: കൊളുക്കുമലയിലേക്ക് വിനോദസഞ്ചാരം തടയാനുള്ള നീക്കത്തിനെതിരെ സൂര്യനെല്ലിയിൽ പ്രതിഷേധമിരമ്പി. ചിന്നക്കനാൽ പഞ്ചായത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾ അടിച്ചിട്ടും വാഹനങ്ങൾ ഓട്ടം നിർത്തിവെച്ചും ധർണ സംഘടിപ്പിച്ചുമായിരുന്നു കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഈ പ്രദേശത്തെ ഏലത്തോട്ടങ്ങളിലും പണികൾ നിർത്തിവെച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികളും സമരത്തിൽ പങ്കാളികളായി.
അരിക്കൊമ്പൻ മിഷന്റെ തുടർച്ചയായി ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് നിർത്തിവെക്കാനുള്ള ഹൈകോടതി ഉത്തരവിന്റെ ചുവടുപിടിച്ച് കൊളുക്കുമലയിലേക്ക് സന്ദർശക വാഹനങ്ങൾ പോകുന്നത് തടയാനുള്ള നീക്കമാണ് മേഖലയിലെ ആശങ്കക്കും പ്രതിഷേധങ്ങൾക്കും കാരണം. വാഹനങ്ങളുടെ ശബ്ദം വന്യമൃഗങ്ങളുടെ സ്വൈരസഞ്ചാരത്തിന് തടസ്സമാകും എന്നതാണ് നിരോധന നീക്കത്തിനുള്ള ന്യായീകരണം. എന്നാൽ, കൊളുക്കുമലയോ അങ്ങോട്ടുള്ള പാതയോ കാട്ടാനകളുടെ സഞ്ചാരപഥമല്ലെന്നും ഈ പ്രദേശത്ത് വന്യമൃഗങ്ങൾ പൊതുവെ കുറവാണെന്നും നാട്ടുകാർ പറയുന്നു.
മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയുള്ള പ്രത്യേക സ്റ്റിക്കർ പതിച്ച 180 ജീപ്പാണ് സൂര്യനെല്ലിയിൽനിന്ന് സഞ്ചാരികളെ കൊളുക്കുമലയിൽ എത്തിക്കുന്നത്.ഒട്ടേറെ ചെറുകിട ഹോം സ്റ്റേകളും കോട്ടേജുകളും ചിന്നക്കനാലിലും സൂര്യനെല്ലിയിലും പ്രവർത്തിക്കുന്നുണ്ട്. സൂര്യനെല്ലി ഉൾപ്പെടെ ചിന്നക്കനാൽ പഞ്ചായത്തിലെ 60 ശതമാനം ജനങ്ങളുടെയും ഉപജീവനമാർഗം ടൂറിസമാണ്. കൊളുക്കുമല നിരോധനം വന്നാൽ ഈ കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാവും. ഈ സാഹചര്യത്തിലാണ് കൂട്ടായ പ്രക്ഷോഭത്തിന് നാട്ടുകാർ സമരസമിതിക്ക് രൂപംനൽകി പ്രക്ഷോഭ രംഗത്തിറങ്ങിയിരിക്കുന്നത്.
ചിന്നക്കനാൽ, സൂര്യനെല്ലി പ്രദേശങ്ങളിൽ തിങ്കളാഴ്ച ഹർത്താൽ പ്രതീതിയായിരുന്നു. മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സൂര്യനെല്ലി ടൗണിൽ നടന്ന ധർണക്ക് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ്, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, സി.പി.ഐ ജില്ല സെക്രട്ടറി സലിംകുമാർ, വി.എൻ. സുരേഷ് (ബി.ജെ.പി), വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് സണ്ണി പൈമ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.