കുറ്റ്യാടി: ശബ്ദമോ കുലുക്കമോ ഇല്ലാതെ സോളാർ ബോട്ടിൽ പെരുവണ്ണാമൂഴി ഡാമിലെ തടാകത്തിലൂടെയുള്ള ബോട്ട് സവാരി സന്ദർശകർക്ക് ഹരമാവുന്നു. 10 ഉം 20 ഉം സീറ്റുകളുള്ള രണ്ട് ജപ്പാൻ നിർമിത ബോട്ടുകളാണ് ജലസേചന വകുപ്പ് ഇറക്കിയിരിക്കുന്നത്. അര മണിക്കൂർ കൊണ്ട് രണ്ടര കിലോമീറ്റർ സഞ്ചരിക്കും. ജപ്പാൻ കുടിവെള്ള പദ്ധതി കിണർ, പമ്പ്ഹൗസ്, രണ്ടര കിലോമീറ്റർ ചുറ്റളവുള്ള പക്ഷിദ്വീപ്, ചെറിയ കുറെ ദ്വീപുകൾ, സ്മൃതിവനം, പ്ലാന്റേഷൻ കോർപറേഷന്റെ 943 ഏക്കർ റബർ എസ്റ്റേറ്റ്, മീൻ വളർത്തു കേന്ദ്രം എന്നിവ കാണാം. പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതി പദ്ധതി പവർ ഹൗസിലേക്ക് വെള്ളമെത്തിക്കാൻ പുഴയിൽ തുരങ്കം നിർമിച്ചതും കാണാം. ഇന്ത്യയിൽ ആദ്യമായി ടൂറിസം മേഖലയിൽ സോളാർ ബോട്ട് ഇറക്കിയത് പെരുവണ്ണാമൂഴിയിലാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ശബ്ദശല്യം ഒഴിവാക്കുന്നതിനാണ് സോളാർ ബോട്ടുകൾ ഉപയോഗിക്കുന്നത്. ശുദ്ധജല തടാകത്തിൽ ഡീസൽ എൻജിൻ ബോട്ടുകൾ മലിനീകരണത്തിന് ഇടയാക്കുന്നതിനാൽ ഉപയോഗിക്കാൻ അനുമതിയില്ല. സ്റ്റിയറിങ്ങില്ലാതെ സെൻസർ ഉപയോഗിച്ചാണ് സോളാർ ബോട്ട് നിയന്ത്രിക്കുന്നത്. ആലപ്പുഴക്കാരൻ ആൻറണിയാണ് ഡ്രൈവർ. കൂടെ പാട്ടും പറച്ചിലുമായി കലാകാരനും മുങ്ങൽ വിദഗ്ധനുമായ സുഭാഷ് പെരുവണ്ണാമൂഴിയുമുണ്ട്. ബോട്ടിെൻറ എൻജിൻ ജപ്പാൻ നിർമിതമായതിനാൽ തകരാറ് പറ്റിയാൽ പാർട്സുകൾ കൊറിയറായി വരുത്തണം. എന്നാൽ നാലു മാസമായി കുഴപ്പമില്ലാതെ സർവിസ് നടത്തുന്നതായി ഡ്രൈവർ പറഞ്ഞു.
ചക്കിട്ടപാറ സർവിസ് സഹകരണ ബാങ്കാണ് ബോട്ട് സർവിസ് പാട്ടത്തിനെടുത്തത്. ഒരാൾക്ക് 150 രൂപയാണ് ചാർജെങ്കിലും 18 ശതമാനം ജി.എസ്.ടിയും കൂടി 177 രൂപ കൊടുക്കണം. ചാർജ് കുറയ്ക്കാൻ സർക്കാർ തലത്തിൽ തീരുമാനമുണ്ടാകുമെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.