യൂറോപ്പിലെ ഗ്രാമത്തിൽ ഒരു നാളെങ്കിലും താമസിക്കുക എന്നത് പലരുടെയും സ്വപ്നമായിരിക്കും. എന്നാൽ, അവിടെ ഒരു വീട് തന്നെ സ്വന്തമാക്കാനായാലോ, അതും 90 രൂപക്ക്!! വെറും തള്ളാണെന്ന് പറഞ്ഞ് തള്ളിക്കളയേണ്ട. സംഗതി സത്യമാണ്.
സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായ ഇറ്റലിയിലാണ് സംഭവം. മോളിസ് മേഖലയിലെ കുന്നിൻ പട്ടണമായ കാസ്ട്രോപിഗ്നാനോയിലാണ് വീട് സ്വന്തമാക്കാനാവുക. ഇവിടെയുള്ള ഒഴിഞ്ഞ കെട്ടിടങ്ങൾ കുറഞ്ഞ തുകക്ക് നൽകി ജനങ്ങളെ ഇവിടേക്ക് തിരിച്ചെത്തിക്കാനാണ് അധികൃതരുടെ ലക്ഷ്യം.
റോമിനും നേപ്പിൾസിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മനോഹരമായ ഗ്രാമങ്ങളാലും ഭൂപ്രകൃതിയാലും സമ്പന്നമാണ്. അപെനൈൻ പർവതനിരകളിൽ പുരാതന ഇറ്റാലിയൻ ജനതയായ സാംനൈറ്റുകളുടെ താമസസ്ഥലത്തിന് മുകളിലായാണ് കാസ്ട്രോപിഗ്നാനോയുള്ളത്. അധികം സഞ്ചാരികൾ വരാത്തതിനാൽ തനിമയും സംസ്കാരവും ചരിത്രാവശിഷ്ടങ്ങളും പോറലേല്‍ക്കാതെ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
പുരാതന കോട്ടയുടെ അവശിഷ്ടങ്ങൾക്ക് പുറമെ ഒരു റെസ്റ്റോറൻറ്, ബാർ എന്നിവയും ഇവിടെയുണ്ട്. അതേസമയം, ഒരു യൂറോക്ക് ആളുകൾ കെട്ടിടങ്ങൾ ലേലം വിളിച്ച് എടുക്കുന്നതോടെ ഇതിനെല്ലാം മാറ്റം വരുമെന്നാണ് പ്രതീക്ഷ.
വിൽപ്പനക്കായി ഏകദേശം 100 കെട്ടിടങ്ങൾ ഇവിടെയുണ്ട്. ഇവ കച്ചവട സ്ഥാപനങ്ങളാക്കി മാറ്റാനുള്ള അവകാശവും ഉടമകൾക്കുണ്ടെന്ന് മേയർ നിക്കോള സ്കാപില്ലാട്ടി അറിയിച്ചു. വീട് വാങ്ങാൻ ആഗ്രഹമുള്ളവർ തങ്ങളുടെ വിശദ പദ്ധതിയടക്കം മേയർക്ക് മെയിൽ അയക്കുകയാണ് വേണ്ടത്. കൂടുതൽ പണം മുടക്കുന്നവർക്കല്ല, നല്ല ആവശ്യത്തിനായ വാങ്ങുന്നവർക്കാണ് മുൻഗണന.
അതേസമയം, ചെറിയ ഗ്രാമമായതിനാൽ കാറുകൾക്ക് വരാനുള്ള വഴിയൊന്നുമില്ല. കെട്ടിടങ്ങൾ ഏറ്റെടുക്കുന്നവർ ഇതിെൻറ അറ്റകുറ്റപ്പണികളും സൗന്ദര്യവത്കരണവും നടത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.