ബാങ്കോക്ക്: ഇനി തായ്ലാൻഡിലെ ഹോട്ടലുകളിൽ താമസിച്ചശേഷം മോശം റിവ്യൂകൾ ഓൺലൈനിൽ എഴുതുന്നതിന് മുമ്പ് ശ്രദ്ധിക്കുന്നത് നല്ലതാകും. ഹോട്ടലുടമയുടെ പരാതിയിൽ ചിലപ്പോൾ നിങ്ങളെ പൊലീസ് പിടിച്ച് ജയിലിടാൻ സാധ്യതയുണ്ട്. പ്രമുഖ ട്രാവൽ വെബ്സൈറ്റായ ട്രിപ്അഡ്വൈസറിൽ മോശം റിവ്യൂ നൽകിയതിന് അമേരിക്കൻ പൗരന് രണ്ട് വർഷം ജയിൽ ശിക്ഷയാണ് വിധിച്ചത്. റിസോർട്ട് ഉടമ നൽകിയ മാനനഷ്ട കേസിനെ തുടർന്നാണ് നടപടി.
തായ്‌ലാൻഡിൽ ജോലി ചെയ്യുന്ന വെസ്ലി ബേൺസിനാണ് ദുരനുഭവമുണ്ടായത്. തായ്‌ലൻഡിലെ കോ ചാങ് ദ്വീപിലെ സീവ്യൂ റിസോർട്ട് ഉടമയാണ് സ്ഥാപനത്തിൻെറ പ്രശസ്തിയെ ഇകഴ്ത്തിയെന്ന് കാണിച്ച് ഇദ്ദേഹത്തിനെതിരെ പരാതി നൽകിയത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇദ്ദേഹം റിസോർട്ടിലെത്തിയത്.
യാത്രക്കുശേഷം ഇദ്ദേഹം ട്രിപ്പ് അഡ്വൈസറിൽ ഒരു സ്റ്റാർ റേറ്റിങ് മാത്രമാണ് നൽകിയത്. കൂടാതെ ഇവിടത്തെ ജീവനക്കാർ സൗഹൃദപരമല്ലെന്നും മാനേജർ വളരെ മോശമാണെന്നും കുറിച്ചു.
'ഒട്ടും സൗഹൃദപരമല്ലാത്ത ജീവനക്കാർ ഒരിക്കലും പുഞ്ചിരിക്കാറില്ല. ആരും ഹോട്ടലിലേക്ക് വരരുതെന്ന മനോഭാവത്തോടെയാണ് അവരുടെ പെരുമാറ്റം. റെസ്റ്റോറൻറ് മാനേജറായിരുന്നു ഏറ്റവും മോശം. അദ്ദേഹം ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ളയാളാണ്. അങ്ങേയറ്റം പരുഷമായിട്ടും ധിക്കാരപരമായിട്ടുമാണ് പെരുമാറ്റം. താമസത്തിനായി മറ്റൊരു സ്ഥലം കണ്ടെത്തുന്നതായിരിക്കും ഉചിതം" വെസ്ലി കുറിച്ചു.
എന്നാൽ, വെസ്ലി റെസ്റ്റോറൻറിലേക്ക് പുറത്തുനിന്ന് മദ്യം കൊണ്ടുവരികയും അതിന് കോർക്കേജ് ഫീസ് (പുറത്തുനിന്നുള്ള മദ്യം ഉപയോഗിക്കാനുള്ള തുക) ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലെന്നും റിസോർട്ടിൻെറ റൂം ഡിവിഷൻ മാനേജർ ടോം സ്റ്റോറപ്പ് പറയുന്നു. കൂടാതെ ജീവനക്കാരോട് മോശമായിട്ടാണ് പെരുമാറിയതെന്നും മാനേജർ ആരോപിച്ചു.
തായ്‌ലാൻഡിൽ മാനനഷ്ട കേസിൽ ജയിൽ വാസവും പിഴയുമാണ് ശിക്ഷ. ഇമിഗ്രേഷൻ പൊലീസ് അറസ്റ്റ് ചെയ്ത വെസ്ലിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.