പനാജി: ഗോവയിൽ മാസ്ക്കില്ലാതെ പുറത്തിറങ്ങി നടക്കുന്നവർക്ക് മുട്ടൻ പണിയുമായി അധികൃതർ. ഇത്തരക്കാരുടെ ഫോട്ടോയെടുത്ത് പിഴ ഈടാക്കാനാണ് തീരുമാനം. നിരവധി സഞ്ചാരികൾ മാസ്ക്കിലാെത പുറത്തിറങ്ങുകയും ഇത് ചോദ്യം ചെയ്യുന്ന അധികൃതരോട് തട്ടിക്കയറുന്നതായും പരാതിയുണ്ട്. ഇതിൻെറ അടിസ്ഥാനത്തിലാണ് പുതിയ നടപടി. പൊലീസാണ് ഇത്തരക്കാരുടെ ചിത്രങ്ങളെടുത്ത് പിഴ ഈടാക്കുക.
പനാജി മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ വിനോദസഞ്ചാരികളോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെടുമ്പോൾ ഇവർ അധിക്ഷേപിക്കുന്നത് പതിവാണ്. ഇത്തരക്കാരെ അനുസരണ പഠിപ്പിക്കാൻ ഇനി ഉദ്യോഗസ്ഥരോടൊപ്പം പൊലീസുമുണ്ടാകും.
'ആളുകൾ ഗോവ സന്ദർശിക്കണം. പക്ഷെ, അവർ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തെ വിലകറുച്ച് കാണരുത്. കോവിഡിൽനിന്ന് എല്ലാവരെയും സുരക്ഷിതമായി സംരക്ഷിക്കുക എന്നതാണ് മാസ്ക് ധരിക്കുന്നതിൻെറ ലക്ഷ്യം' -പനാജി മേയർ ഉദയ് മാദ്കയ്കർ പറഞ്ഞു.
മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ 200 രൂപയായി വർധിപ്പിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ലോക്ഡൗൺ പിൻവലിച്ചതോടെ ധാരാളം സഞ്ചാരികൾ ഇവിടേക്ക് വരുന്നുണ്ട്. ഇതിനാൽ തന്നെ ബീച്ചുകളിലടക്കം ജനങ്ങളെ അധികൃതർക്ക് നിയന്ത്രിക്കാനാവുന്നില്ല.
നേരത്തെ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിലും വഴിയരികിൽ ഭക്ഷണം പാകം ചെയ്യുന്നതിലും കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു. പുതിയ വിനോദ സഞ്ചാര നയത്തിൻെറ ഭാഗമായിട്ടായിരുന്നു തീരുമാനം. ഗോവയുടെ പ്രകൃതിഭംഗി സംരക്ഷിക്കാനാണ് പുതിയ വിനോദസഞ്ചാര നയത്തിൽ ഊന്നൽ നൽകുന്നത്.
ഗോവയിലെത്തുന്ന ബജറ്റ് യാത്രികരിൽ ഒരു വിഭാഗം വഴിയോരത്തിരുന്ന് ഭക്ഷണം പാകം ചെയ്യുന്നത് പതിവാണ്. ഈ പ്രവണതയെ എതിർത്തും അനുകൂലിച്ചും ഗോവയിലെ നിയമസഭ അംഗങ്ങൾ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.