കട്ടപ്പന: പുറംലോകം അറിയാത്ത പ്രകൃതിസൗന്ദര്യം തുളുമ്പുന്ന പല പ്രദേശങ്ങളും ഹൈറേഞ്ചിലുണ്ട്. അത്തരം ഒരു സ്ഥലമാണ് ഇരട്ടയാർ ചെമ്പകപ്പാറ മേഖലയിലെ അടയാളക്കല്ല്.
തമിഴ്നാട് അതിർത്തി പ്രദേശവും വിനോദസഞ്ചാര കേന്ദ്രവുമായ രാമക്കൽ മേടിനോട് തോന്നുന്ന സാദൃശ്യമാണ് അടയാളക്കല്ലിനെ ശ്രദ്ധേയമാക്കുന്നത്. ഇരട്ടയാറിൽനിന്ന് ചെമ്പകപ്പാറ റോഡിൽ കരടിയള്ളിൽനിന്നും കുത്തനെയുള്ള കയറ്റം കയറിയാൽ അടയാളപ്പാറ എത്താം. ഇരട്ടയാറിൽനിന്നും ആറ് കിലോമീറ്റർ മാത്രമാണ് ദൂരം.
കൊടും വളവുകൾ നിറഞ്ഞ ചെങ്കുത്തായ പാത ഒരുചുരം കയറിപ്പോകുന്ന പ്രതീതിയാണ് സഞ്ചാരികളിൽ തോന്നിക്കുക. കോടമഞ്ഞും കാറ്റും ഏറ്റ് മുകളിലെത്തിയാൽ താഴെ ഒഴുകിനീങ്ങുന്ന മേഘങ്ങൾ കാണാം. കാറ്റിൽ മേഘങ്ങൾ മാറുമ്പോൾ ഹൈറേഞ്ചിെൻറ വിവിധ സ്ഥലങ്ങളിൽ പച്ചവിരിച്ച് നിൽക്കുന്ന കൃഷിയിടങ്ങളും കുന്നിൻ ചരിവുകളിലെ ചെറു പട്ടണങ്ങളും കാണാം.
മൂന്നാർ ഗ്യാപ് റോഡ്, രാമക്കൽമേട് കാറ്റാടിപ്പാടം, കട്ടപ്പന നഗരം, പള്ളിവാസൽ ജല വൈദ്യുതി നിലയത്തിെൻറ രാത്രിക്കാഴ്ചയും സഞ്ചാരികൾക്ക് ദൃശ്യവിസ്മയം ഒരുക്കുന്നു. ചുരുക്കം വഴിയാത്രക്കാർക്കും നാട്ടുകാർക്കും അല്ലാതെ പുറത്തുനിന്നുള്ള സഞ്ചാരികൾക്ക് ഇന്നും അജ്ഞാതമാണ് ഈ പ്രദേശം.
കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ പ്രദേശത്ത് ഇരട്ടയാർ പഞ്ചായത്തിെൻറ നേതൃത്വത്തിൽ അടിസ്ഥാനസൗകര്യം ഒരുക്കി സഞ്ചാരികളെ ഇവിടേക്ക് എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം. പ്രകൃതി സൗന്ദര്യത്തിെൻറ കാര്യത്തിൽ ഹൈറേഞ്ചിലെ മറ്റു പ്രദേശങ്ങെളക്കാൾ മികച്ച പ്രദേശമാണ് അടയാളക്കല്ല്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.