മനോഹരമായ ഒരു ദ്വീപിൽ വീടോ സ്ഥലമോ സ്വന്തമാക്കുക എന്നത് ഏവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു ദ്വീപ് തന്നെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അതിലേറെ വലിയ സന്തോഷമെന്തുണ്ട്. അതും ലോകത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ. ഇത്തരമൊരു സ്വപ്നം കണ്ടുനടക്കുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. അറ്റ്ലാന്റിക് സമുദ്രത്തിലെ അതിമനോഹര രാജ്യമായ ബഹാമാസിലെ ഏറ്റവും വലിയ സ്വകാര്യ ദ്വീപ് വിൽപ്പനക്ക് വെച്ചിരിക്കുന്നു.
730 ഏക്കർ വരുന്ന ലിറ്റിൽ റാഗഡ് എന്നറിയപ്പെടുന്ന സെന്‍റ് ആൻഡ്രൂസ് ദ്വീപാണ് വാങ്ങാൻ കഴിയുക. 19.5 ദശലക്ഷം ഡോളറാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് 26ന് ലേലം നടക്കും. ലേലത്തിൽ പങ്കെടുക്കാൻ ഒരു ലക്ഷം ഡോളർ കെട്ടിവെക്കണം. ബഹാമാസിലെ പല ദ്വീപുകളും ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾ സ്വന്തമാക്കിയിട്ടുണ്ട്.
അടുത്തുള്ള ജനവാസ മേഖലയായ ഡങ്കൻസ് ടൗണിൽനിന്ന് 10 മിനിറ്റ് ബോട്ട് യാത്രയേ സെന്‍റ് ആൻഡ്രൂസ് ദ്വീപിലേക്കുള്ളൂ. കൂടാതെ ചെറുവിമാനങ്ങൾക്ക് വന്നിറങ്ങാൻ കഴിയുന്ന എയർസ്ട്രിപ്പും ഇവിടെയുണ്ട്. അമേരിക്കയിലെ മിയാമിയിൽനിന്ന് 372 മൈലും ബഹമാസിലെ തലസ്ഥാനമായ നസ്സാവിൽനിന്ന് 223 മൈലും ദൂരവുമുണ്ട് ഇവിടേക്ക്.
വലിയ കപ്പലുകൾക്ക് വരെ ഈ ദ്വീപിലേക്ക് എത്താനാകും. മത്സ്യബന്ധനം, സ്നോർക്കെലിങ് തുടങ്ങി സാഹസിക വിനോദങ്ങൾക്കും ഇവിടെ അവസരമുണ്ട്. സമുദ്രനിരപ്പിൽനിന്ന് 40 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുന്നാണ് മറ്റൊരു പ്രത്യേകത. ഇവിടെ നിന്നാൽ ദ്വീപിന്‍റെയും കടലിന്‍റെയുമെല്ലാം മനോഹാരിത ആസ്വദിക്കാനാകും. 700ലധികം ദ്വീപുകളാണ് ബഹാമാസിലുള്ളത്. യു.എസ്, ക്യൂബ, ഹിസ്പാനിയോള, കരീബിയൻ കടൽ തുടങ്ങിയവായണ് രാജ്യത്തിന്‍റെ അതിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.