ഇന്ത്യയിൽനിന്ന് കോവിഷീൽഡ് വാക്സിനെടുത്ത് വരുന്നവർക്ക് 10 ദിവസം ക്വാറന്‍റീൻ നിർബന്ധമാക്കിയ ബ്രിട്ടന്‍റെ നടപടി ചൂടേറിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഇതുണ്ടാക്കിയ വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല.
ഇതിനിടയിൽ കോവിഷീൽഡ് എടുത്തവർക്ക് യാത്രാനുമതി നൽകിയിരിക്കുകയാണ് യൂറോപ്യൻ രാജ്യമായ ഇറ്റലി. റോമിലെ ഇന്ത്യൻ എംബസിയാണ് വെള്ളിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്.
കോമിർനാറ്റി ഫൈസർ, മോഡേണ, വാക്‌സർവ്രിയ ആസ്ട്രാസെനെക്ക, ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനുകളാണ് ഇതുവരെ ഇറ്റലി അംഗീകരിച്ചിരുന്നത്. ഇപ്പോൾ കോവിഷീൽഡും ഈ പട്ടികയിൽ ഇടംനേടി.
ഇതോടെ പൂർണമായും പ്രതിരോധ കുത്തിവെപ്പ് എടുത്ത ഇന്ത്യക്കാർക്ക് ഇറ്റലിയിലേക്ക് യാത്ര സാധ്യമാകും. ഇവർക്ക് ഗ്രീൻ പാസിന് അർഹതയുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയയും ഇറ്റാലിയൻ മന്ത്രി റോബർട്ടോ സ്പെറാൻസയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് കോവിഷീൽഡ് അംഗീകരിച്ചത്.
ഇതോടെ കോവിഷീൽഡ് വാക്സിൻ അംഗീകരിച്ച യൂറോപ്യൻ രാജ്യങ്ങൾ 19 ആയി. ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്ലാൻഡ്, അയർലാൻഡ്, ലാത്വിയ, നെതർലാൻഡ്സ്, റൊമാനിയ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ് എന്നിവയാണ് കോവിഷീൽഡ് അംഗീകരിച്ച മറ്റ് യൂറോപ്യൻ രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.