മഞ്ഞുകാലത്ത് ഇന്ത്യയിൽ കാണേണ്ട സ്ഥലങ്ങൾ ഏതെന്ന് ചോദിച്ചാൽ എല്ലാവരുടേയും മനസിലേക്ക് ആദ്യമോടിയെത്തുക കാശ്മീരിലെ മഞ്ഞുമൂടി നിൽക്കുന്ന താഴ്വരകളും ദാൽ തടാകവും പഹൽഗാമുമൊക്കെയായിരിക്കും. എന്നാൽ ഇത്തവണ കാശ്മീരിൽ മഞ്ഞില്ല. സാധാരണ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കാശ്മീർ ഒട്ടൊകെ മഞ്ഞ് മൂടി കിടക്കും. കാശ്മീരിലെ ഈ ശൈത്യകാലംവിനോദസഞ്ചാര കേന്ദ്രങ്ങളെയൊക്കെ സാരമായി ബാധിച്ചിട്ടുണ്ട്. മഞ്ഞില്ലാത്തത് കാശ്മീർ ടൂറിസം മേഖലക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. ഇത് മൂലം നിരവധി വിനോദസഞ്ചാരികള്‍ കാശ്മീരിലേക്കുള്ള യാത്ര മാറ്റിവെച്ചതായി ടൂറിസം അധികൃതർ പറഞ്ഞു. മഞ്ഞുവീഴ്ചയുടെ അഭാവം ടൂറിസത്തെ മാത്രമല്ല കൃഷിയേയും ബാധിച്ചിട്ടുണ്ട്.
പഹൽഗാം, സോനാമാർഗ്, ഗുൽമാർഗ് തുടങ്ങിയ ഇടങ്ങളിലാണ് സഞ്ചാരികൾ കൂടുതലായും എത്തിയിരുന്നത്. ഇക്കുറി വിജനമാണ് ഈ സ്ഥലങ്ങളൊക്കെ. കണക്കുകൾ പ്രകാരം സാഹസിക വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 80 ശതമാനവും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 50 ശതമാനവും ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഗുല്‍മാര്‍ഗില്‍ 95,989 വിനോദ സഞ്ചാരികളെത്തിയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ വരവിൽ 50 ശതമാനമെങ്കിലും കുറവുണ്ടായതായി ഹോട്ടൽ ഉടമകൾ പറയുന്നു. ശ്രീനഗർ, ഗുൽമാർഗ്, പഹൽഗാം, സോനാമാർഗ് തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ ബുക്കിങ് റദ്ദാക്കലുകളുടെ നിരക്ക് വളരെ കൂടുതലാണ്.
കാശ്മീരിലും ലഡാക്കിലെ ചില സ്ഥലങ്ങളിലും താപനില സാധാരണയേക്കാൾ ഉയർന്ന നിലയിലാണ്. ഹിമാചൽ പ്രദേശിലെ ഷിംലയിലും മണാലിയിലും സമാനമായ സ്ഥിതിയാണ്. ഉത്തരാഖണ്ഡിലെ ഔലിയിലും ഇക്കുറി മഞ്ഞുവീഴ്ചയില്ല. ഹിമാലയൻ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ചയില്ലാത്ത സാഹചര്യം തുടർന്നാൽ നദികൾ വറ്റി സമീപത്തെ സമതലങ്ങളെ ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.