ഗൂഡല്ലൂർ: ഊട്ടിയെയും മസിനഗുഡിയെയും ബന്ധിപ്പിക്കുന്ന കല്ലട്ടി ചുരം വഴി തിങ്കളാഴ്ച മുതൽ എല്ലാ വാഹനങ്ങൾക്കും പ്രവേശനാനുമതി നൽകാൻ തുടങ്ങി. ഒരുവർഷത്തിലേറെയായി ചുരം യാത്രക്ക് നിരോധനമേർപ്പെടുത്തിയിരുന്നു.
ടൂറിസ്റ്റ് വാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നത് കണക്കിലെടുത്ത് മസിനഗുഡി പ്രദേശത്തെ വാഹനങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്. എല്ലാ വാഹനങ്ങൾക്കും അനുമതി നൽകണമെന്ന ആവശ്യം ൈഡ്രവർമാരും വ്യാപാരികളും സന്നദ്ധ സംഘടനകളും ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.
കലക്ടറുമായി കൂടിയാലോചിച്ചശേഷമാണ് തിങ്കളാഴ്ച മുതൽ നിബന്ധനകളോടെ എല്ലാ വാഹനങ്ങൾക്കും അനുമതി നൽകാൻ തീരുമാനിച്ചത്. ഇതോടെ ബൈക്കടക്കമുള്ള സഞ്ചാരികളുടെ വാഹനങ്ങൾക്കും ഇതുവഴി യാത്ര പോകാം.
ഗതാഗതം നിരോധിക്കുകയും ടൂറിസ്റ്റുകളുടെ വരവ് കുറയുകയും ചെയ്തതോടെ മസിനഗുഡിയിലെ വ്യാപാര, ടൂറിസം മേഖല പ്രതിസന്ധി നേരിടുകയായിരുന്നു. ടൂറിസ്റ്റ് വാഹനങ്ങൾക്ക് ചുരമിറങ്ങാൻ അനുമതി നൽകുന്നതോടെ ഊട്ടിയിൽനിന്ന് മുതുമലയിലേക്കും കർണാടകയിലേക്കുമെല്ലാം എളുപ്പത്തിൽ യാത്ര പോകാനാകും.
അപകടം നിറഞ്ഞതാണെങ്കിലും ഏറെ മനോഹരമാണ് ഈ പാത. നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളും ഈ പാതയിലുണ്ട്. കല്ലട്ടി വെള്ളച്ചാട്ടമാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. കാട്ടുപോത്ത്, മാൻ, കരടി, വിവിധതരം പക്ഷികൾ എന്നിവയെല്ലാം വെള്ളച്ചാട്ടത്തിന് സമീപം കാണാം. അൽപ്പം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് കല്ലട്ടിക്ക് സമീപത്തെ ഷോളഡയിൽ മലമുകളിലെ ശ്രീ രാമർ ക്ഷേത്രത്തിലേക്കും നടന്നുപോകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.