കോവിഡ് വരുത്തിവെച്ച പ്രതിസന്ധികളെയെല്ലാം മറികടന്ന് ഈ ശൈത്യകാലത്ത് സഞ്ചാരികളെ വീണ്ടും വരവേൽക്കാനുള്ള തയാറെടുപ്പിലാണ് തായ്‌ലാൻഡ്. അതിെൻറ ഭാഗമായി നിരവധി പദ്ധതികളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. പുതുതായി പ്രഖ്യാപിച്ച 60, 90 ദിവസത്തെ ടൂറിസ്റ്റ് വിസകൾ ഇതിൽ ചിലത് മാത്രം.
ലോകത്തിലെ എല്ലാ രാജ്യങ്ങളിലുള്ളവരുടെയും പ്രിയപ്പെട്ട ഇടം കൂടിയാണ് തായ്‌ലാൻഡ്. ഏതൊരു സഞ്ചാരിയുടെയും ആഗ്രഹങ്ങൾ പൂർത്തീകരിക്കാനുള്ള മാർഗങ്ങൾ ഇവിടെ തയാറാണ്. അത്തരത്തിലൊന്നാണ് മിഡിൽ ഈസ്റ്റ് പോലുള്ള മുസ്‌ലിം രാജ്യങ്ങളിൽനിന്ന് വരുന്ന ടൂറിസ്റ്റുകൾക്ക് നൽകുന്ന സൗകര്യങ്ങൾ. തായ്‌ലാൻഡ് മുസ്‌ലിം ഫ്രണ്ട്‌ലി എന്ന ആപ്പ് ഇത്തരം യാത്രികർക്ക് ഏറെ ഉപകാരപ്പെടും. അതിെൻറ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ടൂറിസം അതോറിറ്റി ഓഫ് തായ്‌ലാൻഡ്.
രാജ്യത്തെത്തുന്ന മുസ്‌ലിം യാത്രികർക്ക് കൂടുതൽ സഹായമാകുന്നതാണ് ഈ ആപ്പ്. ഹലാൽ ഭക്ഷണം വിളമ്പുന്ന 110 റെസ്റ്റോറൻറുകൾ, 70 പള്ളികൾ, 75 ഹോട്ടലുകൾ, 10 ആരോഗ്യ കേന്ദ്രങ്ങൾ, 19 വിദ്യാഭ്യാസ കേന്ദ്രങ്ങൾ, 20 ഷോപ്പിംഗ് സ്ഥലങ്ങൾ, 17 യാത്രാ ലക്ഷ്യസ്ഥാനങ്ങൾ, അഞ്ച് വിഡിയോ വിവരണങ്ങൾ എന്നിവയെല്ലാം പുതുതായി ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഐ.ഒ.എസ്, ആൻഡ്രോയിഡ് എന്നിവയിൽ ഈ ആപ്പ് ലഭ്യമാണ്. മുസ്‌ലിം യാത്രികർക്ക് പ്രാർഥന കേന്ദ്രങ്ങളും സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളും കണ്ടെത്താൻ സഹായിക്കുന്ന ഓൺലൈൻ, ഓഫ്‌ലൈൻ ഗൈഡ്ബുക്കാണ് ഈ ആപ്പ്.
'2019ൽ മിഡിൽ ഈസ്റ്റിൽനിന്ന് 550,000 സന്ദർശകരാണ് രാജ്യത്തെത്തിയത്. തായ്‌ലാൻഡ് മുസ്‌ലിം ഫ്രണ്ട്‌ലി ആപ്പിെൻറ പുതിയ പതിപ്പ് അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ടൂറിസത്തിനായി ഞങ്ങളുടെ അതിർത്തികൾ വീണ്ടും തുറക്കാൻ തയാറെടുക്കുമ്പോൾ, മിഡിൽ ഈസ്റ്റിൽ നിന്നുള്ള മുസ്‌ലിം സന്ദർശകർക്ക് ഹലാൽ ടൂറിസത്തിലധിഷ്ഠിതമായ സൗകര്യങ്ങൾ നൽകാൻ കഴിയുമെന്ന് ഞങ്ങൾ ഉറപ്പുവരുത്തുകയാണ്' -തായ്‌ലാൻഡ് ടൂറിസം അധികൃതർ വ്യക്താമക്കുന്നു.
2015ൽ നടന്ന തായ്‌ലാൻഡ് ട്രാവൽ മാർട്ടിലാണ് തായ്‌ലാൻഡ് മുസ്‌ലിം ഫ്രണ്ട്‌ലി ആപ്പ് പുറത്തിറക്കുന്നത്. തായ്‌ലൻഡിനെ ഒരു മുസ്‌ലിം സൗഹൃദ ഡെസ്റ്റിഷേനാക്കി മാറ്റുക എന്നതായിരുന്നു ഇതിെൻറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.