കൊച്ചി: കേരളത്തില്‍ വിനോദസഞ്ചാര സീസണ് തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞവർഷം 45,000 കോടിയുടെ വരുമാനം നേടിത്തന്ന ടൂറിസം മേഖല കഴിഞ്ഞ മാര്‍ച്ച് മുതല്‍ സ്തംഭനാവസ്ഥയിലാണ്. അനുബന്ധമേഖലകളിലെ ആയിരങ്ങൾ തൊഴിൽ രഹിതരായി.
മറ്റ് പല മേഖലകള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും ടൂറിസം മേഖലക്ക് കാര്യമായ ഇളവുകൾ അനുവദിച്ചിട്ടില്ല. സർക്കാർ അനുവദിച്ചാൽ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കി വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കാൻ സജ്ജമാണെന്ന് ടൂറിസം വകുപ്പ് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു.
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ടൂറിസം മേഖലക്ക് സംസ്ഥാന സര്‍ക്കാര്‍ 445 കോടി അനുവദിക്കുകയും ചെയ്തു. മറ്റ് പല സംസ്ഥാനങ്ങളും ടൂറിസത്തിന് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. രാജസ്ഥാന് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് വിപുല സുരക്ഷ-ശുചിത്വ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സീസണ് ആരംഭിക്കാനിരിക്കെ വിനോദസഞ്ചാര മേഖലയില്‍ ഇളവുകൾ അനുവദിക്കേണ്ടത് പതിനായിരങ്ങളുടെ ഉപജീവനത്തിന് അനിവാര്യമാണെന്ന് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംസ്ഥാന കൗണ്‍സില്‍ ടൂറിസം കമ്മിറ്റി കണ്‍വീനര്‍ യു.സി. റിയാസ് പറഞ്ഞു.
സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങൾ പൂർണമായി പാലിച്ച് ടൂറിസം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സംരംഭകര്‍ സജ്ജരാണെന്ന് കാണിച്ച് ടൂറിസം മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഫിക്കി നിവേദനം നൽകിയതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.