തൃക്കരിപ്പൂർ: സൈക്ലിങ്ങിൽ കഴിഞ്ഞവർഷം 10,000 കിലോമീറ്റർ പിന്നിട്ടത് ജില്ലയിൽനിന്നുള്ള രണ്ടുപേർ. തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് അംഗങ്ങളായ അരുൺ നാരായണൻ, ടി.എം.സി. ഇബ്രാഹിം എന്നിവരാണ് നേട്ടം കൈവരിച്ചത്. ഒരുവർഷം 12500 കിലോമീറ്ററാണ് ഇബ്രാഹിം സൈക്കിളിൽ പിന്നിട്ട ദൂരം.
ഇതിന് 300 ഓളം റൈഡുകൾ വേണ്ടിവന്നു. ഒരുദിവസത്തെ ശരാശരി 34 കിലോമീറ്ററാണ്. മൃഗസംരക്ഷണവകുപ്പിൽ ഫീൽഡ് ഓഫിസറായ ഇബ്രാഹിം റൈഡുകൾക്കിടെ താണ്ടിയ ഉയരം 42,000 മീറ്ററാണ്. തൃക്കരിപ്പൂർ ടൗണിൽ ഫോട്ടോഗ്രാഫറായ അരുൺ നാരായണൻ 600 മണിക്കൂർ റൈഡിലാണ് പതിനായിരം കിലോമീറ്റർ പിന്നിട്ടത്. ശരാശരി 30 കിലോമീറ്ററാണ് അരുൺ ദിവസവും വ്യായാമത്തിനായി സൈക്കിളിൽ സഞ്ചരിക്കുന്നത്. അവധി ദിവസങ്ങളിൽ നൂറുകിലോമീറ്ററിൽ ഏറെയാവും യാത്രകൾ. 25000 മീറ്ററാണ് അരുൺ താണ്ടിയ കയറ്റം.
കോവിഡ് കാലത്താണ് ജില്ലയിൽ സ്പോർട്സ് സൈക്ലിങ്ങിന് പ്രചാരമേറിയത്. ഒട്ടേറെ പ്രാദേശിക ക്ലബുകളും വൈകാതെ പിറവിയെടുത്തു. എന്നാൽ, ആവേശം ചോരാതെ കാത്തത് ചുരുക്കം ക്ലബുകൾ മാത്രമാണ്. പരിസ്ഥിതി സംരക്ഷണം, ഹെൽമെറ്റ് ബോധവത്കരണം, ലഹരിവിരുദ്ധ റാലികൾ തുടങ്ങിയവയിൽ സൈക്ലിസ്റ്റുകൾ സജീവമായി പങ്കെടുക്കുന്നു.
യാത്രക്കായി സൈക്കിൾ തിരഞ്ഞെടുക്കുന്ന ഒരാൾ 100 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ 22 കിലോഗ്രാം കാർബൺഡയോക്സൈഡ് ലാഭിക്കുന്നു എന്നാണ് കണക്ക്. ദേശാന്തരതലത്തിൽ റൈഡുകൾ നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമായി ഉപയോഗിക്കുന്ന സ്ട്രാവ ആപ്ലിക്കേഷൻ വഴിയാണ് ഇത്തരം വിവരങ്ങൾ ലഭ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.