പത്തനംതിട്ട: കനത്ത മഴയും മണ്ണിടിച്ചിലും റോഡ് തകർച്ചയും മൂലം അടച്ചിട്ടിരുന്ന ഗവി ടൂറിസം മേഖല തിങ്കളാഴ്ച മുതൽ സഞ്ചാരികൾക്കായി തുറന്നുനൽകും. ഓൺലൈനായി ബുക്ക് ചെയ്യുന്ന 30 സ്വകാര്യ വാഹനങ്ങൾക്ക് വനംവകുപ്പ് അനുമതി നൽകും. ആങ്ങമൂഴി കിളിയറിഞ്ഞാംകല്ല് ചെക്ക്പോസ്റ്റ് വഴിയാണ് ഗവിയിലേക്ക് പ്രവേശിക്കുക. 80 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ച് ഇടുക്കി ജില്ലയിലെ വള്ളക്കടവ് ചെക്ക്പോസ്റ്റിൽ എത്തും. ഇതിനിടെ ഗവിയിൽ വിശ്രമ-വിനോദ സൗകര്യങ്ങളുണ്ട്. വള്ളക്കടവിൽ എത്തുന്ന സഞ്ചാരികളെ വനംവകുപ്പ് വാഹനത്തിൽ പാക്കേജായിട്ടാണ് ഗവിയിലേക്ക് കൊണ്ടുപോവുക. പത്തനംതിട്ടയിൽനിന്ന് രാവിലെ കെ.എസ്.ആർ.ടി.സി രണ്ട് സർവിസുകളും ഗവി വഴി കുമളിക്ക് നടത്തുന്നുണ്ട്.
ശക്തമായ മഴയിൽ അരണമുടി മേഖലയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ആഗസ്റ്റ് 23മുതലാണ് ഗവി അടച്ചത്. ആഴ്ചകളോളം ഗതാഗതം നിലച്ചിരുന്നു. സ്വകാര്യ വാഹനങ്ങൾ തടഞ്ഞിരുന്നെങ്കിലും കെ.എസ്.ആർ.ടി.സി രണ്ട് ബസുകൾ ഓടിച്ചിരുന്നു. വാഹനങ്ങൾ കടത്തിവിടുന്നതിന് മുന്നോടിയായി വനംവകുപ്പ് ഉദ്യോഗസ്ഥർ അരണമുടിയിൽ സംരക്ഷണ വേലി പുനഃസ്ഥാപിച്ചു. ഇതിനിടെ വലിയ താഴ്ചയുള്ളതും മഴക്കാലത്ത് അപകടസാധ്യത ഏറെയുള്ളതുമായ അരണമുടിയിൽ സ്ഥിരമായി സംരക്ഷണവേലി നിർമിക്കാനുള്ള തീരുമാനം നീളുകയാണ്. മണ്ണിടിഞ്ഞ സ്ഥലത്ത് അവശേഷിക്കുന്ന പാറയുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക തുടരുകയാണ്. ഈ പ്രദേശത്ത് കൂറ്റൻ പാറ തെളിഞ്ഞുകാണാം. വീണ്ടും മണ്ണിടിഞ്ഞാൽ ഈ പാറയും നിലംപൊത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മണ്ണിടിഞ്ഞ സ്ഥലത്ത് 500അടിയിൽ കുറയാതെ താഴ്ചവരും. റോഡിെൻറ തിട്ടക്കും ബലംകുറവാണ്. മഴക്കാലത്ത് വളരെ സൂക്ഷ്മതതോടെ വേണം ഇതുവഴി വാഹനങ്ങൾ ഓടിക്കാൻ. ആദ്യം മണ്ണിടിഞ്ഞ സമയത്ത് ഇവ നീക്കിയശേഷം മരക്കമ്പുകൾ ഉപയോഗിച്ച് താൽക്കാലിക വേലി കെട്ടിയിരുന്നു. എന്നാൽ, വീണ്ടും മണ്ണിടിഞ്ഞപ്പോൾ വേലി തകർന്നിരുന്നു. സ്ഥലത്തിെൻറ സുരക്ഷ സംബന്ധിച്ച് മരാമത്ത് വനംവകുപ്പ് അധികൃതരുടെ സംയുക്ത പരിശോധന നടന്നിട്ടില്ല. ഇതിനിടെ ദുരന്തനിവാരണ അതോറിറ്റി അധികൃതർ പ്രദേശം സന്ദർശിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.