അതിരപ്പിള്ളി: മലക്കപ്പാറയിലേക്ക് യാത്ര തടഞ്ഞതിൽ വിനോദ സഞ്ചാരികൾക്ക് പ്രതിഷേധം. മലപ്പുറത്തുനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ മലക്കപ്പാറയിലേക്ക് എത്തിയ 46 വിനോദ സഞ്ചാരികളെയാണ് തിങ്കളാഴ്ച വനം വകുപ്പ് അതിരപ്പിള്ളിയിൽ തടഞ്ഞത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി ടൂറിസം മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഇവരെ തടഞ്ഞത്.
കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക വിനോദ സഞ്ചാര പാക്കേജിെൻറ ഭാഗമായി രണ്ടാഴ്ച മുമ്പ് മലക്കപ്പാറ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ഇവർ. മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽനിന്ന് രാവിലെ പുറപ്പെടുന്ന സമയത്ത് ഇവരെ വിവരം അറിയിച്ചിരുന്നില്ല.
തുടർന്ന് ഇവർ തൃശൂർ, ചാലക്കുടി ഡിപ്പോകളിലേക്ക് എത്തിയപ്പോഴും മലക്കപ്പാറ യാത്രക്ക് തടസ്സമുള്ള കാര്യം അധികൃതർ അറിയിച്ചില്ല. എന്നാൽ, മലപ്പുറത്തുനിന്ന് ഏറെ ദൂരം പിന്നിട്ട് അതിരപ്പിള്ളിയിൽ എത്തിയപ്പോൾ വനം വകുപ്പ് വാഹനം തടഞ്ഞിടുകയായിരുന്നു.
ഇതോടെ ഇവർ നിരാശരായി തിരിച്ചു പോവുകയായിരുന്നു. കെ.എസ്.ആർ.ടി.സിയിൽ ഈ വിഭാഗം കൈകാര്യം ചെയ്യുന്നവരുടെ അനാസ്ഥ മൂലമാണ് യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.