മൂന്നാർ: വിനോദസഞ്ചാര സീസൺ എത്തിയതോടെ മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പരിഷ്കരണം നടപ്പാക്കി. അനധികൃത സ്റ്റാൻഡുകൾ ഒഴിപ്പിച്ചും നീയമവിരുദ്ധ പാർക്കിങ് നിരോധിച്ചുമാണ് സൗകര്യം ഒരുക്കുന്നത്. ടൗണിലുടനീളം അലസമായി പാർക്കുചെയ്യുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ഹോർട്ടികോർപ്പിെൻറ പച്ചക്കറി വിൽപന ശാല, പഞ്ചായത്ത് ഓഫിസ് റോഡ്, പച്ചക്കറി മാർക്കറ്റ് എന്നിവിടങ്ങളിൽ ഇനിമുതൽ ഒരു വാഹനങ്ങളും പാർക്കുചെയ്യാൻ അനുവദിക്കില്ല.
നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ ഓട്ടോ, ടാക്സി വാഹനങ്ങൾ സ്റ്റാൻഡായി ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. അംഗീകൃത മേഖലയിൽ മാത്രം ടാക്സികൾ പാർക്ക് ചെയ്യണം. രാജമലയിലേക്കുള്ള പ്രവേശന കവാടമായ അഞ്ചാം മൈലിൽ റോഡരികിൽ വാഹനം പാർക്ക് ചെയ്താൽ പിഴ ഈടാക്കും. സഞ്ചാരികളുടെ വാഹനങ്ങൾ വനം വകുപ്പിെൻറ പാർക്കിങ് മേഖലയിൽ മാത്രം ഇടാം. മറ്റ് വാഹനങ്ങൾക്ക് അനുമതിയില്ല.
മാട്ടുപ്പെട്ടി റോഡിൽ ഫോട്ടോ പോയൻറ്, എക്കോ പോയൻറ് എന്നിവിടങ്ങളിൽ റോഡിെൻറ ഒരുവശത്ത് മാത്രം പാർക്കിങ് അനുവദിക്കും. ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലെ പാർക്കിങ്ങും നിരോധിച്ചു. തണുപ്പ് കാലമെത്തിയതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് കൂടുന്നതോടെ അനധികൃത പാർക്കിങ്ങും പ്രതിസന്ധി സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് കർശന നടപടികളെന്ന് പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ അറിയിച്ചു. പൊലീസ്, മോട്ടോർവാഹന വകുപ്പ്, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ നേതൃത്വത്തിൽ ട്രാഫിക് പരിഷ്കരണ നടപടി നിരീക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.