തൊടുപുഴ: ദീപാവലിയോടനുബന്ധിച്ച് കിട്ടിയ രണ്ട് അവധികൾ ആഘോഷമാക്കാൻ സഞ്ചാരികൾ എത്തിയതോടെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും റിസോർട്ടുകളും നിറഞ്ഞു.
മൂന്നാറും തേക്കടിയും രാമക്കൽമേടും വാഗമണ്ണുമടക്കമുള്ള കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നാല്പതിനായിരത്തിലേറെ പേരാണ് രണ്ട് ദിവസങ്ങളിൽ ഡി.ടി.പി.സിയുടെ കേന്ദ്രങ്ങൾ മാത്രം സന്ദർശിച്ചത്. ശനിയാഴ്ചയാണ് കൂടുതൽ പേരെത്തിയത് -20,514. മലയാളികൾക്ക് പുറമെ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ളവരും ഇടുക്കിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തി.
മൂന്നാർ, വാഗമൺ, തേക്കടി എന്നിവിടങ്ങളിൽ വിരലിലെണ്ണാവുന്ന ഹോട്ടലുകളും റിസോർട്ടുകളും മാത്രമാണ് ഒഴിവുണ്ടായിരുന്നത്. ചില്ലുപാലം വന്നതോടെ അവധി ദിവസങ്ങളിലെല്ലാം വാഗമൺ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞുകവിയുകയാണ്. ദീപാവലി അവധിക്കും കൂടുതൽ സഞ്ചാരികളെത്തിയത് വാഗമണ്ണിലാണ്. ശനിയാഴ്ച 6756ഉം ഞായറാഴ്ച 5043 പേരുമാണ് മൊട്ടക്കുന്നിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയത്.
അഡ്വഞ്ചറിൽ പാർക്കിലും തിരക്കുണ്ട്. ശനിയാഴ്ച 7659ഉം ഞായറാഴ്ച 6806 പേരുമാണെത്തിയത്. വാഗമണ്ണിൽ എത്തുന്നവരിലേറെയും പാഞ്ചാലമേട്ടിലും പോകാറുണ്ട്. മൂവായിരത്തോളം സഞ്ചാരികളാണ് രണ്ടുദിവസങ്ങളിലായി പാഞ്ചാലമേട്ടിലെത്തിയത്. അടിമാലി- മൂന്നാർ റോഡ്, കുമളി-തേക്കടി റോഡ്, കോട്ടയം-വാഗമൺ റോഡ് എന്നിവിടങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
എന്നാൽ, ഉച്ചക്കുശേഷമെത്തിയ ഇടിയോടുകൂടിയ മഴ സഞ്ചാരികളെ വലച്ചെങ്കിലും വിനോദകേന്ദ്രങ്ങളിലെ ഉണർവ് അനുബന്ധ മേഖലകളും പ്രതീക്ഷയോടെയാണ് കാണുന്നത്. ദീപാവലി ദിനത്തിലാണ് ടൂറിസം കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടത്. മാട്ടുപ്പെട്ടി -580, രാമക്കൽമേട് -2285, അരുവിക്കുഴി -247, എസ്.എൻ പുരം -1151, വാഗമൺ മൊട്ടക്കുന്ന് -5043, വാഗമൺ പാർക്ക് -6806, പാഞ്ചാലിമേട് -1428, ഇടുക്കി ഹിൽവ്യൂ പാർക്ക് -622, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ - 1778 എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിയ സഞ്ചാരികളുടെ എണ്ണം.
മൂന്നാർ: രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമെന്ന ഖ്യാതിയുണ്ടെങ്കിലും മൂന്നാർ പട്ടണത്തിൽ സഞ്ചാരികളെ വരവേൽക്കുന്നത് കീറച്ചാക്കും നീലപ്പടതയും. പാതയോരങ്ങളിലെ വഴിവാണിഭക്കാരുടെ വിൽപന ഷെഡുകളാണ് സഞ്ചാരികൾക്ക് അരോചകമാകുന്നത്.
പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം മുതൽ ടൗൺ വരെയും മറയൂർ, മാട്ടുപ്പെട്ടി റോഡുകളിലും ഇത്തരത്തിൽ ഒട്ടേറെ ഷെഡുകളുണ്ട്. നടപ്പാതകളും പാതയോരങ്ങളും പടുത ഷെഡുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ചർച്ചിൽ പാലത്തിന്റെ ഇരുപ്രവേശന കവാടവും പച്ചക്കറിച്ചന്തയുടെ എതിർവശത്തെ നടപ്പാതയും കാൽനട അസാധ്യമാകുംവിധം വഴിവാണിഭക്കാർ കൈയടക്കിയിരിക്കുന്നു.
പച്ചക്കറിച്ചന്തക്ക് മുന്നിൽ റോഡിന് വീതി കുറവാണ്. ഇത് വഴിവാണിഭക്കാർ കൈയടക്കിയതോടെ ജീവൻ കൈയിലെടുത്താണ് ഇതിലൂടെ നടക്കുന്നത്. കച്ചവടക്കാർ പച്ചക്കറി സൂക്ഷിക്കുന്നതും നടപ്പാതയിലാണ്.
മൊട്ടക്കുന്നുകളും തേയിലത്തോട്ടങ്ങളും പുൽമേടുകളും മൂന്നാറിനെ ഹരിതാഭമാക്കുന്നുണ്ടെങ്കിലും ടൗണിലെ പടുത ഷെഡുകൾ ആ മനോഹാരിതയുടെ മാറ്റ് കുറക്കുന്നു. നടപ്പാതകളും പാതയോരങ്ങളും കൈയേറിയുള്ള ഷെഡുകെട്ടലും വഴിവാണിഭവും തടയാൻ പഞ്ചായത്തും കർശന നടപടി സ്വീകരിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.