ഗോവയിലേക്ക് മംഗളൂരുവിൽനിന്ന് വന്ദേഭാരത്; യാത്രാസമയം നാലര മണിക്കൂർ, ഉദ്ഘാടനം 30ന്

മംഗളൂരു: കാത്തിരിപ്പിന് വിരാമമിട്ട് മംഗളൂരുവിൽ നിന്ന് ഗോവയിലേക്കും തിരിച്ചുമുള്ള വന്ദേ ഭാരത് ട്രെയിൻ സർവിസ് ഈ മാസം 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. അന്ന് രാജ്യത്ത് വിവിധയിടങ്ങളിലായി ആറ് വന്ദേ ഭാരത് ട്രെയിൻ സർവിസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമാണിത്.

മംഗളൂരു സെൻട്രലിനും ഗോവയിലെ മഡ്ഗാവിനും ഇടയിലായിരിക്കും ട്രെയിൻ സർവിസ് നടത്തുക. മംഗളൂരുവിൽ നിന്നുള്ള ആദ്യ വന്ദേഭാരത് എക്‌സ്പ്രസാണിത്.

സർവിസ് സമയക്രമം പുറത്തുവന്നിട്ടില്ലെങ്കിലും മംഗളൂരു സെൻട്രലിൽ നിന്ന് രാവിലെ 8.30ന് പുറപ്പെട്ട് ഉച്ച 1.05 ന് മഡ്ഗാവിൽ എത്തിച്ചേരുന്ന രീതിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. മടക്കയാത്ര മഡ്ഗാവിൽ നിന്ന് വൈകുന്നേരം 6.10ന് പുറപ്പെട്ട് രാത്രി 10.45ന് മംഗളൂരു സെൻട്രലിൽ എത്തിയേക്കും. ഉഡുപ്പിയിലും കാർവാറിലും സ്റ്റോപ് ഉണ്ടാവും. ചൊവ്വ ഒഴികെ ആഴ്ചയിൽ ആറ് ദിവസമാവും സർവിസ്.

മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് മഡ്ഗാവിലേക്ക് 320 കിലോമീറ്റർ ദൂരമുണ്ട്. നാലര മണിക്കൂറാണ് വന്ദേ ഭാരത് ഈ ദൂരം താണ്ടാനെടുക്കുക.

മംഗളൂരു സെൻട്രലിൽ പുതുതായി നിർമിച്ച രണ്ട് അധിക പ്ലാറ്റ്‌ഫോമുകളും ഇതേസമയം ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ദക്ഷിണ കന്നട എംപി നളിൻ കുമാർ കട്ടീൽ സെപ്റ്റംബർ 22ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ മംഗളൂരു-മഡ്ഗാവ്, മംഗളൂരു-തിരുവനന്തപുരം, മംഗളൂരു-ബംഗളൂരു എന്നീ വന്ദേഭാരത് സർവിസുകൾക്കായി ആവശ്യം ഉന്നയിച്ചിരുന്നു.

സുബ്രഹ്മണ്യ റോഡ് സ്റ്റേഷനും സകലേഷ്പൂർ സ്റ്റേഷനും ഇടയിലുള്ള വൈദ്യുതീകരണം പൂർത്തിയാകുന്ന മുറക്ക് ബംഗളൂരു സർവിസ് അനുവദിക്കാൻ സാധ്യതയുണ്ട്. മംഗളൂരു-മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിന് മംഗളൂരു സെൻട്രലിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ പാലക്കാട് ഡിവിഷൻ വിപുലമായ ഒരുക്കങ്ങൾ നടത്തിയതായി ഡിവിഷണൽ റെയിൽവേ മാനജർ അരുൺ കുമാർ ചതുർവേദി അറിയിച്ചു.

Tags:    
News Summary - Vande Bharat Express train service from Mangalore to Goa to start 30th dec

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.