അവധിദിവസങ്ങളിൽ കാറുമെടുത്ത് കൂട്ടുകാർക്കും കുടുംബങ്ങൾക്കുമൊപ്പം അയൽ രാജ്യങ്ങളിലേക്കുള്ള യാത്ര ഗൾഫിലെ പ്രവാസികൾക്കിടയിൽ പുതുമയുള്ള കാര്യമല്ല. എന്നാൽ, തൃശൂർ സ്വദേശികളും കൂട്ടുകാരുമായ ചാവക്കാട്ടുകാരൻ സിയാദും കൈപ്പമംഗലംകാരൻ ഷാഫി മോനും പുറപ്പെട്ടത് ആരും പരീക്ഷിക്കാത്തൊരു യാത്രക്കാണ്. ഈ യാത്ര ഇവർ നേടിയെടുത്തതാവട്ടെ ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും അടക്കം രണ്ട് റെക്കോർഡുകളും. 24 മണിക്കൂറിനുള്ളിൽ ജി.സി.സിയിലെ ആറു രാജ്യങ്ങളും കടന്ന് ലക്ഷ്യസ്ഥാനത്തെത്തുന്ന അപൂർവമായൊരു യാത്ര. സമയസൂചികയിൽ ഒക്ടോബർ 19 വ്യാഴാഴ്ച കുവൈത്തിലെ പ്രശസ്തമായ കുവൈത്ത് ടവറിന് അരികിൽനിന്ന് തുടങ്ങി നുവൈസിബ് അതിർത്തി കടന്ന് സൗദിയുടെ മണ്ണിലൂടെ ഓടി, ദമ്മാം അൽ ഇത്ര ടവർ സന്ദർശിച്ച ശേഷം അൽഖോബാർ വഴി നേരെ ബഹ്റൈനിലേക്ക്. ലോകാത്ഭുതമായ കിങ് ഫഹദ് കോസ്വേയും കടന്ന് ബഹ്റൈനിലെ ഗ്രാൻഡ് മോസ്ക്കിലെത്തിയ ശേഷം തിരികെ വീണ്ടും സൗദിയുടെ മണ്ണിൽ. അറേബ്യൻ ഉൾക്കടൽ തീരത്തെ റോഡുകളിലൂടെ വിജനമായ മരുഭൂ പാതകളും മണൽക്കാടുകളും കടന്ന് നീണ്ടുകിടക്കുന്ന റോഡിലൂടെ വീണ്ടും യാത്ര. സൗദിയുടെ അതിർത്തി നഗരങ്ങൾ കടന്ന് സൽവ വഴി അബൂ സംറയും കടന്ന് ഖത്തറിന്റെ മണ്ണിൽ ഉച്ചക്കു മുമ്പായി പ്രവേശിച്ചു. ശേഷം, ദോഹ കോർണിഷിലെത്തി ഖത്തറിന്റെ ചരിത്രമുദ്രകൾക്ക് സാക്ഷ്യംവഴിച്ച അതേ വേഗത്തിൽ അതിർത്തി കടന്ന് അടുത്ത ലക്ഷ്യസ്ഥാനമായ യു.എ.ഇയിലേക്ക്.
അബൂദബിയിലൂടെ ഷാർജ മോസ്കും സന്ദർശിച്ച ശേഷം അടുത്ത ലക്ഷ്യസ്ഥാനമായ ഷാം കടന്ന് റാസ് അൽ ദഹ്റം അതിർത്തി വഴി യു.എ.ഇയുടെ തെക്കുഭാഗത്തായി വേറിട്ടുനിൽക്കുന്ന ഒമാന്റെ ഭാഗമായ മുസന്ദമിലേക്ക്. കടലും മലകളും ചുരങ്ങളുമായി ഏറെ മനോഹരമായ പ്രകൃതി കാഴ്ചയൊരുക്കുന്ന മുസന്ദമിൽ പ്രവേശിച്ചതോടെ സാഹസം നിറഞ്ഞ തങ്ങളുടെ ‘ഓൾ ജി.സി.സി ഡ്രൈവ്’ അവസാനിപ്പിച്ചു. ജി.സി.സിയിൽ കുവൈത്തിലും യു.എ.ഇയിലടക്കം റെസിഡന്റ് വിസയുള്ള ആർക്കിടെക്ചറൽ ഫോട്ടോഗ്രാഫറായ ഷാഫിമോൻ യു.എ.ഇയിൽ സംരഭകനായ സിയാദിനെ കൂടെ കൂട്ടിയപ്പോൾ പിന്നെ ഇവർക്ക് ആവശ്യം വന്നത് സൗദി അറേബ്യയുടെ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസയാണ്.
ബഹ്റൈൻ ഇവർക്ക് ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ചപ്പോൾ ഖത്തർ സ്വീകരിച്ചത് ഹയ്യ വിസ നൽകിയാണ്. ഒമാൻ വിസ ബോർഡറിൽ നിന്നാണ് ലഭിച്ചത്. 2008 മോഡൽ ടൊയോട്ട ഫോർച്ച്യൂണറിൽ തുടങ്ങിയ യാത്ര അവസാനിപ്പിക്കുമ്പോൾ 1763 കിലോമീറ്റർ പിന്നിട്ടിരുന്നു. ഇങ്ങനെയൊരു യാത്ര ഇത് വരെ ആരും ചെയ്തതായി രേഖകൾ ഇല്ല എന്നതും ഈ യാത്രയുടെ പുതുമയാണ്. ഓരോ രാജ്യത്തെ വിസയും വാഹനത്തിന്റെ ഇൻഷൂറൻസടക്കം ഇവർക്ക് ഏകദേശം നാലായിരത്തോളം ദിർഹം ആണ് ഈ യാത്രക്കായി ആകെ ചിലവ് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.