തൊടുപുഴ: മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനിൽ നടന്ന പക്ഷി സർവേയിൽ 174 ഇനം പക്ഷികളെ രേഖപ്പെടുത്തി. സമുദ്രനിരപ്പില്‍നിന്ന് 150 അടി മുതല്‍ 7000 അടിവരെയുള്ള പ്രദേശങ്ങളിലെ വനങ്ങള്‍, പുല്‍മേടുകള്‍, ചോലക്കാടുകള്‍ തുടങ്ങിയ വ്യത്യസ്ത ആവാസവ്യവസ്ഥകളില്‍ നടത്തിയ നിരീക്ഷണത്തിൽ വംശനാശ ഭീഷണി നേരിടുന്ന 11ഇനം പക്ഷികളും പശ്ചിമഘട്ടത്തിന്റെ ദേശജാതികളായ 21 ഇനം പക്ഷികളും ഉള്‍പ്പെട്ടുവെന്ന് സർവേ സംഘം പറഞ്ഞു.
ഡിവിഷനിലെ നേര്യമംഗലം, അടിമാലി, മൂന്നാര്‍, ദേവികുളം എന്നീ ഫോറസ്റ്റ് റേഞ്ചുകളിലെ 10 ബേസ്ക്യാമ്പുകളിലായി നടത്തിയ സര്‍വേയില്‍ പക്ഷികളെയും ജൈവവൈവിധ്യത്തെയും കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു.
വംശനാശം നേരിടുന്ന മരപ്രാവ്, വെള്ളവയറന്‍ ഷോലക്കിളി, കോഴി വേഴാമ്പല്‍, പോതക്കിളി, വടക്കന്‍ ചിലുചിലപ്പന്‍, ചാരത്തലയന്‍ ബുള്‍ബുള്‍, കരിംചെമ്പന്‍ പാറ്റപിടിയന്‍, നീലക്കിളി പാറ്റപിടിയന്‍, മേനിപ്രാവ്, ചെമ്പന്‍ എറിയന്‍, ചിന്നക്കുയില്‍, കഴുത്തുപിരിയന്‍കിളി, യൂറേഷ്യന്‍ പ്രാപ്പിടിയന്‍, പോതക്കിളി, റിപ്ലിമൂങ്ങ, പുല്‍പ്പരുന്ത്, വലിയ കിന്നരിപ്പരുന്ത്, പതുങ്ങന്‍ ചിലപ്പന്‍, പൊടിപൊന്മാന് തുടങ്ങിയവയുടെ സാന്നിധ്യം രേഖപ്പെടുത്തി.
ചിന്നക്കുയിലും കഴുത്തുപിരിയന്‍കിളിയും കേരളത്തില്‍ പാസേജ് മൈഗ്രന്റ്സായി എത്തുന്ന പക്ഷികളാണ്. ചിന്നക്കുയിലിനെ വളരെ അപൂര്‍വമായി മാത്രമാണ് കേരളത്തില്‍നിന്ന് രേഖപ്പെടുത്തിയിട്ടുള്ളതെന്നും സർവേ സംഘം പറഞ്ഞു. മൂന്നാര്‍ ഡി.എഫ്.ഒ രാജു കെ. ഫ്രാന്‍സിസ്, പക്ഷിനിരീക്ഷകരായ പ്രേംചന്ദ് രഘുവരന്, കെ.എന്‍ കൗസ്തുഭ്, ശ്രീഹരി കെ. മോഹന്‍, വെള്ളാനിക്കര കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളജ് ഡീന്‍ പി.ഒ. നമീര്‍, പക്ഷിശാസ്ത്രജ്ഞനായ ജെ. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള 50ഓളം പക്ഷിനിരീക്ഷകര്‍ സർവേയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.