പാലക്കാട്: സൈലന്റ്വാലി ദേശീയോദ്യാനത്തിൽ നടത്തിയ പക്ഷി സർവേയിൽ പുതുതായി 17 പക്ഷികളെകൂടി കണ്ടെത്തി.കാട്ടുകാലൻ കോഴി (brown wood owl), ചെങ്കുയിൽ (Bay banded Cuckoo), അസുരക്കാടൻ (Malabar woodshrike), മീൻകൊത്തിച്ചാത്തൻ (White throated Kingfisher), നാട്ടുരാച്ചുക്ക് (Indian Nightjar), കാട്ടുരാച്ചുക്ക് (Jungle Nightjar), ചാരപ്പൂണ്ടൻ (Large Cuckooshrike) തുടങ്ങി 17 ഇനം പക്ഷികളെയാണ് പുതുതായി കണ്ടെത്തിയത്.
ഇതോടെ സൈലന്റ്വാലിയുടെ കോർ മേഖലയിൽ ഇതിനകം കണ്ടെത്തിയ പക്ഷികളുടെ എണ്ണം 175 ആയി ഉയർന്നതായി സർവേ കോ ഓഡിനേറ്ററും പ്രശസ്ത പക്ഷി നിരീക്ഷകനുമായ പി.കെ. ഉത്തമൻ പറഞ്ഞു.2006ൽ നടത്തിയ സർവേയിൽ 139 ഇനം പക്ഷികളേയും 2014ൽ നടത്തിയ സർവേയിൽ ബാക്കി പക്ഷികളെയും കണ്ടെത്തിയിരുന്നു. ചെറുതേൻ കിളി, മഞ്ഞചിന്നൻ, കരിമ്പൻ കാട്ടുബുൾബുൾ, വെള്ളക്കണ്ണി കുരുവി, ഇന്ത്യൻ ശരപക്ഷി എന്നിവയാണ് സർവേയിൽ കൂടുതൽ എണ്ണം രേഖപ്പെടുത്തിയത്.
സമുദ്രനിരപ്പിൽനിന്നും ഉയർന്ന പ്രദേശങ്ങളിൽ കാണുന്ന നീലഗിരി ചിലപ്പൻ, കരിഞ്ചുണ്ടൻ, കാനച്ചിലപ്പൻ, കരിഞ്ചെമ്പൻ പാറ്റപ്പിടിയൻ തുടങ്ങിയവയും അപൂർവമായി കാണാറുള്ള ഷഹീൻ പുള്ള്, മരപ്രാവ്, മലംകൊച്ച എന്നിവയും സർവേയിൽ സാന്നിധ്യം അറിയിച്ചു.
സൈലന്റ്വാലി നാഷനൽ പാർക്ക്, കേരള നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ ഡിസംബർ 27 മുതൽ 29 വരെയായിരുന്നു സർവേ.രണ്ടാംഘട്ടത്തിൽ സൈലന്റ് വാലിയുടെ കരുതൽ മേഖലയിൽ സർവേ നടത്തുമെന്ന് വൈൽഡ് ലൈഫ് വാർഡൻ എസ്. വിനോദ് അറിയിച്ചു.സർവേയിൽ പ്രഫ. ഇ. കുഞ്ഞികൃഷ്ണൻ, സി. സുശാന്ത്, ആർ.എസ്. ലിസ, സി.ജി. അരുൺ, എ.കെ. ശിവകുമാർ, പി.ബി. ബിജു തുടങ്ങി മുപ്പതോളം പക്ഷി നിരീക്ഷകരും വനപാലകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.