ഒഴിവുദിനങ്ങളിൽ മൊബൈലിൽ നേരം കളയുന്നതിനുപകരം ഒന്ന് പുറത്തിറങ്ങി നോക്കിക്കൂടേ. ഗൾഫ് നാടുകളിൽ ഇനിയുമിനിയും കാണാൻ ബാക്കിയുള്ള കാഴ്ചകളുടെ കലവറയാണുള്ളത്. അങ്ങനെയാണ് സഹപ്രവർത്തകരുമൊത്ത് ഒരു വെള്ളിയാഴ്ച യാത്ര പ്ലാനിട്ടത്.
മരുഭൂമിയിലെ ദൃശ്യവിസ്മയമായ അൽ വഅബ ഗർത്തം കാണാനാണ് ഇൗ യാത്ര. എട്ടുപേരാണ് യാത്രസംഘത്തിലുള്ളത്. വെള്ളിയാഴ്ച ആയതുകൊണ്ട് നേരത്തെതന്നെ യാത്ര ആരംഭിച്ചു. ഉച്ചഭക്ഷണവും കുറച്ചു പഴങ്ങളും മറ്റ് അവശ്യസാധനങ്ങളും കരുതി. വഅബയിലേക്ക് ജിദ്ദയിൽനിന്ന് പ്രധാനമായും രണ്ട് റൂട്ടുകളുണ്ട്. ഒന്ന് തൂവൽ വഴി കുറേക്കൂടി വലിയ ഹൈവേയിലൂടെ (440 കി.മീ). മറ്റൊന്ന് ജുമൂം വഴി (360 കി.മീ). ജുമൂം വഴിയുള്ള റൂട്ടാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.
രസകരമായ ചർച്ചകളും തമാശകളും യാത്രയുടെ ദൂരം കുറച്ചപോലെ തോന്നി. ഏതാണ്ട് ഒരു ഒന്നര മണിക്കൂർ യാത്ര ചെയ്തപ്പോൾ വഴിയോരത്തു നിർത്തി ബീഫും പത്തിരിയും കഴിച്ചു. ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു വഅബയിലേക്കുള്ള യാത്ര. കൂടെ ജോലി ചെയ്യുന്നവരുമൊത്ത് ആദ്യമായിട്ടാണ് ഒരു യാത്ര. വഅബ ക്രെയ്റ്ററിലേക്ക് കൃത്യമായ റോഡുണ്ട്. ഗൂഗിളാണ് വഴികാട്ടി. ഒരാളോട് പോലും വഴി ചോദിക്കേണ്ടതില്ല. സാങ്കേതിക വിദ്യകൾ നമുക്ക് നൽകുന്ന സൗകര്യങ്ങൾ വളരെ വലുതായിരുന്നു.
യാത്രക്കിടയിൽ മരുഭൂമിയുടെ പലതരം ഭാവങ്ങൾ കാണാൻ തുടങ്ങി. ചിലയിടങ്ങളിൽ കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന റോഡുപണിക്കുള്ള കരിങ്കൽ ചീളുകൾ, മരുച്ചെടികൾക്കിടയിൽ മേഞ്ഞുനടക്കുന്ന ഒട്ടകക്കൂട്ടങ്ങൾ, ചെമ്മരിയാടുകൾ, അപൂർവമായി പ്രത്യക്ഷപ്പെടുന്ന മരുഭൂ കഴുതകൾ... പല ഗ്രാമങ്ങളും ഞങ്ങൾ കടന്നുപോയി. ഒരാളോടും റൂട്ട് ചോദിക്കേണ്ട ആവശ്യമില്ല. ഇനി ചോദിച്ചാൽതന്നെ പെട്ടെന്നാർക്കും പറഞ്ഞുതരാൻ കഴിയുന്ന ഒരു റൂട്ടുമല്ല ഇത്. കാരണം ഇവിടെ അധികമാർക്കും ഇങ്ങനെയൊരു സ്ഥലംതന്നെ അറിയില്ല.
ചുട്ടുപഴുത്ത മണലാരണ്യം അറ്റം കാണാതെ നീണ്ടുനിവർന്നുനിന്നു. റോഡ് അതിവേഗം പിറകോട്ട് ഓടിക്കൊണ്ടിരുന്നു. ഇടക്കിടെ നമുക്കിടയിലേക്ക് ഒരു വില്ലനെ പോലെ കടന്നുവരുന്ന പൊടിക്കാറ്റ് ഉടക്കായെങ്കിലും റൂട്ടിൽ കാമറ ഇല്ലാത്തതുകൊണ്ടും മറ്റു വാഹനങ്ങളുടെ കുറവുകൊണ്ടും അതിവേഗം ലക്ഷ്യസ്ഥാനത്തെത്തി.
വണ്ടിയിറങ്ങി മുന്നോട്ടു നോക്കിയപ്പോൾ ക്രെയ്റ്റർ കണ്മുന്നിൽ. കൂറ്റൻ പാറകളുടെ അതിരുകൾക്കിടയിൽ ഭൂമിയിലേക്ക് താഴ്ന്ന് ആരോ വരച്ചിട്ട ത്രിമാന ചിത്രം പോലെ വഹ്ബ. അതിമനോഹര കാഴ്ച. അതിശക്തമായ കാറ്റുണ്ട്. വല്ലാത്ത ഒരു ഫീൽ, പ്രകൃതി നമുക്ക് തരുന്ന സ്വീകരണമാകാം അത്.
രണ്ടു കിലോമീറ്റർ ചുറ്റളവും 820 അടി ആഴവുമുള്ള ഒരു കൂറ്റൻ ഗർത്തം. മനസ്സിൽ കരുതിയതെന്തോ അതിനെയെല്ലാം കാറ്റിൽ പറത്തിയ ദൃശ്യവിസ്മയം. സോഡിയം ഫോസ്ഫെയ്റ്റിെൻറ ക്രിസ്റ്റലുകളാണ് വെള്ള നിറത്തിൽ ക്രെയ്റ്ററിെൻറ പ്രതലത്തെ ഒരു പുതപ്പ് വിരിച്ചതുപോലെ ആകർഷകമാക്കുന്നത്.
എല്ലാവരും ക്രെയ്റ്ററിന് സമീപേത്തക്കോടി. ക്രെയ്റ്ററിനെ കണ്ണിമവെട്ടാതെ ഓരോരുത്തരും കൺകുളിർക്കെ കണ്ടങ്ങനെയിരുന്നു. ചുറ്റിക്കറങ്ങി ശരിക്കൊന്ന് കാണുകയും അനുഭവിക്കുകയും ചെയ്യുക എന്നത് തീർത്തും അതിസാഹസികംതന്നെയാണ്. അഗ്നിപർവത സ്ഫോടനംമൂലം ഭൂമിയുടെ പ്രതലത്തിൽ രൂപംകൊള്ളുന്ന വൃത്താകൃതിയിലുള്ള ഗർത്തങ്ങളെയാണ് സാങ്കേതികമായി ക്രെയ്റ്റർ എന്നു വിളിക്കുന്നത്. കുന്നുകളുടെയും പർവതങ്ങളുടെയും മുകളിലാണ് പൊതുവേ ഇത് കണ്ടുവരാറുള്ളത്.
രേഖപ്പെടുത്താത്ത ചരിത്രത്തിെൻറ ഏതോ കാലചക്രങ്ങളിലൊന്നിൽ ആകാശത്തുനിന്ന് ഒരു പടുകൂറ്റൻ തീഗോളം (ഉൽക്ക) ശക്തിയിൽ ഭൂമിയിലേക്ക് പതിച്ചതിെൻറ ഫലമായാണ് ഈ ഗർത്തം രൂപപ്പെട്ടത് എന്ന് കരുതുന്നവരുമുണ്ട്.
ഏതായാലും അത്തരം നിഗമനങ്ങളും കണ്ടെത്തലുകളും ശാസ്ത്രത്തിന് വിട്ടുകൊടുക്കാം. ഇവിടെ ഞങ്ങൾക്ക് മുന്നിലുള്ളത് ഭൂമിയുടെ അത്ഭുതപ്പെടുത്തുന്ന രൂപഭാവമാണ്. വന്യമായ സൗന്ദര്യമാണ്. ഇത്തിരി പേടിപ്പെടുത്തുന്ന ഒരു പരിസരമാണ്. പെട്ടെന്നു കണ്ട് തിരിച്ചുപോകണം.
അന്വേഷണങ്ങൾക്ക് ഒടുവിൽ ഇറങ്ങാനുള്ള വഴി കണ്ടെത്തി. വലിയ ഒരു കുന്നിൻ ചെരിവ്. അതിന് സമീപമാണ് വഴി ആരംഭിക്കുന്നത്. ചെറിയ പേടിയോടെ പാറകൾക്കിടയിലൂടെ ഇറങ്ങുകയാണ്. കൂട്ടിന് നല്ല തണുത്ത കാറ്റുണ്ട്. മൂർച്ചയുള്ള പാറകളാണ് മൊത്തം. ഇതിനിടയിലൂടെ ചെറിയ കല്ലും മണ്ണുമിട്ട് ഒരാൾക്ക് മാത്രം പാകത്തിൽ അൽപ്പദൂരം നടവഴി ഒരുക്കിയിട്ട്. അതിനുശേഷം കുന്നിെൻറ മറ്റൊരു ചരിവിലാണ് എത്തുക. പിന്നീടുള്ള ഇറക്കം ഇതിലേറെ ഭീകരമാണ്.
താഴെ കൂർത്ത പാറകൾ വെല്ലുവിളിക്കുന്നു. കാലൊന്നു തെറ്റിയാൽ അവക്കിടയിൽ അന്ത്യമുറപ്പാണ്. ഇരുന്നും ഊർന്നിറങ്ങിയും ഒരുവിധം ആ സാഹസിക വഴികൾ ഞങ്ങൾ കീഴടക്കി. താഴെയെത്തുേമ്പാൾ വല്ലാത്തൊരു നിർവൃതിയായിരുന്നു. പ്രകൃതി ഒരുക്കിവെച്ച അദ്ഭുതത്തിെൻറ മടിത്തട്ടിൽ സാഹസികമായ നടന്നെത്തിയതിെൻറ ആത്മസംതൃപ്തി.
ഇവിടെ വഴി മനസ്സിക്കാനായി കല്ലുകൾ കൊണ്ട് ഗേറ്റ് ഒരുക്കിയിട്ടുണ്ട്. ഏതോ ഒരു ഭീകരകോട്ടയുടെ ഉള്ളിൽ അകപ്പെട്ട പോലെയുള്ള അനുഭവം. ചുറ്റു വഴികളൊന്നും കാണാതെ മരുഭൂമിക്ക് നടുവിൽ പ്രകൃതി ഒരുക്കിയ കോട്ട. പാറകൾക്കിടയിലൂടെ ആഞ്ഞുവീശുന്ന മരുക്കാറ്റിെൻറ ശബ്ദം ഭീകരത ഒന്നുകൂടി വർധിപ്പിക്കുന്നു.
ഉപ്പുപാളികളുള്ള മണ്ണാണ് ഇവിടെത്തേത്. നല്ല വെളുത്ത പ്രതലം. അതിലൂടെ നടക്കുേമ്പാൾ കാല് ഉൗർന്നിറങ്ങുന്ന പോലെ. ആ പ്രതലത്തിൽ നമ്മുടെ കമ്പനിയുടെ പേര് എഴുതിവെച്ചു. ഒരു മണിക്കൂറിൽ കൂടുതൽ സമയം എടുത്തു അതൊന്നു തീർക്കാൻ. കുറച്ചു നേരം കൂടെ അവിടെ ചെലവഴിച്ച് ഫോട്ടോയും വിഡിയോയും പകർത്തിയ ശേഷം ഞങ്ങൾ തിരിച്ചുകയറാൻ തുടങ്ങി.
വീണ്ടും സാഹസികം തന്നെയാണ് വഴികൾ. എല്ലാവരും കയറാൻ ഏറെ ബുദ്ധിമുട്ടുകയാണ്. പതിയെയാണ് നടത്തം. പലപ്പോഴും ക്ഷീണം കാരണം അൽപ്പനേരം ഇരുന്നശേഷമാണ് മലകയറ്റം.
ഏറെ പണിപ്പെട്ടാണ് മുകളിലെത്തിയത്. തണുത്ത കാറ്റും ചാറ്റൽ മഴയും കൂട്ടിനുണ്ടായിരുന്നത് ആശ്വാസമായിരുന്നു. മുകളിൽനിന്ന് ഒരു വട്ടംകൂടി ഞങ്ങൾ കീഴടക്കിയ ആ ദൃശ്യവിസ്മയത്തെ കൊതി തീരുവോളം നോക്കി നിന്നു. തിരിച്ചുവരവിൽ വഴിയോരത്തു നിർത്തി ഭക്ഷണം കഴിച്ച് ജിദ്ദ ലക്ഷ്യമാക്കി ഞങ്ങളുടെ വണ്ടി കുതിച്ചു.
യാത്രികരുടെ ശ്രദ്ധക്ക്
ജിദ്ദയിൽനിന്ന് 360 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വഅബ ഗർത്തം.
ഒറ്റക്ക് ഇവിടെ പോകാൻ ശ്രമിക്കരുത്.
വെള്ളം നിർബന്ധമായും കരുതുക. ഇറങ്ങുന്ന അത്ര സുഖകരമല്ല കയറാൻ.
വിജനമായ ആളൊഴിഞ്ഞ പ്രദേശമാണ്. അവശ്യസാധനങ്ങൾ ൈകയിൽ കരുതുക.
കുട്ടികളുമായി ഇറങ്ങാൻ ശ്രമിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.