പേര് പോലെ തന്നെ അത്ഭുതങ്ങൾ ഒളിപ്പിച്ചാണ് ദുബൈ മിറക്ക്ൾ ഗാർഡൻ സന്ദർശകരെ സ്വീകരിക്കുന്നത്. ലോകത്തിന്‍റെ ഏത് മൂലയിൽ പോയാലും ഇങ്ങനെയൊരു പൂന്തോട്ടം കാണാൻ കഴിയില്ല. വൈവിധ്യമാർന്ന പുഷ്പങ്ങളുടെയും നിറഭേദങ്ങളുടെയും സംഗമ കേന്ദ്രമാണിത്. ചുട്ടുപൊള്ളുന്ന മരുഭൂമിയുടെ നടുവിലാണ് ഈ സങ്കേതം നിർമിച്ചെടുത്തതെന്നതാണ് ഏറ്റവും വലിയ അത്ഭുതം. പ്രകൃതി കനിഞ്ഞുനൽകിയ അനുഗ്രഹം വേണ്ട വിധം ഉപയോഗിക്കാതെ നശിപ്പിക്കുന്ന മറ്റ് നാട്ടുകാർ കണ്ട് പഠിക്കേണ്ടതാണ് ദുബൈയുടെ ഈ സൃഷ്ടി. 15 കോടി പൂക്കൾ ഇവിടെയുണ്ടെന്നാണ് കണക്ക്. വേനൽ അവധിക്ക് ശേഷം വീണ്ടും തുറന്നിരിക്കുകയാണ് ഈ അത്ഭുത പൂന്തോട്ടം.
ഇവിടെയുള്ള അത്ഭുതങ്ങളിൽ ഒന്നാണ് എമിറേറ്റ്സ് വിമാനം. അഞ്ച് ലക്ഷം പൂക്കളും ചെടികളും കൊണ്ടാണ് എമിറേറ്റ്സിന്‍റെ എ380 വിമാനം ഇവിടെ ഉണ്ടാക്കി വെച്ചിരിക്കുന്നത്. പ്ലാസ്റ്റിക് പൂവാണെന്ന് തെറ്റിദ്ധരിക്കേണ്ട. നല്ല ഒന്നാന്തരം ഫ്രഷ് പൂക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്. പൂക്കൾകൊണ്ടുള്ള ഏറ്റവും വലിയ നിർമിതിയായ എമിറേറ്റ്സ് വിമാനം ഗിന്നസ് ബുക്കിലും ഇടംപിടിച്ചിട്ടുണ്ട്. ഇതുൾപെടെ മൂന്ന് തവണയാണ് മിറക്ക്ൾ ഗാർഡൻ ഗിന്നസ് ബുക്കിൽ കയറിയത്.
പൂക്കളും അരയന്നങ്ങളും വെള്ളവും നിറഞ്ഞ ലേക് പാർക്ക്, ആകാശത്തിൽ ഉയർന്നു പറക്കുന്ന സ്ത്രീയുടെ മാതൃകയിൽ നിർമിച്ച േഫ്ലാട്ടിങ് ലേഡി, പൂക്കളാൽ തീർത്ത കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവയെല്ലാം മിറക്ക്ൾ ഗാർഡനിലേക്ക് സന്ദർശകരെ മാടിവിളിക്കുന്നു. നൂതന സംവിധാനങ്ങളോടുകൂടിയ ജലസേചന സൗകര്യങ്ങൾ ഇവിടെയുണ്ട്. മലിനജലം ശുദ്ധീകരിച്ച് ഡ്രിപ് ഇറിഗേഷന്‍ വഴി എല്ലാ മേഖലയിലേക്കും വെള്ളമെത്തിക്കുന്നു. ആനയുടെ രൂപത്തിൽ വെട്ടിനിർത്തിയ മരവും പാർക്കുമെല്ലാം കുട്ടികളെ ആകർഷിക്കും.
സൂര്യകാന്തിപൂക്കൾക്കായി പാടം തന്നെ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ കൂട്ടുകാരനായ കൂറ്റൻ ടെഡി ബിയറിനെയും കാണാം. പൂക്കളും ചെടികളും കൊണ്ട് നിർമിച്ച കൂറ്റൻ ക്ലോക്കാണ് മറ്റൊരു ആകർഷണം. മിറക്ക്ൾ ഗാർഡനോട് ചേർന്നാണ് ബട്ടർൈഫ്ല ഗാർഡൻ. പൂമ്പാറ്റകൾ മാത്രം നിറഞ്ഞ ഗാർഡനാണിത്. വ്യത്യസ്ത ഇനങ്ങളിൽപെട്ട ആയിരക്കണക്കിന് പൂമ്പാറ്റകൾ പാറിപ്പറന്ന് നടക്കുന്നത് ഇവിടെ കാണാം. ഇവിടേക്ക് പ്രത്യേക പാസ് വേറെ എടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.