ആദ്യകാല ഗൾഫ് മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരടയാളമാണ് ‘അടയാളപ്പാറ’. ഖൊര്‍ഫക്കാനില്‍ നിന്ന് ദിബ്ബയിലെക്കുള്ള യാത്രയില്‍ ഫുജൈറയുടെ ഭാഗമായ അല്‍ ഹഖ ബീച്ചില്‍ നിന്നും കാണാവുന്ന ഒരു ചെറിയ ദ്വീപ് ആണ് ‘സ്നൂപ്പി ഐസ്ലാന്‍ഡ്’ (ജസീറത്തുല്‍ ഖുബ്ബ) എന്നറിയപ്പെടുന്ന മലയാളികള്‍ “അടയാളപ്പാറ” എന്ന് വിളിക്കുന്ന ദ്വീപ്.
ഏകദേശം 100 മീറ്റര്‍ നീളവും 70 മീറ്റര്‍ വീതിയും മാത്രമുള്ള ഈ ചെറു ദ്വീപില്‍ 20 മീറ്റര്‍ ഉയരത്തിലാണ് ഈ പാറ സ്ഥിചെയ്യുന്നത്. ഫുജൈറയില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരവും ഖൊര്ഫക്കാനില്നിന്ന് പതിനൊന്ന് കിലോമീറ്ററും ആണ് ഇങ്ങോട്ടുള്ള ദൂരം. ഒരുപാടു പ്രവാസികളുടെ ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും കഥകള്‍ പറയാനുണ്ടാകും കടലിൽ മീറ്ററുകളോളം ഉള്ളിലായി തലയുയർത്തി നിൽക്കുന്ന ഈ അടയാളപ്പാറക്ക്.
1960-70 കളില്‍ ബോംബെയില്‍ നിന്നും വരുന്ന വലിയ ഉരുക്കളിൽ രണ്ടായിരത്തിലധികം കിലോമീറ്റർ ദൂരം താണ്ടി പാസ്പോർട്ടോ മറ്റ് രേഖകളോ ഒന്നുമില്ലാതെ ജീവിതത്തിലെ സൗഭാഗ്യങ്ങൾക്കായി മറുകര തേടാൻ ആഗ്രഹിച്ച നിരവധിയാളുകളാണ് ഗള്‍ഫ് സ്വപ്നം കണ്ട് ഈ പാറയും ഖൊര്‍ഫക്കാന്‍ തീരവും ലക്ഷ്യം വെച്ച് പുറപ്പെട്ടിരുന്നത്. ഇതുവഴി പ്രവാസത്തിലേക്ക് എത്തുന്നവര്‍ക്ക് മിക്കവാറും യാത്രരേഖകള്‍ ഒന്നും ഉണ്ടാകാറില്ലായിരുന്നു.
ഇങ്ങനെയുള്ളവര്‍ക്കെല്ലാം വിജനമായ ഈ തീരവും ഖൊര്‍ഫക്കാന്‍ പ്രദേശവും താരതമ്യേന സുരക്ഷിത താവളം ആയിരുന്നു. ആഴ്ചകളോളം നീണ്ട യാത്രയിൽ രോഗികളായി മരണത്തിന് കീഴടങ്ങിയവരും ഉണ്ട്. തീരത്തോട് അടുക്കാന്‍ ആയാല്‍ ഈ പാറയുടെ അടുത്തായിരുന്നു ഉരു ഉടമകൾ യാത്രക്കാരെ ഇറക്കിവിട്ടിരുന്നത്. ഇവിടെനിന്നും നീന്തി കരപറ്റിയതിനു ശേഷം തൊട്ടടുത്ത പ്രദേശമായ ഖൊര്ഫക്കാനിലാണ് എത്തിയിരുന്നത്.
ശേഷം പൊലീസിന്റെ കണ്ണില്‍ പെടാതെ വേണം ഒരു സുരക്ഷിത സ്ഥാനത്ത് എത്താന്‍. മലകളും മരുഭൂമികളും നടന്നുതാണ്ടി ദുബൈയിലേക്കും ഷാര്‍ജയിലേക്കും പോകുന്ന ചരക്കു വാഹനങ്ങളില്‍ കയറിപറ്റും. നിഷ്കളങ്കമായ തദ്ദേശീയരായ അറബികള്‍ ഇവിടെ എത്തുന്നവര്‍ക്ക് ഭക്ഷണവും അഭയകേന്ദ്രവും നല്‍കിയിരുന്നു.
പ്രവാസികളുടെ കണ്ണീരും സന്തോഷവും ഒരുപോലെ ഏറ്റുവാങ്ങി, ഒരുപാടു കഷ്ടതകള്‍ അനുഭവിച്ച് പ്രവാസം കെട്ടിപടുത്ത കുറെയധികം പൂര്‍വികരുടെ കഥ പറയാനുണ്ട് ഈ അടയാള പാറക്കും ഈ പ്രദേശത്തിന്നും. 1970 കൾക്കുശേഷം വിമാന സർവീസും കപ്പൽ ഗതാഗതവും ഒക്കെ സജീവമായതോടെ ഖൊർഫക്കാൻ ലക്ഷ്യമിട്ടുള്ള യാത്രകൾക്ക് വിരാമമായി. ഇന്നും അടയാളപ്പാറ ആ സാഹസിക യാത്രയുടെ അടയാളമായി പ്രവാസികളുടെ കഷ്ടതകളെ ഓർമിപ്പിച്ച് കൊണ്ട് തലയുയര്‍ത്തി നില്ക്കുന്നു.
പ്രവാസത്തിന്റെ ആരംഭത്തിലെ ചരിത്രം അയവിറക്കാനും മുന്‍ഗാമികള്‍ അനുഭവിച്ച യാതനകള്‍ ഓര്‍മിക്കുന്നതിനും വേണ്ടി ആളുകള്‍ ഇന്നും ഇവിടെ എത്തുന്നു. സുകുമാരന്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച 1980ല്‍ പുറത്തിറങ്ങിയ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലും മമ്മുട്ടി നായകനായി 2015 ല്‍ പുറത്തിറങ്ങിയ ‘പത്തേമാരി’ എന്ന ചിത്രത്തിലെയും ഒരു പ്രാധാന ‘കഥാപാത്രം’ ആയിരന്നു അടയാളപ്പാറ.
അടയാളപാറ യെ കുറിച്ചു പറയുമ്പോള്‍ ഖൊര്ഫക്കാനിലെ കാലിക്കറ്റ് റസ്റ്റോറന്റിനെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. കടൽ കയറി നീന്തി വരുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഒരു അത്താണിയും ഇടക്കാല ആശ്വാസവും ആയിരുന്നു ഖൊര്ഫക്കാനിലെ കുഞ്ഞു മൗലാനയുടെ ചായക്കട. ക്ഷീണിച്ച് വിശന്നു വരുന്ന പ്രവാസികള്‍ക്ക് കഞ്ഞി വിളമ്പിയിരുന്നത് മലപ്പുറം തിരൂർ സ്വദേശിയായ കുഞ്ഞുമൗലാനയായിരുന്നു.
അദ്ദേഹത്തെ കഞ്ഞി മൗലാന എന്നായിരുന്നു ഇതിന്റെ പേരില്‍ അറിയപെട്ടിരുന്നത്. ഖൊര്ഫക്കാനിലെ തന്റെ കടയിലെ സഹായിയായിരുന്ന പടാട്ടിൽ അബൂബക്കർ പിന്നീട് കട ഏറ്റെടുക്കുകയായിരുന്നു. 1977 ല്‍ അദ്ദേഹത്തിന്റെ ജേഷ്ഠ സഹോദരന്റെ മകനായ പാലക്കാട് പെരുമണ്ണൂർ ചാലിശ്ശേരി സ്വദേശി പടാട്ടില്‍ സിദ്ദിഖിനെ സഹായിയായി കൊണ്ടുവന്നു. അദ്ദേഹമാണ് ഇപ്പോഴത്തെ കാലിക്കറ്റ് റസ്റ്റോറന്റ് എന്ന ഈ കടയുടെ അവകാശി.
സിദ്ദീഖിന്റെ അഞ്ചുമക്കളിൽ മൂന്ന് ആൺമക്കളായ അബ്ദുൾറസാഖ്, അബ്ദുല്ല നാസർ, നൗഷാദ് എന്നിവരും ഇപ്പോൾ സഹായത്തിനുണ്ട്. ഖൊര്‍ഫക്കാന്‍ മോഡി പിടിപ്പിക്കുന്നതിന്റെ ഭാഗമായി സിദ്ദീഖിന്റെ റസ്റ്റോറന്റും മോഡിയാക്കി ന്യൂ കാലിക്കറ്റ് റസ്റ്റോറന്റ് എന്ന പേര് നല്കി. സന്മനസ്സുള്ള സ്വദേശികളുടെ സഹായം കൊണ്ട് ഇവിടെ ഇപ്പോഴും ആഹാരം സൗജന്യമായി നൽകുന്നുണ്ട്. വെള്ളിയാഴ്ച ദിവസങ്ങളിൽ ഏകദേശം നൂറിലധികം ആളുകള്‍ ഇവിടെ ഭക്ഷണത്തിനു എത്തുന്നുണ്ട് എന്ന് സിദ്ധീഖ് പറയുന്നു.
(ഖൊര്‍ഫക്കാനില്‍ നിന്ന് ദിബ്ബയിലെക്കുള്ള യാത്രയില്‍ ഫുജൈറയുടെ ഭാഗമായ അല്‍ ഹഖ ബീച്ചില്‍ നിന്നും കാണാവുന്ന ഒരു ചെറിയ ദ്വീപ് ആണ് " സ്നൂപ്പി ഐസ്ലാന്‍ഡ്" (“ജസീറത്തുല്‍ ഖുബ്ബ”) എന്നറിയപ്പെടുന്ന മലയാളികള്‍ “അടയാളപ്പാറ” എന്ന് വിളിക്കുന്ന ദ്വീപ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.