കുറച്ചുകാലമായി മനസുവല്ലാതെ കൊതിക്കുമായിരുന്നു ഒരു ബൈക്ക് യാത്രക്കായി. ഇപ്പോഴാണ് അതിന് പറ്റിയ സ്ഥലവും സന്ദര്‍ഭവും ഒത്തുവന്നത്. ചില സ്ഥലങ്ങളില്‍ ബൈക്കില്‍ തന്നെ പോകണം. എന്നാലെ ആ യാത്ര പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയൂ. പ്രശ്സത അമേരിക്കന്‍ ഫിലോസഫറും മോട്ടോര്‍ സൈക്കിള്‍ കലാകാരനുമായ Robert M. Pirsig ഒരിക്കല്‍ പറയുകയുണ്ടായി. ‘‘കാറിലോ ബസിലോ ഒക്കെയാണ് യാത്ര ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ ഒരു കംപാര്‍ട്ട്മെന്‍റിന് അകത്തായിരിക്കും. അതില്‍ നിന്നുമുള്ള പുറംകാഴ്ചകള്‍ ഒരു ടി.വി. യിലെ സീനുകള്‍ മാറുന്നതു പോലെയാണ്. എന്നാല്‍, മോട്ടോര്‍ സൈക്കിളില്‍ ആണെങ്കില്‍ ആ സീനില്‍ നിങ്ങളുമുണ്ടാകും’’ പറഞ്ഞത് എത്ര ശരിയാണ്. പ്രകൃതിയെ അടുത്തറിഞ്ഞ് അതില്‍ ലയിച്ചു യാത്ര ചെയ്യാന്‍ പലപ്പോഴും ബൈക്ക് റൈഡുകളാണ് ഉചിതം. അത്തരം ഒരു യാത്രയിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. ആരംഭിച്ചത് തൊടുപുഴയില്‍ നിന്നുമാണ്. തൊടുപുഴ മൂലമറ്റം റോഡില്‍ കാഞ്ഞാറില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ഞങ്ങള്‍ക്ക് പോകേണ്ട പുള്ളിക്കാനം വാഗമണ്‍ റോഡിലേക്ക് കയറിയതും സ്വാഗതം അരുളിയ ആദ്യ കാഴ്ച തന്നെ വളരെ മനോഹരമായിരുന്നു. മഴ പെയ്തു നനഞ്ഞ റോഡില്‍ അതിനു ചാരെനില്‍ക്കുന്ന മരത്തില്‍ നിന്നും മഞ്ഞപൂക്കള്‍ വീണുകിടക്കുന്നു. ഇന്നുവരെ ഒരു പെണ്ണും പൂചൂടി നിന്നിട്ടും ഇത്രയും സൗന്ദര്യം തോന്നിയിട്ടില്ല.
ആ അതുല്യ നിമിഷത്തെ കാമറയില്‍ ആക്കി വീണ്ടും മുന്നോട്ട് നീങ്ങി. കൊടും വളവുകളും കുത്തനെയുള്ള കയറ്റങ്ങളും ഒരുമിക്കുമ്പോള്‍ ബൈക്ക് വല്ലാതെ പമ്മുന്നുണ്ടായിരുന്നു. എന്നാലും അകലെ ഞങ്ങളെ കാത്ത് കോട പുതഞ്ഞ മലനിരകള്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ കിട്ടിയ കുളിര്‍മയില്‍ അവന്‍ മുന്നോട്ടു കുതിച്ചു. അതാ റോഡരുകില്‍ ഒരു വലിയ വെള്ളച്ചാട്ടം, ധാരാളം വണ്ടികള്‍ അവിടെ നിര്‍ത്തിയിട്ടിരിക്കുന്നു. അതിന്‍െറ മനോഹാരിത ആസ്വദിക്കാന്‍ ഞങ്ങളും ബൈക്ക് സൈഡാക്കി. ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫ്രെയിമില്‍ കൊള്ളുന്നില്ല അത്രക്ക് ഉയരത്തില്‍ നിന്നാണ് അത് താഴേക്ക് പതിക്കുന്നത്. ശരിക്കും ആകാശത്തില്‍ നിന്നും ഒഴുകി വരുന്നതു പോലെ തോന്നും. താഴെ നിരവധിപേര്‍ കുളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കണ്ടപ്പോള്‍ മനസു വല്ലാതെ കൊതിച്ചെങ്കിലും രാത്രിക്ക് മുന്നെ ഈ വഴി കടന്നില്ലെങ്കില്‍ ബാക്കി കാഴ്ചകള്‍ നഷ്മാകും എന്നുള്ളതു കൊണ്ട് മലകയറ്റം ആരംഭിച്ചു.
അധികം താമസിയാതെ ഇളം തണുപ്പും കൂട്ടിനെത്തി. കുത്തനെയുള്ള കയറ്റങ്ങള്‍ മാറി വളഞ്ഞും പുളഞ്ഞുമുള്ള പാതയായി. ഒരു വശം അഗാധമായ ഗര്‍ത്തവും മറുവശം സഹ്യന്‍െറ ഗാംഭീര്യമാര്‍ന്ന മുഖവും നിറഞ്ഞ ആ വഴിയിലൂടെ ഒരു വ്യൂ പോയിന്‍റില്‍ എത്തി. അവിടെ നിന്നു നോക്കിയാല്‍ അപ്പുറത്തെ മലയുടെ നിറവയറിലൂടെ ബൈക്കുകള്‍ കയറിപോകുന്ന മനോഹരമായ കാഴ്ച കാണാം. ചിലര്‍ ബൈക്കുകളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നു. മറ്റു ചിലര്‍ അവിടെ വണ്ടി ഒതുക്കി ആകാശം മുട്ടി നില്‍ക്കുന്ന മലനിരയുടെ കാഴ്ചകള്‍ ആസ്വദിക്കുന്നു. പെട്ടെന്നാണ് എന്‍െറ സുഹൃത്ത് എനിക്ക് വേറൊരു അത്ഭുതം കാണിച്ചുതന്നത്. മഴയില്‍ വെളളം കുടിച്ച് വീര്‍ത്ത് പൊട്ടാറായ മലനിരകളിലൂടെ ആകാശത്തേക്ക് കയറി പോകുന്ന പടികളുടെ കാഴ്ച. ആ പടിക്കെട്ടുകള്‍ പലതവണ കയറി ഇറങ്ങി കൊതി തീരുവോളം ചിത്രങ്ങളെടുത്ത് വീണ്ടും മുന്നോട്ട്.
മലമടക്കുകളില്‍ പ്രതിധ്വനിച്ച എന്‍െറ ബൈക്കിന്‍െറ ശബ്ദം എന്‍െറ യാത്രയുടെ താളമായിരുന്നു. കയറുന്തോറും കൂടി വന്ന തണുപ്പിന്‍െറ കാഠിന്യം ബാഗില്‍ നിന്നും ജാക്കറ്റ് എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചു. അതിനായി വണ്ടി നിര്‍ത്തിയതും കണ്‍മുന്നില്‍ കണ്ട ആകാശത്തേയും മലയേയും ശ്രദ്ധിച്ചു. എന്‍െറ തൊട്ടുമുമ്പില്‍ വരെ സൂര്യനെ മലനിരകള്‍ മറച്ചുപിടിച്ചിരിക്കുന്നു. അതിന്‍െറ നിഴലില്‍ ആണു ഞാന്‍ നില്‍ക്കുന്നത്. രാവും പകലും പോലെ എന്‍െറ കണ്‍മുന്നില്‍ രണ്ട് ദൃശ്യങ്ങള്‍ ശരിക്കും അതിശയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു അത്. നമ്മുടെ ലോകത്തെക്കുറിച്ചുള്ള അറിവുകള്‍ ഇന്ന് കൈമാറപ്പെടുന്നത് ചിത്രങ്ങളിലൂടെ ആയതുകൊണ്ട് ആ അത്ഭുത കാഴ്ചകള്‍ കാമറയില്‍ പകര്‍ത്താതിരിക്കാന്‍ എനിക്ക് നിര്‍വാഹമില്ലായിരുന്നു.
പിന്നീട് ഉള്ള പാതയില്‍ കാഴ്ചകള്‍ക്ക് വ്യതിയാനം വന്നു. ഇരുവശങ്ങളില്‍ വലിയ പച്ചപ്പുല്ലുകള്‍ കൊണ്ട് നിറഞ്ഞു. പച്ചപ്പുല്ലുകള്‍ക്ക് ഇടയിലൂടെ കടന്നുപോകുന്ന കറുത്ത റോഡിന് വല്ലാത്ത ഭംഗിയാണ്. ഈപാതക്ക് ഇരുവശമുള്ള കാഴ്ചകള്‍ തന്നെയാണ് ഇവിടേക്ക് ഇത്രയധികം സഞ്ചാരികളെ ആകര്‍ഷിക്കുന്നതും. റൈഡേഴ്സിന്‍െറ (Riders) സ്വര്‍ഗമാണ് ഇവിടം. പല ബൈക്കുകാരുടെയും അഭ്യാസപ്രകടനങ്ങള്‍ വഴിയില്‍ ഉടനീളം കാണാന്‍ സാധിക്കും. പെട്ടെന്നാണ് വേറൊരു അത്ഭുത ദൃശ്യം എന്‍െറ കണ്ണിന് വിരുന്നേകിയത്.
ആ കുഞ്ഞ് പാതയിലൂടെ കയറിവരുന്ന ഒരു കെ.എസ്.ആര്‍.ടി.സി ബസ്. നമ്മുടെ ഈ കൊമ്പന് ഇത്രയും ചന്തമൊ എന്ന് അറിയാതെ ചിന്തിച്ചുപോയി. ഉത്സവങ്ങള്‍ക്ക് കൊണ്ടുവരുന്ന തലയെടുപ്പുള്ള ഗജവീരന്മാരെ പോലെ ആയിരുന്നു അവന്‍െറ വരവ്. അവന്‍െറ പുറകെ ഞാനും കൂടി. അല്‍പ സമയത്തിനകം ആ മഹാത്ഭുതം ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ‘‘ടൈറ്റാനിക’’ (Titanic). റോഡില്‍ ടൈറ്റാനികൊ എന്ന് സംശയിക്കണ്ട സംഗതി സത്യമാണ്. ഇതാണ് കേരളത്തിലെ ടൈറ്റാനിക വളവ്. ആ കപ്പലിന്‍െറ മാതൃകയിലാണ് ഈ വളവ് നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ പേരും നല്‍കി. തിരമാലകള്‍ പോലെ മാറി മറയുന്ന മലനിരകളുടെ ഇവിടെ നിന്നുമുള്ള കാഴ്ച വശ്യവും വന്യവുമാണ്. യഥാര്‍ഥ ടൈറ്റാനികിനെ നേരില്‍ കണ്ടിട്ടില്ളെന്ന വിഷമം കേരളത്തിന്‍െറ ടെറ്റാനികില്‍ തീര്‍ത്തു. വീണ്ടും മുന്നോട്!
നേരം ഇരുട്ടി തുടങ്ങി, അകലെ മലനിരകളില്‍ മഞ്ഞിന്‍െറ മേലാപ്പ്, സൂര്യന്‍ പൂര്‍ണമായും കാഴ്ചക്കപ്പുറത്തേക്ക് ഒളിച്ചു കഴിഞ്ഞു. മഞ്ഞില്‍ തണുപ്പ് ജാക്കറ്റിനുള്ളിലേക്ക് അരിച്ചിറങ്ങി തുടങ്ങി. മുന്നോട്ടുള്ള വഴിയെല്ലാം അവ്യക്തം നിറയെ മഞ്ഞ് മൂടി കിടക്കുന്നു. ആ മഞ്ഞില്‍തോട് പൊളിക്കാന്‍ എന്‍െറ ബൈക്കിന്‍െറ പ്രകാശം ഒരുപാട് കഷ്ടപ്പെട്ടു. തണുപ്പിന്‍െറ കാഠിന്യം വല്ലാണ്ട് കൂടി ഒപ്പം വീശിയടിക്കുന്ന തണുത്ത കാറ്റില്‍ ശരീരം മരവിച്ച് സ്പര്‍ശനശേഷി നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. കുറച്ചു ദൂരം കൂടി പിന്നിട്ടപ്പോള്‍ ഭാരം നഷ്ടപ്പെട്ട് അന്തരീക്ഷത്തില്‍ ഒഴുകി നടക്കുന്നതു പോലെ തോന്നി. ഒടുവിന്‍ ആ കഠിന തണുപ്പില്‍ നിന്നും രക്ഷനേടാനായത് കാഴ്ചകളുടെ എന്‍ഡിങ് (Ending point) ആയ മലനിരകളുടെ മുകളിലെ ഏദന്‍ തോട്ടത്തില്‍ എത്തിയപ്പോഴാണ്.
പുള്ളിക്കാനം എന്ന ചെറുകവലയുടെ ഹൃദയമിടിപ്പറിയുന്ന ഒരു ചെറു ടീഷോപ്പാണ് ഏദന്‍ തോട്ടം. ഇവിടെ നിന്നും റോഡ് രണ്ടായി പിരിയുന്നു; മൂലമറ്റത്തേക്ക്, വാഗമണ്ണിലേക്കും. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ആ കുഞ്ഞു കടയില്‍ നിന്നും വരുന്ന ചുവന്ന വെളിച്ചം മഞ്ഞില്‍ ആകെ ലയിച്ചു കിടക്കുന്നു. ഇതുവഴി വരുന്ന സഞ്ചാരികള്‍ക്ക് തണുപ്പില്‍ നിന്ന് രക്ഷനേടാനുള്ള ഏക ആശ്രയമാണ് ഏദന്‍തോട്ടം കൂടാതെ വഴി ചോദിക്കാന്‍, ഒരു ചൂടു കട്ടനടിക്കാന്‍, വിശപ്പു മാറ്റാന്‍. മാത്രമല്ല ഇവിടെ വരുന്നവരാരും ചുടുകട്ടനും, പരിപ്പുവടയും കഴിക്കാതെ പോകാറില്ല. അത്രക്ക് പ്രസിദ്ധമാണ് ഇവിടത്തെ പരിപ്പുവട. ആ തണുപ്പത്ത് ഞങ്ങളും പറഞ്ഞു ഒരു കട്ടനും പരിപ്പുവടയും.
ഇത്രയും മനോഹര കാഴ്ചകള്‍ സമ്മാനിച്ച ആ യാത്ര അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ ഏദന്‍തോട്ടത്തിലെ ജയിംസ് ചേട്ടന്‍െറ വക ഒരു ഉപദേശവും കിട്ടി വന്നവഴി തിരിച്ചു പോകണ്ട ഒന്നും കാണാന്‍ കഴിയില്ല. നിറയെ മഞ്ഞു മൂടിക്കിടക്കുവായിരിക്കും അതുകൊണ്ട് മൂലമറ്റം വഴി തിരിച്ചുപോയാല്‍ മതി. താഴേക്ക് ഇറങ്ങുമ്പോള്‍ മനസും വല്ലാതെ മന്ത്രിച്ചിരുന്നു. തിരിച്ചു കയറുവാന്‍ വേണ്ടി. മനസില്ലാ മനസോടെ കുന്നിറങ്ങുമ്പോള്‍ മനസിലേക്ക് ഓടി വന്നത് ‘‘മലനിരകള്‍ രക്തത്തില്‍ അലിഞ്ഞു പോയാല്‍ പിന്നെ രക്ഷയില്ല’’ എന്ന റസ്കിന്‍ ബോണ്ടിന്‍െറ വരികളാണ്.
തൊടുപുഴ-പുള്ളിക്കാനം ദൂരം-34 കി.മീ
അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
വാഗമണ്‍, ഇലവീഴാ പൂഞ്ചിറ, മലങ്കര ഡാം, കുട്ടിക്കാനം, ഇടുക്കി ഡാം, കരിയാട് ടോപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.