കട്ടപ്പന: സാഹസിക വിനോദ സഞ്ചാരികളുടെ സ്വപ്നഭൂമിയായി മേട്ടുകുഴി കസേരപ്പാറ. സമുദ്ര നിരപ്പിൽനിന്ന് 1500 അടി ഉയരത്തിലുള്ള കട്ടപ്പന കുന്തളംപാറ മലയുടെ ഒരു ഭാഗത്താണ് കസേരപ്പാറ.
കട്ടപ്പന-മാലി റോഡിലൂടെ മേട്ടുകുഴിയിലെത്തി അവിടെനിന്ന് ഒരു കിലോമീറ്റർ വാഹനത്തിലോ, നടന്നോ കസേരപ്പാറയിലെത്താം. ബൈക്ക്, ജീപ്പ് എന്നിവ മാത്രം ഏലത്തോട്ടത്തിലൂടെ കടന്നുപോകുന്ന ഇടുങ്ങിയ പാതയാണെന്ന് മാത്രം.
നിരവധി സഞ്ചരികളാണ് ഒഴിവു ദിവസങ്ങളിൽ ഇവിടേക്ക് എത്തുന്നത്. ജില്ലയിലെ പ്രധാന ടൂറിസം പ്രദേശങ്ങളായ രാമക്കൽമേട്, പരുന്തുംപാറ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് കാണാവുന്നതിലും ഏറെ മനോഹരമായ കാഴ്ചകളാണ് കസേരപ്പാറയിൽനിന്ന് ആസ്വദിക്കാൻ കഴിയുക.
ഇടുക്കി, ചെറുതോണി ഡാമുകളുടെ വിദൂരദൃശ്യം കസേരപ്പാറയുടെ മാത്രം പ്രത്യേകതയാണ്. കട്ടപ്പനയിൽനിന്ന് നോക്കിയാൽ കുന്തളംപാറ മലയുടെ ഒരുവശത്തായി കസേരപ്പാറ കാണാം. ഉയർന്നുനിൽക്കുന്ന നിരവധി കുറ്റൻ പാറകളാണ് കസേരപ്പാറയുടെ പ്രത്യേകത. ആമയുടെയും കസേരയുടെയും പാമ്പിന്‍റെയും തലയോട്ടിയുടെയും അകൃതിയിലുള്ള പാറകൾ ഇവിടെ കാണാം.
സാഹസിക യാത്രികർ ബൈക്ക് ഓടിച്ച് മലമുകളിലെ കസേരപ്പാറയിൽ കയറ്റിവെച്ച് ചിത്രങ്ങൾ പകർത്തുന്നത് പതിവ് കാഴ്ചയാണ്. വലിയ ശ്രദ്ധയും സുരക്ഷയും വേണ്ട മേഖലയാണിത്. കാര്യമായ അപകട മുന്നറിയിപ്പ് സംവിധാനം ഇല്ലാത്തതിനാൽ സഞ്ചാരികൾ ഏറെ ശ്രദ്ധിച്ച് മാത്രമേ കസേരപ്പാറയിലേക്ക് കയറാവൂ എന്ന് പ്രദേശവാസികൾ പറയുന്നു. കട്ടപ്പന, ഉപ്പുതറ, ഇടുക്കി, കുമളി, ഈരാറ്റുപേട്ട, വാഗമൺ, എറണാകുളം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർ ഇപ്പോൾ കസേരപ്പാറയിലെ സ്ഥിരം സന്ദർശകരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.