ചാരുംമൂട്: ആഗോളതാപനത്തിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകുന്ന കാലഘട്ടത്തിൽ നാട്ടുപച്ചത്തുരുത്തായി ചുനക്കര കല്ലിശേരിക്കാവ്. ഏറെ പ്രധാനമായ ഒരു ആവാസസ്ഥാനമാണ് കാവുകള്‍. നിത്യഹരിത വനങ്ങളുടെ ഗണത്തില്‍ ഇന്ന് നിലനിൽക്കുന്നത് കാവുകള്‍ മാത്രമാണ്. വനങ്ങളായ ഈ കാവുകൾ പുണ്യസ്ഥലമായി കരുതിയിരുന്നു. ആചാരപരമായി ഒരുവിഭാഗം ജനങ്ങള്‍ കാവുകളെ സംരക്ഷിച്ച് പോന്നതിന് ഉദാഹരണമാണ് കല്ലിശേരിക്കാവും. ചുനക്കര തെക്കുംമുറി ആറാം വർഡിൽ സ്ഥിതി ചെയ്യുന്ന ഈ കാവ് മുമ്പ് കല്ലേലിക്കാവ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
പണ്ട് ഈ പ്രദേശമെല്ലാം ഒരുഭാഗത്ത് മലകളും താഴെ കൃഷിഭൂമിയുമായിരുന്നു. അന്ന് കൃഷിനാശം സംഭവിച്ച സമയത്ത് അതിൽനിന്ന് മുക്തി നേടാൻ ഒരു അപ്പൂപ്പൻ കൊടുങ്ങല്ലൂർ ഭഗവതിയെ ഇവിടെ പ്രതിഷ്ഠിച്ചു എന്നതാണ് ഐതിഹ്യം. തുടർന്ന് ക്ഷേത്രം രൂപപ്പെടുകയായിരുന്നു. ആരാധന തുടങ്ങിയതോടെ ആദ്യകാലത്ത് കുറവ സമുദായം പരമ്പരാഗത രീതിയിൽ പൂജ ചെയ്യുകയും പിന്നീട് ബ്രാഹ്മണർ ഏറ്റെടുത്ത് പൂജ നടത്തുകയും ചെയ്തു.
തുടർന്ന് ഇവിടെ പാർവതിയുടെ പ്രതിഷ്ഠ സ്ഥാപിച്ചു. പിന്നീട് കുറവർ സമുദായം തന്നെ തിരിച്ച് ഏറ്റെടുത്ത് പൂജാകർമങ്ങൾ തുടർന്ന് വരുകയാണ്. ദിവസവും വിളക്ക് കൊളുത്താറുണ്ടെങ്കിലും വർഷത്തിൽ ഒരിക്കൽ മാത്രമാണ് പൂജ. ഏകദേശം രണ്ട് ഏക്കർ സ്ഥലത്ത് പടർന്നുകിടക്കുന്ന കാവ് പ്രകൃതി ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട സ്ഥലമാണ്.
ചാരുംമൂട് ജങ്ഷനിൽനിന്ന് ഒരു കിലോമീറ്റർ വടക്ക് മാറി സ്ഥിതി ചെയ്യുന്ന കല്ലിശ്ശേരിക്കാവിന്‍റെ ഒരു വശം കരിങ്ങാലി പുഞ്ചയുടെ പടിഞ്ഞാറെ അറ്റമാണ്. കാവുംപുഞ്ചയും സംഗമിക്കുന്ന അപൂർവത കൂടിയുണ്ട് ഈ പ്രദേശത്തിന്. അന്തരിച്ച ദേശീയ അവാർഡ് ജേതാവ് ചുനക്കര കെ. ആർ. രാജന്‍റെ വീടാണ് കാവിന്‍റെ തെക്കേ അതിർത്തി.
വളരെ വിശേഷപ്പെട്ട ഒട്ടനവധി അപൂർവ മരങ്ങളുടെയും ചെടികളുടെയും പക്ഷികളുടെയും ഒക്കെ സംഗമസ്ഥലമെന്ന പ്രത്യേകതയും കല്ലിശ്ശേരിക്കാവിനുണ്ട്. നിത്യഹരിത കാവുകളിലെ സ്ഥിരമായി കാണുന്ന വൃക്ഷങ്ങളുടെ മേലാപ്പാണ് ഈ കാവിലുള്ളത്. ഇവിടെ സ്ഥിതി ചെയ്യുന്ന പലവൃക്ഷങ്ങളും പശ്ചിമഘട്ടത്തിന്റെ തനതുമരങ്ങളാണ്.
കാടുകളിൽ മാത്രം പ്രജനനം നടത്തുന്നവയായി കരുതപ്പെടുന്നവ ഉൾപ്പെടെ നിരവധി പക്ഷികളുടെയും അപൂർവയിനം പൂമ്പാറ്റകളുടെയും വാസഗൃഹം കൂടിയാണ് ഇവിടം. നിരവധി ഔഷധച്ചെടികളും ഇവിടെയുണ്ട്. ചുനക്കര തെക്കും മുറി ആറാം വാർഡിലാണ് കാവ് സ്ഥിതി ചെയ്യുന്നതെങ്കിലും ഔദ്യോഗിക വഴി നൂറനാട് പഞ്ചായത്തിൽ കൂടി മാത്രമേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.