കടലും മരുഭൂമിയും പകർന്നു നൽകിയ അനുഗ്രങ്ങളുടെ തീരമാണ് യു.എ.ഇ. വിനോദമേഖലയിൽ കടലിനെ ഏതൊക്കെ വിധത്തിൽ ഉപയോഗിക്കാമെന്ന പാഠം ലോകത്തിന് പകർന്നുനൽകിയിട്ടുണ്ട് ഇമാറാത്ത്. ടർക്കോയിസ് കടലും ശിൽപങ്ങൾ വിടരുന്ന മൺകൂനകളും വിസ്മയമായ പെയിന്റിങുകളും കടൽ സവാരികളും കൊണ്ട് സന്ദർശകരെ ഓളങ്ങളാക്കി മാറ്റുകയാണ് ദുബൈയുടെ ‘ലാ മെർ’. കടലിലേക്ക് നോക്കിയാൽ സഞ്ചാരികളെയും അവരുടെ ഉല്ലാസങ്ങളെയും വഹിച്ച് ഓളങ്ങളെ മീട്ടി പോകുന്ന ജലയാനങ്ങളെ കാണാം.
പ്രണയഗാനങ്ങൾ കടലിൽ സദാ അലയടിക്കുന്നുണ്ടാകും. ആദ്യമായി ലാ മെറിലെത്തിയവരുടെ മുഖത്ത് യന്ത്ര ഊഞ്ഞാൽ കറങ്ങിപാടുന്നുണ്ടാകും. കടൽക്കാറ്റും കരക്കാറ്റും സംയോജിച്ച ശീതളിമയിലൂടെ, പൂക്കളുടെ കരവെച്ച നടപ്പാതയിലൂടെ നടക്കുമ്പോൾ പൂമണം മനസ്സാകെ നിറയും. യന്ത്ര ഊഞ്ഞാലിൽ കയറിയൊന്ന് കറങ്ങിവന്നാൽ ദുബൈ കാഴ്ച്ചകൾ ഹൃദയത്തിൽ അലിഞ്ഞുചേർന്നിരിക്കും.
അടിസ്ഥാനപരവും സമകാലികവുമായ ശൈലികൾ സമന്വയിപ്പിക്കുന്ന ഗ്രാഫിറ്റികളും ചുവർചിത്രങ്ങളും നിങ്ങളെ നിറപകിട്ടാക്കും. കുട്ടികൾക്കും മുതിർന്നവർക്കും അനുയോജ്യമായ ലഗുണ വാട്ടർപാർക്ക് ലാ മെർ ദുബൈ ബീച്ചിലുണ്ട്. അവസാനിപ്പിക്കാൻ മനസനുവദിക്കാത്ത ജലവിനോദങ്ങളുടെ മായികതയാണിത്.
കൃത്രിമ തിരമാലകളും ജല തരങ്കങ്ങളും കൊണ്ട്, ലാ മെർ ദുബൈയിലെ ഈ വാട്ടർ പാർക്ക് വിനോദവും ആവേശവും നൽകുന്നു. കുരുന്നുചുണ്ടിൽ പാൽ പുഞ്ചിരി വിടർത്തുന്ന വിനോദങ്ങളുടെ മാന്ത്രികത. രാത്രിയിലും പകലും സമയം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ലാ മെർ ദുബൈ.
സന്ദർശകർക്കായി ഇവിടെ ധാരാളം പാർക്കിങ് സൗകര്യമുള്ളത് കാരണം വാഹനവുമായെത്തുന്നവർക്ക് ഏറെ സൗകര്യമാണ് ഈ കടലോരം. ഒരു ദിവസം മുഴുവൻ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ നിരവധി കാഴ്ച്ചകളും ജലയാത്രകളും ലാ മെറിലുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും ആവേശം പകരുന്ന ഒരു കളിസ്ഥലമാണ് ഹവാ ഹവ. മൺകൂനയുടെ ആകൃതിയിലുള്ള ഇവിടെ എത്തിയാൽ തിരികെ പോകാനെ തോന്നില്ല. കിഴക്കൻ ഏഷ്യക്ക് പുറത്തുള്ള ഇത്തരത്തിലുള്ള ആദ്യത്തേത് കൂടിയാണ് ഹവാ ഹവ. കിഡൂസ് എന്റർടൈൻമെന്റ് 12 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കായിട്ടുള്ളതാണ്. ഇന്ററാക്ടീവ് ഇൻഡോർ പ്ലേ സ്പെയ്സാണിത്.
ലാ മെർ ദുബൈയിലെ അതിമനോഹരമായ റോക്സി സിനിമാസിൽ ലാ മെർ ബീച്ചിന്റെ വടക്ക് വശത്തായി സ്ഥിതി ചെയ്യുന്നു. ഈ ബോട്ടിക് തിയേറ്റർ മറ്റേതിൽ നിന്നും വ്യത്യസ്തമായ ദൃശ്യാനുഭവം പകരുന്നു. ബിസ്ട്രോ കഫേ അന്തരീക്ഷവും സിനിമക്കുള്ളിൽ നിങ്ങൾക്ക് ഭക്ഷണം എത്തിക്കാനുള്ള ഓപ്ഷനും ഉണ്ട്. 4K റെസല്യൂഷനിൽ സിനിമ കണ്ടാസ്വദിക്കുവാനുമാകും.
ലാ മെറിന്റെ ആകർഷകമായ കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന ജലകേളിഉദ്യാനം മനോഹരമാണ്. പാഡിൽബോർഡിങ് മുതൽ ജെറ്റ് സ്കീയിങ്, കയാക്കിങ്, വാട്ടർ ബൈക്കിങ്, പാഡിൽ ബോട്ടിങ്, സർഫിങ്, ഫ്ളൈബോർഡിങ്, ഡോനട്ട് റൈഡിങ്, ബോട്ട് ക്രൂയിസിങ് എന്നിവയും അതിലേറെയും കടൽ അധിഷ്ഠിത കായിക വിനോദമുണ്ട്.
ഒത്തുചേരലുകൾ, ജന്മദിനങ്ങൾ, മറ്റ് ഇവന്റുകൾ എന്നിവക്ക് ഉപയോഗപ്പെടുത്താവുന്ന ഫസ്റ്റ് യാച്ചിന്റെ വാട്ടർ സ്പോർട്സ്, നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മറക്കാനാവാത്ത അനുഭവങ്ങൾ പകരും.
ബസിൽ - ദുബൈയിലെ ലാ മെറിലേക്ക് പോകാൻ, ബസ് റൂട്ടുകൾ 9, 88 ഉപയോഗിക്കുക.
കാറിൽ: ദുബൈയിൽ നിന്ന് ബുർജിന്റെ വടക്ക്-പടിഞ്ഞാറ് അൽ സഫ സ്ട്രീറ്റിലൂടെ സിറ്റി വാക്കിലൂടെ 77 ബി സ്ട്രീറ്റിലേക്ക് ഡ്രൈവ് ചെയ്യുക. ജബൽ അലിയിൽ നിന്നാണ് നിങ്ങൾ വരുന്നതെങ്കിൽ ദുബൈ കനാലും മെർകാറ്റോ ഷോപ്പിങ് മാളും കടന്ന് ഇടത്തേക്ക് തിരിയുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.