താറാവുകളും ടർക്കികളും ചന്തമുള്ള പൂവൻകോഴികളും തൊട്ടപ്പുറത്തെ മലയിൽ തീറ്റ തേടി അലയുന്ന ആട്ടിൻപറ്റത്തോട് കിന്നരിക്കുന്നത് കാണാം. തെങ്ങോളം ഉയരത്തിൽ വളർന്ന ഈത്തപ്പനകളിൽ സമ്പന്നമായി കുലച്ചു തൂങ്ങി നിൽക്കുന്ന ഈത്തപ്പഴങ്ങൾ കണ്ടാസ്വദിക്കാം. നടന്ന് നടന്ന് കാലുകഴച്ചാൽ മരത്തടികളുടെ രൂപത്തിൽ തണലിൽ ഒരുക്കിയ സിമന്‍റ് ബഞ്ചുകളിലിരുന്ന് വീശിയടിക്കുന്ന ഇളം കാറ്റ് ആവോളം ആസ്വദിക്കാം.
മസാഫിക്കടുത്ത് ത്വയ്ബ എന്നൊരു ഗ്രാമ സുന്ദരിയുണ്ട്. അംബരചുംബികളായ കെട്ടിടങ്ങളുടെ സാന്നിധ്യമേതും ഇല്ലാതെ പരമ്പരാഗത സ്വദേശി ഗൃഹങ്ങളാൽ സമ്പന്നമായ ഒരു തനി നാടൻ പ്രദേശം. ഇവിടത്തെ നിരത്തുകളിൽ വാഹനങ്ങൾ ഇരുവശത്തേക്കും സഞ്ചരിക്കുന്നത് പ്രവാസി സഞ്ചാരികൾക്ക് നാടോർമ സമ്മാനിക്കും. കായ്ച്ചു നിൽക്കുന്ന മാവുകൾ, ഈത്തപ്പഴങ്ങൾ തിങ്ങിക്കുലച്ചു നിൽക്കുന്ന പനത്തോട്ടങ്ങൾ, എപ്പോഴോ പെയ്ത മഴയിൽ കുത്തിയൊലിച്ചു കടന്നുപോയ മഴവെള്ളം മതിലിൽ തീർത്ത കൊത്തുപണികൾ…പ്രകൃതിയെ പുൽകാൻ വെമ്പുന്ന ഹൃദയവുമായി സഞ്ചരിക്കുന്ന ഏതൊരാളുടെയും മനം കവരും ഈ ഗ്രാമ സുന്ദരി.
മസാഫിയിൽ നിന്നും ഏതാനും കിലോമീറ്റർ ഡിബ്ബ റോഡിലൂടെ യാത്ര ചെയ്ത് ഖലൈബിയയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അല്പം കൂടി പോയാൽ എത്തിച്ചേരുന്ന പ്രദേശമാണിത്. ചെറുതും വലുതുമായ അനേകം കുന്നുകളുടെ ചെരിവുകളിലും താഴ്‌വാരങ്ങളിലും ആയാണ് വീടുകളും കൃഷിയിടങ്ങളും സ്ഥിതി ചെയ്യുന്നത്.
തന്‍റെ ഗ്രാമത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കാനും അവർക്ക് ഒന്നോ രണ്ടോ രാത്രികൾ ഇവിടെ തങ്ങി പരമ്പരാഗത ഇമാറാത്തി സംസ്കാരങ്ങൾ പരിചയപ്പെടുത്താനും അഹ്‌മദ് അലി എന്ന സ്വദേശി ഇവിടെ ഒരു സ്വകാര്യ മ്യൂസിയം തന്നെ ഒരുക്കി വെച്ചിട്ടുണ്ട്. ഇതിനോട് ചേർന്ന് സാമാന്യം സൗകര്യം ഉള്ള ഒരു ലോഡ്ജ് സംവിധാനവും. പേര് മ്യൂസിയം എന്നാണെങ്കിലും ഇതിനെ ഒരു ബോട്ടാണിക്കൽ പാർക്ക് എന്നോ സുവോളജിക്കൽ പാർക്ക് എന്നോ ചേർത്ത് വിളിക്കേണ്ടിവരും. പ്രകൃതി വരദാനമായി നൽകിയ സവിശേഷതയുള്ള ഈ ഭൂപ്രദേശത്തിന്‍റെ കുന്നിൻ ചെരിവുകളിൽ അധ്വാനത്തിന്‍റെയും കാല്പനികതയുടെയും സ്വത്വത്തോടുള്ള ഭ്രാന്തമായ ആവേശത്തിന്‍റെയും ആകെത്തുകയായി പിറവിയെടുത്ത ഒരു ഉദ്യാന വാതിലാണ് സന്ദർശകർക്കായി തുറന്നിട്ടിരിക്കുന്നത്. ഇവിടെ നിങ്ങൾക്ക് യു.എ.ഇയുടെ ചരിത്രം ചിത്രങ്ങളിലൂടെ വായിച്ചെടുക്കാം. രാഷ്ട്രശില്പി ശൈഖ് സായിദിന്‍റെ ജീവിതയാത്രയിലെ അപൂർവ്വ നിമിഷങ്ങൾ കണ്ടറിയാം. വെറും പാറക്കഷണങ്ങൾ അടുക്കിവെച്ച് എങ്ങനെ പാർപ്പിടങ്ങൾ ഒരുക്കി ഒരു സമൂഹം മുമ്പ് ജീവിച്ചിരുന്നുവെന്ന്, എസിയുടെ തണുപ്പ് കുറവാണെന്ന് പരാതിപ്പെടുന്ന യുവതലമുറകൾക്ക് പഠിപ്പിച്ചുകൊടുക്കാം. പഴമയുടെയും പുതുമയുടെയും ബാക്കിപത്രങ്ങളായ ഒരുപാട് യന്ത്രോപകരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ ശേഖരം കണ്ട് ആശ്ചര്യപ്പെടാം. താറാവുകളും ടർക്കികളും ചന്തമുള്ള പൂവൻകോഴികളും തൊട്ടപ്പുറത്തെ മലയിൽ തീറ്റ തേടി അലയുന്ന ആട്ടിൻപറ്റത്തോട് കിന്നരിക്കുന്നത് കാണാം. തെങ്ങോളം ഉയരത്തിൽ വളർന്ന ഈത്തപ്പനകളിൽ സമ്പന്നമായി കുലച്ചു തൂങ്ങി നിൽക്കുന്ന ഈത്തപ്പഴങ്ങൾ കണ്ടാസ്വദിക്കാം. നടന്ന് നടന്ന് കാലുകഴച്ചാൽ മരത്തടികളുടെ രൂപത്തിൽ തണലിൽ ഒരുക്കിയ സിമന്‍റ് ബഞ്ചുകളിലിരുന്ന് വീശിയടിക്കുന്ന ഇളം കാറ്റ് ആവോളം ആസ്വദിക്കാം. പിന്നെയും നടന്നാൽ ഒരു ചെറു അരുവിയുടെ പാലം മുറിച്ചു കടന്ന് ഒരു കുഞ്ഞു നിരീക്ഷണ ഗോപുരത്തിലേക്ക് നിങ്ങൾക്ക് കയറിച്ചെല്ലാം. ഈ ഭംഗി നുകർന്ന് നുകർന്ന് തീരുന്നില്ല എന്ന് തോന്നിയാൽ അവിടെത്തന്നെ ഒരുക്കിയ കുഞ്ഞുമുറികളിൽ മിതമായ നിരക്ക് നൽകി രാപ്പാർക്കുകയും ആവാം.
മലയാളികൾ അടക്കം നിരവധി സഞ്ചാരികൾ ഗ്രാമ ഭംഗി ആസ്വദിക്കാൻ ദിവസേന തൊയ്ബയിൽ എത്താറുണ്ട്. തിരക്കുകളിൽ നിന്നും നഗരജീവിതത്തിന്‍റെ വീർപ്പുമുട്ടലുകളിൽ നിന്നും ഒന്ന് ഒളിച്ചോടണം എന്ന് തോന്നുന്നുവെങ്കിൽ നേരെ വിട്ടോളൂ. തൊയ്ബ കാത്തിരിക്കുകയാണ്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.