കൊല്ലങ്കോട്: നയനമനോഹര ഗ്രാമീണഭംഗി കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായതിന് പിന്നാലെ സഞ്ചാരികളുടെ ഒഴുക്കാണ് കൊല്ലങ്കോടേക്ക്. എന്നാൽ, ഇമ്മാതിരി പണി വേണ്ടിയിരുന്നില്ല എന്നാണ് കൊല്ലങ്കോട്ടുകാരുടെ പക്ഷം. നായരുപിടിച്ച പുലിവാലെന്ന് കേട്ടിട്ടേയുള്ളൂ, കൊല്ലങ്കോട് ഇപ്പോൾ നേരിൽ കാണുകയാണ്. കഷ്ടിച്ച് ഒരുവാഹനത്തിന് കടന്നുപോകാൻ ഇടമുള്ള ഗ്രാമീണ റോഡുകളിൽ ചീറിപ്പായുന്ന സൂപ്പർ ബൈക്കുകൾ മുതൽ ലഹരിയിൽ കറങ്ങി നാട്ടുകാരെ വലക്കുന്ന ന്യൂജൻ വരെയുണ്ട് പട്ടികയിൽ. പുലർച്ചെ ഗ്രാമീണ മേഖലയിലെത്തുന്ന സഞ്ചാരികൾ പലരും അർധരാത്രിയോടെയാണ് മടങ്ങുക.
അതുവരെ വലിയ ശബ്ദത്തിലുള്ള ഇവരുടെ വാഹനസഞ്ചാരവും ബഹളവും ലഹരി ഉപയോഗവും പ്ലാസ്റ്റിക് മലിനീകരണവുമെല്ലാം ഈ കൊച്ച് ഗ്രാമം ഏറ്റുവാങ്ങണം.ഇന്ത്യയിൽ പ്രകൃതിരമണീയമായ പ്രദേശങ്ങളിൽ മൂന്നാംസ്ഥാനം കൊല്ലങ്കോടിനെ തേടിയെത്തിയതോടെയാണ് വിനോദസഞ്ചാരികൾ തെന്മലയിലെ നീർച്ചാലുകളെയും പുഴകളെയും കാണാനായി എത്തുന്നത്. കാറുകളിലും ബൈക്കുകളിലുമായി എത്തുന്നവർ രാത്രിയായാലും റോഡിൽ തന്നെ വാഹനങ്ങൾ നിർത്തി ഗതാഗത തടസ്സം സൃഷ്ടിക്കുകയും അമിതവേഗത്തിൽ കാർ ഓടിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്.
ഇതോടെ വിവിധ ജില്ലകളിൽനിന്ന് എത്തുന്ന സ്ത്രീകൾ ഉൾപ്പെടുന്ന വിനോദസഞ്ചാരികളും ബുദ്ധിമുട്ടിലായിട്ടുണ്ട്. വനം വകുപ്പിന്റെ അധീനതയിലുള്ള സീതാർകുണ്ട്, പലക പാണ്ടി, ചുക്രിയാൽ, പാത്തിപ്പാറ തുടങ്ങിയ വെള്ളച്ചാട്ടങ്ങളുടെ പ്രദേശങ്ങളിലേക്ക് അനുവാദമില്ലാതെ അകത്തുകടക്കുകയും രാത്രിയാകുന്നത് വരെ വനത്തിനകത്ത് ഇരുന്ന് മദ്യപിച്ചശേഷം കുപ്പികൾ വെള്ളച്ചാട്ടത്തിൽ വലിച്ചെറിയുകയുമാണ്.
ബഹളം വെച്ച് ഭീതിദ അന്തരീക്ഷം സൃഷ്ടിക്കുന്ന സംഘങ്ങൾക്കെതിരെ വനംവകുപ്പും നടപടിയെടുക്കാറില്ല. വെള്ളച്ചാട്ടം കാണാൻ എത്തുന്നവർക്കായി രജിസ്റ്റർ സംവിധാനം ഏർപ്പെടുത്തുകയും വെള്ളച്ചാട്ടങ്ങളിൽ വാച്ചർമാരുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ പൊലീസിന്റെ സാന്നിധ്യവും ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇടുങ്ങിയ വഴികളിലൂടെ അമിതവേഗതിയിൽ കാറും ബൈക്കും ഓടിച്ച് പോകുന്നവരെയും ലഹരി ഉപയോഗത്തിനെതിരെയും പരിശോധന ശക്തമാക്കുമെന്ന് സി.ഐ വിപിൻദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.