മൂവായിരത്തിലധികം ഇനം സസ്യങ്ങളും മൃഗങ്ങളും വസിക്കുന്ന ഉഷ്ണമേഖലാ മഴക്കാട്! ദുബൈയെ കുറിച്ചാണോ പറയുന്നതെന്ന് ചോദിക്കരുത്. ലോകത്തെ എല്ലാ അൽഭുതങ്ങളും നിറച്ചുവെച്ച ദുബൈ നഗരത്തിൽ ഇതും ഒരതിശയമാണ്. നഗരത്തിലെ അൽ വസ്ൽ റോഡും സഫ റോഡും ചേരുന്ന സിറ്റി വാക്ക് ദുബൈയിലാണ് 'ഗ്രീൻ പ്ലാനറ്റ് ദുബൈ' എന്ന ചെറിയ ആമസോൺ മഴക്കാട് സ്ഥിതി ചെയ്യുന്നത്. അനേകം വിദേശ, ഉഷ്ണമേഖലാ ജീവിജാലങ്ങളെ അടുത്തുനിന്ന് കാണാനുള്ള അതുല്യമായ അവസരമാണ് നാലുനിലകളിൽ ഒരുക്കിയ ഈ പ്ലാനറ്റ് ഒരുക്കിയിരിക്കുന്നത്. നാലാം നിലയിൽ നിന്ന് താഴേക്ക് വളഞ്ഞുപുളഞ്ഞ പാതയിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കാണുന്ന രീതിയാണിവിടെ ഒരുക്കിയിട്ടുള്ളത്.
വേനൽ കാലത്ത് കുട്ടികളും കുടുംബവുമായും പോകാൻ യോജിച്ച ഒരിടമാണിത്. മൃഗങ്ങളുമായും പക്ഷികളുമായും ഇടപെടുന്നത് കുട്ടികൾക്ക് കൗതുകകരമായ അനുഭവമായിരിക്കും. കുരങ്ങുകൾ, പഴംതീനി വവ്വാലുകൾ, വിവിധയിനം തത്തകൾ, പാമ്പുകൾ, ഓന്ത് ഇനത്തിൽ ഉൾപെട്ട ജീവികൾ തുടങ്ങി അനേകം ജീവികളെ സുരക്ഷിതമായ സാഹചര്യത്തിൽ കാണാൻ ഇവിടെ സാധിക്കും. ഒറിഗാമി ശൈലിയിലെ ഗ്ലാസ് കെട്ടിടത്തിനുള്ളിൽ ഒരു മിനിയേച്ചർ ബയോ-ബയോളജിക്കൽ ഡോം തന്നെയാണ് 'ഗ്രീൻ പ്ലാനറ്റ് ദുബൈ'. നാലുനില ഉയരത്തിൽ നിൽക്കുന്ന ഭീമാകാരമായ കപ്പോക്ക് മരത്തിന് ചുറ്റുമായാണ് ആവാസ വ്യവസ്ഥ നിലകൊള്ളുന്നത്. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ വൃക്ഷമെന്ന് വിശേഷിപ്പിക്കപ്പെടുന്നതു കൂടിയാണ് ഈ മരം. യു.എ.ഇയിലെ പരിസ്ഥിതിയിൽ സാധാരണ കണ്ടുവരാത്ത ജീവിജാിങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
കനോപ്പി, മിഡ്‌സ്റ്റോറി, ഫോറസ്റ്റ് ഫ്ലോർ, വെള്ളപ്പൊക്ക മഴക്കാട് എന്നിങ്ങനെ നാലു വിഭാഗങ്ങളായി ഒരോ നിലകളെയും തിരിച്ചിട്ടുണ്ട്. കനോപ്പി എന്ന മേലാപ്പ് ഉഷ്ണമേഖലാ വനത്തിന്‍റെ മേൽക്കൂരയായ ഇവിടെ നിരവധി മഴപ്പക്ഷികളും പ്രകൃതിദത്തമായ ആവാസവ്യവസ്ഥയിൽ 'സെബ' വവ്വാലുകളെ പാർപ്പിക്കുന്ന പ്രശസ്തമായ വവ്വാൽ ഗുഹയുമുണ്ട്. മിഡ്‌സ്‌റ്റോറിയിൽ ധാരാളം കുരങ്ങുകളും ഇഴജന്തുക്കളും അധിവസിക്കുന്നു. രണ്ടാം നിലയിലെ മഴക്കാടുകളുടെ തറ നനവുള്ളതും ശാന്തവും ഇരുണ്ടതുമാണ്. ഇവിടെ ആമയും പക്ഷികളുമൊക്കെ താമസിക്കുന്നു. ഒന്നാം നിലയിൽ മത്സ്യങ്ങൾ നിറഞ്ഞ ഭീമാകാരമായ അക്വേറിയവും മറ്റു ജീവജാലങ്ങളെയും കാണാനാവും.
എല്ലാദിവസവും രാവിലെ 10മുതൽ വൈകുന്നേരം ആറുവരെയാണ് പ്ലനറ്റിന്‍റെ പ്രവർത്തനം. വേനൽകാലത്ത് ഇവിടെ കുട്ടികൾക്ക് വേണ്ടി നേൽകാല ക്യാമ്പുകളും മറ്റും അരങ്ങേറാറുണ്ട്. 'ഗ്രീൻ പ്ലാനറ്റ് ദുബൈ'യിൽ ഗേറ്റിൽ സാധാരണ ടിക്കറ്റിന് 140ദിർഹമാണ് നിരക്ക്. ഓൺലൈനിൽ വാങ്ങുമ്പോൾ 110ദിർഹം മതിയാകും. അതേസമയം 199ദിർഹത്തിന്‍റെ വി.ഐ.പി ടിക്കറ്റിന് കൂടുതൽ സൗകര്യങ്ങളുണ്ട്. ക്യൂ നിൽക്കാതെ തന്നെ പ്രവേശിക്കാനും കാഴ്ചകൾ ആസ്വദിക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.