ഭാവങ്ങൾ മിന്നിമറയുന്ന നടനെപ്പോലെയാണ് ഇലവീഴാപ്പൂഞ്ചിറ. വെയിൽച്ചിരിയിൽ മയങ്ങി കുന്നിൻമുകളിലേക്ക് കയറുമ്പോഴാകും നീലക്കടൽ പോലെ കോടമഞ്ഞ് ഒഴുകിപ്പരക്കുന്നത്. ആകാശവും ഭൂമിയും ഒന്നാവുന്ന അപൂർവ സുന്ദര നിമിഷം കണ്ടുമതിയാകുംമുമ്പേ കാറ്റിന്റെ അകമ്പടിയോടെ മഴ തകർത്തുപെയ്യാൻ തുടങ്ങും. മഴ മാറി, മഞ്ഞു നീങ്ങിയാൽ ആയിരക്കണക്കിന് അടി താഴെ ആരോ വരച്ചിട്ട ചിത്രം പോലെ മലങ്കര ഡാമിന്റെ റിസർവോയറും വേമ്പനാട്ടുകായലും നെടുമ്പാശ്ശേരിയുമടക്കം തെളിഞ്ഞുകാണാം. മഞ്ഞിൽ മുങ്ങിനിൽക്കുമ്പോൾ ഹൊറർ സിനിമയിലെ ദൃശ്യങ്ങളെ ഓർമിപ്പിക്കുംവിധം നിഗൂഢഭാവമാണ് ഇലവീഴാപ്പൂഞ്ചിറക്ക്. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് ഇലവീഴാപ്പൂഞ്ചിറ എന്ന ഹിൽസ്റ്റേഷൻ. സമുദ്ര നിരപ്പിൽനിന്ന് 3200 അടി ഉയരത്തിലാണ് ഇലവീഴാപ്പൂഞ്ചിറയുടെ സ്ഥാനം. വ്യൂപോയന്റിൽനിന്നു നോക്കിയാൽ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകൾ കാണാനാവും. മഴയും കോടയും ഇല്ലാത്ത സമയത്തേ ഈ അപൂർവ കാഴ്ച കണ്ടുകിട്ടൂ. സ്ഥലവും ദിക്കും അറിയുന്നവർക്ക് രാത്രിയിലെ വെളിച്ചം നോക്കിയാൽ സ്ഥലങ്ങൾ കൃത്യമായി അറിയാനാവുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കോട്ടയത്തുനിന്ന് 55 കിലോമീറ്ററും തൊടുപുഴയിൽനിന്ന് 20 കിലോമീറ്ററും ദൂരമുണ്ട് ഇങ്ങോട്ട്. ട്രക്കിങ്ങിനു പറ്റിയ ഇടം. പൂഞ്ചിറയിൽനിന്ന് മുകളിലേക്ക് കുറച്ചുദൂരം ജീപ്പിലും ബൈക്കിലും പോവാം. ബാക്കി നടന്നുതന്നെ കയറണം. പൊലീസിന്റെ വയർലെസ് കമ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത് ഇവിടെയാണ്. ഇവിടം പൊലീസിന്റെ നിയന്ത്രണത്തിലാണെങ്കിലും സഞ്ചാരികൾക്ക് വിലക്കില്ല. സുന്ദരമായ കാഴ്ചകൾക്കൊപ്പമുള്ള അപകടങ്ങളും വെല്ലുവിളികളും കാണാതിരിക്കാനാവില്ല. ഉയരം കൂടിയ പ്രദേശമായതിനാൽ മിന്നലും മഴയും കൂടുതലാണ്.
'ഇലവീഴാപ്പൂഞ്ചിറ' സിനിമ കണ്ടവർക്ക് മറ്റൊരു കൗതുകംകൂടി ഇവിടെയുണ്ട്. സിനിമയുടെ പശ്ചാത്തലമായ, ഇരുമ്പുതകിടുകൊണ്ടുള്ള ട്രെയിൻ ബോഗിയെന്നുതോന്നിക്കുന്ന വയർലെസ് സ്റ്റേഷൻ. ഇത് അടഞ്ഞുകിടക്കുകയാണ്. വർഷങ്ങൾക്കുമുമ്പ് ഫിഷറീസിന്റെ സിഗ്നൽ സ്റ്റേഷനായിരുന്നു ഇത്. കുറച്ചുകാലം മാത്രമേ ഇത് പ്രവർത്തിച്ചുള്ളൂ. ജനലും വാതിലുമൊന്നുമില്ലാതെ ചട്ടക്കൂടുമാത്രമായി കിടന്നിരുന്ന സ്റ്റേഷനെ സിനിമക്കുവേണ്ടി ആർട്ട് വർക്ക് ചെയ്ത് വയർലെസ് സ്റ്റേഷനാക്കിയെടുക്കുകയായിരുന്നു. ഇതിനോടുചേർന്ന് അൽപം താഴെയാണ് പുതിയ വയർലെസ് സ്റ്റേഷൻ. കാറ്റാടിയും ജനറേറ്റർ മുറിയുമെല്ലാം അവിടെത്തന്നെയുണ്ട്.
പൂഞ്ചിറക്കാരനായ കൃഷ്ണൻ കുട്ടി പറയുന്നത് ഇങ്ങനെ -'പൂഞ്ചിറയിൽ എല്ലാ വർഷവും തീപിടിത്തമുണ്ടാവും. പുല്ലുകളെല്ലാം കത്തിയമരും. അടുത്ത മഴക്ക് വീണ്ടും മുളച്ചുവരും. ഇത് എല്ലാവർഷവും ആവർത്തിക്കും. അതുകൊണ്ടാണ് ഇവിടെ മരങ്ങളുണ്ടാവാത്തത്.' കേട്ടാൽ ഇതും ശരിയാണെന്നുതോന്നും. കഥ എന്തുതന്നെയായാലും ഇവിടെ ഒറ്റ മരമില്ല. ആകെയുള്ളത് കാട്ടുപുല്ലുകളും ചിറ്റീന്തിൻതൈകളും മാത്രം. പൂഞ്ചിറയുടെ താഴ്ഭാഗത്താണ് ചിറ. താഴെയിറങ്ങി മേലുകാവിലേക്കുള്ള റോഡിൽ അരകിലോമീറ്റർ ചെന്ന് വലത്തേക്കു കയറിച്ചെന്നാൽ കൈവരികെട്ടി സംരക്ഷിച്ചിരിക്കുന്ന ചിറ കാണാം. കോടയാണെങ്കിൽ അടുത്തുചെന്നാലും ചിറ പൂർണമായി ദൃശ്യമാവില്ല. ചിറക്കടുത്ത് ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട്.
എല്ലാക്കാലത്തും ഇവിടെ സഞ്ചാരികളുണ്ടാവും. രാവിലെ മുതൽ രാത്രി വരെ നീളും യാത്രക്കാരുടെ ഒഴുക്ക്. വാഗമണിലും ഇല്ലിക്കൽകല്ലിലും പോയി മടങ്ങുന്നവരുടെ അവസാന സ്റ്റേഷനാണ് ഇലവീഴാപ്പൂഞ്ചിറ. മലമുകളിലിരുന്ന് രാത്രിക്കാഴ്ചകളും കണ്ടേ ഇവർ മടങ്ങൂ. രണ്ടു തരത്തിലുള്ള യാത്രക്കാരാണ് ഇവിടെയെത്തുന്നവർ. ചിലർക്ക് കോട കാണാനാവും ഇഷ്ടം. എന്നാൽ, മറ്റു ചിലർ വരുന്നത് കാഴ്ചകൾ കാണാനാണ്. അവധി ദിവസങ്ങളിലാണ് ഏറെ തിരക്ക്. എന്നാൽ, മിന്നലുണ്ടാകുന്ന സമയത്ത് വൈകീട്ട് ആരെയും നിർത്താറില്ല. റോഡിൽ വാഹനം നിർത്തിപ്പോകുന്നവരെയെല്ലാം ''ഒരു ചായ കുടിച്ചിട്ടുപോകാം'' എന്നുപറഞ്ഞു വിളിക്കും മോഹനൻ. ചിലർ ആ വിളികേട്ടെത്തും. മറ്റു ചിലർ മടങ്ങിവരുമ്പോൾ കയറാമെന്നു പറയും.
ഇലവീഴാപ്പൂഞ്ചിറ എന്ന സ്ഥലം നേരത്തെ പരിചിതമായിരുന്നെങ്കിലും അവിടെയൊരു വയർലെസ് സ്റ്റേഷനുണ്ടെന്നും മരണം മുന്നിൽകണ്ടെന്ന പോലെ പൊലീസുകാർ ജോലി ചെയ്യുന്നുണ്ടെന്നും പുറംലോകം അറിഞ്ഞത് 'ഇലവീഴാപ്പൂഞ്ചിറ' എന്ന സിനിമയിലൂടെ മാത്രമാണ്. സിനിമക്ക് തിരക്കഥയെഴുതിയ നിധീഷും ഷാജിയും ഒരുമിച്ച് കുറേക്കാലം വയർലെസ് സ്റ്റേഷനിലുണ്ടായിരുന്നു. സംവിധായകൻ ഷാഹി കബീർ ഇവർക്കു മുമ്പ് ഇവിടെ ജോലി ചെയ്തിരുന്നു.
യഥാർഥത്തിലുള്ളതിന്റെ പകുതി ഭീകരത പോലും സിനിമയിൽ കാണിച്ചിട്ടില്ലെന്നാണ് തിരക്കഥയെഴുതിയവരിലൊരാളായ നിധീഷ് ജി പറയുന്നത്. മിന്നലെന്നുവെച്ചാൽ സാധാരണ കാണുന്നതൊന്നുമല്ല അവിടെ. കണ്ണുതുറക്കാൻപോലും കഴിയാത്തത്ര വെളിച്ചമാണുണ്ടാവുക. ചെവി തകർക്കുന്ന ശബ്ദവും. ഷൂട്ടിനിടക്ക് വൈകീട്ട് നാലുമുതൽ അഞ്ചര വരെ തുടർച്ചയായ മിന്നലായിരുന്നു. എല്ലാം പൂട്ടിക്കെട്ടി മടങ്ങേണ്ടിവരുമോ എന്നുപോലും ചിന്തിച്ചു. പെട്ടെന്നാണ് കാലാവസ്ഥ മാറിമറിയുക. കനത്ത മഴയും മിന്നലും കഴിഞ്ഞ് 'ഇതൊന്നും ഞാനല്ല' എന്ന ഭാവത്തിൽ വെയിൽ തെളിയും. വിചാരിച്ച സമയത്ത് ഷൂട്ട് തുടങ്ങാനോ അവസാനിപ്പിക്കാനോ കഴിഞ്ഞിരുന്നില്ല. 2021 സെപ്റ്റംബറിലാണ് ഷൂട്ടിങ് തുടങ്ങിയത്. ആ സമയത്താവട്ടെ പലയിടങ്ങളിലും കനത്ത മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും. സമീപത്തെ വീടുകളിലും റിസോർട്ടുകളിലുമായിട്ടാണ് ക്രൂവിനെ താമസിപ്പിച്ചിരുന്നത്. അങ്ങനെ 25 ദിവസം ഷെഡ്യൂൾ ചെയ്ത ഷൂട്ട് 42 ദിവസംകൊണ്ടാണ് പൂർത്തിയാക്കിയത്. കഥാപാത്രങ്ങളുടെ മൂഡുമായി ചേർന്നുപോകുന്ന രീതിയിലാണ് പ്രകൃതിയെ കാണിച്ചിരിക്കുന്നത്. ഭീകരതയും സൗന്ദര്യവുമെല്ലാം അതേപടി പകർത്താൻ ശ്രമിച്ചു. പ്രതികൂല കാലാവസ്ഥയിൽ, ഏറ്റവും കുറച്ച് വിഭവങ്ങൾ മാത്രമുപയോഗിച്ച്, മരണം മുന്നിൽ കണ്ടാണ് പൊലീസുകാർ അവിടെ ജോലി ചെയ്യുന്നത്. നാലഞ്ചു ദിവസത്തേക്കുള്ള വസ്ത്രവും ഭക്ഷണസാധനങ്ങളും കരുതിയാണ് മുകളിലേക്ക് കയറുക. വെള്ളം ജീപ്പിൽ എത്തിക്കും. ഭക്ഷണമുണ്ടാക്കും, പുസ്തകങ്ങൾ വായിക്കും. അതായിരുന്നു പരിപാടി. ഫോണിന് റേഞ്ച് ഇല്ലാത്തതിനാൽ ആ നേരമ്പോക്കുമില്ല. സിനിമയിലെപ്പോലെ ഉറക്കത്തിൽ പോലും പൂഞ്ചിറ എന്നുകേട്ടാൽ ജാഗരൂകരാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.