കേളകം: ആറളം വൈൽഡ് ലൈഫ് ഡിവിഷനും മലബാർ നാചുറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്ന് ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളിൽ നടത്തിയ 20ാമത് പക്ഷി സർവേ സമാപിച്ചു. കണക്കെടുപ്പിൽ 145 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്.
ഇതിൽ 12 എണ്ണം പശ്ചിമഘട്ടത്തിൽ തനതായി കാണുന്ന പക്ഷികളാണ്. സർവേക്ക് ഇടയിൽ കണ്ടെത്തിയ കൊഴിക്കിളിയാണ് (Pied Thrush) പുതുതായി വന്യജീവിസങ്കേതത്തിൽ രേഖപ്പെടുത്തിയ പക്ഷി. ഇതോടെ ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളിലായി 247 പക്ഷികളെയാണ് കഴിഞ്ഞ 20 വർഷത്തിനിടയിൽനിന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിൽ മറ്റൊരു സംരക്ഷിതമേഖലകളിലും പക്ഷികളെ കുറിച്ച് ഇത്രയും നീണ്ട വർഷങ്ങളിലെ പഠനങ്ങൾ നടന്നിട്ടില്ല. ബസ്ര പ്രാപ്പിടിയൻ, പൊടി പൊന്മാൻ, ത്രിയംഗുലി മരംകൊത്തി, കിന്നരി പ്രാപ്പരുന്ത് എന്നിവയാണ് സർവേയിൽ രേഖപ്പെടുത്തിയ മറ്റ് പ്രധാന പക്ഷികൾ.
ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ ജീവനക്കാരും തൃശൂർ കേരള ഫോറസ്ട്രി കോളജിലെ കുട്ടികളും 20ഓളം മറ്റ് പക്ഷി നിരീക്ഷികരും പങ്കെടുത്ത സർവേ വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്ന ഉദ്ഘാടനം ചെയ്തു. അസി. വൈൽഡ് ലൈഫ് വാർഡൻ എൻ. അനിൽകുമാർ സ്വാഗതം പറഞ്ഞു. പക്ഷിനിരീക്ഷകരായ സത്യൻ മേപ്പയൂർ, റോഷ്നാഥ് രമേശ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജയേഷ് ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.