മൺറോ തുരുത്ത് - നാട്ടുകാഴ്ചകൾ കണ്ട് ഗ്രാമവിശുദ്ധിയിലൂടെയൊരു തോണിയാത്ര

കൊല്ലം കണ്ടവനില്ലം വേണ്ടായെന്നൊരു ചൊല്ലുണ്ട്. കായലും കടലുമുള്ള കൊല്ലത്തിന്‍റെ മനോഹര കാഴ്​ചകൾ കാണുന്നവർക്ക് മതിവരില്ല എന്നുള്ളതാണ് സത്യം. ആലപ്പുഴയിലെ കുട്ടനാട് പോലെ കൊല്ലം ജില്ലയിലും ഒരിടമുണ്ട്, ദേശിംഗനാടിന്‍റെ കുട്ടനാട്. കായലും പുഴയും സംഗമിക്കുന്ന മൺറോ തുരുത്ത്.

അഷ്​ടമുടിക്കായലിനും കല്ലടയാറിനും ഇടയിലുള്ള ചെറിയ തുരുത്തുകളുടെ കൂട്ടമാണ് മൺറോ. കണ്ണും മനസ്സും നിറയ്ക്കുന്ന പച്ചപ്പും ഗ്രാമകാഴ്ചകളുമായി ഒരു തുരുത്ത്, അതാണ്‌ മൺറോ. പണ്ടെങ്ങോ നഷ്​ടമായ ഗൃഹാതുരുത്വമുണർത്തുന്ന കാഴ്ചകളുടെ വസന്തമാണ് മൺറോയിൽ കാത്തിരിക്കുന്നത്. കായലും പുഴയും വലിയ വള്ളങ്ങളും ചെറുതോടുകളും അവയിലൂടെ പോകുന്ന ചെറുവള്ളങ്ങളും തോടുകൾക്ക് അതിരിടുന്ന തെങ്ങുകളും പേരറിയാത്ത മറ്റ് മരങ്ങളും ചെമ്മീൻ കെട്ടുകളും നാട്ടുവഴികളുമുള്ള മൺറോ തുരുത്ത്.


എറണാകുളത്തുനിന്ന്​ പുലർച്ച ഒരു മണിക്ക് ശേഷമാണ് യാത്ര തുടങ്ങിയത്. നേരം പുലരുമ്പോള്‍ എത്തിയാല്‍ മതി എന്നുള്ളത് കൊണ്ട് പതുക്കെയാണ് യാത്ര. എറണാകുളത്തുനിന്ന് വരുമ്പോള്‍ ദേശീയ പാതയില്‍ കരുനാഗപ്പള്ളിയില്‍നിന്ന്​ അകത്തേക്കുള്ള ഭരണിക്കാവ്വഴിയില്‍ പോയാലെ മൺറോ തുരുത്ത് എത്തുകയുള്ളൂ.

കൊല്ലത്തുനിന്ന് ഏകദേശം 25 കി.മീ അകലെയാണ് മൺറോ തുരുത്ത്. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോയോടുള്ള ആദരസൂചകമായാണ് തുരുത്തിന് ഈ പേര് നൽകിയത്. വള്ളങ്ങൾ കൂട്ടിയോജിപ്പിച്ച ജങ്കാറും വള്ളങ്ങളും പിന്നെ ഇടയ്ക്കിടെ വരുന്ന ബസുകളുമാണ് പൊതുഗതാഗത മാർഗങ്ങൾ.


കൊല്ലത്തുള്ള സഞ്ചാരി സുഹൃത്ത് വഴിയില്‍ കാത്തുനിൽപ്പുണ്ടായിരുന്നു. അവിടെ നിന്നും മൺറോ വരെയുള്ള വഴികാട്ടി പുള്ളിയായിരുന്നു. വഴികാട്ടി മാത്രമല്ല, രാവിലെയും ഉച്ചക്കുമുള്ള ഭക്ഷണവും യാത്രക്കുള്ള വള്ളങ്ങളും ഏർപ്പാടാക്കി തന്നതും പുള്ളിയായിരുന്നു.

സൂര്യോദയമോ അസ്​തമനമോ കാണാൻ വേണ്ടിയാണ് സഞ്ചാരികള്‍ മൺറോയിലേക്ക് പോകുന്നത്. ഈ രണ്ട് സമയത്തും സൂര്യന്‍റെ സുവർണ്ണ രശ്മികളേറ്റ് മൺറോ കൂടുതൽ മനോഹരിയാകും. കൂടുതൽ ആളുകളും സൂര്യോദയമാണ് തിരഞ്ഞെടുക്കാറ്.


സൂര്യോദയം ആസ്വദിക്കുന്നതോടൊപ്പം വെയിലുറക്കും മുന്നെ തുരുത്തുകൾ ചുറ്റിയടിച്ച് കാഴ്ചകൾ കണ്ട് തിരിച്ചെത്തുകയും ചെയ്യാം. ഇത് രണ്ടും കാണണമെങ്കില്‍ വള്ളങ്ങളില്‍ കയറി പോകണം. ചെറുതും വലുതുമായ വള്ളങ്ങളുണ്ട് ഇവിടെ. ഇടയ്​ക്ക്​ വരുന്ന സഞ്ചാരികളാണ് ഇപ്പോൾ മൺറോയിലെ വള്ളക്കാരുടെ ചെറിയ വരുമാന മാർഗം.

എട്ടോ പത്തോ പേർക്ക് കയറാവുന്ന വള്ളങ്ങളാണ് ഇവിടെയുള്ളത്. 1000 രൂപയാണ് തോണിയുടെ ചാർജ്. ഏകദേശം മൂന്ന് മണിക്കൂറോളം പുഴയിലും ചെറുതോടുകളിലും കായലിലും കണ്ടൽക്കാടുകളിലുമായി കാഴ്ചകൾ കണ്ട് വരാം എന്നുള്ളതാണ് ഏറ്റവും ആകർഷണം. മൂന്ന് വശത്തും കല്ലടയാറും ഒരുവശത്ത് അഷ്​ടമുടിക്കായലും അതിരിടുന്നതാണ് മൺറോ തുരുത്ത്.


എല്ലാവരും വള്ളങ്ങളില്‍ കയറി ഇരിപ്പുറപ്പിച്ചു. ഒരു ചെറിയ ഭയം ഇല്ലാതില്ല. പക്ഷെ ഇവിടെ അങ്ങനെ അപകടങ്ങള്‍ ഒന്നും ഇതുവരെയും കേട്ടിട്ടില്ല. വള്ളങ്ങൾ ആദ്യം വിശാലമായ പുഴയിലൂടെ കുറച്ച് ദൂരം സഞ്ചരിച്ച ശേഷം വീതി കുറഞ്ഞ ചെറുതോടുകളിലേക്ക് കയറി. തോടുകൾക്ക് വീതി കുറവാണെങ്കിലും കാണുന്ന കാഴ്ചകൾക്ക് വിശാലതയുണ്ട്.


ഗ്രാമത്തിന്‍റെ ഭംഗി ആസ്വദിച്ചു കൊണ്ടുള്ള യാത്ര. മുങ്ങിത്തപ്പി കക്കയും മുരിങ്ങയും (കല്ലുമ്മക്കായ പോലെ ഒന്ന്) വാരുന്നവർ, വള്ളങ്ങളിൽ ചെളി വാരുന്നവർ, കയർ പിരിക്കുകയും മറ്റ് ദൈനംദിന പണികളും ചെയ്യുന്ന സ്ത്രീജനങ്ങൾ, ചെറിയ ചായക്കടകളിൽ നാട്ടുകാര്യം പറഞ്ഞിരിക്കുന്ന മുതിർന്നവർ, ഗ്രാമത്തിന്‍റെ വിശുദ്ധിയിലേക്കുള്ള മൺപാതകൾ... അങ്ങനെ നമ്മൾ കാണാൻ കൊതിക്കുന്ന ഒരുകൂട്ടം കാഴ്ചകളാണ് യാത്രയുടെ ഹൈലൈറ്റ്.


പണ്ട് കല്ലടയാർ നിക്ഷേപിച്ചിരുന്ന എക്കൽ അടിഞ്ഞുകൂടി ഫലഭൂഷ്​ടമായിരുന്ന മണ്ണായിരുന്നു മൺറോ. ഇപ്പോൾ ഉപ്പുവെള്ളം കയറുന്നതിനാൽ കൃഷിയും തെങ്ങുമെന്നും ഫലം കൊടുക്കുന്നില്ല. വള്ളം മു​േമ്പാട്ട് പോകുമ്പോൾ കാണുന്ന കാഴ്ചകളും വ്യത്യസ്​തമാകുന്നുണ്ട്. ചെമ്മീൻ കെട്ടുകളും മീൻ തിരയുന്ന നീർ കാക്കകളും പേരറിയാത്ത നിരവധി പക്ഷികളും തുരുത്തുകളെ ബന്ധിപ്പിക്കുന്ന ചെറുപാലങ്ങളും ചേർന്നു കാഴ്ചകളുടെ വൈവിധ്യത്തെ തുറന്നുകാണിക്കുന്നു.


വള്ളം നീങ്ങുന്നതിനിടയിൽ തുരുത്തിന്‍റെ ആദ്യകാല ചരിത്രവും ഇപ്പോഴത്തെ അവസ്ഥകളും തോണിക്കാരൻ ചേട്ടൻ പറഞ്ഞുതന്നു. ഇപ്പോൾ 3000 കുടുംബങ്ങൾ ഈ തുരുത്തുകളിലായി താമസിക്കുന്നുണ്ട്. സ്ഥലവും വീടും ഉപേക്ഷിച്ച് പോയ കുടുംബങ്ങളും ഇവിടെയുണ്ട്. ഉപേക്ഷിക്കപ്പെട്ട വീടുകൾ സ്​മാരകശിലകൾ പോലെ അങ്ങിങ്ങായി കരയിൽ കാണാം. ചെറുപാലങ്ങളും തടിപ്പാലങ്ങളിലും തലകുനിച്ച് പോയ യാത്ര നേരെ അഷ്​ടമുടിക്കായലിലേക്ക് കടന്നു.


കായലിൽ തലയുയർത്തി നിൽക്കുന്ന കണ്ടൽകാടുകൾ. അവക്കുള്ളിലൂടെ കയറിയിറങ്ങി ഫോട്ടോയും എടുത്ത് അഷ്​ടമുടിക്കായലിലെ ഓളങ്ങളിലൂടെ കാഴ്ചകൾ കണ്ട് യാത്ര മുന്നോട്ടുപോയി. കായലിലെ കാഴ്ചകൾ കഴിഞ്ഞ് തിരികെ പോകുന്നത് നമ്മൾ പോകാത്ത ചെറുതോടുകൾ വഴിയാണ്. അതുകൊണ്ട് തന്നെ കാഴ്ചകൾ ആവർത്തിക്കുന്നില്ല.


നമ്മൾ മലയാളികൾക്ക് അത്ര താൽപ്പര്യമില്ലെങ്കിലും മൺറോയുടെ കാഴ്ചകൾ കാണാൻ എത്തുന്ന വിദേശികൾക്ക് കുറവില്ല. എതിരെ വരുന്ന വള്ളങ്ങളിലിരുന്ന് കാഴ്ചകൾ കാണുകയും ഒപ്പിയെടുക്കുകയും ചെയ്യുന്ന നിരവധി വിദേശികൾ. തിരികെ എത്തിയപ്പോഴേക്കും പുഴുങ്ങിയ നാടന്‍ കപ്പയും കറിയും റെഡിയായിരുന്നു.



​Travel Info

സഞ്ചാരികൾ ഒരിക്കലെങ്കിലും പോകുകയും ആസ്വദിക്കുകയും ചെയ്യേണ്ട ഇടങ്ങളിലൊന്നാണ് മൺറോ തുരുത്ത്. ഗ്രാമത്തിന്‍റെ വിശുദ്ധിയും സൗന്ദര്യവുമുള്ള മൺറോതുരുത്ത്. ഇവിടേക്ക് കൊല്ലത്തുനിന്ന് കുണ്ടറ വഴിയോ അല്ലെങ്കിൽ കൊല്ലം - കരുനാഗപ്പള്ളി - ഭരണിക്കാവ് - ചിറ്റുമല വഴിയോ എത്താം. മൺറോ തുരുത്തിൽ​ റെയിൽവേ സ്റ്റേഷൻ ഉണ്ടെങ്കിലും പാസഞ്ചർ, മെമു ട്രെയിനുകൾക്ക് മാത്രമേ ഇവിടെ സ്റ്റോപ്പ് ഉള്ളൂ.

താമസത്തിന് ഹോട്ടലുകൾ ഒന്നും ഇല്ല. ഒരു ദിവസം തങ്ങാൻ വരുന്നവർക്ക് ഇപ്പോൾ ഒന്ന് രണ്ട് ഹോംസ്റ്റേകൾ ഉണ്ട്. മുൻകൂട്ടി അറിയിച്ചാൽ ഭക്ഷണവും അവർ റെഡിയാക്കി തരും.

വള്ളത്തിൽ യാത്ര ചെയ്യണമെങ്കിൽ ബന്ധപ്പെടാവുന്ന രണ്ടുപേരുടെ നമ്പറുകൾ ഇവിടെ നൽകുന്നു. വിമലൻ ചേട്ടൻ: 9048647257, ഓമനക്കുട്ടൻ: 8086769650. ഒരു ദിവസം മുഴുവൻ മൺറോയിൽ ചെലവഴിക്കാൻ താൽപര്യമുള്ളവർക്ക് അടുത്തുള്ള വേടൻചാടി കുന്നുകൂടി പോകാവുന്നതാണ്.




Tags:    
News Summary - Munroe Island - A boat ride through the countryside to see the sights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT