മഴയൊന്ന് മെല്ലെ വന്ന് തൊട്ടാൽ മതി വാദി അൽ ഹെലോയുടെ കാൽത്തളകൾ ഉണരും, ചരിത്ര സൗന്ദര്യം മുദ്രകളെഴുതും. ഒഴുക്കിൽ കിടന്ന് ശിൽപങ്ങളായ ശിലകളിൽ നിന്ന് വെയിലടർന്ന് ഈണമുണരും. അത്രക്കധികം സൗന്ദര്യമുണ്ട് ഷാർജയുടെ ഈ പൗരാണിക ബദുവിയൻ ഗ്രാമകന്യകക്ക്. മധുരത്തിന്റെ താഴ്വരയെന്ന് വിളിക്കുന്ന ഇവിടെ ഒരു കാലത്ത് കാർഷിക-ക്ഷീര മേഖലയുടെ മധുവസന്തങ്ങളായിരുന്നു. വെങ്കലയുഗത്തിൽ തന്നെ മനുഷ്യവാസമുള്ള പ്രദേശമായിരുന്നു വാദി അൽ ഹെലോയെന്ന് ഉദ്ഖനനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇവിടെ ഒരു പള്ളിയുണ്ട്. വല്ലപ്പോഴും മാത്രമെത്തുന്ന സഞ്ചാരികൾക്കായി ബാക്കിയായ പള്ളി. പ്രാവുകൾ പള്ളിയുടെ മച്ചിലിരുന്ന് ദിക്റുകൾ ചൊല്ലുന്നതായി തോന്നും. പള്ളിക്കകത്തുനിന്ന് പഴമയുടെ ഗന്ധം പുറത്തേക്കിറങ്ങിവന്ന് മലയുടെ ആഴങ്ങളിലേക്ക് യാത്ര പോകുന്നത് കാണാം.
ബദുക്കളുടെ നിരവധി പാർപ്പിടങ്ങളും പാടങ്ങളും കാലിത്തൊഴുത്തുകളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെ നിന്ന് അവസാന കുടുംബവും പലായനം ചെയ്തതോടെ ആവാസ വ്യവസ്ഥയുടെ ശേഷിപ്പുകളും നിരീക്ഷണ കോട്ടയും കിണറുകളും മേയാൻ വിട്ട കഴുതകളും മാത്രം ബാക്കിയായി. ഇവിടുത്തെ താമസക്കാർക്ക് ഷാർജ അത്യാധുനിക പാർപ്പിടങ്ങളും കൃഷി മേഖലകളും നൽകിയാണ് പുനരധിവസിപ്പിച്ചത്. എന്നാലും പഴമയുടെ സുഗന്ധം തേടി പഴയ താമസക്കാരുടെ പുതുതലമുറ വാദിയിലെത്തുന്നു. യാത്രക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു. മഴക്കാലത്ത് അപകട സാഹചര്യത്തിൽ രക്ഷാപ്രവർത്തകരായി ഇവിടെ എത്തുന്നതും ഇവരാണ്.
വാദിയിലെ സന്ധ്യക്ക് ഏറെ സൗന്ദര്യമാണ്. കാറ്റിന്റെ താളത്തിൽ മരങ്ങളിൽ പക്ഷികളുടെ സംഗീതമുണരും. മരങ്ങളിൽ തൂങ്ങിയാടുന്ന പക്ഷി കൂടുകൾ വാദിയുടെ ചൈതന്യമാണ്. വിളവെടുപ്പ് കാലമായാൽ ഹുബാറ പക്ഷികൾ ഇവിടെ വിരുന്നിനെത്തും. ഫാൽക്കനുകൾക്ക് ഭക്ഷണമാകേണ്ട നിയോഗമാണ് ഹുബാറകൾക്ക്. കർഷകനെ ദ്രോഹിക്കാതെ, പാടത്ത് ബാക്കിയായ ധാന്യങ്ങളും മറ്റും തിന്ന് ഹുബാറകൾ മലയുടെ മൗനങ്ങളിലേക്ക് പോകും. ഒമാനിൽ നിന്ന് വീശുന്ന ശമാൽ കാറ്റാണ് താഴ്വരയുടെ മൗനം ഉടക്കുന്നത്. ആലിപ്പഴങ്ങളുമായി കാറ്റ് എല്ലാവർഷവും വാദിയിലെത്തും. വേനൽകാലത്ത് നിളപോലെ കിടക്കുന്നതാണ് ഹെലോയിലെ ചരൽ നദി. ചുട്ടുപഴുത്ത കല്ലുകളിൽ നിന്ന് ഒഴുക്കിൽ രൂപപ്പെട്ട ശിൽപങ്ങൾ വൈഡൂര്യം അണിഞ്ഞതായി തോന്നും. പൗരാണികതയുടെ കാലടി പാടുകൾ ശിൽപങ്ങളിൽ നിന്ന് വായിച്ചെടുക്കും. ജൈവീകമായ സൗന്ദര്യം അവയിലെമ്പാടും മിന്നിതിളങ്ങുന്നുണ്ടായിരിക്കും.
ഹജർ മലകളിൽ നിന്ന് വീശുന്ന വടക്കൻ കാറ്റിന്റെ കരം പിടിച്ചെത്തുന്ന മഴയാണ് നദിയുടെ വരദാനം. മലകളിൽ ഉരുൾപ്പൊട്ടൽ പതിവാണ്. ഓർക്കാപ്പുറത്തായിരിക്കും മലവെള്ളപ്പാച്ചിൽ വാദിയിലേക്കെത്തുന്നത്. ഇത്തരം സന്ദർഭങ്ങളിലെല്ലാം തന്നെ നിരവധി അപകടങ്ങൾക്ക് വാദി സാക്ഷിയായിട്ടുണ്ട്. ഒഴുക്കിൽപ്പെട്ട് ജീവൻ പോയവർ നിരവധിയാണ്. വാഹനങ്ങൾ കുത്തൊഴുക്കിൽ ഒഴുകി പോയ കഥകളും വാദി ഇന്നും പറഞ്ഞുകൊണ്ടിരിക്കും. അത് കേൾക്കേണ്ട ബാധ്യത സഞ്ചാരികൾക്കുണ്ട്. ജീവൻ അപകടത്തിലാകാതിരിക്കാനുള്ള മുൻകരുതലുകൾ അതിലുണ്ട്. മഴയുടെ സൗന്ദര്യം പുഴയിൽ വായിച്ചാസ്വദിക്കാനാണ് സന്ദർശകർ വാദിയിലെത്തുന്നത്. എന്നാൽ ഇത്തരം ഘട്ടങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിൽ മാത്രം നിൽക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതു സമയത്തും വാദികൾ പ്രളയം വിതക്കാം എന്ന ധാരണ വേണം. മഴകാലത്ത് വടക്കോട്ട് യാത്ര ചെയ്യുന്നത് മലയാളികളടക്കമുള്ളവരുടെ ഇഷ്ടമാണ്. ഇഷ്ടങ്ങൾ നഷ്ടങ്ങൾക്ക് വഴിവെട്ടാതെ നോക്കേണ്ടത് കൂടി യാത്രയുടെ അജണ്ടയിൽ വരേണ്ടതുണ്ട്. വാദി അൽ ഹെലോയിലേക്ക് ഷാർജയിൽ നിന്ന് വരുന്ന വഴിയിൽ മലമുകളിലായി തട്ടുതട്ടുകളായി പണിത വെളുത്ത ചായം പൂശി വീടുകൾ കാണാം. പൗരാണിക ഗ്രാമത്തിൽ നിന്ന് മാറി താമസിച്ചവരുടെ വീടുകളാണത്. ആ ഭാഗത്തേക്ക് ശല്യമുണ്ടാക്കാതെ ആർക്കും കടന്നുച്ചെല്ലാം. ബദുക്കളുടെ ജീവിതം നേരിൽ കാണാം. കേട്ട കഥകളെല്ലാം തന്നെ കെട്ടുകഥകളായിരുന്നുവെന്ന് ബദുവിയൻ ഗ്രാമം പറഞ്ഞു തരും. യാത്രക്ക് ഫോർവീൽ വാഹനങ്ങളാണ് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.