കടലിനടിയിലെ അദ്ഭുതങ്ങളെ കാഴ്ചക്കാർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച ഉപാധിയാണ് സ്കൂബ ഡൈവിങ്. ഒരൽപ്പം സാഹസികതയും ധൈര്യവും കൈമുതലായവർക്ക് ഇതുവഴി തുറക്കുന്നത് മായാകാഴ്ചകളുടെ വിശാലമായ ലോകമാണ്.
ഇത്തരത്തിൽ സ്കൂബ ഡൈവിങ്ങിന് പ്രശസ്തിയാർജിച്ച ഇടമാണ് വിശാഖപട്ടണത്തെ രുഷികോണ്ട ബീച്ച്. കോവിഡ് കാരണം ഏറെനാൾ അടച്ചിട്ട ഇവിടം ഇപ്പോൾ വീണ്ടും സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്. എന്നാൽ, കടലിനടിയിൽ കാഴ്ച തേടി വരുന്നവർക്ക് പുതിയൊരു അദ്ഭുതം കൂടി പ്രകൃതി ഇവിടെ ഒരുക്കിവെച്ചിരിക്കുന്നു. അടുത്തിടെ സ്കൂബ ഡൈവിങ്ങിന് പോയവർ പ്രകൃതിദത്തമായ കമാനം കണ്ടെത്തിയതാണ് സഞ്ചാരികളെ ആവേശം കൊള്ളിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ 30 അടി താഴ്ചയിലാണ് പാറകൊണ്ട് തീർത്ത ഈ കമാനമുള്ളത്. സ്കൂബ ചെയ്യുന്നവർക്ക് ഇതിനകത്തുകൂടി പോകാനാവും. ഒരു മീറ്റർ ഉയരവും ഒന്നര മീറ്റർ വീതിയുമാണ് ഇതിനുള്ളത്. ആഴം കുറഞ്ഞ ഭാഗമായതിനാൽ നീന്തലറിയാത്തവർക്കുപോലും ഇവിടെ സ്കൂബ ചെയ്ത് എത്താനാവും.
ഈ പ്രകൃതിദത്ത കമാനം എട്ട് കിലോമീറ്റർ അകലെയുള്ള മംഗമരിപേട്ട ബീച്ചിലെ പ്രശസ്തമായ കമാനത്തിന് സമാനമാണെന്ന് പറയപ്പെടുന്നു. ഭൂമിശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഹിമയുഗം മുതലുള്ളതാണ് ഈ കമാനം. അതായത് ഏകദേശം 10,000 വർഷം പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. കടലിനടിയിൽ ഒളിഞ്ഞിരിക്കുന്ന ഈ കമാനത്തിന് പുറമെ വൈവിധ്യമാർന്ന മത്സ്യങ്ങളെയും ജീവികളെയും ഇവിടെ കാണാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.