മഞ്ഞും വെയിലും നനഞ്ഞ് റാണിപുരത്തേക്ക്...

വനത്തിലേക്കുള്ള യാത്രകള്‍ അത്യന്തം ആഹ്ലാദകരമാകുന്നത് പ്രകൃതിയുമായുള്ള മനുഷ്യന്റെ അദൃശ്യമായ പൊക്കിള്‍കൊടി ബന്ധമാണെന്ന് പറയാറുണ്ട്­. ഓരോ തവണയും നവം നവങ്ങളായ കാഴ്ചകളും യാദൃശ്ചികതകളും ഒരുക്കി പ്രകൃതി നമ്മെ കാത്തിരിക്കുന്നതായി പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ടാകും. ഒരിക്കലത് കോട മഞ്ഞാണെങ്കില്‍ മറ്റൊരിക്കല്‍ അത് കാട്ടുപോത്തുകളുടെ ഒരു കൂട്ടമാണ്‌. ഇനിയുമൊരിക്കല്‍ അത് മേയുന്ന ആനക്കൂട്ടമാവാം. കര്‍ണാടകയിലെ തലക്കാവേരി ജൈവ മണ്ഡലത്തിന്റെ ഭാഗമായ പനത്തടി വനമേഖലയിലാണ് റാണിപുരം ഹില്‍ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. യുനെസ്‌കോയുടെ പ്രകൃതി വിഭവ ലോക പൈതൃക പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുകയാണ് ഈ ചോലവനം. 

സഞ്ചാരികള്‍ക്കിടയില്‍ കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം ജൈവ വൈധ്യങ്ങളുടെ കലവറയാണ്. കാലാവസ്ഥ തന്നെയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. റാണിപുരത്ത് വിനോദ സഞ്ചാര വകുപ്പിന്റെ റസ്റ്റ്­ ഹൗസ് പിന്നിട്ട് ചെക്ക് പോയിന്റും കടന്ന് കിഴക്കുഭാഗത്തുള്ള ട്രക്ക് പാത്തിലൂടെ കയറുന്നതാണ് എളുപ്പം. ​  റോഡ്­ അവസാനിക്കുന്ന ഭാഗത്തുനിന്നു വനത്തിലേക്ക്. ഏറെ ചെല്ലും മുമ്പ് കര്‍ണാടക വൈദ്യുതിവേലി കാണാം. അവിടെ നിന്ന് മുകളിലേക്ക് അടിക്കാടിനിടയിലൂടെ ഒറ്റയടിപ്പാത. കുത്തനെയുള്ള കയറ്റവും പടികളുമുള്ള പടിഞ്ഞാറ് ഭാഗത്തെ പാതയെക്കാള്‍ താരതമ്യേന എളുപ്പമുള്ള പാതയാണിത്. കയറുന്നതിനിടയില്‍ പിടിക്കുന്ന വള്ളികളില്‍ മുള്ളുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്നത് നന്നാവും.   ഒരുമണിക്കൂര്‍ കൊണ്ട് പുല്‍മേടില്‍ എത്തിച്ചേരാം. കുന്നിന്‍ ചരിവില്‍ വെള്ളത്തിന്റെ ഒഴുക്കിന്റെ ആര്‍ദ്രതയില്‍ ചേര്‍ന്ന് വളരുന്ന വനമാണ് ചോലവനം. നിത്യഹരിത ചോലക്കാടുകളാണിവ. അരികെയുള്ള കര്‍ണാടകയില്‍ ഇലപൊഴിയും വനമാണെങ്കില്‍ കേരളത്തില്‍ നിത്യഹരിത സ്വഭാവം കൈവരിക്കുന്നു. പുല്‍തലപ്പുകളിലെ ജലകണങ്ങള്‍ ഉദയസൂര്യന്റെ കിരണങ്ങളില്‍ തിളങ്ങി. 

ചക്രവാളത്തോളം നീളുന്ന കാഴ്ചകളില്‍ അടുത്തുള്ള ചെറു പട്ടണങ്ങളും പുഴകളും കടലും കാണാം. നടപ്പാതയുടെ ഏതാണ്ട് മധ്യഭാഗത്തായി വനം വകുപ്പ് നിര്‍മിച്ച ഔട്ട്­ പോസ്റ്റ്­ കാണാം. പതിവുപോലെ പരിചരണമില്ലാതെ അവഗണിക്കപ്പെട്ട അവസ്ഥയിലാണ് ഈ കെട്ടിടവും. ആനയുള്‍പ്പടെ വന്യ മൃഗങ്ങളെ അകറ്റുന്നതിന് വീതിയേറിയ കരിങ്കല്‍ ഭിത്തിക്ക് മധ്യത്തിലായാണ് പോസ്റ്റ്­ പണിതത്. ഇതിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഇവിടെ ചെറിയൊരു പാറക്കുളമുണ്ട്. ജനുവരിയാവുമ്പോഴേക്ക് വറ്റിയിട്ടുണ്ടാവും.   ഔട്ട്­ പോസ്റ്റ്­ നില്‍ക്കുന്നതിന്റെ പടിഞ്ഞാറ് ഭാഗത്ത് കുന്നിന്‍ ചരിവില്‍ ചോലക്കാടിനകത്ത് ശുദ്ധജലം ലഭിക്കുന്ന നീരുറവയുണ്ട്. കുന്നു കയറുന്നവര്‍ ഇവിടെ നിന്നാണ് വെള്ളം എടുക്കുന്നത്. തൊട്ടടുത്ത കുന്ന് കയറിയിറങ്ങിയാല്‍ ഏറ്റവും ഉയരത്തിലുള്ള പാറ ദൃശ്യമാവും. ഇവിടെ നിന്ന് എങ്ങോട്ടു നോക്കിയാലും മലനിരകളാണ്­. നീലയുടെ വിവിധ വര്‍ണ രാജികളില്‍ ഒരു ചിത്രകാരന്റെ കാന്‍വാസില്‍ എന്ന പോലെ അവയങ്ങനെ തലയുയര്‍ത്തി കിടക്കുന്നു. 

പാറക്കെട്ടിന്റെ അരികിലൂടെ കൈവരി നയിക്കുന്നിടത്ത് ചെന്നാല്‍ ചെറിയൊരു ഗുഹ കാണാം. താഴെ അഗാധമായ കൊക്കയയതിനാല്‍ സഞ്ചാരികള്‍ ഈ ഭാഗത്ത് വളരെ ജാഗ്രത പാലിക്കണം. വനം വകുപ്പ് നിര്‍മിച്ച കൈവരികളില്‍ ചിലത് വീണുപോയിട്ടുണ്ട്. അതിരാവിലെ മലകയറി ഇവിടെയെത്തിയാല്‍ മേഘങ്ങള്‍ പാറക്കൂട്ടങ്ങളെ തഴുകിത്തലോടുന്ന ദൃശ്യവിരുന്ന് കാണാം. ഒക്ടോബര്‍ ­ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ കോടമഞ്ഞ്­ പ്രതീക്ഷിക്കാം. സൂര്യതാപം ഏറുന്നതിനനുസരിച്ച് കോടമഞ്ഞ്­ പുല്ലിലേക്ക് പെയ്തിറങ്ങി വഴിമാറി. ആകാശം ഊര്‍ജസ്വലമായി. കുളുര്‍ തെന്നലിന്റെ താരാട്ടില്‍ അല്‍പനേരം ചെലവഴിച്ച് തിരികേയിറങ്ങാം. പടിഞ്ഞാറ് ഭാഗത്തുകൂടിയുള്ള ചെങ്കുത്തായ ഇറക്കം. താങ്ങിന് കൈയില്‍ വടി കരുതുന്നത് നന്നാവും. 

 6.2 കിലോമീറ്റര്‍ ആണ് ആകെ ട്രെക്കിംഗ് ദൈര്‍ഘ്യം. പരമാവധി നാല് മുതല്‍ അഞ്ചു മണിക്കൂറിനുള്ളില്‍ ഇത്രയും ദൂരം താണ്ടാം. റാണിപുരം കുന്നുകളില്‍ ഏറ്റവും ഉയരം കൂടിയ പോയിന്റിന് സമുദ്ര നിരപ്പില്‍ നിന്ന് 1200 മീറ്റര്‍ എങ്കിലും ഉയരമുണ്ട്. ഇത്രയും ശാന്ത സുന്ദരമായ പ്രദേശം വേണ്ട രീതിയില്‍ പരിഗണിക്കപ്പെടുകയോ സഞ്ചാരികള്‍ക്ക് പ്രാപ്യമാവുകയോ ചെയ്യുന്നില്ല. 

ജൈവ വൈവിധ്യം

പശ്ചിമ ഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന ജീവി വൈവിധ്യങ്ങളില്‍ പലതും ഇനിയും പഠിക്കാനുണ്ട്. ആന, പുള്ളിപ്പുലി, മാനുകള്‍, കാടുപന്നി, കുരങ്ങുകള്‍, കുറുനരികള്‍ എന്നിങ്ങനെ 24 ഇനം സസ്തനികള്‍ ഇവിടെ കണ്ടുവരുന്നു. റാണിപുരം വഴി ആനകള്‍ ദേശാടനം നടത്തുന്ന പാതകളായ ആനത്താരയും കടന്നുപോകുന്നു. പറവകളില്‍ മലമുഴക്കി വേഴാമ്പല്‍, നാട്ടുവേഴാമ്പല്‍ ഉള്‍പ്പടെ 200 ലേറെ ഇനം പറവകള്‍ കാണപ്പെടുന്നു.
19 സ്പീഷീസ് ഉഭയജീവികളും നൂറു കണക്കിന് ശലഭങ്ങളെയും ഇവിടെ കാണാം. 


ചരിത്രം

1970­ വരെ മടത്തുമല എന്നാണ് പ്രദേശം അറിയപ്പെട്ടിരുന്നത്. കുടിയേറ്റ ഉദ്ദേശ്യത്തിനായി കോട്ടയം രൂപത വാങ്ങിയതോടെയാണ് റാണിപുരം എന്ന് വിളിച്ചത്. 


എത്തിച്ചേരാം

കാഞ്ഞങ്ങാട്­ പാണത്തൂര്‍ സംസ്ഥാന പാതയിലെ പനത്തടി ടൗണില്‍ നിന്നു പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റാണിപുരത്തെത്താം. കാഞ്ഞങ്ങാടു നിന്നും 45 കിലോമീറ്റര്‍ ദൂരം. പനത്തടിയില്‍ നിന്ന് ജീപ്പ് കിട്ടും. ഫോണ്‍: 9567095775 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.