മണ്ണും മഞ്ഞും മഴയും തേടി

പുതുമഴയുടെ ചൂരും പുഴയുടെ കുളിരും മറന്ന് വേനല്‍ത്തരികളെ വാരിപ്പുണരാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് പ്രവാസികള്‍. ഓരോ ഞരമ്പിലേക്കും ചൂട് ആഴ്ന്നിറങ്ങുമ്പോഴും മനസ്സിലെ നാടിന്‍െറ തുടിപ്പുകളെ ചേര്‍ത്തുവെച്ച് സ്വപ്നങ്ങള്‍ സ്വയം മറന്ന് വഴിയറിയാതലയുന്ന തെന്നലിനോട് സ്വകാര്യം പറഞ്ഞ് അവക്കൊപ്പം പറക്കുന്നവര്‍, അധ്വാനത്തിന്‍െറയും കഷ്ടപ്പാടിന്‍െറയും രണബിന്ദുക്കള്‍ക്ക് മാറ്റിവെക്കാന്‍ കഴിയുന്നത് വളരെക്കുറച്ച് നാളുകള്‍ മാത്രം. ആ നിമിഷങ്ങളെ നെഞ്ചിലേറ്റാന്‍, മനസ്സില്‍ വര്‍ണം വിതറാന്‍, മണല്‍ത്തരികളെ മറക്കാന്‍, പച്ചയണിഞ്ഞുനില്‍ക്കുന്ന പശ്ചിമഘട്ടത്തിലേക്ക് നമുക്കൊരു യാത്രപോകാം.

പ്രവാസ ജീവിതത്തിന്‍െറ ഇടവേള ആനന്ദകരമാക്കാന്‍ 10 ഡെസ്റ്റിനേഷനുകള്‍. മഴവെള്ളത്തില്‍ കടലാസുവഞ്ചി ഒഴുക്കുന്നതും മഴവെള്ളത്തില്‍ കൂട്ടുകാരുമായി കളിച്ച് മഴ ആഘോഷിച്ചതുമൊക്കെ ഇന്ന് ഒരു ഓര്‍മ മാത്രമാണ്. ഇത് ന്യൂജെന്‍ കാലം.  ഇന്ന് മഴ ആസ്വദിക്കുന്നത് യാത്രകളിലൂടെയാണ്. അങ്ങനെ മഴ ആസ്വദിക്കാന്‍ പറ്റിയ സ്ഥലങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രകൃതി മനോഹരിയാണെന്ന് കണ്ടത്തെുന്നതുതന്നെ മനുഷ്യന്‍െറ കണ്ണുകളാണ്. അതുകൊണ്ടു തന്നെ, യാത്രാവിവരണങ്ങള്‍ സൗന്ദര്യാന്വേഷണങ്ങളായി മാറുന്നു. 2012ല്‍ യുനെസ്കോ ലോക പൈതൃക പദവിയിലേക്ക് പശ്ചിമഘട്ടത്തെ ഉയര്‍ത്തിയതോടെ പ്രകൃതിസ്നേഹികളും സഞ്ചാരികളും ഗവേഷകരുമെല്ലാം വീണ്ടും ഈ മലനിരകളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍െറ മഴയെ നിയന്ത്രിക്കുന്നതും ഈ പശ്ചിമഘട്ടമാണ്. അതുകൊണ്ടുതന്നെ, മഴക്കാലം ആസ്വദിക്കാന്‍ പറ്റിയത് ഈ മലനിരകളാണെന്നതില്‍ സംശയമില്ല.

1. കാടറിയാന്‍ പറമ്പിക്കുളത്തേക്ക്

കുടുംബത്തോടൊപ്പം കാടറിഞ്ഞ് കാട്ടിനകത്ത് ഒരു ദിവസം താമസിക്കണോ? എങ്കില്‍ വരൂ പറമ്പിക്കുളത്തേക്ക്.  ഒരു കാവ്യദേവതപോലെയാണീവനം. ഉയര്‍ന്നുനില്‍ക്കുന്ന ഗിരിശൃംഗങ്ങള്‍ക്കും മെല്ളെ ഒഴുകിയത്തെുന്ന കാര്‍മുകിലിനും ആദരണീയമായ ഭാവം. അതുകൊണ്ടുതന്നെ ഒരു ആദരവ് കലര്‍ന്ന ദര്‍ശനത്തോടെയാണ് ഈ കാനനഭൂമിയില്‍ പ്രവേശിക്കേണ്ടതും. കേരളത്തിലെ പാലക്കാട് ജില്ലയിലാണ് പറമ്പിക്കുളമെങ്കിലും തമിഴ്നാട്ടിലെ ആനമലയിലൂടെ മാത്രമേ ഇവിടേക്ക് വഴിയുള്ളൂ. വന്യമൃഗങ്ങളെ കാണാനായി വനംവകുപ്പ് ജംഗ്ള്‍ സഫാരി ഒരുക്കിയിട്ടുണ്ട്. ആനയും കാട്ടുപോത്തും മാനും മ്ളാവും കരടിയുമൊക്കെ ഭാഗ്യമുണ്ടെങ്കില്‍ പ്രത്യക്ഷപ്പെടും. ഇവിടത്തെ മൃഗങ്ങള്‍ അപകടകാരികളല്ല എന്നത് യാത്രക്ക് കൂടുതല്‍ മധുരം കൂട്ടുന്നു. താമസസൗകര്യം ബുക് ചെയ്യുന്നവര്‍ക്ക്, അവരുടെ സ്വന്തം വണ്ടിയില്‍ തന്നെ കറങ്ങി കാട് കാണാം എന്നതും ഇവിടത്തെ പ്രത്യേകതയാണ്. ഇളംതണുപ്പുള്ള കാലാവസ്ഥ, ജംഗ്ള്‍ സഫാരി, ട്രക്കിങ്, ബാംബൂ റാഫ്റ്റിങ് എന്നിവയാണ് ഇവിടത്തെ ആകര്‍ഷണം.  

പറമ്പിക്കുളം: പാലക്കാട് ജില്ലയിലാണ് പറമ്പിക്കുളം. പാലക്കാട്ടുനിന്നും തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍നിന്നും പറമ്പിക്കുളത്തേക്ക് ബസ് സര്‍വിസുണ്ട്. വണ്ടിയിലാണെങ്കില്‍ തൃശൂരില്‍നിന്ന് നെന്മാറ ആനമല വഴി, പാലക്കാടുനിന്ന് പൊള്ളാച്ചി ആനമല വഴിയും പറമ്പിക്കുളത്ത് എത്തിച്ചേരാം. ശ്രദ്ധിക്കേണ്ടവ: ജംഗ്ള്‍ സഫാരിക്കു വരുന്നവര്‍ ഉച്ചക്ക് രണ്ടുമണിക്കു മുമ്പേ എത്തുക.താമസ സൗകര്യം ബുക് ചെയ്യുന്നവര്‍ വൈകീട്ട് നാലുമണിക്ക് മുമ്പേ  വരുക. സീസണ്‍: വര്‍ഷം മുഴുവനും സീസണ്‍. for more details: 09442201690.

2. കുലുങ്ങിക്കുലുങ്ങി കൊളുക്കുമലയിലേക്ക്

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടം കാണാന്‍ നിങ്ങള്‍ റെഡിയാണോ? എങ്കില്‍ പോകാം കുലുങ്ങിക്കുലുങ്ങി കൊളുക്കുമലയിലേക്ക്. സമുദ്രനിരപ്പില്‍നിന്ന് 7900 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വിസ്മയങ്ങളുടെ മലമുകളിലേക്കുള്ള യാത്ര ആരംഭിക്കുന്നത് മൂന്നാറിലെ സൂര്യനെല്ലിയില്‍ നിന്നാണ്. ജീപ്പാണ് ഏക സഞ്ചാരമാര്‍ഗം. 1500 മുതല്‍ 2500 വരെയാണ് ജീപ്പ് വാടക.  ഈ യാത്രയില്‍ നിങ്ങളുടെ കാഴ്ചകളില്‍ കോടമഞ്ഞില്‍ മുങ്ങിക്കിടക്കുന്ന പച്ചപ്പട്ടുടുത്ത വിശാലമായ തേയിലത്തോട്ടങ്ങള്‍, അതിനിടയില്‍ ഓറഞ്ച് മരങ്ങള്‍. നിങ്ങളുടെ കൈയില്‍ കാമറയുണ്ടെങ്കില്‍ എത്രവട്ടമതിന്‍െറ ഷട്ടറുകള്‍ തുറന്നടയുമെന്നത് പറയാന്‍ പറ്റില്ല. സൂര്യനെല്ലിയില്‍നിന്ന് ഓഫ്റോഡിലൂടെ ഏകദേശം എട്ടു കി.മീറ്റര്‍ പിന്നിടുമ്പോഴേക്കും ആദ്യത്തെ വ്യൂ പോയന്‍റായ എക്കോ സ്പോട്ടില്‍ എത്തും.  ഇവിടെനിന്ന് സൂര്യോദയം കാണാനാണ് ധാരാളം സഞ്ചാരികള്‍ എത്തുന്നത്. അതുകൊണ്ടുതന്നെ രാവിലെ നാല് മുതല്‍ ജീപ്പുകള്‍ കൊളുക്കുമല കയറിത്തുടങ്ങും. മൂന്നാറിനെക്കാള്‍ തണുപ്പുള്ള മേഖലയാണ് ഇവിടം. ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത സൂര്യോദയം ആസ്വദിക്കാനായി കൊളുക്കുമല നിങ്ങളെ മാടിവിളിക്കുന്നു.

കൊളുക്കുമല: മൂന്നാറില്‍ നിന്ന് 40 കി.മീ മാറി സൂര്യനെല്ലിയിലാണ് കൊളുക്കുമല. സൂര്യനെല്ലിയില്‍ നിന്ന് കൊളുക്കുമലക്ക് ജീപ്പ് സര്‍വിസ് മാത്രമാണുള്ളത്. മൂന്നാറില്‍നിന്ന് ദേവികുളം വഴി സൂര്യനെല്ലിക്ക് ബസ് സര്‍വിസുണ്ട്. സൂര്യോദയമാണ് കൊളുക്കുമലയിലെ പ്രധാന ആകര്‍ഷണം. ഹോംസ്റ്റേകളും ഹോട്ടലുകളും ലഭ്യം. ഫോണ്‍: 08281994011.

3. മഴനനഞ്ഞ നെല്ലിയാമ്പതിയിലേക്ക്

എവിടെക്കെങ്കിലും ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ അപ്പൊ പെയ്തുതുടങ്ങും മഴ. ഇനി അങ്ങനെ ഉണ്ടാവുകയാണെങ്കില്‍ ഒട്ടും മടിക്കാതെ വണ്ടിയെടുത്ത് നേരെ നെല്ലിയാമ്പതിക്ക് വിട്ടോളൂ. കാരണം,  മഴക്കാലമാണ് നെല്ലിയാമ്പതി ആസ്വദിക്കാന്‍ പറ്റിയ സമയം. മഴ പെയ്തുകഴിഞ്ഞാല്‍ കാടിറങ്ങിവരുന്ന എണ്ണിയാലൊടുങ്ങാത്ത വെള്ളച്ചാട്ടങ്ങളും തടാകങ്ങളുംകൊണ്ട് സമൃദ്ധമാണ് ഇവിടം. പ്രകൃതി സമസ്ത സൗന്ദര്യങ്ങളുടെ ചായക്കൂടുകളും കോരിയൊഴിച്ചത് ഈ മലമുകളിലാണെന്ന് തോന്നിപ്പോകും. മഴ തകര്‍ത്തുപെയ്യുമ്പോള്‍ താഴെ പോത്തുണ്ടി ഡാം കൂടുതല്‍ സുന്ദരിയാകുന്നു. ഇവിടെനിന്നാണ് നെല്ലിയാമ്പതിയിലേക്കുള്ള മലകയറ്റം ആരംഭിക്കുന്നത്. കേരളത്തില്‍ ഏറ്റവും ചൂടു കൂടിയ ജില്ല പാലക്കാടാണെങ്കിലും നെല്ലിയാമ്പതിയില്‍ എപ്പോഴും തണുപ്പാണ്. മേയില്‍ അസ്തമിക്കുന്ന സൂര്യന്‍ പിന്നെ ഇവിടെ ഉദിക്കുന്നത് ആഗസ്റ്റോടെയാണ്. മഴക്കാലമാകുന്നതോടെ വന്നുനിറയുന്ന കോടമഞ്ഞ് അതുവരെ സൂര്യകിരണങ്ങളെ ഇവിടെ കടത്തിവിടില്ല. സഹ്യസാനുക്കളിലെ ഏറ്റവും മനോഹര തേയിലത്തോട്ടങ്ങള്‍ നെല്ലിയാമ്പതിയിലാണുള്ളത്. ചറപറ പെയ്യുന്ന മഴ മാറി കാട് രൗദ്രഭാവം വെടിഞ്ഞ് സുന്ദരിയാകുമ്പോള്‍ സീതാര്‍ഗുണ്ടും കേശവന്‍ പാറയും പാടഗിരിയും പകുതിപ്പാലവും  ഒക്കെ നെല്ലിയാമ്പതിക്ക് കൂടുതല്‍ ചാരുതയേകും.

നെല്ലിയാമ്പതി: യാത്ര: തൃശൂര്‍ -വടക്കാഞ്ചേരി, നെന്മാറ -നെല്ലിയാമ്പതി. പാലക്കാട്നിന്ന്: കൊല്ലങ്കോട് -നെന്മാറ -നെല്ലിയാമ്പതി. തൃശൂരില്‍നിന്നും പാലക്കാടു നിന്നും നെല്ലിയാമ്പതിക്ക് ബസ് സര്‍വിസുണ്ട്. Accommodation: Cisilla Heritage: 04923205583. Misty valley: 09625 143915. KFDC Pakuthipalam 8289821500.

4. ആപ്പിള്‍ വിളയും കാന്തല്ലൂരിലേക്ക്

കേരളത്തിന്‍െറ കശ്മീര്‍ എന്നാണ് കാന്തല്ലൂര്‍ അറിയപ്പെടുന്നത്, കാരണം സൂര്യന്‍ തലമുകളില്‍ നില്‍ക്കുന്ന സമയത്തുപോലും കാന്തല്ലൂരില്‍ നേരം പുലരില്ല. കരിമ്പ്, കാരറ്റ്, ബീറ്റ്റൂട്ട്, സ്ട്രോബറി, ഓറഞ്ച്, ആപ്പിള്‍ തുടങ്ങിയ എല്ലാ തോട്ടങ്ങളുംകൊണ്ട് നിറഞ്ഞ ഒരു മലയോര ഗ്രാമമാണ് ഇവിടം. തോട്ടങ്ങളില്‍ നിന്ന് നമുക്ക് നേരിട്ട് ഇവയൊക്കെ പറിച്ചെടുക്കാം എന്നത് കൂടുതല്‍ കൗതുകമുണര്‍ത്തുന്നു. പാലാക്കാരന്‍ അച്ചായന്‍െറ ആപ്പിള്‍തോട്ടവും തൊടുപുഴക്കാരന്‍ ജോണിച്ചായന്‍െറ ഓറഞ്ച് തോട്ടത്തിന്‍ നടുവിലെ കേവ് ഹൗസുമാണ് കാന്തല്ലൂരിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രധാനപ്പെട്ട രണ്ട് ആകര്‍ഷണങ്ങള്‍. 1990ല്‍ അഞ്ചേക്കര്‍ തോട്ടം വാങ്ങി അതില്‍ 45 ഇനം ആപ്പിള്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. കശ്മീര്‍, യു.എസ്.എ, ഇംഗ്ളണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള ആപ്പിള്‍തൈകള്‍ തോട്ടത്തിലുണ്ട്. പ്രകൃതിക്ക് ഒരു കോട്ടവും തട്ടാതെ പാറക്കുള്ളില്‍ നിര്‍മിച്ച കോട്ടേജുകള്‍ ഏതൊരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ മുറിയെയും തോല്‍പിക്കുമെന്നതില്‍ സംശയമില്ല. ഇന്നുവരെ നാമെല്ലാം കൃത്രിമമായി നിര്‍മിക്കപ്പെട്ട കെട്ടിടങ്ങളില്‍ മാത്രമേ രാത്രിയുറങ്ങിയിട്ടുള്ളൂവെങ്കില്‍ നേരെ ഇവിടേക്കു വരൂ, ഭൂമിയുടെ ഉള്ളറയില്‍ പ്രകൃതിയുടെ സ്വയം ശീതീകരണ സംവിധാനത്തില്‍ മൂടിപ്പുതച്ചുറങ്ങാം.
 
കാന്തല്ലൂര്‍: മൂന്നാറില്‍നിന്നും ഉദുമല്‍പ്പേട്ട റോഡില്‍ ഏകദേശം 50 കി.മീ മാറിയാണ് കാന്തല്ലൂരിന്‍െറ കിടപ്പ്. മൂന്നാറിലെ അതേ കാലാവസ്ഥ തന്നെയാണ് കാന്തല്ലൂരും. മൂന്നാറില്‍നിന്ന് കാന്തല്ലൂരിലേക്ക് ബസ് സര്‍വിസുണ്ട്. കൂടാതെ, കൊച്ചിയിലെ വൈറ്റില ഹബില്‍നിന്ന് പ്രൈവറ്റ് ബസ് സര്‍വിസുമുണ്ട്. യാത്ര: മൂന്നാര്‍ -മറയൂര്‍ -കാന്തല്ലൂര്‍ cave house- contact number: 9446214187.

5. പച്ചപ്പായലണിഞ്ഞ കരിയാട് ടോപ്പ്

വെളുത്ത മഞ്ഞിന്‍പുതപ്പണിഞ്ഞ പച്ച മലനിരകള്‍, മഞ്ഞുമേഘങ്ങള്‍ മുത്തമിട്ടു നില്‍ക്കുന്ന ആ വലിയ മലനിരകള്‍ ആകാശത്തിലേക്ക് ലയിച്ചുചേര്‍ന്നിരിക്കുന്നു. അതിന്‍െറ വയറുകീറി ഉണ്ടാക്കിയ റോഡിലൂടെ അട്ടകള്‍ ഇഴയുന്നതുപോലെ ബസുകള്‍ ഇഴഞ്ഞുനീങ്ങുന്നു. ഈ കാഴ്ചകളെല്ലാം സമ്മാനിക്കുന്നത് വാഗമണിനടുത്തുള്ള കരിയാട് മലനിരകളാണ്. വാഗമണില്‍നിന്ന് കരിയാട് ടോപ്പിലേക്കുള്ള വഴി തികച്ചും നമ്മുടെ കണ്ണിന് കുളിര്‍മയേകുന്നു. വലതുവശത്തെ അഗാധ ഗര്‍ത്തങ്ങളില്‍ മഞ്ഞുമേഘങ്ങള്‍ പാറിപ്പാറി നടക്കുന്നു. ഇടതുവശത്തെ പച്ചപ്പായലണിഞ്ഞ  മലനിരകളില്‍നിന്ന് എണ്ണിയാലൊടുങ്ങാത്ത നീര്‍ച്ചാലുകള്‍. ഏറെ നേരം മഴ ചാറിയും സദാ മൂടല്‍മഞ്ഞ് പുതച്ചും കാണുന്ന ഗിരിനിരകളുടെ ഈ പ്രകൃതി കേരളത്തില്‍തന്നെ അപൂര്‍വമാകും. അടുത്ത കാലത്തായി മഴയുടെ സൗന്ദര്യം നുകരാന്‍ ഓഫ്റോഡ് ജീപ്പ് സഫാരിയും ആരംഭിച്ചിട്ടുണ്ട്. മലമുകളിലെ മഞ്ഞുകൊള്ളാനും സായാഹ്നങ്ങള്‍ ആസ്വദിക്കാനും ഒരു സഫാരി, മലയുടെ താഴത്തേട്ടിലുള്ള വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ വേറൊരു സഫാരിയും, ഓരോ കുടുംബത്തിനും കുളിക്കാന്‍ ഓരോ വെള്ളച്ചാട്ടങ്ങള്‍, ആരും നിങ്ങളുടെ പ്രൈവസിയില്‍ കൈ കടത്തില്ല. മലമുകളില്‍നിന്നു വരുന്ന കാട്ടരുവിയില്‍ ഫാമിലിയോടൊപ്പം മതിവരുവോളം കുളിച്ച് ഉല്ലസിക്കാം.

കരിയാട് ടോപ്പ്: ഇടുക്കി ജില്ലയിലെ വാഗമണിനടുത്താണ് ഈ പ്രദേശം. വാഗമണില്‍നിന്ന് ഈരാറ്റുപേട്ട റോഡില്‍ നാലു കി.മീ. പോയാല്‍ കരിയാട് ടോപ്പില്‍ എത്താം. മികച്ച സീസണ്‍: ജൂണ്‍-ഫെബ്രുവരി തൊടുപുഴയില്‍നിന്നും കോട്ടയത്തുനിന്നും ബസ് ലഭ്യം. തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കോട്ടയം ഈരാറ്റുപേട്ട വഴിയും കൊച്ചിയില്‍നിന്ന് വരുന്നവര്‍ക്ക് തൊടുപുഴ കാഞ്ഞാര്‍ വഴിയും കരിയാട് ടോപ്പിലെത്താം. For Jeep Safari & Accommodation,  Contact Siby - 9447026181.  

6. സഞ്ചാരികളെ  മാടിവിളിക്കുന്ന കൂനൂര്‍

വിനോദയാത്ര എന്നുവെച്ചാല്‍ ഊട്ടി, കൊടൈക്കനാല്‍, മൂന്നാര്‍, വയനാട് ഇവയൊക്കെയാണ് മിക്കവരുടെയും സങ്കല്‍പം. എന്നാല്‍, ഇതിനൊക്കെ തൊട്ടടുത്തുകിടക്കുന്ന ഭൂപ്രദേശങ്ങള്‍ അതിലും ഭംഗിയുള്ളതാണെന്ന് ആരും തിരിച്ചറിയുന്നില്ല. ആ അവസ്ഥയാണ് കൂനൂരിനും. മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്ക് പോകുംവഴിയാണ് കൂനൂര്‍. എങ്കിലും ഒരു ചായ കുടിക്കാന്‍പോലും ഇവിടെ ആരും വണ്ടി നിര്‍ത്താറില്ല. എന്നാല്‍, കൂനൂരിലെ കാഴ്ചകളാവട്ടെ അതിഗംഭീരവും. മേട്ടുപ്പാളയം-ഊട്ടി ട്രെയിനിന്‍െറ ഒരു പ്രധാന സ്റ്റേഷനാണ് കൂനൂര്‍. പണ്ട് സായ്പ് പേരിട്ട  മനോഹരമായ മലനിരകളാണ് കൂനൂരിന്‍െറ വശ്യചാരുത. ഡോള്‍ഫിന്‍െറ മൂക്കുപോലെ ഇരിക്കുന്ന മലക്ക് ഡോള്‍ഫിന്‍ നോസ് എന്നും ആടിന്‍െറ തലപോലെ ഇരിക്കുന്ന മലക്ക് ലാംബ്സ് റോക്കെന്നും ഒരു വശത്തേക്ക് ചരിഞ്ഞുകിടക്കുന്ന പെണ്‍കുട്ടിയുടെ രൂപസാദൃശ്യമുള്ള മലക്ക് സ്ളീപ്പിങ് ലേഡി എന്നും വ്യത്യസ്തമായ പേരുകളാണ് സായ്പ് നല്‍കിയത്. പില്‍ക്കാലത്ത് ഇവ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. ഇന്നുവരെ നാം സഞ്ചരിച്ചിട്ടുള്ള വഴികളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ലാംബ്സ് റോക്കിലേക്കുള്ള വഴി. മരച്ചാര്‍ത്തുകളും ഇലച്ചാര്‍ത്തുകളും തീര്‍ത്ത ഗുഹക്കുള്ളിലൂടെയാണ് വണ്ടി പോകുന്നത്. പിന്നെ അവിടെനിന്ന് മഞ്ഞു വീണ് തണുത്തുറഞ്ഞ കല്ലുപാകിയ വഴിയിലൂടെ 15 മിനിറ്റ് നടന്നുവേണം ലാംബ്സ് റോക്കിലത്തൊന്‍.

കൂനൂര്‍: ദൂരം: ഊട്ടിയില്‍നിന്ന് 19 km. കോയമ്പത്തൂര്‍, മേട്ടുപ്പാളയം, ഊട്ടി എന്നിവിടങ്ങളില്‍നിന്ന് ബസ് ലഭ്യം. Mettuppalayam. Accommodation: Hotel Vivek 0423 2230658, Wallwood garden 0423, 2230584, Valan hotel 0423 2230632, യാത്ര: കൊച്ചി -തൃശൂര്‍ -പാലക്കാട് -കോയമ്പത്തൂര്‍ -കൂനുര്‍

7. മഞ്ഞിന്‍ പാല്‍ക്കടല്‍ തീര്‍ക്കുന്ന മാഞ്ഞൂര്‍

ആകാശവും മഴമേഘങ്ങളുമെല്ലാം ഞങ്ങളുടെ കാല്‍ച്ചുവട്ടില്‍; അതാണ് ഒറ്റവാക്കില്‍ മാഞ്ഞൂര്‍.  മേഘങ്ങള്‍ നിരവധി രൂപത്തില്‍ എണ്ണിയാലൊടുങ്ങാത്തത്രയും മാലാഖമാരെപ്പോലെ വന്നു ഭൂമിയെ ചുംബിക്കുന്നു. എല്ലാ ദിവസവും സ്വര്‍ഗം അല്‍പസമയത്തേക്ക് തുറന്നുവെക്കുന്നത് ഇവിടെയാണെന്ന് തോന്നിപ്പോകും. മലകളില്‍നിന്ന് മലകളിലേക്ക് മേഘങ്ങള്‍ പാലങ്ങള്‍ തീര്‍ക്കുന്ന കാഴ്ച ഏതൊരു സാധാരണക്കാരനെയും കൊതിപ്പിക്കുമെന്നതില്‍ സംശയമില്ല. മണലാരണ്യങ്ങളിലെ കൊടുംചൂടും തണുപ്പും കൊണ്ട് ജീവിതം മരവിച്ചുവെങ്കില്‍ മേഘചുംബനങ്ങളേറ്റുവാങ്ങാന്‍ മാഞ്ഞൂരിലേക്ക് വരൂ. വര്‍ഷങ്ങള്‍ എത്ര പിന്നിട്ടെങ്കിലും വികസനം തൊട്ടുതീണ്ടാത്ത കൊടുംതണുപ്പുള്ള മാഞ്ഞൂര്‍ മലയോരം ഇന്നും ഒരു കൗതുകംതന്നെയാണ്. പെട്രോള്‍ പമ്പില്ല, ഹോസ്പിറ്റലില്ല. ആകെയള്ളത് ശുദ്ധ വായുയും കൂട്ടിന് കുളിരും നല്ല തണുപ്പും. ലോകത്തിന്‍െറ ഏതു കോണില്‍ ചെന്നാലും ഒരു മലയാളി കാണുമെന്നതില്‍ സംശമില്ല. ഇവിടെയുമുണ്ട് അങ്ങനെ ഒരു മലയാളി. മാഞ്ഞൂര്‍കാര്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരേ ഒരു ഹോട്ടല്‍;  അത് ഒരു പന്തളത്തുകാരന്‍ സജിയുടേതാണ്. പാലക്കാട്, മണ്ണാര്‍ക്കാട്, മുള്ളി വഴി 43 ഹെയര്‍പിന്‍ വളവുകള്‍  കയറിവേണം ഈ തണുത്ത ഗ്രാമത്തിലത്തൊന്‍. ഭവാനിപ്പുഴയും കാനഡ പവര്‍ഹൗസും പെന്‍സ്റ്റെല്‍ പൈപ്പുകളും അന്നമലൈ കോവിലും അപ്പര്‍ഭവാനിയുമൊക്കെ മാഞ്ഞൂരിലെ പ്രധാന ആകര്‍ഷണങ്ങളാണ്.

മാഞ്ഞൂര്‍: ദൂരം: മണ്ണാര്‍കാട്നിന്ന് 84 km, പാലക്കാട്-119km, ഊട്ടി-37km. യാത്ര: പാലക്കാട് -മണ്ണാര്‍കാട് -അഗളി -താവളം -മുല്ലി -മാഞ്ഞൂര്‍. മേട്ടുപ്പാളയം, ഊട്ടി എന്നിവിടങ്ങളില്‍നിന്ന് ബസ് ലഭ്യം. Accommodation is not available.

8. മേഘങ്ങളെ തൊട്ടുതലോടാന്‍ മേഘമലയിലേക്ക്

ഒരു ബസിന് മാത്രം പോകാവുന്ന മലമ്പാത. എന്നാല്‍, ബസുകള്‍ തീരെ ഇല്ലാത്തതുകൊണ്ട് ധൈര്യമായി വണ്ടി ഓടിച്ചുപോകാം. അതാണ് മേഘമലയിലേക്കുള്ള വഴി. വരുംകാലത്തെ മൂന്നാറാണ് മേഘമല എന്നതില്‍ ഒരു സംശയമില്ല. കാരണം ഇപ്പോള്‍തന്നെ അവധിദിവസങ്ങളില്‍ മേഘമലയില്‍ വന്‍ തിരക്കാണ്. ടൂറിസത്തിന്‍െറ ‘ആക്രമണം’ തുടങ്ങിയിട്ടേയുള്ളൂ. കുമളി-തേനി റൂട്ടില്‍ ചിന്നമാനൂരില്‍നിന്ന് തിരിഞ്ഞ് 18 ഹെയര്‍പിന്‍ വളവുകള്‍ താണ്ടിവേണം ഈ തേയിലക്കുന്നുകളിലത്തൊന്‍. ഓരോ ഹെയര്‍പിന്‍ ബെന്‍ഡിനും ഓരോ പേരുണ്ട് എന്നത് അതിശയിപ്പിക്കുന്ന ഒരു കാര്യമായിരുന്നു.  കുറിഞ്ഞി, മുല്ല, മരുത, വെഞ്ചി, വഞ്ചി, തുമ്പ, വാക, താഴമ്പൂ, പിച്ചി, കൂവളം, അണിച്ചം, ഇരുവച്ചി, കെണ്റൈ, വേകൈ, മല്ലിക എന്നിങ്ങനെ പൂക്കളുടെ പേരുകളാണ് ഓരോ ഹെയര്‍പിന്നിനും. ഇവിടത്തെ പഞ്ചായത്ത് ഗെസ്റ്റ് ഹൗസില്‍നിന്നുള്ള കാഴ്ചകള്‍ വിവരണാതീതമാണ്. ഇന്നുവരെ അനുഭവിച്ച പ്രകൃതിസൗന്ദര്യമല്ല മേഘമലക്ക്. എങ്ങും തേയില പുതച്ച പച്ച മലനിരകള്‍ കോടമഞ്ഞില്‍ ലയിച്ചുചേര്‍ന്നിരിക്കുന്നു.  മലനിരകളെ ചുറ്റി എങ്ങുനോക്കിയാലും നീല ജലാശയം. ഡാമുകളും  തേയിലത്തോട്ടങ്ങളുമാണ് മേഘമലയിലെ  പ്രധാന ആകര്‍ഷണം.

മേഘമല: യാത്ര: കുമളി-ചിന്നമാനൂര്‍ -മേഘമല. ദൂരം: കുമളി 80 km, പത്തനംതിട്ട 164 km, കോട്ടയം 170 km. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് മേഘമല.  Accommodation: 09487 850508. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: രാത്രിയാത്ര അനുവദനീയമല്ല. വളരെ കുറച്ചു താമസസൗകര്യങ്ങള്‍ മാത്രമുള്ളതിനാല്‍  മുന്‍കൂട്ടി ബുക് ചെയ്തശേഷം മാത്രം യാത്ര പുറപ്പെടുക. ചിന്നമണ്ണൂരില്‍നിന്ന് ബസ് ഉണ്ട്.

9. ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് (കോത്തഗിരിയിലേക്ക്)

ഊട്ടി മലനിരകളുടെ അയല്‍വാസികളായ കോത്തഗിരിയെ ഇന്ത്യന്‍ സ്വിറ്റ്സര്‍ലന്‍ഡ് എന്നു വിളിച്ചത് വിദേശികളാണ്. ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ കാലവര്‍ഷം എന്ന് സായ്പ് സര്‍ട്ടിഫൈ ചെയ്ത കോത്തഗിരിക്ക് സ്വിറ്റ്സര്‍ലന്‍ഡുപോലെ എപ്പോഴും സുഖമുള്ള കാലാവസ്ഥയാണ്. ഊട്ടിയിലെ തിരക്കുകളില്‍നിന്ന് മാറി പ്രകൃതിയെ തഴുകി, പ്രകൃതിയുടെ ശബ്ദവീചികള്‍ക്ക് കാതോര്‍ത്ത് തങ്ങാന്‍ ഒരിടം; അതാണ് കോത്തഗിരി. ഉദയരശ്മികള്‍ വെളിവാകുംമുമ്പ് മൂടല്‍മഞ്ഞ് പിന്‍വാങ്ങിനില്‍ക്കുന്ന കോത്തഗിരിയുടെ പ്രഭാതപ്രകൃതി മനോഹരമാണ്. അനേകം പക്ഷികളുടെ സംഘകൂജനങ്ങള്‍ ഉണര്‍വിന്‍െറ പ്രസാദാത്മകമായ വരവ് വിളിച്ചറിയിക്കുന്നു. കോത്തഗിരിയും പ്രാന്തപ്രദേശങ്ങളും നിറയെ തേയിലത്തോട്ടങ്ങളാണ്. തണുപ്പുകാലത്ത് ഊട്ടിയുടെ അത്ര കഠിന തണുപ്പും  ചൂടുകാലത്ത് ഊട്ടിയുടെ അത്ര ചൂടും ഇവിടെ അനുഭവപ്പെടാറില്ല. അതുകൊണ്ടുതന്നെ, തമിഴ്നാട്ടുകാരുടെ പുരൈട്ചി തലൈവി ജയലളിതയുടെ വേനല്‍ക്കാല വസതിയും ഇവിടെയാണ്. ബ്രിട്ടീഷുകാര്‍ പണിത അനേകം ബംഗ്ളാവുകള്‍ ഇവിടെയുണ്ട്. ഇന്ന് അവയെല്ലാം റിസോര്‍ട്ടുകളായി മാറിക്കഴിഞ്ഞു. കോടനാട് വ്യൂ പോയന്‍റ്, കാതറീന്‍ വാട്ടര്‍ഫാള്‍സ്, രംഗസ്വാമി പീക്ക് എന്നിവയാണ് കോത്തഗിരിയിലെ പ്രധാന ആകര്‍ഷണങ്ങള്‍. പാലക്കാട് വഴി പോകുന്നവര്‍ക്ക് ഊട്ടിയില്‍ കയറാതെ മേട്ടുപ്പാളയത്തുനിന്ന് തിരിഞ്ഞ് 33 കി.മീ. പോയാല്‍ കോത്തഗിരി എത്താം.

കോത്തഗിരി: ദൂരം: ഊട്ടിയില്‍നിന്ന് 30 km, കൂനൂര്‍- 20 km, മേട്ടുപ്പാളയം -30 km, കോയമ്പത്തൂര്‍-66 km. ഈ സ്ഥലങ്ങളില്‍നിന്നെല്ലാം ബസ് സര്‍വിസ് ഉണ്ട്. മികച്ച സീസണ്‍: ഡിസംബര്‍ -മാര്‍ച്ച്Accommodation: Peak View Cottage: 0944355402, Nature Nest Home Stay: 07094780577, Shanthi Home Stay: 09443023199. .

10. സൂര്യകാന്തികളെ തേടി ഗോപാലസ്വാമി ബേട്ടയിലേക്ക്

പൂക്കള്‍ക്കു മാത്രമായി ഒരു ഗ്രാമം. അതാണ് ഗോപാലസ്വാമി ബേട്ടയുടെ താഴ്വാരം. ബന്തി, ജമന്തി, സൂര്യകാന്തി തുടങ്ങിയ പുഷ്പങ്ങളാണ് റോഡിനിരുവശവും. പല നിറങ്ങള്‍ ചാലിച്ചുകൊണ്ട് നമ്മെ നോക്കി തലയാട്ടി ചിരിക്കുകയാണ് ഇവിടത്തെ പുഷ്പങ്ങള്‍. മലമുകളിലെ കൃഷ്ണനെ കാണാന്‍ പോകുന്ന വഴിക്കാണ് ഏക്കറോളം പരന്നുകിടക്കുന്ന ഈ പൂന്തോട്ടങ്ങള്‍. മേയില്‍ വിത്തിട്ട് ജൂണ്‍, ജൂലൈ ആകുമ്പോള്‍ പൂത്തുനില്‍ക്കുന്ന പുഷ്പങ്ങള്‍ ആഗസ്റ്റ് ആദ്യത്തോടെ സൂര്യകാന്തി സണ്‍ഫ്ളവര്‍ ഓയിലായി മാറാന്‍ തുടങ്ങും. ബാക്കിയുള്ള ജമന്തിയും ബന്തിയുമൊക്കെ ഓണക്കാലം ആഘോഷിക്കാന്‍ കേരളത്തിലേക്കും വരും. പക്ഷേ, ഈ രണ്ടുമാസം ഈ പൂന്തോട്ടം കാണാന്‍ ജനത്തിരക്കാണ്. പണ്ടൊക്കെ ഫ്രീ ആയി പൂന്തോട്ടങ്ങള്‍ ദര്‍ശിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യാമായിരുന്നു. എന്നാല്‍, ഇന്ന് ഗതിമാറി. സഞ്ചാരികളുടെ വന്‍ തിരക്കു കാരണം എല്ലാ പൂന്തോട്ടങ്ങള്‍ ദര്‍ശിക്കാനും 20, 30 രൂപ കൊടുക്കേണ്ടിവരും. ഇന്ന് ഇവിടെ ഇതുതന്നെ വലിയ ഒരു ബിസിനസായി മാറിക്കഴിഞ്ഞു. എങ്ങുനിന്നോ പാറിവരുന്ന കാറ്റിന്‍െറ മഞ്ചലിലേറി മനംകവരുന്ന പൂവിതളുകളെ ചുംബനത്തില്‍ പൊതിഞ്ഞ് തേന്‍ നുകരാനണയുന്ന പൂമ്പാറ്റകളും കാറ്റിന്‍െറ താളത്തില്‍ നാണിച്ചു തലയാട്ടും.  പുഷ്പങ്ങള്‍ എല്ലാവരുടെയും മനസ്സിലും വര്‍ണം വിതറും. നിരതെറ്റാതെ നൃത്തം ചെയ്യുന്ന സുന്ദരികളായാണ് ഓരോ പൂവും കാണപ്പെടുക. ആ സുന്ദരികളെ കൈയിലെടുക്കാനും സൗന്ദര്യം ആസ്വദിക്കാനും ഗോപാലസ്വാമി ബേട്ട നിങ്ങളെ മാടിവിളിക്കുന്നു.  

ഗോപാലസ്വാമി ബേട്ട: യാത്ര: നിലമ്പൂര്‍- ഗൂഡല്ലൂര്‍, ബന്ദിപൂര്‍- ഗോപാലസ്വാമി ബേട്ട.  കോഴിക്കോട്, വയനാട് ഭാഗത്തുനിന്ന്: മുത്തങ്ങ- ഗുണ്ടല്‍പ്പേട്ട്- ഗോപാല സ്വാമി ബേട്ട. താമസസൗകര്യങ്ങളില്ല. വൈകീട്ട് നാലുമണി വരെ മാത്രം പ്രവേശം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT