വടക്കന്‍ ലബനാനിലെ ബെക്കാ താഴ്വര മുതല്‍ ദക്ഷിണ ആഫ്രിക്കയിലെ മൊസംബിക് വരെ നീണ്ടുകിടക്കുന്ന ഭൗമ വിസ്മയമാണ് ഗ്രേറ്റ് റിഫ്റ്റ്വാലി. അനാദികാലം മുതല്‍ തുടങ്ങിയ ഭൗമാന്തര പ്രതിഭാസങ്ങളുടെ ഫലമായി ഭൂമിക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ട ഈ വിടവ് ഏതാണ്ട് 6,000 കിലോമീറ്റര്‍ നീളത്തില്‍ രണ്ടു ഭൂഖണ്ഡങ്ങളുടെ പാര്‍ശ്വങ്ങളിലൂടെ നീണ്ടുനിവര്‍ന്നുകിടക്കുന്നു.

ലോകത്തിന്‍െറ അതിശയങ്ങളായ ആഫ്രിക്കന്‍ സാവന്നകളും അതിലെ ജന്തുജാലങ്ങളും അഗമ്യങ്ങളായ കാനനങ്ങളും കുലംകുത്തിയൊഴുകുന്ന നദികളും സീനായ് ഉപദ്വീപും ഗോലാന്‍ കുന്നും ചാവുകടലുമൊക്കെ ഈ മഹത്തായ ഭൗമ സംവിധാനത്തിന്‍െറ ഭാഗങ്ങളാണ്. ഭൂമിക്ക് മുകളില്‍ പലയിടത്തും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വീതിയില്‍ സൃഷ്ടിക്കപ്പെട്ട ഈ വന്‍ വിടവ് ബാഹ്യാകാശത്ത് നിന്ന് കാണാവുന്ന ഭൂമിയിലെ ഏറ്റവും വ്യക്തമായി സവിശേഷതയാണ്. ഈ വിസ്മയത്തിന്‍െറ കാഴ്ചകളിലേക്ക് ലക്ഷങ്ങളാണ് ഓരോമാസവും വന്നണയുന്നത്. ചരിത്രവും പ്രകൃതിയും സംഘനൃത്തം ചെയ്യുന്ന ഈ പ്രതിഭാസത്തിന്‍െറ കിഴക്കേ അതിരിലാണ് ചെങ്കടല്‍. അതില്‍ തന്നെ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നതാണ് അഖബ ഉള്‍ക്കടല്‍. തിറാന്‍ കടലിടുക്കില്‍ നിന്നു തുടങ്ങി ഒരുവശത്ത് പടിഞ്ഞാറന്‍ സൗദിയുടെ തീരനഗരങ്ങളും എതിരില്‍ സീനായ് മലനിരകളും അതിരിടുന്ന അഖബക്ക് മനുഷ്യന്‍ സഞ്ചാരം തുടങ്ങിയതുമുതലുള്ള കഥകള്‍ പറയാനുണ്ടാകും.  

അഖബ ഉള്‍ക്കടല്‍ ആരംഭിക്കുന്നതിന് തൊട്ടുതെക്കാണ് ദൂബയെന്ന തുറമുഖ നഗരം. ‘ചെങ്കടലിന്‍െറ മുത്ത്’ എന്നറിയപ്പെടുന്ന ദുബതീരം (ദിബ്ബയെന്നും അറിയപ്പെടുന്നു) ഒരുകാലത്ത് ഓട്ടോമന്‍ തുര്‍ക്കികളുടെ താവളമായിരുന്നു. അതിനുംമുമ്പ് പ്രാചീന സഞ്ചാരികളുടെ യാത്രാപഥങ്ങളില്‍ നിര്‍ണായക സ്ഥാനവും ദുബക്കുണ്ടായിരുന്നു. ദുബ വഴി കടന്നുപോകുന്ന കച്ചവടപാതയെ കുറിച്ച് ഗ്രീക്ക് ചിന്തകന്‍ ടോളമി സൂചിപ്പിച്ചിട്ടുണ്ട്. മക്കയിലേക്ക് ഹജ്ജിനുവന്ന ഫലസ്തീനിയായ അബ്ദുല്‍ ഗാനി അല്‍ നബ്ലുസിയുടെ യാത്രക്കുറിപ്പുകളിലും ദൂബ കടന്നുവരുന്നു. ചരിത്രപരമായി പൗരാണിക മദിയന്‍ ദേശത്തിന്‍െറ ഭാഗമാണ് ദൂബ. ജോര്‍ഡന്‍ നദി മുതല്‍ ദൂബ വരെയായിരുന്നു മദിയന്‍ ദേശമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 

പ്രവിശ്യയുടെ ആസ്ഥാനമായ തബൂക്കില്‍ നിന്ന് ദൂബയിലേക്കുള്ള ദേശീയ പാത 80 വഴിയുള്ള 200 കിലോമീറ്റര്‍ ദൂരം ഹിജാസ് പര്‍വത നിരകളില്‍, അവയുടെ ഇടുക്കുകളില്‍, സമതലങ്ങളലില്‍ പടര്‍ന്നുകിടക്കുന്നു. ഭൂമിയുടെ ഞരമ്പുകള്‍ പോലെ മലകള്‍ കയറിയിറങ്ങിയും ഗിരിനിരകളുടെ ചാരെയും നോക്കത്തൊ ദൂരത്തോളം നിരത്ത് നീണ്ടുപോകുന്നു. പ്രഭാതങ്ങളിലും സായംകാലങ്ങളിലും ഇതുവഴിയുള്ള യാത്ര അതീവ ഹൃദ്യവും ആവേശകരവുമാണ്. ദുരൂഹവും നിഗൂഢവുമായ ഒരു ഭീമന്‍ നാടകശാല പോലെ ഈ പര്‍വതങ്ങള്‍ എഴുന്നുനില്‍ക്കും. ഏതൊക്കെയോ വ്യത്യസ്തമായ അച്ചുകളില്‍ വാര്‍ത്തപോലെ വിചിത്രരൂപികളായി ഈ മഹാമേരുക്കള്‍. കാല്‍നീട്ടിയിരിക്കുന്ന വൃദ്ധന്‍, ധ്യാനനിമഗ്നനായ സന്യാസി, നൃത്തം ചവിട്ടുന്ന പെണ്‍കൊടികള്‍, കാലികളെ മേയ്ച്ചുപോകുന്ന ബാലന്‍....  അങ്ങനെ അങ്ങനെ ഏതുരൂപത്തിലും ഭാവത്തിലുമുള്ള കുന്നുകളെയും മലകളെയും ഈ വഴിവക്കുകളില്‍ കാണാം. കാഴ്ചക്കാരന്‍െറ മനസിന്‍െറ കാന്‍വാസില്‍ ഈ രൂപങ്ങള്‍ വരക്കുന്ന ചിത്രങ്ങള്‍ എന്തുമാകാം. 
യാത്രയില്‍ ചിലപ്പോള്‍ വഴിയടഞ്ഞ പ്രതീതിയുണ്ടാകും. കുപ്പിയില്‍ നിന്ന് വന്ന ഭൂതത്തെപോലെ ഈ വിചിത്രകാരികള്‍ മാനംമുട്ടെ ഉയര്‍ന്ന്  നമ്മുടെ വഴി തടയും. ഒരുമാത്രയില്‍ ഇരുള്‍ പുഴയില്‍ നമ്മള്‍ കാഴ്ചക്കായി അലയും. അടുത്ത നിമിഷത്തില്‍ ആ തിരശീലക്ക് പിന്നില്‍ ഒരു വെള്ളിക്കീറ്. അവിടെയൊരു പാത. വെളിച്ചത്തിന്‍െറ ആ വിടവിനെ സമീപിക്കുമ്പോള്‍ പാത തുറക്കുന്നു, വിശാലമാകുന്നു. വെളിച്ചത്തിന്‍െറ മഹോത്സവം. സൂര്യന്‍ ഉദിച്ചുവരികയാണ്. ആ ചെങ്കതിരുകള്‍ പര്‍വതസാനുക്കളില്‍ നിറഭേദങ്ങളുടെ  ഹോളി ആഘോഷം സംഘടിപ്പിക്കും. ചുവന്ന മലകള്‍, നീലമലകള്‍, കരിമലകള്‍. പിന്നെ ഒരു മലയുടെ വിവിധ മടക്കുകള്‍ക്ക് വിവിധ നിറങ്ങള്‍. ചെങ്കുത്തായ ചരിവുകള്‍ക്കപ്പുറം എപ്പോഴും അന്ധകാരനാഴികളും ഉണ്ടാകാം. 

മലകളുടെ നിരകള്‍ വിടുമ്പോള്‍ അനന്തയിലേക്ക് നീളുന്ന മണല്‍പ്പരപ്പുകള്‍. അതിനിടയിലൂടെ മത്സ്യകന്യകയെ പോലെ പുളഞ്ഞ് ടാറിട്ട നിരത്തിന്‍െറ കാണാവള്ളികള്‍. ഉപ്പുകാറ്റിന്‍െറ നനുത്തരസം നാസാരന്ധ്രങ്ങളെ സ്പര്‍ശിക്കുമ്പോള്‍ നാം തിരിച്ചറിയും യാത്ര കടലിലേക്ക് എത്തിയിരിക്കുന്നു. മരുയാത്രയുടെ വരള്‍ച്ചയില്‍ നിന്ന് ചെങ്കടലില്‍ നിന്ന് വീശുന്ന തണുത്ത കാറ്റിന്‍െറ ഓളങ്ങളിലേക്ക്. അലങ്കരിച്ച നഗരപാതകള്‍ പിന്നിട്ട് ദൂബ കോര്‍ണിഷിലത്തെുമ്പോള്‍ ഭീമന്‍ കമാനമാണ് സ്വാഗതം ചെയ്യുക. അതിന് പിന്നിലെ പാര്‍ക്കില്‍ വന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കുട്ടികള്‍ കളിക്കുന്ന ഹരിതാഭയാര്‍ന്ന ഉദ്യാനം പിന്നിടുമ്പോള്‍ ചെങ്കടലിന്‍െറ മരതകകാന്തി. ബാലാദിത്യന്‍െറ കിരണങ്ങളേറ്റ് പലവിതാനങ്ങളില്‍ ഹരിത, നീല നിറങ്ങളാര്‍ന്നു കിടക്കുന്നു, തിരയടങ്ങിയ തീരം.  
നഗരത്തോടു ചേര്‍ന്ന മനുഷ്യനിര്‍മിത മറീനയില്‍ നൂറുകണക്കിന് വിനോദയാനങ്ങള്‍ പുലര്‍വെയിലേറ്റ് തിളങ്ങുന്നു. പകല്‍ വളരുംതോറും ഈ യാനങ്ങള്‍ക്ക് പണിയേറും. കരീബിയന്‍ ദ്വീപ കാഴ്ചകളെ അനുസ്മരിപ്പിക്കുന്ന മറീനയുടെ കൂടുതല്‍ മനോഹരമായ കാഴ്ചയാണ് ദൂബ കുന്നിന്‍മുകളിലെ നിര്‍മാണത്തിലിരിക്കുന്ന പാര്‍ക്കില്‍ നിന്ന് ലഭിക്കുക. ചെങ്കടലില്‍ നിന്ന് തീരത്തെ തുരന്ന് ഉള്ളിലത്തെിയ നീലജലം വിസ്മയകരമായ കാഴ്ചയേകും, വൈകുന്നേരങ്ങളില്‍. 

സമീപത്തുതന്നെയുണ്ട് ദൂബ കോട്ട. ദൂബയിലെ കമ്പോളത്തിന് പടിഞ്ഞാറ് വശത്തെ ചെറുകുന്നില്‍ പട്ടണത്തെ തന്‍െറ ദൃഷ്ടിപരിധിയില്‍പെടുത്തിക്കൊണ്ട് അതങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു. പെരുത്തുനൂറ്റാണ്ടുകളുടെ കഥകളൊന്നും പറയാനില്ളെങ്കിലും ഏതൊരുകോട്ടയെയും പോലെ ചരിത്രത്തിന്‍െറ കാവല്‍കിണറാണ് ദൂബകോട്ടയും. സൗദിരാഷ്ട്ര സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് 1933 ല്‍ സ്ഥാപിച്ചതാണ് ഇന്നുകാണുന്ന കോട്ട. അക്കാലത്ത് ദൂബ പട്ടണത്തിന്‍െറ ഭരണസിരാകേന്ദ്രം ഈ കോട്ടയും അതിലെ ഓഫീസുകളുമായിരുന്നു.

യാമ്പു, അല്‍ വജീഹ്, ദൂബ എന്നിവിടങ്ങളിലെ വിദഗ്ധ വാസ്തുശില്‍പികളുടെ മേല്‍നോട്ടത്തിലാണ് കോട്ട പണികഴിപ്പിച്ചത്. തുടക്കത്തില്‍ സമീപത്തെ അല്‍ മുഅല്ലിഹ് കോട്ടയില്‍ നിന്നും ദൂബ തീരത്തിനടുത്തെ യര്‍കാന്‍ ദ്വീപില്‍ നിന്ന് ചങ്ങാടത്തിലുമൊക്കെയാണ് പണിക്കാവശ്യമായ കല്ലുകള്‍ കൊണ്ടുവന്നത്. അതിനുശേഷമാണ് ദൂബക്ക് സമീപത്തെ ക്വാറികളില്‍ നിന്ന് കല്ലുകള്‍ എത്തിക്കാന്‍ തുടങ്ങിയത്. ചെങ്കടല്‍ കടന്നുവന്ന കല്ലുകള്‍ തന്നെയാണ് ദൂബ കോട്ടയുടെ അടിസ്ഥാന ശിലകള്‍. ചുണ്ണാമ്പുകല്ലുകളില്‍ പടുത്ത നിര്‍മിതിയുടെ മാതൃക അറേബ്യയിലൈ പരമ്പരാഗത കോട്ടകളുടേതു തന്നെ. നാലു ഗോപുരങ്ങളും ദീര്‍ഘചതുരാകൃതിയും. കമാനാകൃതിയിലുള്ള മരവാതിലാണ് മുന്നില്‍. 

ഈജിപ്തിലേക്ക് ഫെറി സര്‍വീസുള്ള തുറമുഖവുമാണ് ദൂബ. മുന്‍കാലങ്ങളില്‍ ഈജിപ്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ വന്നിറങ്ങിയിരുന്ന വിവിധ തുറമുഖങ്ങളില്‍ ഒന്നുമാണിത്. ഈജിപ്തിലെ സഫഗയില്‍ നിന്നും സൂയസില്‍ നിന്നും സ്ഥിരമായി ഇവിടേക്ക് യാത്ര കപ്പല്‍ സര്‍വീസ് ഉണ്ടായിരുന്നു. ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന  അല്‍ സലാം എന്നുപേരായ ഈജിപ്ഷ്യന്‍ ഫെറി 2006 ല്‍ ചെങ്കടലില്‍ മുങ്ങി ആയിരത്തോളം പേര്‍ മരിച്ചിരുന്നു. സൗദി അറേബയില്‍ ജോലി ചെയ്തിരുന്ന ഈജിപ്തുകാരായിരുന്നു മരിച്ചവരിലേറെയും. ആധുനിക നാവിക ദുരന്തങ്ങളില്‍ ഏറ്റവും നാശമുണ്ടാക്കിയവയില്‍ ഒന്നെന്ന് കണക്കാക്കിയ ഈ അപകടത്തിന് ശേഷം ഇടക്കാലത്ത് ഫെറി സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. എട്ടുവര്‍ഷത്തിന് ശേഷം 2014 ജൂണില്‍ സൂയസ് - ദൂബ ഫെറി സര്‍വീസ് പുനരാരംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.