ഇരുപ്പ്​ വെള്ളച്ചാട്ടം

മഴ നനഞ്ഞ അയലത്തെ സുന്ദരിയെക്കാണാന്‍

മഴയുടെ ഓര്‍മകള്‍ എന്നും മധുരങ്ങളാണ്. ഓരോ മഴക്കാലവും കുടുംബത്തോടൊപ്പമുള്ള മധുര നിമിഷങ്ങളാണ്. ആവിപറക്കുന്ന കട്ടന്‍ ചായയും അമ്മയുടെ മടിയിലെ അരി വറുത്തുവെച്ച പാത്രത്തിനു നേരെ കൈകള്‍ നീട്ടി തമാശകളും താന്തോന്നിത്തരങ്ങളും പങ്കുവെച്ച് കൈയില്‍ ചീട്ടുകെട്ടുമായി ഹാളില്‍ പുതപ്പിന്‍റെ ചൂടേറ്റ് എല്ലാവരും ഒന്നിച്ചിരിക്കുന്ന കാഴ്ച മഴക്കാലങ്ങള്‍ക്കു മാത്രമേ നല്‍കാനാകൂ. എന്നെ സംബന്ധിച്ച് മഴക്കാലം എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിവരുന്നത് നാട്ടിലെ മുത്തശ്ശിയുടെ മുഖമാണ്.

കുട്ടിക്കാലത്തെ എന്‍റെ ഓര്‍മകളില്‍ ആകാശം പൊതുവെ മേഘാവൃതമായതിനാല്‍ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന് പുലര്‍കാല റേഡിയോ നാദത്തെക്കാള്‍ കണിശക്കാരിയായിരുന്നു മുത്തശ്ശി. സ്കൂളില്‍ പോകാന്‍ സമയം മാനത്തെ മഴക്കാറ് നോക്കി കൃത്യമായി പ്രവചിക്കും  മഴ പെയ്യുമോ ഇല്ലേയെന്ന്. ഇന്നത്തെ തലമുറക്ക് വശമില്ലാത്ത മഴയുടെ പല ലക്ഷണങ്ങളും പറഞ്ഞുതന്നിരുന്നു മുത്തശ്ശി. മഴ അടുക്കുമ്പോഴാണ് ഉറുമ്പുകള്‍ മുട്ടകളുമായി വരിവരിയായി പോകുന്നതെന്നും വടക്കുകിഴക്കു ദിക്കില്‍ കാര്‍മേഘം കണ്ടാല്‍ അന്ന് മഴ തീര്‍ച്ചയെന്നും തുമ്പികള്‍ താഴ്ന്നുപറന്നാല്‍ മഴയുടെ ആഗമനമാണെന്നും, കൂടാതെ വീട്ടിലെ കന്നുകാലികളുടെ കരച്ചില്‍ കേട്ടും മഴ മനസ്സിലാക്കിയിരുന്നു. എന്നാല്‍, ഇന്ന് കാലം മാറി. മഴ ആസ്വദിക്കുന്നത് യാത്രകളിലൂടെയാണ്. അങ്ങനെയുള്ള ഒരു മഴക്കാല യാത്രയിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. മഴ നനഞ്ഞ അയലത്തെ സുന്ദരിയെക്കാണാന്‍. ആ സുന്ദരി വേറാരുമല്ല, നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തോട് ചേര്‍ന്നു കിടക്കുന്ന കുടക് എന്ന സുന്ദരി. കുടകിലെ തലക്കാവേരിയിലേക്കാണ് ഈ മഴ യാത്ര.

ഇരുപ്പ് വെള്ളച്ചാട്ടം
 

മഴ ആസ്വദിക്കാന്‍ വയനാട് വഴിയാണ് കുടകിലേക്ക് തെരഞ്ഞെടുത്തത്. ഉച്ച തിരിഞ്ഞ് തൃശൂരില്‍നിന്ന് പതിവ് ടീമുമായി കാറില്‍ പുറപ്പെട്ട യാത്ര സന്ധ്യയോടെ വയനാട് ചുരം കയറിത്തുടങ്ങി. ഹെയര്‍പിന്‍ വളവുകള്‍ ഓരോന്നായി പിന്നിടുമ്പോഴേക്കും ചെറു ചാറ്റല്‍ മഴയും തണുപ്പും കൂട്ടിനെത്തി. രാത്രി ഒമ്പത് മണിയോടെ തോല്‍പെട്ടി എത്തിയ ഞങ്ങള്‍ അന്ന് അവിടെ താമസിച്ച് ബാക്കിയാത്ര പുലര്‍ച്ചയോടെ  ആരംഭിച്ചു. കുട്ട എന്ന കന്നട ഗ്രാമത്തോടുകൂടി കുടകിന്‍റെ ഭംഗി കണ്ണുകളിലേക്ക് ഓടിയെത്തി.

തലേന്ന് പെയ്ത മഴയില്‍ നനഞ്ഞുകിടന്ന റോഡിലൂടെ വണ്ടി മുന്നോട്ടു പോയപ്പോള്‍ മനസ്സ് ആദ്യം തിരഞ്ഞത് കുടകിന്‍റെ കുളിരുള്ള ഇരുപ്പ് വെള്ളച്ചാട്ടത്തെ ആയിരുന്നു. കായമാനി ജങ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ശ്രീരാമേശ്വരം ക്ഷേത്രത്തിന്‍റെ വലിയ പാര്‍ക്കിങ് മൈതാനിയില്‍ വഴി അവസാനിച്ചു. അവിടെ വണ്ടി പാര്‍ക്ക് ചെയ്ത് കാടിനുള്ളിലൂടെ നടന്നുവേണം ഇരുപ്പ് വെള്ളച്ചാട്ടത്തിലേക്കത്തൊന്‍. അവിടെനിന്നുള്ള ഓരോ ചുവടും ആ കാടിനുള്ളില്‍ ഒളിച്ചിരിക്കുന്ന സുന്ദരിയെ കാണാനുള്ള വെമ്പലിലായിരുന്നു. തിടുക്കം കണ്ട മലയണ്ണാന്‍ ഞങ്ങളെ മരത്തിന്‍ മുകളിലിരുന്ന് കൊഞ്ഞനംകുത്തി കാണിച്ചു.

വീരാജ്പേട്ടിലേക്കുള്ള വഴിയോര കാഴ്ചകൾ
വഴിയരികിലുള്ള പൂമ്പാറ്റകളെല്ലാം ഞങ്ങളുടെ വരവ് കണ്ട് പേടിച്ച് മാറിത്തന്നു. പോകുന്ന വഴിയിലെല്ലാം യുവ മിഥുനങ്ങള്‍ക്ക് കാടിന്‍റെ കുളിരേറ്റ് കിന്നാരം പറയാന്‍ ബെഞ്ചുകള്‍ തീര്‍ത്തിരിക്കുന്നു. കുറച്ചുകൂടി മുന്നോട്ടെത്തിയപ്പോള്‍ ഒരു കുഞ്ഞു തൂക്കുപാലം, അതിനടിയില്‍ക്കൂടി അരഞ്ഞാണം കിലുക്കി ചുറ്റുപാടും കുളിരണിയിച്ച് കുണുങ്ങിക്കൊണ്ട് ഒഴുകിവരുന്ന കുഞ്ഞ് അരുവി. അതുംകൂടി കണ്ടപ്പോള്‍ എന്തായാലും ഈ നടപ്പ് വെറുതെയായില്ലെന്ന് മനസ്സ് മന്ത്രിച്ചു.

വെള്ളച്ചാട്ടത്തിന്‍റെ ശബ്ദം അടുത്തടുത്തുവന്നു. മലമുകളില്‍നിന്നു പതിക്കുന്ന സുന്ദരിയെ ദൂരെനിന്ന് ആരും കാണാതിരിക്കാന്‍ മരങ്ങള്‍ തങ്ങളുടെ നീണ്ട കൈകള്‍ വിരിച്ച് മറതീര്‍ത്തിരിക്കുന്ന മനോഹര കാഴ്ചയാണ് ആദ്യം കണ്ണില്‍പെട്ടത്. ആ മറകളെ തട്ടിമാറ്റി ഉയര്‍ന്നു നില്‍ക്കുന്ന പാറകളില്‍ ചാടിച്ചാടി അവയുടെ അടുത്തെത്തിയതും തന്നെ കാണാനെത്തിയ കണ്ണുകളെയും മനസ്സിനെയും കുളിരണിയിക്കാന്‍ അവള്‍ മറന്നില്ല. അവളിലെ നെടുവീര്‍പ്പിന്‍റെ കണങ്ങള്‍ വാരിവിതറി ഞങ്ങളെ കോരിത്തരിപ്പിച്ചു. ആ കുളിരില്‍ സ്വയം മറന്ന് ഞങ്ങളും അവളില്‍ അലിഞ്ഞുചേര്‍ന്നു. ആകാശത്തില്‍നിന്ന് ഇരമ്പിവീഴുന്ന ആ പാല്‍ക്കടലില്‍ കൊച്ചുകുട്ടികളെപ്പോലെ തുള്ളിക്കളിച്ചു. അതുവരെ മനസ്സില്‍ സൂക്ഷിച്ചുവെച്ചിരുന്ന ഭാരമൊക്കെ അതില്‍ ഒലിച്ചുപോയ പോലെ തോന്നി. തട്ടുതട്ടായി വീഴുന്ന ആ വെള്ളച്ചാട്ടം അതിന്‍റെ പൂര്‍ണഭംഗി പ്രാപിക്കുക മഴക്കാലത്തായതു കൊണ്ട് ഇവിടെ വരാന്‍ പറ്റിയ സമയം ഇതുതന്നെ. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന കുളിക്കൊടുവില്‍ നവോന്മേഷകരായി വീണ്ടും തലക്കാവേരിയിലേക്ക് യാത്ര തുടര്‍ന്നു.

തലക്കാവേരിയിലേക്കുള്ള മലമ്പാത
 റോഡിനിരുവശവും ഓറഞ്ചും കാപ്പിയും കുരുമുളകും ഒക്കെ മാറിമറഞ്ഞു കൊണ്ടേയിരുന്നു ആ യാത്രയില്‍. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ കാറിന്‍റെ വിന്‍റോ സ്ക്രീനില്‍ പഴയ സീന്‍ മാറി ഇരുവശവും പാടങ്ങളായി. കാറിനുള്ളിലേക്ക് കടന്നുവന്ന ഇളം കുളിരുള്ള തണുത്ത കാറ്റ് പതുക്കെ എന്നെ ഒഴിച്ച് ബാക്കിയെല്ലാവരെയും ഉറക്കത്തിന് കീഴ്പ്പെടുത്തി. വിരാജ്പേട്ടും പിന്നീട് കക്കബേയിലൂടെ കുടകെന്ന സുന്ദരിയുടെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്രയില്‍ പെട്ടെന്നാണ് അതുവരെ ഞങ്ങള്‍ക്കായി മാറിനിന്ന മഴ പൊട്ടി ചാടിയത്. കാറിന്‍റെ മേല്‍ക്കൂരയിലൂടെ ചെണ്ടകൊട്ടി അത് പാഞ്ഞു നടക്കുന്നു. വൈപ്പറുകള്‍ ഭ്രാന്തെടുത്ത് തുള്ളാന്‍ തുടങ്ങി. കാവേരിയുടെ താഴെ ഭാഗ മണ്ഡലെത്തിയിട്ടും മഴക്ക് ഒരു അറുതിയും കണ്ടില്ല.

ഇവിടന്ന് ഇനി അങ്ങോട്ട് കാട്ടിലൂടെ ഏഴ് കിലോമീറ്റര്‍ നീളമുള്ള മലമ്പാതയിലൂടെ വണ്ടി വളഞ്ഞും പുളഞ്ഞും മലകയറിത്തുടങ്ങി. വഴിയിലെങ്ങും വെള്ളത്തിന്‍റെ കുത്തൊഴുക്കുകള്‍ മാത്രം. ഹരിത സമൃദ്ധിയില്‍ അണിഞ്ഞൊരുങ്ങിയ കാട് മനസ്സിനെ വല്ലാതെ കൊതിപ്പിച്ചു കൊണ്ടേയിരുന്നു. മുകളിലേക്ക് കയറുന്തോറും തണുപ്പിന്‍റെ കാഠിന്യം കൂടിക്കൂടി വന്നു. അതുവരെ കാറിന്‍റെ സൈഡ് വിന്‍ഡോയിലൂടെ വന്നിരുന്ന ഇളം കുളിരുള്ള കാറ്റാണെങ്കില്‍ ഇപ്പോള്‍ വരുന്നത് കിടുകിടാ വിറപ്പിക്കുന്ന നല്ല തണുപ്പുള്ള കാറ്റായി.

തലക്കാവേരിയിലെ ശ്രീരാമേശ്വരം ക്ഷേത്രം
 

മഴ ആസ്വദിക്കാന്‍ തുറന്നിട്ട ഗ്ലാസുകള്‍ തണുപ്പിന്‍റെ കാഠിന്യം കൊണ്ട് മെല്ലെഉയരാന്‍ തുടങ്ങി. ഒടുവില്‍ മൂന്നു മണിയോടെ ചുരം കയറി മുകളിലെത്തിയപ്പോള്‍ മഞ്ഞ് മൂടിക്കിടക്കുന്ന വഴിയില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു. അതിന്‍റെ പിന്നിലായി പാര്‍ക്ക് ചെയ്ത് വണ്ടിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും മഴ മെല്ലെ ഞങ്ങള്‍ക്കായി മാറിത്തന്നതും മഴ മാറിയെന്നറിഞ്ഞ സന്തോഷത്തില്‍ മലഞ്ചെരുവുകളില്‍ എവിടെയോ ഒളിച്ചിരുന്ന കോടമഞ്ഞ് ഞങ്ങളെ ആകെ വാരിപ്പുണര്‍ന്നു.

മുന്നില്‍ കണ്ട വലിയ കവാടം കടന്ന് അകത്തേക്ക് കയറിയതും പുരാതനമായ ക്ഷേത്രത്തിനെ മഞ്ഞിന്‍പാളികള്‍ തന്‍റെ വെള്ളിച്ചിറകുകളാല്‍ പൊതിയുന്ന കാഴ്ചയാണ് ആദ്യം കണ്ണില്‍പെട്ടത്. ആ ദൃശ്യചാരുത ഒട്ടും വര്‍ണം ചോരാതെ ഒപ്പിയെടുക്കാനാണ് കാമറ പുറത്തേക്ക് എടുത്തത്. എന്നാല്‍, രണ്ട് കൊച്ചു കാലടികള്‍ കോടയെ തട്ടിമാറ്റി പടികളിലൂടെ ഓടിക്കയറുന്ന കാഴ്ചയാണ് കാമറ ആദ്യം കവര്‍ന്നത്. നീളമേറിയ പടികളില്‍ പാദങ്ങള്‍ പതിയുമ്പോള്‍ എങ്ങുനിന്നോ തണുപ്പ് രൂക്ഷമായി ഇരച്ചു കയറുന്നുണ്ടായിരുന്നു. ചുറ്റുപാടും കോട പുതച്ചു നില്‍ക്കുന്ന തലക്കാവേരി ക്ഷേത്രക്കാഴ്ച എന്‍റെ കണ്ണുകളെ അദ്ഭുതപ്പെടുത്തി. മഴത്തുള്ളികള്‍ വിതറി കണ്ണാടി പോലെ തിളങ്ങുന്ന തറയില്‍ എവിടെ നോക്കിയാലും പ്രതിബിംബങ്ങള്‍ തെളിഞ്ഞുകാണാം.

ബ്രഹ്മഗിരി മലനിരകളിലേക്കുള്ള നടപ്പാത
ഒരുപക്ഷേ, അവ നമ്മളെ സെല്‍ഫി എടുക്കുകയാണെന്ന് തോന്നിപ്പോകും. ശരിക്കും മഞ്ഞും മഴയും മത്സരിക്കുകയാണ് തലക്കാവേരിയെ പ്രണയിക്കാന്‍. തലക്കാവേരി എന്നാല്‍ കാവേരിയുടെ തല എന്നാണര്‍ഥം. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും പ്രധാന നദിയായ കാവേരി ഏകദേശം 800 കി.മീറ്ററോളം രണ്ട് സംസ്ഥാനങ്ങളുമായി വ്യാപിച്ചുകിടക്കുന്നു. ഇവിടെനിന്ന് ഉദ്ഭവിക്കുന്ന ഈ കുഞ്ഞരുവിയാണ് കോടിക്കണക്കിന് ജീവജാലങ്ങളുടെ നിലനില്‍പ് എന്ന് ചിന്തിക്കാന്‍പോലും പറ്റുന്നില്ല. സഹ്യപര്‍വതത്തിന്‍റെ ബ്രഹ്മഗിരി മലനിരകളുടെ മുകളില്‍നിന്ന് ഉദ്ഭവിക്കുന്ന കാവേരിക്ക് കുടകിന്‍റെ മാതാവ് എന്ന വിശേഷണമാണുള്ളത്.
തലക്കാവേരിയിലെ ദൃശ്യങ്ങൾ
ക്ഷേത്രത്തിന്‍റെ വലതു ഭാഗത്തുള പടികള്‍ കയറിച്ചെന്നാല്‍ ബ്രഹ്മഗിരി മലനിരകളുടെ വിശാലമായ കാഴ്ചകള്‍ കാണാന്‍ സാധിക്കും. പക്ഷേ, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, മുകളിലത്തെിയപ്പോള്‍ കോടമഞ്ഞ് ആ കാഴ്ചകളെയൊക്കെ മറച്ചുകളഞ്ഞു. ജീവിതത്തില്‍ മഞ്ഞും മഴയും ആസ്വദിക്കാന്‍ ഇത്രയും നല്ലൊരു സ്ഥലം വേറെ ഇല്ലെന്നുതന്നെ തോന്നി. എന്തായാലും ഇത്രയും നല്ല കാഴ്ചകള്‍ സമ്മാനിച്ചതിന് കുടക് എന്ന അയലത്തെ സുന്ദരിയോട് നമ്മുടെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി അടുത്ത് പെയ്യാനിരിക്കുന്ന മഴക്കു മുന്നേ മലയിറങ്ങാന്‍ തീരുമാനിച്ചു. മലയിറങ്ങി തീരുന്നതുവരെ ഞങ്ങളുടെ പിന്നാലെ യാത്രയയക്കാനായി കോടയും...

ദൂരം:

  1. കര്‍ണാടകയിലെ കുടക് ജില്ലയില്‍ കേരളത്തോട് ചേര്‍ന്നാണ് തലക്കാവേരി സ്ഥിതിചെയ്യുന്നത്. കണ്ണൂരില്‍ നിന്ന് ഇരിട്ടി വീരാജ്പേട്ട്, കക്കബെ വഴി 140 കി.മീ സഞ്ചരിച്ചാല്‍ തലക്കാവേരി എത്താം.
  2. തൃശൂരില്‍ നിന്ന് കോഴിക്കോട്, മാഹി, ഇരിട്ടി വഴി 319 കി.മീ.
  3. തൃശൂരില്‍ നിന്ന് വയനാട് തോല്‍പെട്ടി വഴി 338 കി.മീ.

ശ്രദ്ധിക്കേണ്ടവ:

  • മഴക്കാലമാണ് തലക്കാവേരിയില്‍ കുടുംബവുമായി പോകാന്‍ അനുയോജ്യമായ സമയം.
  • കുടുംബവുമായി ഒരു മൂന്നു ദിവസത്തെ യാത്ര പ്ലാന്‍ ചെയ്താല്‍ അതിനടുത്തുള്ള മടിക്കേരി, വീരാജ്പേട്ട്, ബൈലക്കുപ്പ, ദുബൈര്‍ എലിഫന്‍റ് ക്യാമ്പ്, കാവേരി നിസര്‍ഗഫാമ, അബി വെള്ളച്ചാട്ടം, ചേലാവര വെള്ളച്ചാട്ടം, ഹാരംഗി ഡാം എന്നിവ ആസ്വദിച്ച് മടങ്ങാം.
Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.